മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
-------------------------------------------------------------
വർഷങ്ങൾക്കു മുമ്പു നടത്തിയ, ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് മണികരൻ സന്ദർശിക്കാനിടയായത്.
കുളുപട്ടണത്തിൽനിന്ന് ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് പാർവ്വതിതാഴ്‌വരയിലെ മണികരനിലേക്ക്. വളരെത്തണുപ്പുള്ള സ്ഥലങ്ങളാണ് ഹിമാചൽപ്രദേശിലെ ഷിംലയും കുളുവും മണാലിയുമൊക്കെ. കമ്പിളിക്കുപ്പായങ്ങളും ഷാളുമൊക്കെയുണ്ടെങ്കിൽപ്പോലും അരിച്ചുകയറുന്ന തണുപ്പുള്ള സ്ഥലങ്ങൾ. അങ്ങനെയുള്ളയുള്ള ഒരിടത്ത് തിളച്ചുമറിയുന്ന വെള്ളമുള്ള നീർചാലുകളും പൊയ്കകളുമൊക്കെ കാണാൻ കഴിഞ്ഞാൽ അതു നമ്മളെ അമ്പരപ്പിക്കില്ലേ..അതാണു മണികരനിൽ കാണാൻ കഴിഞ്ഞത്.
ഹിന്ദുക്കളും സിക്കുകാരും ഒന്നുപോലെ പ്രാധാന്യം നൽകുന്നൊരു തീർത്ഥാടനകേന്ദ്രമാണ് മണികരൻ. ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽ പാർവ്വതിനദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നത്.
ഹൈദവവിശ്വാസപ്രകാരം മഹേശ്വരൻ ഈ താഴ്‌വരയിൽ മൂവായിരം സംവത്സരങ്ങൾ തപസ്സനുഷ്ഠിച്ചുവെന്നും ഈ മനോഹരമായ താഴ്‌വരയ്ക്ക് അദ്ദേഹം തന്റെ പ്രേയസിയുടെ നാമംതന്നെ നൽകിയെന്നുമാണ്. ശിവപാർവ്വതിമാർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കവേ, പർവ്വതീദേവിയുടെ ആഭരണങ്ങളിൽനിന്ന് അതിവിശിഷ്ടമായൊരു രത്നം (മണി) നദിയിൽ വീണുപോകാനിടയായി. ദേവിക്കതു കണ്ടെത്താനായതുമില്ല. ദുഃഖിതയായ ദേവി മഹേശ്വരനോടു രത്നം വീണ്ടെടുത്തുതരണമെന്നാവശ്യപ്പെട്ടു. അനന്തരം മഹാദേവൻ തന്റെ അനുചരരായ ശിവഗണങ്ങളോട് അതിനുള്ള ആജ്ഞ നൽകി. പക്ഷേ ശിവഭൂതഗണങ്ങൾ ആ ദൗത്യത്തിൽ പരാജയപ്പെട്ടു. കോപിഷ്ഠനായ മഹേശ്വരൻ തന്റെ തൃക്കണ്ണു തുറന്നുവത്രേ! അപ്പോൾ ഭൂമിപിളർന്ന് അനന്തകോടി രത്നങ്ങൾ പ്രത്യക്ഷപ്പെടുകയും അക്കൂട്ടത്തിനിന്നു ദേവി തന്റെ രത്നം കണ്ടെത്തിയെന്നും ഒരു കഥ.
