Thursday, March 21, 2019

വർഷങ്ങൾക്കുമുമ്പ് എവിടെയോ വായിച്ചതാണ്. ആരെഴുതിയെന്നോ ഏതുപുസ്തകത്തിൽ എന്നോ എനിക്കോർമ്മയില്ല.  നമ്മുടെ നാട്ടിൽനിന്ന്  വിദേശത്ത് ഉദ്യോഗാർത്ഥം എത്തിയതായിരുന്നു അദ്ദേഹം. കൂടെ കുടുംബവും ഉണ്ട്. ഭാര്യയ്ക്കു  വീട്ടുജോലികളൊന്നും ചെയ്തു ശീലമില്ലാത്തതിനാൽ വീട്ടുജോലിചെയ്യാൻ   ആളെ   ആവശ്യമുണ്ടെന്നു പരസ്യം കൊടുത്തിരുന്നു. അടുത്ത ദിവസം തന്നെ അന്നാട്ടുകാരിയായ ഒരു സ്ത്രീ ജോലിക്കെത്തി. അവരെ ഭാര്യക്ക് ഇഷ്ടപ്പെടുകയും ചെയ്തു.  പിന്നീട്  അവർ ദിവസവും കൃത്യസമയത്തു  ജോലിചെയ്യാനെത്തി. പറയുന്ന ജോലികളൊക്കെ കൃത്യമായിചെയ്തു മടങ്ങുകയും ചെയ്തു . അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്റെ വീട്ടിൽ എന്തോ ഒരാഘോഷത്തോടനുബന്ധമായി സ്ഥാപനത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും കുടുംബസമേതം   രാത്രിഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. മേല്പറഞ്ഞ ഉദ്യോഗസ്ഥനും ഭാര്യയും ആഘോഷസ്ഥലത്തെത്തി. ഉപചാരപൂർവ്വം  അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്ന മേലുദ്യോഗസ്ഥനെയും പത്നിയെയും കണ്ട് അവർ ഞെട്ടിപ്പോയി. ഏതാനും മണിക്കൂർ  മുമ്പ് തങ്ങളുടെ വീട്ടിലെ ജോലികളൊക്കെച്ചെയ്തു മടങ്ങിയ അവരുടെ ഭൃത്യയിരുന്നു ആഹ്ലാദവതിയായ ആ ആതിഥേയ. 

കഴിഞ്ഞദിവസം ഒരു മുഖപുസ്തകഗ്രൂപ്പിൽ ഒരംഗം  വീട്ടുജോലിക്കാരെക്കൊണ്ടു ടോയ്‌ലറ്റ് കഴികിക്കുന്നതു ശരിയോ എന്നൊരു ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. അതിൽവന്ന  വിവിധങ്ങളായ കമന്റ്സ് കണ്ടപ്പോൾ എനിക്കോർമ്മവന്നതാണിത്. പല  കാരണങ്ങളാൽ വീട്ടമ്മമാർക്ക്  വീട്ടുജോലികൾക്കു സഹായികളെ ആവശ്യമായിവരും. ഉദ്യോഗസ്ഥകൾക്ക് അതിനായി സമയം നന്നേ കുറവായിരിക്കും. മറ്റുചിലർക്ക് ആരോഗ്യസ്ഥിതി അനുവദിക്കാതിരിക്കുന്നതിനാലാവാം. ചിലർക്കാകട്ടെ ജോലിചെയ്യാനുള്ള മടിയാവാം. തങ്ങളുടെ സോഷ്യൽസ്റ്റാറ്റസിനു ചേർന്നതല്ല വീട്ടുപണികൾ ചെയ്യുന്നതെന്ന് വിചാരിക്കുന്ന ഒരു ന്യൂനപക്ഷവും ഇല്ലാതില്ല. 

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്  ഒരു സഹായിയുള്ളത് വളരെ ആശ്വാസപ്രദമായിരിക്കും. കാരണം കുഞ്ഞുങ്ങൾക്ക് മുഴുവൻ സമയവും അമ്മയുടെ  ശ്രദ്ധ കൂടിയേ മതിയാവൂ. കരയുന്ന കുഞ്ഞിനെ ശ്രദ്ധിക്കാതെ വീട്ടുജോലികളിൽ മുഴുകുന്നത് തികച്ചും ബുദ്ധിശൂന്യതയാണ്. ജോലിക്കാരെ നിർത്താൻ സാമ്പത്തികസ്ഥിതി അനുവദിക്കുന്നെങ്കിൽ അതായിരിക്കും നല്ലത്. ഒരാൾക്കൊരു ജോലികൊടുക്കുന്നതും മഹത്തായ കാര്യംതന്നെയല്ലേ. പക്ഷേ നമ്മുടെ നാട്ടിൽ വീട്ടുജോലി എന്നത്  വേണ്ടത്ര മാന്യത ലഭിക്കുന്നൊരു തൊഴിലാണോ  എന്നു സംശയം. എല്ലാ തൊഴിലും മഹത്വമുള്ളതെന്നൊക്കെ മേനിപറയുമെങ്കിലും നമ്മുടെ മനസ്സിൽ പല തൊഴിലുകളോടുമുള്ള വിവേചനം വളരെ വ്യക്തമാണ്.  . 











No comments:

Post a Comment