ഓർമ്മത്താളുകളിലെ മത്തങ്ങകൾ
=============================
"എന്താ മോൾടെ പേര് ?"
അന്നൊക്കെ ഞങ്ങളുടെ കോളേജിലെ കീഴ്‌വഴക്കം അതായിരുന്നു . പരിചയമില്ലാത്ത കുട്ടികളോട് മോളെന്നു വിളിച്ചേ സംസാരിക്കുമായിരുന്നുള്ളു. വലിയ ക്‌ളാസ്സുകളിലെ കുട്ടികളെ ചേച്ചിയെന്നും വിളിക്കണം. അന്നൊക്കെ എന്നുപറഞ്ഞാൽ ഞാൻ പ്രീഡിഗ്രിക്കുചേർന്നു കോളേജിൽപോകാൻ തുടങ്ങിയ കാലത്ത്. ഒരുദിവസം കോളേജിൽപോയി മടങ്ങുന്ന വഴിയിലാണ് എന്നെപ്പോലെ ഒറ്റയ്ക്കു നടന്നുപോകുന്ന ആ കുട്ടിയെ കണ്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും കണ്ടിരുന്നു. അതുകൊണ്ടു ഒന്നു പരിചയപ്പെടാമെന്നു കരുതി.
"സാലിമ്മ" കിലുകിലാന്നുള്ള ശബ്ദത്തിൽ മറുപടിവന്നു.
"നിന്റെ പേരോ?" ഇങ്ങോട്ടുള്ള ചോദ്യവും വളരെ വേഗം.
നീ എന്ന് വിളിച്ചത് എനിക്കത്ര ഇഷ്ടമായില്ലെങ്കിലും ഞാൻ പേരു പറഞ്ഞു.
"ഏതു ഗ്രൂപ്പാ ?" ഞാൻ ചോദിച്ചു
"കല്യാണഗ്രൂപ്പ് " എടുത്തടിച്ചതുപോലെ മറുപടി വന്നു. ഞാനന്തംവിട്ടു. അങ്ങനെ ഒരു ഗ്രൂപ്പുള്ളതായി കേട്ടിട്ടേയില്ല.
" ങേ! അങ്ങനെയുമൊരു ഗ്രൂപ്പുണ്ടോ ?" എന്റെ അജ്ഞതയിൽ തെല്ലപകർഷതാബോധം തോന്നിയെങ്കിലും ഞാൻ ചോദിച്ചു.
" പച്ചമലയാളത്തിൽ പറഞ്ഞാൽ ഹോം സയൻസ്" സാലിമ്മ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടാണതു പറഞ്ഞത്.
മറുപടിയില്ലാതെ ഞാൻ പകച്ചു നോക്കി.
എന്റെ നോട്ടത്തിലെ ശങ്ക മനസ്സിലാക്കിയെന്നോണം സാലിമ്മ പറഞ്ഞു.
"വല്യ വീട്ടിലെ പെൺപിള്ളാരെയൊക്കെ കെട്ടിക്കുന്നതുവരെ കോളേജിൽ പറഞ്ഞുവിടാനുള്ള ഗ്രൂപ്പാണ് ഹോം സയൻസ്. വല്യവീട്ടിലെയല്ലെങ്കിലും പത്തിൽ കഷ്ടി പാസ്സായകൊണ്ടു ഇതു പഠിച്ചാൽ മതീന്ന് അപ്പച്ചൻ പറഞ്ഞു. എനിക്ക് ഫോർത്തു ഗ്രൂപ്പാരുന്നു ഇഷ്ടം. നമ്മുടെ കോളേജിൽ അതില്ലല്ലോ. ഈ തലതെറിച്ച എന്നെ ആൺപിള്ളേരുള്ള കോളേജിൽ വിടാൻ അപ്പച്ചന് പേടി. അതാ ഇവിടെത്തന്നെ കല്യാണഗ്രൂപ്പിൽ ചേർന്നത്. " ഒരു ദീർഘനിശ്വാസത്തോടെ സാലിമ്മ പറഞ്ഞു നിർത്തി. വളരെ വേഗത്തിലാണവളുടെ സംസാരം. ചെറിയൊരു ഗ്യാപ്പിട്ട് നല്ലൊരു ചിരി മുഖത്ത് നിറച്ച് ചോദിച്ചു.
