മഴമേഘങ്ങളേ ....പൊഴിയുക ഒരു വേനൽമഴയായ്
==========================================
ഉരുകിത്തിളയ്ക്കുന്നു ഭൂതലം മീനച്ചൂടിൽ
ഇത്തിരിത്തണ്ണീരിനായ് കേഴുന്നു തരുക്കളും
പൊയ്കകൾ വറ്റി, കല്ലോലിനികൾ വരണ്ടുപോയ്
കരിമേഘങ്ങൾ വാനിൽ കാണുവാനില്ലാതായി
പക്ഷികൾ, പറവകൾ, മൃഗങ്ങൾ, ഉരഗങ്ങൾ
ഒക്കെയും ജീവാംഭസ്സിന്നലഞ്ഞു മണ്ടീടുന്നു
വഴിയോരത്തോ മരച്ചില്ലകളുണങ്ങിയി-
ട്ടിത്തിരിപോലും കുളിർഛായയുമില്ലാതായി
വിണ്ടുകീറിയ വയലേലകൾ കണ്ടിട്ടാരോ
മരുഭൂവെന്നോതിയാലത്ഭുതമില്ല ലേശം.
വാരിദക്കൂട്ടങ്ങളിന്നെങ്ങുപോയൊളിച്ചുവോ!
ഈവഴി മറന്നുവോ, കോപത്താൽപിണങ്ങിയോ..
വെള്ളിമേഘങ്ങൾക്കെത്ര ചന്തമുണ്ടെന്നാകിലും
ഏഴഴകോലും കൃഷ്ണവർണ്ണമതേറെപ്രിയം.
വെയിലിൻ ദണ്ഡാലിത്ര കോപത്തിൽ പ്രഹരിക്കും
സൂര്യനെ മറയ്ക്കുന്ന കാർമുകിൽ ദയാരൂപൻ!
കാത്തിരിക്കുന്നു നിന്നെക്കാണുവാൻ കാർമേഘമേ
കനിയൂ വേനൽവർഷം, പെയ്തിടൂ സ്നേഹാർദ്രമായ്
ചൊരിയൂ ദയാതീർത്ഥം, നിറയ്‌ക്കൂ സരിത്തുകൾ
ഉണർത്തൂ മരതകപ്പുല്ക്കൊടിപൈതങ്ങളെ
നഗ്നയായ് മേവും ഭൂമിമാതാവിൻ മാറിൽപ്പച്ച-
പ്പുതപ്പൊന്നണിയിക്കൂ, ജീവചൈതന്യമേകൂ.
മൃത്യുവിൻ നിഴൽവീണ ജീവജാലങ്ങൾക്കേകാ-
നുണർവ്വിന്നമൃതമായ് ചൊരിയൂ കൃപാവരം
==========================================
ഉരുകിത്തിളയ്ക്കുന്നു ഭൂതലം മീനച്ചൂടിൽ
ഇത്തിരിത്തണ്ണീരിനായ് കേഴുന്നു തരുക്കളും
പൊയ്കകൾ വറ്റി, കല്ലോലിനികൾ വരണ്ടുപോയ്
കരിമേഘങ്ങൾ വാനിൽ കാണുവാനില്ലാതായി
പക്ഷികൾ, പറവകൾ, മൃഗങ്ങൾ, ഉരഗങ്ങൾ
ഒക്കെയും ജീവാംഭസ്സിന്നലഞ്ഞു മണ്ടീടുന്നു
വഴിയോരത്തോ മരച്ചില്ലകളുണങ്ങിയി-
ട്ടിത്തിരിപോലും കുളിർഛായയുമില്ലാതായി
വിണ്ടുകീറിയ വയലേലകൾ കണ്ടിട്ടാരോ
മരുഭൂവെന്നോതിയാലത്ഭുതമില്ല ലേശം.
വാരിദക്കൂട്ടങ്ങളിന്നെങ്ങുപോയൊളിച്ചുവോ!
ഈവഴി മറന്നുവോ, കോപത്താൽപിണങ്ങിയോ..
വെള്ളിമേഘങ്ങൾക്കെത്ര ചന്തമുണ്ടെന്നാകിലും
ഏഴഴകോലും കൃഷ്ണവർണ്ണമതേറെപ്രിയം.
വെയിലിൻ ദണ്ഡാലിത്ര കോപത്തിൽ പ്രഹരിക്കും
സൂര്യനെ മറയ്ക്കുന്ന കാർമുകിൽ ദയാരൂപൻ!
കാത്തിരിക്കുന്നു നിന്നെക്കാണുവാൻ കാർമേഘമേ
കനിയൂ വേനൽവർഷം, പെയ്തിടൂ സ്നേഹാർദ്രമായ്
ചൊരിയൂ ദയാതീർത്ഥം, നിറയ്‌ക്കൂ സരിത്തുകൾ
ഉണർത്തൂ മരതകപ്പുല്ക്കൊടിപൈതങ്ങളെ
നഗ്നയായ് മേവും ഭൂമിമാതാവിൻ മാറിൽപ്പച്ച-
പ്പുതപ്പൊന്നണിയിക്കൂ, ജീവചൈതന്യമേകൂ.
മൃത്യുവിൻ നിഴൽവീണ ജീവജാലങ്ങൾക്കേകാ-
നുണർവ്വിന്നമൃതമായ് ചൊരിയൂ കൃപാവരം
No comments:
Post a Comment