Wednesday, April 24, 2019

മഴമേഘങ്ങളേ.. പൊഴിയുക ഒരു വേനൽമഴയായ്

മഴമേഘങ്ങളേ ....പൊഴിയുക  ഒരു വേനൽമഴയായ്
==========================================
ഉരുകിത്തിളയ്ക്കുന്നു  ഭൂതലം മീനച്ചൂടിൽ
ഇത്തിരിത്തണ്ണീരിനായ് കേഴുന്നു തരുക്കളും
പൊയ്കകൾ വറ്റി, കല്ലോലിനികൾ വരണ്ടുപോയ്
കരിമേഘങ്ങൾ വാനിൽ കാണുവാനില്ലാതായി
പക്ഷികൾ, പറവകൾ, മൃഗങ്ങൾ, ഉരഗങ്ങൾ
ഒക്കെയും ജീവാംഭസ്സിന്നലഞ്ഞു മണ്ടീടുന്നു
വഴിയോരത്തോ മരച്ചില്ലകളുണങ്ങിയി-
ട്ടിത്തിരിപോലും കുളിർഛായയുമില്ലാതായി
വിണ്ടുകീറിയ വയലേലകൾ കണ്ടിട്ടാരോ
മരുഭൂവെന്നോതിയാലത്ഭുതമില്ല ലേശം.
വാരിദക്കൂട്ടങ്ങളിന്നെങ്ങുപോയൊളിച്ചുവോ!
ഈവഴി മറന്നുവോ, കോപത്താൽപിണങ്ങിയോ..
വെള്ളിമേഘങ്ങൾക്കെത്ര ചന്തമുണ്ടെന്നാകിലും
ഏഴഴകോലും കൃഷ്ണവർണ്ണമതേറെപ്രിയം.
വെയിലിൻ  ദണ്ഡാലിത്ര കോപത്തിൽ പ്രഹരിക്കും
സൂര്യനെ മറയ്ക്കുന്ന കാർമുകിൽ ദയാരൂപൻ!
കാത്തിരിക്കുന്നു നിന്നെക്കാണുവാൻ കാർമേഘമേ
കനിയൂ വേനൽവർഷം, പെയ്തിടൂ സ്നേഹാർദ്രമായ്
ചൊരിയൂ ദയാതീർത്ഥം, നിറയ്‌ക്കൂ സരിത്തുകൾ
ഉണർത്തൂ മരതകപ്പുല്ക്കൊടിപൈതങ്ങളെ
നഗ്നയായ്‌ മേവും ഭൂമിമാതാവിൻ  മാറിൽപ്പച്ച-
പ്പുതപ്പൊന്നണിയിക്കൂ,  ജീവചൈതന്യമേകൂ.
മൃത്യുവിൻ നിഴൽവീണ ജീവജാലങ്ങൾക്കേകാ-
നുണർവ്വിന്നമൃതമായ് ചൊരിയൂ കൃപാവരം














Friday, April 19, 2019


ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ കഥ
=========================================
ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ വലിയൊരു സ്വാർത്ഥമതിയായിരുന്നു. നല്ലതെന്തും എനിക്ക് കിട്ടണമെന്ന ദുശ്ശാഠ്യക്കാരൻ. മെല്ലേ മെല്ലേ കൂട്ടുകാരൊക്കെ എന്നിൽനിന്നകന്നു. ഒടുവിൽ  ഞാനൊറ്റയ്ക്കായി. പക്ഷേ അതെന്റെ തെറ്റാണെന്നു ഞാൻ മനസ്സിലാക്കാതെ അവരെ പഴിച്ചുകൊണ്ടിരുന്നു.

എന്റെ അച്ഛന്റെ മൂന്നു വചനങ്ങളാണ് എന്നെ ജീവിതത്തിൽ രക്ഷിച്ചത്.