" ആട്ടെ, നീയേതുഗ്രൂപ്പാ ?"
" ഫസ്റ്റ് " ഞാൻ വിനയത്തോടെ പറഞ്ഞു
"ശ്ശൊ! ഈ എ പ്ലസ് ബി ദ ഹോൾ സ്‌ക്വയറൊക്കെ ഓർക്കുമ്പോഴേ എനിക്ക് ഭ്രാന്ത് വരും. നീയൊക്കെ അതെങ്ങനെ പഠിക്കുന്നു!" പുരികം ചുളിച്ച്, ചുണ്ടുകൾ വക്രിച്ച് അവൾ ആക്രോശിച്ചു. പിന്നെ ചെറുപുഞ്ചിരിയോടെ തുടർന്നു.
" എനിക്കീ കണക്ക് തീരെ ഇഷ്ടമല്ല. അത് പഠിക്കുന്നവരെയും. ഞങ്ങളുടെ സ്‌കൂളിലുമുണ്ടായിരുന്നു സെന്റ് പേര് സെന്റ് കണക്കത്തികൾ. എന്തൊരു ജാടയായിരുന്നെന്നോ അവളുമാർക്ക്! നിന്നെക്കണ്ടിട്ടു കുഴപ്പമില്ലെന്ന് തോന്നുന്നു. എനിക്കിഷ്ടമായി"
ഞാൻ കുറച്ചുസമയത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ ചോദിച്ചു എവിടെയാണു താമസിക്കുന്നതെന്ന്.
" കുരിശുപള്ളീടെയപ്പറത്തെ വീട്ടിൽ വാടകയ്ക്കാ" അവൾ പറഞ്ഞു.
ആ വീടെനിക്കറിയാം. സ്ഥിരമായി വാടകക്കാർ താമസിക്കുന്ന വീട്. പി ഡബ്ള്യു ഡി യിലെ ഒരുദ്യോഗസ്ഥനായിരുന്നു അവിടെ താമസിച്ചിരുന്നത്. അദ്ദേഹം സ്ഥലം മാറി പോയിട്ടുണ്ടാവും.
" അപ്പച്ചനെവിടെയാ ജോലി?" ഞാൻ അടുത്ത ചോദ്യം തൊടുത്തു.
"പി ഡബ്ള്യു ഡി യിൽ. മാർച്ചിലാ അപ്പച്ചനിങ്ങോട്ടു സ്ഥലംമാറ്റം കിട്ടിയത്. ഞങ്ങളു കഴിഞ്ഞമാസമാ വന്നത്."
" വീട്ടിൽ നിങ്ങളെത്രമക്കളാ ?" വീണ്ടും ഞാൻ ജിജ്ഞാസുവായി
"ഹാഫ് ഡസൻ ഗേൾസ്"
"ങേ !" ഞാൻ അദ്‌ഭുതംകൂറി
" എന്താ നിനക്ക് മനസ്സിലായില്ലേ.. പച്ചമലയാളത്തിൽ പറഞ്ഞാൽ അരഡസൻ പെൺപിള്ളേർ."
"ഹഹഹ..." ഞാൻ ഉറക്കെത്തന്നെ ചിരിച്ചുപോയി
" അതിനു നീയെന്തിനാ ഇത്ര ചിരിക്കുന്നത് ?" അവൾ നെറ്റി ചുളിച്ചു ചോദിച്ചു
" ഏയ് ഒന്നുമില്ല. എന്റെ വീട്ടിൽ അതിന്റെ പകുതിയേ ഉള്ളു." വീണ്ടുമെന്നെ അപകർഷതാബോധം പിടിമുറുക്കി. അതിനെ ഒന്ന് പോഷിപ്പിക്കാനെന്നോണം സാലിമ്മ പറഞ്ഞു.
" നാലു ചേച്ചിമാരും ഒരനിയത്തിയുമൊക്കെ വെല്യ ഭാഗ്യമുള്ളൊർക്കേ കിട്ടൂ. നിനക്ക് എന്നേക്കാൾ ഭാഗ്യം കുറവാ."
അതേ അവൾ പറഞ്ഞത് വളരെ സത്യം. അവളെന്നേക്കാൾ ഭാഗ്യവതിതന്നെ. അവളുടെ അപ്പച്ചനിപ്പോഴും അവളോടൊപ്പമുണ്ടല്ലോ. എന്റെയച്ഛൻ എന്നേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എനിക്കവളോട് കുറച്ചൊരസൂയയും തോന്നി.