മറ്റൊരു കഥയിൽ, ശിവഭഗവാൻ തൃക്കണ്ണുതുറന്നപ്പോൾ പ്രപഞ്ചമാകെ ആ രൗദ്രതയിൽ ആടിയുലഞ്ഞു. പരിഭ്രാന്തരായ ദേവന്മാർ ശേഷനാഗത്തോട് എങ്ങനെയെങ്കിലും മഹാദേവന്റെ കോപം തണുപ്പിക്കണമെന്നപേക്ഷിച്ചു. ശേഷനാഗം സീൽക്കാരത്തോടെ ഫണമുയർത്തിയപ്പോൾ തിളയ്ക്കുന്ന വെള്ളമൊഴുകുന്നൊരു നീരുറവ പ്രത്യക്ഷമായെന്നും അവിടം ആ ജലപ്രവാഹത്തിൽ മുങ്ങുകയും ചെയ്തത്രേ! അപ്പോൾ ദേവിയുടെ നഷ്ടപ്പെട്ട രത്നം അവിടെ ഉയർന്നുവരികയും ചെയ്തു. ആ നീരുറവയാണത്രെ ഇപ്പോഴും തിളയ്ക്കുന്ന ജലവുമായൊഴുകുന്നത്! ഈ രണ്ടുകഥയിലും പാർവ്വതിയുടെ നഷ്ടപ്പെട്ട രത്നമാണ് ആ സ്ഥലത്തിന് മണികരൻ എന്നപേരുവരാൻ കാരണം. മറ്റൊരു വിശ്വാസപ്രകാരം മനുഷ്യരാശിയെ നശിപ്പിക്കുവാനായി ദേവഗണങ്ങളൊരുക്കിയ മഹാപ്രളയശേഷം മനുമഹർഷി ആദ്യമായി മനുഷ്യസൃഷ്ടി നടത്തിയതിവിടെയാണെന്നാണ്. ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനുപകരം മുക്തിലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശികദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു. സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രം 1905 ലുണ്ടായ ഭുചലനത്തില്‍ ചെരിഞ്ഞുപോയ നിലയിലാണ് ഇന്നു കാണപ്പെടുന്നത്. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതുകൂടാതെ വേറെയും ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
സിക്കുമതസ്ഥർക്കും മണികരൻ ഒരു പുണ്യസങ്കേതമാണ്. അവരുടെ വിശ്വാസപ്രകാരം മതസ്ഥാപകനായ ഗുരുനാനാക്ക് തന്റെ മൂന്നാം അദ്ധ്യാത്മികപര്യടനകാലത്ത് (1514-1518 AD- തീസരി ഉദാസി ) ശിഷ്യരോടൊപ്പം ഇവിടെയെത്തി താമസിക്കുകയുണ്ടായെന്നും വിശന്നു വലഞ്ഞ ശിഷ്യർക്കു ഭക്ഷണമുണ്ടാക്കാനുള്ള പദാർത്ഥങ്ങൾക്കായി ഗുരു തന്റെ വിശ്വസ്തനായ ഭായി മർദാനയെ അടുത്തുള്ള ഗ്രാമത്തിലേക്കയച്ചുവെന്നും അവർ കൊടുത്തയച്ച ധന്യമാവുകൊണ്ടു റൊട്ടിയുണ്ടാക്കുകയും ചെയ്‌തെന്നുമാണ് കഥ. പക്ഷേ റൊട്ടി ചുട്ടെടുക്കുന്നതിനുള്ള അഗ്നി അവിടെയുണ്ടായിരുന്നില്ല. അതേക്കുറിച്ചു പറഞ്ഞപ്പോൾ ഗുരു അവിടെക്കണ്ട ഒരു കല്ല് നീക്കാനാവശ്യപ്പട്ടു. അതിനടിയിൽ തിളച്ചുമറിയുന്ന ജലമുള്ളൊരു കുണ്ഠമായിരുന്നു. അതിൽ റൊട്ടികളും കിഴികെട്ടിയ ധാന്യങ്ങളും ഇട്ടുകൊള്ളാൻ ഗുരു കല്പിച്ചു. പക്ഷേ അത് താഴ്ന്നുപോവുകയാണുണ്ടായത്. നിരാശനായ ഭായി മർദാനയോട് ഈശ്വരനിൽ വിശ്വസിച്ചാൽ അവ പാകമായി പൊങ്ങിവരുമെന്നദ്ദേഹം പറഞ്ഞു. ഈശ്വരപ്രാർത്ഥനയുമായി നിന്ന മർദാന അല്പം കഴിഞ്ഞപ്പോൾ കണ്ടത് വെന്തുപാകമായ റൊട്ടികളും ധന്യക്കിഴികളും പൊങ്ങിവന്നതാണ്. അതിനാൽ മണികരൻ ഒരു പുണ്യസ്ഥലമായി അവർ കരുതുന്നു. വളരെ പ്രസിദ്ധമായൊരു ഗുരുദ്വാരയും(സിക്കുകാരുടെ ആരാധനാകേന്ദ്രം) ഇവിടെയുണ്ട്. പൊങ്ങിവന്ന റൊട്ടിയെ അവലംബിച്ചാകാം, ഈശ്വരഭക്തിയോടെ ദാനം ചെയ്താൽ നഷ്ടപ്പെട്ട വസ്തുക്കൾ, പ്രത്യേകിച്ച് ജലത്തിൽ മുങ്ങിപ്പോയ വസ്തുക്കൾ, തിരികെലഭിക്കുമെന്ന വിശ്വാസം സിക്കുകാരുടെയിടയിൽ നിലനിൽക്കുന്നുണ്ട്.