ഒരുദിവസം രാവിലെ  അദ്ദേഹം നൂഡിൽസ് പാകം ചെയ്ത് രണ്ടുപാത്രങ്ങളിലായി വിളമ്പി മേശയിൽ വെച്ചു. ഒന്നിന്റെ മുകളിൽ ഒരു മുട്ടയും വെച്ചിരുന്നു. ഒരുപാത്രത്തിലേത് എടുത്തുകഴിച്ചുകൊള്ളാൻ അദ്ദേഹം എന്നോടു  പറഞ്ഞു.  അക്കാലത്തു മുട്ട അത്ര സുലഭമായിരുന്നില്ല. ആഘോഷദിനങ്ങളിൽ മാത്രമായിരുന്നു മുട്ട വിളമ്പിയിരുന്നത്. അതുകൊണ്ടുതന്നെ  മുട്ട മുകളിലുള്ള പാത്രം  ഞാൻ എടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ അനുമോദിച്ചു. പക്ഷേ താമസിയാതെ  എന്നെ അതിശയിപ്പിച്ചൊരു കാഴ്ച കണ്ടു.  അച്ഛന്റെ പാത്രത്തിൽ നൂഡിൽസിനടിയിലായി രണ്ടു മുട്ടകളുണ്ടായിരുന്നു. എനിക്ക് വല്ലാതെ നിരാശതോന്നി. തിടുക്കത്തിൽ തെറ്റായ തീരുമാനമെടുത്തതിന് ഞാനെന്നെത്തന്നെ ശകാരിച്ചു. എന്റെ മുഖഭാവത്തിന്റെ മാറ്റം കണ്ട് അച്ഛനിങ്ങനെ പറഞ്ഞു.
"മകനേ, നമ്മൾ കാണുന്നത് യാഥാർത്ഥ്യമാകണമെന്നില്ല. മറ്റുള്ളവരെ മുതലെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും നമുക്കു നേരിടേണ്ടിവരുന്നത് നഷ്ടങ്ങളെയാവും"
അടുത്തദിവസവും അച്ഛൻ നൂഡിൽസ് വിളമ്പി. ഒരുപാത്രത്തിൽ മുട്ടവെച്ചിരുന്നു. പക്ഷേ ഇത്തവണ ഞാൻ വിഡ്ഢിയാകാൻ ആഗ്രഹിച്ചില്ല. മുട്ട മുകളില്ലാത്ത പാത്രംതന്നെ എടുത്തു. പക്ഷേ പത്രത്തിനടിയിൽ മുട്ട ഒന്നുപോലും  ഉണ്ടായിരുന്നില്ല. വീണ്ടും ഞാൻ നിരാശനായി.
ഒരുപുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.
" മകനേ, അനുഭവങ്ങളെ എല്ലായ്‌പോഴും നമുക്ക് വിശ്വാസത്തിലെടുക്കാനാവില്ല. എന്തെന്നാൽ ജീവിതം ചിലപ്പോഴെങ്കിലും നമ്മെ ചതിയിൽപെടുത്തും"
മൂന്നാമത്തെ ദിവസവും രാവിലെ അച്ഛൻ നൂഡിൽസ് വിളമ്പി. എന്നോട് എടുത്തുകൊള്ളാൻ പറഞ്ഞെങ്കിലും ഞാൻ എടുത്തില്ല.
" അച്ഛാ, അങ്ങാദ്യം എടുത്തുകൊള്ളൂ. അങ്ങാണ് ഈ   കുടുംബത്തിന്റെ നാഥൻ. അങ്ങാണീ കുടുംബം പുലർത്തുന്നതും. "
എന്റെ വാക്ക്  അദ്ദേഹം നിരസിച്ചില്ല.  മുകളിൽ മുട്ട വെച്ചിരുന്ന പാത്രംതന്നെ അദ്ദേഹം എടുത്തു. മുട്ട ലഭിച്ചില്ലല്ലോ എന്ന നിരാശ കൂടാതെ ഞാൻ മറ്റേ പത്രത്തിലെ നൂഡിൽസ് കഴിക്കാൻ തുടങ്ങി. പക്ഷേ എന്നെ അതിശയിപ്പിച്ചുകൊണ്ടു  പത്രത്തിനടിയിൽ രണ്ടു മുട്ടകൾ! 
കണ്ണിൽ സ്നേഹത്തിളക്കവുമായി അച്ഛൻ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ടു  പറഞ്ഞു
"മകനേ, ഇത് നീ ഓർമ്മയിൽ സൂക്ഷിക്കുക. നീ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിച്ചാൽ നന്മകൾ സ്വാഭാവികമായി  നിന്നെത്തേടിവന്നുകൊള്ളും."