പിന്നെയും കുറേ വർത്തമാനങ്ങൾ പറഞ്ഞു ഞങ്ങൾ നടന്നു. അവളുടെ പ്രസരിപ്പും ചിരിയും സംസാരവുമൊക്കെ എനിക്ക് വളരെയിഷ്ടമായി. അല്പം ഇരുണ്ടനിറമാണ്. പക്ഷേ ചെറിയ മുല്ലമൊട്ടുകൾപോലുള്ള വെളുത്ത പല്ലുകൾ കാട്ടിയുള്ള ചിരി സുന്ദരമാണ്. കോലൻ മുടി തോളിനു തൊട്ടുതാഴെവെച്ചു ക്രോപ്പ്ചെയ്തിരിക്കുന്നു. അവളുടെ മുഖത്തിനതു നന്നായി ചേരുന്നുണ്ട്. മിഡിയും ടോപ്പുമാണു മിക്കവാറും ദിവസങ്ങളിലെ വേഷം. അതും അവൾക്കു നന്നായിണങ്ങും. എല്ലാംകൊണ്ടും എനിക്ക് സാലിമ്മയെ നന്നേ ഇഷ്ടമായി.
പിന്നീടു വല്ലപ്പോഴുമൊക്കെ കോളേജിലേക്കും തിരിച്ചുമുള്ള യാത്രയിൽ കണ്ടുമുട്ടി. പിന്നെ കുറേ ദിവസങ്ങളിൽ അവളെ കണ്ടതേയില്ല. ഇടയ്ക്കുവെച്ചു ആ ചങ്ങാതിയെ ഞാൻ മറന്നോ എന്നും സംശയംതോന്നി.
ഒരു ദിവസം കോളേജിൽനിന്നു മടങ്ങുമ്പോൾ എന്നെ പേരെടുത്താരോ പിന്നിൽനിന്നു വിളിച്ചു. തിരഞ്ഞുനോക്കിയപ്പോൾ അതു സാലിമ്മയായിരുന്നു. പതിവുപോലെ കാലിപ്പാത്രത്തിൽ കല്ലുകളിട്ടു കിലുക്കുന്നതുപോലെ അവൾ കലപില സംസാരിച്ചു. ഇടയ്ക്കിടക്കു തമാശകൾ പറഞ്ഞു . ഹോം സയൻസ് പഠിപ്പിക്കുന്ന സിസ്റ്റർ ലൂസിയെയും കെമിസ്ട്രി പഠിപ്പിക്കുന്ന മിസ്സ് എലിസബത്തിനേയുമൊക്കെ അനുകരിച്ചു സ്വയം പൊട്ടിച്ചിരിച്ചു. ഒരു കമ്പനികൊടുക്കാൻ ഞാനും ചിരിച്ചു. ഞങ്ങളുടെ ചിരികണ്ടിട്ടാവാം എതിരെവന്ന നാണിപ്പണിക്കത്തി കർക്കിച്ചൊന്നു തുപ്പി.
"ഹും അസൂയയാ ..അസൂയ. അല്ലെങ്കിലും ഈ കടുംവെട്ടുകൾക്കെല്ലാം മുഴുത്ത അസൂയയാ." സാലിമ്മ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു ചുണ്ടുകൾ ഇടത്തേക്കും വലത്തേക്കും മാറിമാറി വേഗത്തിൽ ചലിപ്പിച്ചു . അപ്പോഴും എനിക്കു ചിരിവന്നു. പക്ഷേ എന്തിനാണു നാണിപ്പണിക്കത്തിയെ കടുംവെട്ടെന്നു വിളിച്ചതെന്ന് മനസ്സിലായില്ല. ചോദിക്കാനൊരു മടി. മുമ്പൊരിക്കൽ ഇങ്ങനെയെന്തോ ഒന്ന് ചോദിച്ചപ്പോൾ
"നിന്റെ തലയ്ക്കകത്തു മണ്ണാങ്കട്ടയാ" എന്നു പറഞ്ഞാക്ഷേപിച്ചതോർമ്മവന്നു.
