യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 4
...........................................................................................
ഡാർജിലിംഗ് എന്ന ഹിമാലയൻ സുന്ദരി
**********************************
ഭാരതത്തിലെ സുഖവാസകേന്ദ്രങ്ങളെക്കുറിച്ചു ചെറിയ ക്‌ളാസ്സുകളിൽ പഠിക്കുമ്പോൾത്തന്നെ മനസ്സിൽ പതിഞ്ഞ പേരുകളാണ് ഡാർജിലിംഗ്, ഷിംല എന്നിവയൊക്കെ. (ഷിംലയെ നമ്മൾ സിംലയെന്നാണു വിളിക്കാറുള്ളത് . അന്നാട്ടുകാർ ശരിക്കും ശിംല എന്നാണുച്ചരിക്കുന്നത്. ഹിന്ദിയിൽ എഴുതുന്നതും शिमला എന്നാണ്). ഡാർജിലിംഗ് പശ്ചിമബംഗാളിന്റെ ഉത്തരസീമാപ്രദേശത്തു സ്ഥിതിചെയ്യുന്നനൊരു പട്ടണമാണ്. അതേ പേരുള്ള ജില്ലയുടെ ആസ്ഥാനവും ഈ പട്ടണത്തിൽത്തന്നെയാണ്. ഹിമാലയത്തിന്റെ ശിവാലിക്മലനിരകളിലാണ് ഈ പ്രദേശം. 'ഇടിമിന്നലിന്റെ നാടെ'ന്നാണ് ഈ പേരിന്റെയർത്ഥം. (അമൂല്യമായ കല്ല് എന്നർത്ഥംവരുന്ന ടിബറ്റൻ വാക്കായ 'ഡോർജ്ജ്' എന്ന വക്കിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം എന്നും പറയപ്പെടുന്നുണ്ട്.) പശ്ചിമബംഗാൾ വിനോദസഞ്ചാരവകുപ്പ് ഡാർജിലിംഗിനെ വിശേഷിപ്പിക്കുന്നത് 'ഹെവൻലി ഹിമാലയ' എന്നാണ്. അവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ഈ വിശേഷണം തികച്ചും അന്വർത്ഥമാണെന്നു സർവ്വാത്മനാ അനുഭവേദ്യമാകുന്നതരത്തിലുള്ള പ്രകൃതിരമണീയതയും ദൃശ്യാനുഭവസമൃദ്ധിയും സുഖശീതളമായ കാലാവസ്ഥയുമാണിവിടെയുള്ളത്. ബ്രിട്ടീഷുകാർ ഈ കാലാവസ്ഥകാരണം ഇവിടെ വേനൽക്കാലത്തു സുഖവാസത്തിനായി എത്തിയിരുന്നു. അങ്ങനെ അത് കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടാൻ തുടങ്ങി.
ഡാർജിലിംഗിലെ കാഴ്ചകളൊക്കെത്തന്നെ വിസ്മയജനകങ്ങളാണ്. മാനത്തെ വെൺമേഘത്തുണ്ടുകളെ ചുംബിച്ചുനിൽക്കുന്ന മലകളും അവയുടെ ചെരിവുകളിൽ സമൃദ്ധിയായി വളർന്നുനിൽക്കുന്ന ദേവദാരുവനങ്ങളും തേയിലത്തോട്ടങ്ങളും അതിനുമപ്പുറത്തെങ്ങോ ദൂരയായ് കാണുന്ന മഞ്ഞണിഞ്ഞ മാമലകളും പ്രകൃതിസ്നേഹികളെ ഇങ്ങോട്ടേക്കു മാടിവിളിക്കുകയായ്. നിരവധി മ്യൂസിയങ്ങളും പാര്‍ക്കുകളും ഗാര്‍ഡനുകളും ഡാര്‍ജിലിംഗിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹിമാലയന്‍ മൌണ്ടനീയറിംഗ് ഇന്‍സ്റ്റിട്യൂട്ട്, എവറസ്റ്റ് മ്യൂസിയം, പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്നിവ ഇവയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനടുത്തുള്ള വന്യ ജീവി സങ്കേതത്തില്‍ സൈബീരിയന്‍ കടുവ, ഹിമാലയന്‍ കരടി, മാന്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, പക്ഷികള്‍ എന്നിവ കാണാം. ബറ്റാസിയ ലൂപ്, ലോയിഡ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളുംകൊണ്ട് അലങ്കൃതമാണ് ഗംഗാമയ പാര്‍ക്ക്, ഹാപ്പി വാലി ടീ എസ്റ്റേറ്റ്, രംഗീത് വാലി പാസഞ്ചര്‍ റോപ്‌വേ, ഗാര്‍ഗ് വേള്‍ഡ് പാര്‍ക്ക്, ബാര്‍ബോട്ടി റോക്ക് ഗാര്‍ഡന്‍, മഞ്ജുഷ ബംഗാള്‍ എമ്പോറിയം, ഹെയ്ഡെന്‍ ഹാള്‍, ഗ്രാം ശില്‍പ, സിംഗ്‌ല, അജിതാര്‍, ബജന്‍ ബാരി എന്നിങ്ങനെ നിരവധി കാഴ്ചകളും സഞ്ചാരികൾക്ക് ആസ്വാദനത്തിന്റെ നവ്യാനുഭൂതികൾ പകർന്നു കൊടുക്കുന്നു. ഇവിടുത്തെ തേയിലത്തോട്ടങ്ങൾക്കു നമ്മുടെ മൂന്നാറിലെയും ഏലപ്പാറയിലേയുമൊക്കെ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയില്ലെന്നു തോന്നി. പക്ഷേ ഇവിടെ ഉദ്പാദിപ്പിക്കുന്ന തേയില സ്വാദിൽ ഏറ്റവും മുന്തിയതാണത്രേ! തേയിലയുടെ വിലയും നമ്മെ അമ്പരപ്പിക്കും. കിലോയ്ക്ക് അയ്യായിരവും പതിനായിരവുമൊക്കെ വിലവരുന്ന തേയില കടകളിൽ കാണാൻ കഴിഞ്ഞു. (ഒരു ലക്ഷത്തിലധികം വില വരുന്നതുമുണ്ടു പോലും!)
