ചിറകുകൾ ('അക്ഷരത്തുള്ളികൾ' ക്കുവേണ്ടി എഴുതിയ കുഞ്ഞുകവിത)
==========
ഒരുകൊച്ചു ചിറകു മുളച്ചെങ്കിലെന്നു ഞാൻ
ഒരുനാളിലെത്രയോ മോഹിച്ചിരുന്നു!
ചിറകുമായെത്രയോ ദൂരങ്ങൾ താണ്ടുവാൻ
ചിരകാലം സ്വപ്നങ്ങൾ നെയ്തിരുന്നു.
മോഹങ്ങൾ മോഹങ്ങളായ് മറഞ്ഞങ്കിലും
മോഹക്കനവിലോ ചിറകുവന്നു
ആ സ്വപ്നച്ചിറകിലോ, പാറിപ്പറന്നു ഞാൻ
കാണാത്ത തീരങ്ങൾ കണ്ടുവല്ലോ.
കാലത്തിൻ ചിറകിലീ ലോകമാം വാനിതിൽ
കാതങ്ങളെത്ര പറന്നുപോയി.
ആശയുണ്ടിനിയുമങ്ങേറെപ്പറക്കുവാൻ
ആശകളെന്നു നിലച്ചിടുന്നു !
ഇനിയുമങ്ങേറെ പറന്നുപോകാനെനി-
ക്കേതു ചിറകുകൾ നൽകുമീശൻ!
ദൂരങ്ങൾ താണ്ടുവാൻ ചിറകുവേണ്ടെന്നൊരാ
ദൂതു കാതിൽച്ചൊല്ലി മാഞ്ഞതാരേ ..
No comments:
Post a Comment