അതു ശരിയായിരിക്കാം. അവൾ പറയുന്ന കാര്യങ്ങൾ പലതും എനിക്കു മനസ്സിലാവാറില്ല. ചിലപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കും. എതിരെവരുന്നവരെക്കുറിച്ചാകാം. മറ്റെന്തെങ്കിലുമാകാം. ഞാനന്തംവിട്ടുനോക്കുമ്പോൾ കുറച്ചു കോപമഭിനയിച്ചവൾ പറയും
" ഒരു ട്യൂബ് ലൈറ്റ് വന്നിരിക്കുന്നു. ഹും." പിന്നെയതൊന്നു വിശദമാക്കും. അപ്പോളെനിക്കും പൊട്ടിച്ചിരിക്കാതിരിക്കാനാവില്ല. എനിക്കവളെപ്പോലെ നർമ്മബോധത്തോടെ സംസാരിക്കാനൊന്നും അറിയില്ല. താരതമ്യം ചെയ്താൽ ആകെയൊരുകാര്യത്തിലെ ഞാനവളുടെ മുന്നിലെത്തൂ. പത്താംക്‌ളാസ്സിൽ കിട്ടിയ മാർക്കിലാണത്. പക്ഷേ പരീക്ഷകളും മാർക്കുമൊന്നും അവൾക്കൊരു പ്രശ്നമേയല്ലായിരുന്നു.
സാലിമ്മയുടെ മൂത്തചേച്ചി നാലുകൊല്ലം മുമ്പാണ് ബി എ പാസ്സായത്. ജോലിക്കായി ടെസ്റ്റുകൾ എഴുതിക്കൊണ്ടിരിക്കുന്നു. അതിനുതാഴെയുള്ള രണ്ടുപേർ പലവട്ടം ശ്രമിച്ചെങ്കിലും പ്രീഡിഗ്രി കടന്നിട്ടില്ല. ടൈപ്പും ഷോർട്ട്ഹാൻഡും തയ്യലുമൊക്കെ പഠിച്ചു നടക്കുന്നു. അതിനും താഴെയുള്ളയാൾ ബീഹാറിലോ മറ്റോ നഴ്‌സിംഗ് പഠിക്കുന്നു. അനിയത്തി ആറാംക്‌ളാസ്സിലെത്തിയിട്ടേയുള്ളു. അമ്മച്ചിക്ക് എന്തൊക്കെയോ അസുഖങ്ങളുണ്ടത്രേ. അപ്പച്ചനു നല്ല ശമ്പളമുണ്ടെങ്കിലും വരുമാനത്തിൽ നല്ലൊരു പങ്ക് ചികിത്സയ്ക്കായിപോകും. ഇടയ്ക്ക് അമ്മച്ചി ആശുപത്രിയിലാകുമ്പോൾ കോളേജിൽവരുന്നതൊക്കെ കണക്കാണ്. ഹോംസയൻസ് ഡിപ്പാർമെന്റിന്റെ HOD സിസ്റ്റർ ലൂസി അവളുടെ അപ്പച്ചന്റെ അകന്നൊരു ബന്ധുവായതുകൊണ്ടു അവൾക്കു പല ഇളവുകളും കൊടുത്തിരുന്നു. അങ്ങനെയിങ്ങനെ ആ വർഷമങ്ങു കടന്നുപോയി. അടുത്തവർഷം എനിക്ക് ഒരു ഫസ്റ്റ് പിഡിസി ക്കാരിയെ വീടിനടുത്തുന്നുതന്നെ കൂട്ടുകിട്ടി. സാലിമ്മയെ കണ്ടതേയില്ല. ഒന്നാംവർഷത്തെ റിസൾട്ട് വന്നതുകഴിഞ്ഞൊരു ദിവസം അവളെന്റെ ക്‌ളാസ് തേടിപ്പിടിച്ചു വന്നു.
"നിന്റെ കൈയിൽ ഫസ്റ്റ് ഇയറിന്റെ ഇംഗ്ലീഷ് നോട്ടുണ്ടോ ?" കണ്ടയുടനെ അവൾ ചോദിച്ചു.
ഞാൻ നോട്ടൊന്നും എഴുതിവെച്ചിരുന്നില്ല. ടെക്സ്റ്റ് ബുക്ക് പഠിക്കാറുണ്ടായിരുന്നതേയുള്ളു. പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രാധാനപ്പെട്ടതെന്നു പറയുന്നതൊക്കെ അവിടെത്തന്നെ മാർക്കുചെയ്‌തുവയ്ക്കുകയോ കുറിച്ചുവെക്കുകയോ ചെയ്യും. അതു പറഞ്ഞപ്പോൾ അവളെന്നെ നന്നായൊന്നു പിച്ചി.