പിതാവ് എനിക്ക് നൽകിയ ഈ മൂന്നു മഹദ്‌വചനങ്ങൾ എപ്പോഴും  എന്റെ സ്മൃതിപഥത്തിലുണ്ട്. എന്റെ ജീവിതവും പ്രവൃത്തികളും അതനുസരിച്ചുകൊണ്ടാണ്. വാസ്തവം പറഞ്ഞാൽ എന്റെ വ്യവഹാരങ്ങൾ വിജയക്കുതിപ്പിലാണ്.





Monday, April 15, 2019

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി
===================================
കർണ്ണികാരപ്പൂക്കളെങ്ങുമെങ്ങും
ചേലിൽ വിടർന്നു വിലസിടുന്നു
മേടം  വരുന്നെന്നു ചൊല്ലിയത്രേ
ഹേമഗുഞ്ജങ്ങൾ ചിരിച്ചുനിൽപ്പൂ.
മേടവിഷുക്കണി തീർക്കുവാനായ്
വെള്ളരിക്കായ്കൾ പഴുത്തുവല്ലോ
പൊന്നിൻ നിറമാർന്നു കായ്കനികൾ
പൊൻകണിക്കായതാ കാത്തുനിൽപ്പൂ
പാട്ടൊന്നുകേൾക്കുന്നു ദൂരെയായി
പാടി, വിഷുപ്പക്ഷി മോദമോടെ
പൊൻപുലരിക്കായി കാത്തിരിക്കാം
പൊൻകണി കാണുവാൻ കൺതുറക്കാം
നാളേക്കു നന്മകൾ നീട്ടിനിൽക്കും
കൈനീട്ടനാണയം സ്വീകരിക്കാം
നാക്കിലത്തുമ്പിലെയമ്മസ്‌നേഹം
ആഹാ! രുചികൾതൻ താളമേളം.
ആട്ടവും പാട്ടും കളിയുമായി
ആർത്തുല്ലസിച്ചുതളർന്നിടുമ്പോൾ
ചക്കരമാവിൻ ചുവടു തേടാം
മാങ്കനി വേണ്ടത്ര  തിന്നുകൊള്ളാം 
സന്ധ്യവിളക്കു കൊളുത്തിടുമ്പോൾ
പൂത്തിരി കത്തിച്ചങ്ങുല്ലസിക്കാം
എത്രമധുരം മനോജ്ഞമാണീ
മേടവിഷുക്കാലമെന്നുമെന്നും!