കുളുവിൽ ഒരു രാത്രി തങ്ങിയശേഷം രാവിലെയായിരുന്നു മണികരനിലേക്കുള്ള യാത്ര. അതികഠിനമായ തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നതുപോലെ. പക്ഷേ ചുറ്റുമുള്ള കാഴ്ചകൾ അതിമനോഹരം. പൈന്മരങ്ങളും ദേവതാരുക്കളും വളർന്നുനിൽക്കുന്ന മലകളും അതിസുന്ദരമായ താഴ്‌വാരങ്ങളുമൊക്കെ കടന്ന് പതഞ്ഞുപാഞ്ഞൊഴുകുന്ന പാർവ്വതിനദിക്കരയിലാണു ഞങ്ങൾസഞ്ചരിച്ച വാഹനം എത്തിനിന്നത്. ഒരു പാലം കടന്നാണ് ക്ഷേത്രങ്ങളും ഗുരുദ്വാരയുമുള്ള മറുകരയിലെത്തുന്നത്. ദൂരെനിന്നേ അവിടെമാകെ പുക ഉയരുന്നതുപോലെ തോന്നും. അടുത്തുചെല്ലുമ്പോഴാണ് പുകയല്ല, അതു നീരാവിയാണെന്നറിയുന്നത്. അത്ര ദൂരവും കൊടും തണുപ്പു സഹിച്ചാണു വന്നതെങ്കിലും അവിടെയെത്തുമ്പോൾ നല്ല ചൂട്. ചവുട്ടിനടക്കുന്ന പാറകളൊക്കെ, മരവിച്ചു കിടക്കുന്നതിനു പകരം നല്ല ചുടായാണ് കിടക്കുന്നത്. ചില പാറകളിൽ ചവുട്ടുമ്പോൾ കാല് പൊള്ളിപ്പോകുന്നോ എന്നുതോന്നും. പലയിടങ്ങളിലും തിളച്ചുമറിയുന്ന ജലമുള്ള കുണ്ഠങ്ങൾ കാണാം. ഈ ജലകുണ്ഠങ്ങൾ പവിത്രമായാണ് കരുതപ്പെടുന്നത്. അവയിൽ ധാന്യങ്ങൾ കിഴികെട്ടിയിട്ടാൽ കുറച്ചു സമയത്തിനുശേഷം വെന്തുപാകമായി ലഭിക്കും. ഭക്തർ അതൊരു നേർച്ചപോലെ ചെയ്യാറുണ്ട്. വിനോദസഞ്ചാരികൾ വെറുമൊരു കൗതുകത്തിനായും. അതിനുള്ള ധാന്യങ്ങൾ കിഴികളിലാക്കി വിൽക്കാൻ കച്ചവടക്കാരും ധാരാളമുണ്ട്. ഗുരുദ്വാരയിലെ ലംഗാറിനുള്ള ഭക്ഷണം ഇങ്ങനെ വേവിച്ചാണത്രേ തയ്യാറാക്കുന്നത്! പാത്രങ്ങളിൽ നിറച്ചും കിഴിയായുമൊക്കെ അരിയും പരിപ്പും പയറുമൊക്കെ ഈ കുണ്ഠങ്ങളിൽ നിക്ഷേപിക്കുന്നു. അവ വെന്തുപാകമാകുമ്പോൾ പുറത്തെടുക്കും.
ഗുരുദ്വാരയിലെത്തിയാൽ ലംഗാറിൽ പങ്കെടുക്കാതെ പോകുന്നത് ഒരു നിന്ദയായും അശുഭകരമാണെന്നുമൊക്കെ വിശ്വാസം. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണത്തിനുള്ള സമയമാകഞ്ഞിട്ടും ഞങ്ങളും അവിടെനിന്നു ഭക്ഷണം കഴിച്ചിട്ടാണു മടങ്ങിയത്. തികച്ചും സൗജന്യമാണ് ഈ ഭക്ഷണവിതരണം. മനഃസംതൃപ്തിക്കായി നമുക്കു കഴിയുന്ന തുക അവിടെ സംഭാവന കൊടുത്തുപോരാം. ഏറ്റവും വൃത്തിയായി സ്വാദിഷ്ഠമായ വിവിധ വിഭവങ്ങളടങ്ങിയ ഭക്ഷണമാണ് ഭക്തർക്ക് വിളമ്പുന്നത്. സിക്കുമതവിശ്വാസികൾക്ക് ഈ സദ്യയൊരുക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനുമൊക്കെ പങ്കെടുക്കുകയെന്നത് ഈശ്വരവിശ്വാസത്തിന്റെ ഒരു ഭാഗമാണ്. അതിസമ്പന്നകുടുംബങ്ങളിലെ അംഗങ്ങൾപോലും അർപ്പണബുദ്ധിയോടെ ഈ ജോലികളിൽ പങ്കെടുക്കുന്നത് അവിടെയൊരു നിത്യസംഭവം. ഭക്ഷണത്തിനുള്ള പലവകകൾ ദാനം ചെയ്യുന്നതും അവർക്ക് ഈശ്വരസേവതന്നെ. സൗജന്യതാമസസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത്.