"നോട്ടെഴുതാതെയാണോ കഴുതേ പഠിക്കുന്നത്. നീയെവിടുത്തെ പഠിപ്പിസ്റ്റാ"
" ഇപ്പഴെന്തിനാ കഴിഞ്ഞ വർഷത്തെ നോട്ട് ?"ഞാൻ ചോദിച്ചു.
" ഹിന്ദിയൊഴികെ ബാക്കിയെല്ലാം പൊട്ടി നിൽക്കുവാ ഞാൻ. എല്ലാം ഇംപ്രൂവ്മെന്റ് എഴുതി പാസ്സാകണം. ബാക്കിയൊക്കെ ക്‌ളാസ്സിൽനിന്നു കിട്ടി. ഇംഗ്ലീഷ് കിട്ടിയവർ ക്‌ളാസ്സിലും വളരെക്കുറവാ. അതുകൊണ്ടു അതുമാത്രം കിട്ടിയില്ല."
" ഞങ്ങളുടെ ക്‌ളാസ്സിലെ ആരുടെയെങ്കിലും കൈയിലുണ്ടൊന്നു ഞാൻ ചോദിക്കാം."
"ങാ ചോദിച്ചോ.. ഞാനും തിരക്കട്ടെ വേറെ കിട്ടാനുണ്ടോന്ന്"
"സാലിമ്മയെ ഇക്കൊല്ലം വഴിയിൽ കണ്ടതേയില്ലല്ലോ"
"നിയറിഞ്ഞില്ലായിരുന്നോ, ഞാനിപ്പോ ഹോസ്റ്റലിലാ. അമ്മച്ചീടെ അസുഖമൊക്കെക്കാരണം പഠിപ്പു ശരിയാകില്ലെന്നുപറഞ്ഞ് അപ്പച്ചൻ ഹോസ്റ്റലിലാക്കി. അപ്പച്ചന്റെ വകേലൊരമ്മായിയാ സിസ്റ്റർ ലൂസി. ഹാജരില്ലെന്നുപറഞ്ഞു പരാതി. സിസ്റ്ററാ പറഞ്ഞത് ഹോസ്റ്റലിൽ നില്ക്കാൻ."
അതും പറഞ്ഞ് അവൾ നടന്നു. വേഗം തിരിഞ്ഞുനിന്നു പറഞ്ഞു.
"ഇന്നു ഞാനുമുണ്ട് വീട്ടിലേക്ക്. കോളേജ് വിടുമ്പോ നീ ഗേറ്റിന്റെ മുന്നിൽ നിൽക്കണേ" അവളോടിപ്പോയി.
വൈകുന്നേരം ഞാനും എന്റെ ഫസ്റ്റ് പിഡിസി കൂട്ടുകാരിയും സാലിമ്മ വരുന്നതും കാത്തു നിന്നു. വൈകാതെ ഒരു വലിയ ബാഗും തോളിൽതൂക്കി അവൾ വന്നു.
"നിങ്ങളു കാത്തുനിൽക്കുന്നതുകൊണ്ടു കാപ്പികുടിക്കാതെയാ പോന്നത്. "
" കുടിച്ചിട്ടു വന്നാൽപോരായിരുന്നോ." ഞങ്ങൾ ഒരേ ശബ്ദത്തിൽ ചോദിച്ചു.
"അപ്പോപ്പിന്നെ താമസിക്കില്ലേ. എന്നും ചെല്ലുന്ന നേരത്തു നിങ്ങളെക്കാണാതെ വന്നാൽ വല്ല ഉമ്മാക്കിയും പിടിച്ചോന്നു വീട്ടിലിരിക്കുന്ന കാർന്നോമ്മാര് പേടിച്ചാലോ"
അവൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും അത്ര ചിരിയൊന്നും വന്നില്ല.
"ഹോ! ലാസ്റ്റ് അവർ മത്തങ്ങാ വരച്ചു മടുത്തു" അവൾ നെറ്റിയിൽ കൈകൊടുത്തു പറഞ്ഞു.