Sunday, April 7, 2019

കനൽ സ്‌കൂൾഡയറി - ഓർമ്മകൾ

കനൽ സ്‌കൂൾഡയറി  - ഓർമ്മകൾ
==============================

എന്റെ സ്‌കൂൾജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളിൽ ഒരു മൾബെറിക്കഥയുണ്ട്.
ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ഞാൻ ഐഡി പുതുതായി ചേർന്ന  കുട്ടിയാണ്. സ്‌കൂളിലെ ചിട്ടവട്ടങ്ങളുമായി  പരിചയമായി വരുന്നതേയുള്ളു. എന്റെ അച്ഛനും അദ്ധ്യാപകനായിരുന്നതുകൊണ്ട് ഞാൻ പഠിച്ച സ്‌കൂളുകളിലൊക്കെ അച്ഛന്റെ സഹപാഠികളോ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ഒക്കെയായിരുന്നു എന്റെ അദ്ധ്യാപകരും. പക്ഷേ  അവിടുത്തെ കണക്കദ്ധ്യാപകൻ,തിരുവനന്തപുരം സ്വദേശിയായ  ശിവതാണുപിള്ള സർ എനിക്ക് മുന്പരിചയമുള്ളയാൾ ആയിരുന്നില്ല. എങ്കിലും വളരെ പെട്ടെന്നുതന്നെ ഞാൻ സാറിന്റെ ഇഷ്ടഭാജനമായി.
ഉച്ചഭക്ഷണം  കഴിക്കാൻ ഞാൻ സ്‌കൂളിനടുത്തുള്ള ഞങ്ങളുടെ കുടുംബസുഹൃത്തിന്റെ  വീട്ടിലായിരുന്നു പോയിരുന്നത്. മറ്റുകുട്ടികൾ അടുത്തെതെങ്കിലും കിണറിന്റെ അടുത്തോ തോട്ടുവക്കത്തോ പോയിരുന്നു ഭക്ഷണം കഴിച്ചിരുന്നു. ഉണ്ണാൻ  പോകുമ്പോൾ അടുത്തുള്ള തൊടികളിൽ കായ്കനികൾ പറിച്ചെടുത്തു കഴിക്കുന്നത് കുട്ടികളുടെ ഒരു സ്ഥിരം വിനോദമാണല്ലോ. എന്റെ കൂട്ടുകാരും ഒട്ടും മോശമായിരുന്നില്ല.
ഒരുദിവസം ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് കണക്കായിരുന്നു. ബെല്ലടിച്ചയുടനെ  ശിവതാണുപിള്ളസാർ പതിവുപോലെ തന്റെ പുസ്തകവും ചോക്കും പിന്നൊരു ചൂരൽവടിയുമായി ക്‌ളാസ്സിലെത്തി. കസേരയിലിരിക്കാൻ നോക്കിയപ്പോൾ അതിൽ രണ്ടുമൂന്നു പഴുത്ത മൾബെറിപ്പഴങ്ങൾ. അതുകണ്ടതേ സാറിന്റെ മുഖത്തു  കോപം ഇരച്ചുകയറി.
"ആരാണിതിവിടെ ഇട്ടത്?" സർ മുഴങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു.
ക്ലാസ്സിലാകെ കനത്ത നിശ്ശബ്ദത.
സർ ചോദ്യം കൂടുതലുച്ചത്തിൽ ആവർത്തിച്ചു.
ഒരു മറുപടിയുമില്ല.
" ഓൾ സ്റ്റാൻഡ് അപ് " ഇടിമുഴക്കം പോലെ സർ കല്പിച്ചു   .
 എല്ലാവരും എഴുന്നേറ്റു നിന്നു.
"ഉച്ചയ്ക്ക്   ക്ലാസ്സിനു പുറത്തുപോകാത്തവർക്ക് ഇരിക്കാം"
ഒരാൺകുട്ടിയും രണ്ടു പെൺകുട്ടികളും ഇരുന്നു. അവർ മൂന്നുപേരും ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നില്ല. സർ വടിയുമായിവന്ന്  കൈ നീട്ടാൻ ആവശ്യപ്പെട്ടു. നീട്ടിയ കൈകളിലൊക്കെ സർ ആഞ്ഞടിച്ചു. ആദ്യം ആൺകുട്ടികളുടെ ഭാഗത്തായിരുന്നു ദണ്ഡനയജ്‌ഞം. പിന്നീട് പെൺകുട്ടികളുടെ ഭാഗത്തേക്കു വന്നു. എല്ലാവരും പേടിച്ചുനിൽക്കയാണ്. ഞാനും. ഒടുവിൽ എന്റെ ഊഴമായി. അടിവാങ്ങുന്ന കാര്യം എനിക്കോർക്കാൻകൂടി പറ്റുന്നില്ല.  എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ വിക്കിവിക്കി  പറഞ്ഞു.
" സർ ഞാൻ മൾബെറി പറിച്ചിട്ടുമില്ല തിന്നതുമില്ല. ക്‌ളാസിൽ കൊണ്ടുവന്നിട്ടുമില്ല"
കൂടുതൽ കോപത്തോടെ എന്നെ നോക്കി സർ പറഞ്ഞു
"നീ അവിടെ മേശയുടെ അടുത്തുപോയി നിൽക്ക്"
വിറച്ചുകൊണ്ട് ഞാൻ മേശയുടെ അടുത്തുപോയി നിന്നു.
എല്ലാവർക്കും  അടികൊടുത്തിട്ടു സർ മേശയുടെ അടുത്തേക്ക് വന്നു. എന്നോട് തിരിഞ്ഞുനിൽക്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നിന്നയുടനെ സാറിന്റെ ചൂരൽ എന്റെ രണ്ടുകാലിന്റെയും പിൻഭാഗത്ത്  രണ്ടുപ്രാവശ്യം ആഞ്ഞുപതിച്ചു. വേദനകൊണ്ടു പുളഞ്ഞ് ഞാൻ  കരഞ്ഞുപോയി.
"ഉം പൊയ്‌ക്കോ " സർ ആജ്ഞാപിച്ചു.
ഞാൻ പോയി എന്റെ ഇരിപ്പിടത്തിലിരുന്നു. വേദനയും അപമാനവും ഒക്കെക്കൊണ്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. അന്ന് സർ പഠിച്ചതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. രണ്ടുകാലിലും  അടിയുടെ രണ്ടു പാടുകൾ  തിണർത്ത് ചോരപൊടിഞ്ഞു കിടന്നിരുന്നു.
സ്‌കൂൾജീവിതത്തിൽ ആദ്യമായും അവസാനമായും എനിക്കുകിട്ടിയ ആ രണ്ടടി ഞാനൊരിക്കലും മറക്കില്ല. അത്രവലിയ ശിക്ഷ ലഭിക്കാൻ ഞാൻ ചെയ്ത തെറ്റെന്തെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടുമില്ല.
പക്ഷേ വർഷാവസാനമായപ്പോഴേക്കും ഞാനായിരുന്നു സാറിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി എന്നത് ഞാനഭിമാനത്തോടെ ഓർമ്മിക്കുന്നു.