ചില നീരുറവകൾ താപനില താരതമ്യേന കുറഞ്ഞവയാണ്. അവിടെയൊക്കെ കുളിക്കാനുള്ള സൗകര്യമുണ്ട്. ഔഷധഗുണമുള്ള ജലമാകയാൽ അവിടെ സ്നാനം ചെയ്യുന്നത് പല രോഗങ്ങൾക്കും ശമനമുണ്ടാക്കുമെന്ന വിശ്വാസവും ഭക്തർക്കുണ്ട്.
ഒരു സ്നാനഘട്ടത്തിൽ ചൂടുറവയും തണുത്ത ഉറവയും അവയൊന്നിച്ചു ചേർത്തു സ്നാനത്തിനു യോജിച്ച താപനിലയിലാക്കിയ ജലവും ഉള്ള മൂന്നു പൊയ്കകൾ കാണാം. അവിടെ സ്നാനം ചെയ്യുന്ന അനേക ഭക്തജനങ്ങളുമുണ്ട്.
ശാസ്ത്രഗവേഷണങ്ങളിൽ റേഡിയോ ആക്റ്റീവ് ആയ ധാതുക്കളുടെ സാന്നിധ്യമാണ് ഈ ഉയർന്നതാപനിലയ്ക്കു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതമായ ഗന്ധകസാന്നിധ്യവും ഈ ജലത്തിലുണ്ടത്രേ. അതുകൊണ്ട് ഈ ചൂട് നീരുറവകളിൽ സ്നാനം ചെയ്യുന്നവർ പത്തുമിനുട്ടിലധികം വെള്ളവുമായി സമ്പർക്കത്തിലാകരുതെന്ന നിർദ്ദേശവുമുണ്ട്. പക്ഷേ ഭക്തജനങ്ങൾ അതു വേണ്ടത്ര കണക്കിലെടുക്കുന്നുണ്ടോ എന്നു സംശയമില്ലാതില്ല .
ഇവിടെയുള്ള മറ്റൊരദ്‌ഭുതമാണ് ഖീർഗംഗ എന്ന പേരുള്ള ഒരു നീരുറവ. മലയിൽനിന്നു താഴേക്കൊഴുകുന്ന ഈ അരുവി ഗന്ധകസാന്നിധ്യം കൊണ്ടാവാം വെളുത്തനിറത്തിലാണ് കാണപ്പെടുന്നത്. ഈ നിറമാണ് ഈ പേരിനും ആധാരം. ഖീർ എന്നാൽ പായസം. ഈ അരുവികണ്ടാൽ പാല്പായസം ഒഴുകിവരുന്നതായി തോന്നും.
ആത്മീയമായി പലകാരണങ്ങൾ ഇവിടെയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നുവെങ്കിൽ മറ്റുള്ളവരെ ഇങ്ങോട്ടാകർഷിക്കുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടുത്തെ അവാച്യമായ പ്രകൃതിസൗന്ദര്യവുമാണ്. ഞങ്ങൾ പോയത് ഒക്ടോബർ മാസത്തിലായിരുന്നു. മഞ്ഞുവീഴ്ചയൊന്നും തുടങ്ങിയിരുന്നില്ല. പക്ഷേ മഞ്ഞുകാലത്ത് അവിടമാകെ മഞ്ഞിനടിയിലാകും. അതുകൊണ്ടുതന്നെ അങ്ങോട്ടേക്കുള്ള യാത്രയും ക്ലേശകരമാകും.
മണികരനിലെ ചൂടുനീരുറവകൾ ഇവിടെയൊരു ജിയോ തെർമൽ പവർ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതിനും സഹായകമായി.
സ്‌കൂൾകാലങ്ങളിൽ ഭൂമിശാസ്ത്രപുസ്തകത്തിൽ ചൂടുനീരുറവകളെക്കുറിച്ചു പഠിച്ചപ്പോൾ എവിടെയെങ്കിലും പാറയ്ക്കിടയിൽനിന്നു വരുന്ന ചെറിയ ചൂടുള്ള ഉറവകളെയാണ് ഭാവനയിൽ കണ്ടിരുന്നത്. ഇത്തരം വിപുലമായൊരു ജലസ്രോതസ്സ്, അതും ഇത്രയധികം ചൂടുള്ളത് സങ്കല്പിക്കാൻകൂടി കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മണികരനിലെ ഈ ചൂടുനീരുറവകൾ നൽകിയ വിസ്മയം സീമാതീതമാണ്. പിന്നീട് പലയിടങ്ങളിലും ഇത്തരം ചൂടുറവകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ ഞാൻ താമസിക്കുന്ന കല്യാണിനടുത്തുള്ള വാജ്രേശ്വരിയിലെ ക്ഷേത്രത്തോടനുബന്ധിച്ചും ഇത്തരം ചൂടുറവകളുണ്ട്. എന്തൊക്കെയായാലും മണികരൻ നൽകിയ വിസ്മയം അവിസ്മരണീയം.

No comments:
Post a Comment