" ബോട്ടണിയായിരുന്നോ?" എന്റെ ചോദ്യം
" അല്ലല്ല . സുവോളജി "
"സുവോളജിയിൽ മത്തങ്ങ വരയ്ക്കാനുണ്ടോ?" ഞാനമ്പരന്നു.
"എനിക്കറിയാം. സിസ്റ്റർ ജോയ്‌സ് അല്ലാരുന്നോ ക്‌ളാസിൽ ?" എന്റെ സ്ഥിരം സഹയാത്രിക ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.
"ഞങ്ങളും സിസ്റ്ററിന്റെ ക്‌ളാസിൽ മത്തങ്ങ വരയ്ക്കും" സെക്കൻഡ് ഗ്രൂപ്പുകാരിയായ അവൾ പ്രസ്താവിച്ചു. എന്നിട്ടു നിഷ്കരുണം എന്നെ അവഗണിച്ചു രണ്ടാളുംകൂടി പൊട്ടിച്ചിരിച്ചു.
എനിക്കദ്‌ഭുതമായി. രണ്ടുപേരും സുവോളജിക്‌ളാസ്സിൽ എന്തിനാ മത്തങ്ങ വരയ്ക്കുന്നത്! അവരുടെ ചിരി കഴിഞ്ഞപ്പോൾ ഇത്തിരി സഹതാപം തോന്നിയത് സാലിമ്മയ്ക്കു തന്നെ. കാര്യം വിശദീകരിച്ചുതന്നു. സിസ്റ്റർ ജോയ്സിന് നല്ല തടിയാണ്. പൊക്കം കുറവും. എന്തു ടോപ്പിക്കായാലും പേരുകളൊക്കെ ബോർഡിലെഴുതി പടവും വരച്ചു വിശദീകരിച്ചേ പഠിപ്പിക്കൂ. അവർ ബോർഡിലേക്കു തിരിഞ്ഞുനിൽക്കുമ്പോൾ ഉടുപ്പിന്റെ വലിയ പ്ലീറ്റുകൾ ഒരു മത്തങ്ങയുടെ രൂപം തോന്നിപ്പിക്കുമത്രേ. അത് വരയ്ക്കുന്നതാണു കുട്ടികളുടെ ഹോബി. ഞാനപ്പോൾ ഞങ്ങളെ പഠിപ്പിക്കുന്ന സിസ്റ്റർമാരെ ഓർത്തു. എല്ലാവരും മെലിഞ്ഞവരാണ്. മാത്‍സ് ഡിപ്പാർമെന്റിലെ സിസ്റ്റർ ഏയ്മാഡ് മാത്രം നല്ല തടിച്ചിട്ടാണ്. പക്ഷേ അവർ ഡിഗ്രിക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ഡിഗ്രിക്കു മാത്‍സ് മെയിനെടുത്താൽ എനിക്കും വരയ്ക്കാം മത്തങ്ങ..
പിന്നെയും ഒരുപാടു വിശേഷങ്ങൾ തമാശയുടെ മേമ്പൊടി ചേർത്ത് സാലിമ്മ പറഞ്ഞുകൊണ്ടേയിരുന്നു. വഴിനീളെ ഒരുപാടു ചിരിച്ചു. ഒടുവിൽ പിരിഞ്ഞു. പിന്നെ ഒരിക്കലും സാലിമ്മയെ കണ്ടിട്ടേയില്ല. കാണാൻ ശ്രമിച്ചതുമില്ല. അവളുടെ ക്‌ളാസ്സ് മറ്റൊരു ബിൽഡിങ്ങിലായിരുന്നു എന്ന് വേണമെങ്കിൽ കാരണം പറയാം.
ദിവസങ്ങൾ അതിവേഗം ഓടിമാഞ്ഞു. സ്റ്റഡിലീവും പരീക്ഷയും പിന്നെ അവധിക്കാലവും റിസൾട്ടും ഒന്നിനുപിന്നാലെയെത്തി. ഡിഗ്രിയ്ക്ക് മാത്‍സ് മെയിനെടുത്തു ധാരാളം മത്തങ്ങകൾ വരച്ചു.
സാലിമ്മയെ കണ്ടതേയില്ല. അവർ വീടുമാറിയകാര്യം പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞിരുന്നു.