Tuesday, April 2, 2019

പൈതലിനോട് ( വൃത്തവൃത്താന്തം - മഞ്ജരി )


പൂർവ്വംബരത്തിന്റെ കോലായിൽ ചെഞ്ചായം
വാരിവിതറിപ്പുലരി വന്നു.
മൃദുലം മധുരം തന്നംഗുലീസ്പർശത്താൽ
ഓരോ പൂമൊട്ടിനെ തൊട്ടുണർത്തി
നീഹാരബിന്ദുക്കളോരോ പുൽനാമ്പിലും
ചേണുറ്റ വൈരം മിനുക്കിവെച്ചു.
പൂമണം പേറി വരുന്നുണ്ടു മെല്ലവേ
മാരുതനീവഴിയേകനായി
കാണുന്ന പൂമരക്കൊമ്പുകളൊക്കെയും
ചേലിൽത്തലോടിക്കളിപറഞ്ഞും
സ്നേഹാതിരേകത്താലൊട്ടുകുലുക്കിയും
പൂമാരി മുറ്റത്തു പെയ്തൊഴിഞ്ഞും
പൊൻകതിർ നീട്ടുന്ന നെൽവയലേലതൻ
കാതിലോ കിന്നാരവാക്കു ചൊന്നും.
ഓമനമുത്തേ,യുറക്കമുണർന്നുനീ
ഈ വാടിയിങ്കലണഞ്ഞുകൊൾക.
നിന്നെപ്രതീക്ഷിച്ചു പൂമ്പാറ്റക്കുഞ്ഞുങ്ങൾ
താലോലമാടിപ്പറന്നിടുന്നു.