കാലചക്രം അതിവേഗമുരുണ്ടു. ഞാൻ മുംബൈവാസിയായി. ഒരിക്കൽ ഒരവധിക്കാലം കഴിഞ്ഞു മുംബൈക്കു മടങ്ങാൻ ട്രെയിൻ കാത്തു റെയിൽവേസ്റ്റേഷനിലിരിക്കുമ്പോൾ എന്റെ എതിർവശത്തുള്ള സീറ്റുകളിൽ മൂന്നു കന്യാസ്ത്രീകൾ വന്നിരുന്നു. സിസ്റ്റർ എയ്മാഡിന്റേതുപോലെ ചാരനിരത്തിലെ കുപ്പായമായിരുന്നു മൂന്നുപേർക്കും. എനിക്ക് അവരിൽ ഒരാളുടെ മുഖം നല്ല കണ്ടുപരിചയമുള്ളതുപോലെ തോന്നി. പക്ഷേ അതാരാണെന്നു വ്യക്തമാകുന്നില്ല. കുറേസമയം ഞാൻ ഓർമ്മത്താളുകളിൽ അരിച്ചുപെറുക്കി. എന്നിട്ടും പിടികിട്ടുന്നില്ല. അങ്ങനെയിരിക്കെ അവർക്കുള്ള തീവണ്ടിയെത്തി. മൂവരും വേഗം അവിടെനിന്നു ആൾത്തിരക്കിനിടയിൽ മറഞ്ഞു.
അധികം താമസിയാതെ ഞങ്ങളുടെ തീവണ്ടിയുമെത്തി. ട്രെയിനിലിരുന്നും എന്റെ ചിന്ത ഓർമ്മത്താളുകളിൽ മറഞ്ഞുപോയ ആ മുഖത്തെക്കുറിച്ചായിരുന്നു. ഒരുനിമിഷം പെട്ടെന്നാ മുഖം തെളിഞ്ഞു. ഇരുണ്ട നിറവും കോലൻമുടിയും മുല്ലമൊട്ടുപോലുള്ള പല്ലുകളുമുള്ള പഴയ സാലിമ്മ. ആ സാലിമ്മയാണ് ഒരു കന്യാസ്ത്രീയായി ഞാനിന്നു കണ്ടത്. അന്നു തീരെ മേലിഞ്ഞിട്ടായിരുന്നെങ്കിലും ഇന്നു കണ്ടപ്പോൾ നല്ല തടിയുണ്ടായിരുന്നു. പെട്ടെന്നെനിക്കു പഴയ മത്തങ്ങയുടെ കാര്യമോർമ്മവന്നു. ശ്ശോ! സിസ്റ്റർ നടന്നപ്പോൾ പിന്നിൽ മത്തങ്ങ വന്നോയെന്നു നോക്കേണ്ടതായിരുന്നു. എനിക്കതോർത്തപ്പോൾ ചിരിയടക്കാനായില്ല.
"അമ്മയെന്തിനാ ചിരിക്കൂന്നേ" മോന്റെ നിഷ്കളങ്കമായ ചോദ്യം.
" ഏയ് ഒന്നുമില്ല . മോന് വിശക്കുന്നില്ലേ. നമുക്ക് ചോറുണ്ടാലോ" ഞാൻ വിഷയം മാറ്റി. പിന്നെ ഞങ്ങൾ ഊണുകഴിക്കാനിരുന്നു. അപ്പോഴും എന്റെ ചിന്തകൾ സാലിമ്മയെക്കുറിച്ചായിരുന്നു. ഇപ്പോൾ എന്തായിരിക്കാം അവളുടെ പേര്? സിസ്റ്റർ സിൽവിയ എന്നോ സിസ്റ്റർ എമിലി എന്നോ ഒക്കെയാണെങ്കിൽ അവൾക്കു നന്നായി ചേരും. ഇനിയിപ്പോ സിസ്റ്റർ സാലിയെന്നുതന്നെയായിരിക്കുമോ? അറിയില്ല. ഇനി എന്നെങ്കിലും എവിടെവെച്ചു കണ്ടാലും ഞാനവളെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു മത്തങ്ങക്കഥ പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കും, തീർച്ച.
ഇപ്പോഴും ഒറ്റയ്ക്കിരിക്കുമ്പോൾ സുവോളജിക്‌ളാസിലെ മത്തങ്ങകൾ എന്നെ ചിരിപ്പിക്കാറുണ്ട്.

No comments:
Post a Comment