ഇവിടുത്തെ അനുഭവങ്ങളിൽ എന്നെ ഏറെ വിസ്മയിപ്പിച്ച രണ്ടു കാര്യങ്ങളാണുള്ളത്. ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയവും ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാതയിലൂടെയുള്ള ടോയ് ട്രെയിൻ യാത്രയും. ഡാർജിലിങ്ങിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. ഡാർജിലിംഗ്ഹിമാലയൻ റെയിൽവേ എന്നറിയപ്പെടുന്ന ഇത് സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്. ഇത് നാരോ ഗേജ് റെയിൽവേ പാതയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വപാരമ്പര്യസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില പാതകളിലൊന്നാണിത്. ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു.
പകലത്തെ പട്ടണക്കാഴ്ച്ചകളൊക്കെ ആസ്വദിച്ചശേഷം ഹോട്ടലിലെത്തിയപ്പോഴാണ് ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയക്കാഴ്ചയെക്കുറിച്ചറിഞ്ഞത്. ഡാർജിലിംഗിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ടൈഗർഹിൽ. കാലാവസ്ഥ കനിഞ്ഞാൽ അവിടെനിന്ന് എവറെസ്റ്റും കാണാൻ കഴിയുമെന്നാണറിഞ്ഞത്. കാഞ്ചൻജംഗയുടെ മനോഹരദൃശ്യവും കാണാൻ കഴിയുമത്രേ. വേനൽക്കാലമായതുകൊണ്ടു വെളുപ്പിന് നാലുമണികഴിഞ്ഞാണ് ഉദയം. ആ സമയത്ത് അവിടെയെത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് 11 കിലോമീറ്റർ ദൂരെയാണ് ടൈഗർ ഹിൽ. അവിടേക്കു പോകാൻ ടൗണിൽനിന്നുതന്നെ വാഹനങ്ങളും ലഭ്യമാണ്. ദൂരം കുറവാണെങ്കിലും രണ്ടരമണി മുതൽ വാഹനങ്ങൾ പോയിത്തുടങ്ങും. നേരത്തെ പോയാൽമാത്രമേ അവർക്കു വ്യൂ പോയിന്റിനടുത്തുതന്നെ വാഹനം പാർക്ക് ചെയ്യാൻ കഴിയൂ. അതുപോലെ ആളുകൾക്ക് ശരിയായ കാഴ്ചയ്ക്കുള്ള സ്ഥലങ്ങളും ലഭ്യമാകൂ.
ഞങ്ങളുടെ സഹയാത്രികളാരും സൂര്യോദയം കാണാൻ വരാൻ തയ്യാറായില്ല. വേനല്ക്കാലമാണെങ്കിലും തണുപ്പിന് നല്ല കാഠിന്യമുണ്ട്. പക്ഷേ ഞങ്ങൾക്കു രണ്ടുപേർക്കും കണ്ടേ മതിയാകൂ. മോനും വരുന്നില്ലെന്ന് പറഞ്ഞു. അവനെ മുറിയിലാക്കി ഞങ്ങൾ രണ്ടരയ്ക്കുതന്നെ ടാക്സിസ്റ്റാന്റിലെത്തി. പക്ഷേ അവിടെ ഒരുത്സവമോ പള്ളിപ്പെരുന്നാളോ ഒക്കെ നടക്കുന്നിടത്തെപ്പോലെ ജനത്തിരക്ക്. ജീപ്പുകൾ നിരവധിയുണ്ട്. ഓരോന്നായി യാത്രക്കാരെയും നിറച്ചു പോകുന്നുമുണ്ട്. കുറച്ചുസമയം കാത്തുനിന്നപ്പോൾ ഞങ്ങൾക്കും ഒരു ജീപ്പിൽ കയറിപ്പറ്റാനായി. ടൈഗർഹില്ലിലേക്കുള്ള റോഡ് അത്ര നല്ലനിലവാരമുള്ളതായിരുന്നില്ല. ജീപ്പ് പാർക്ക് ചെയ്യുന്നിടത്തുനിന്നു കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോകാനുണ്ട് വ്യൂ പോയിന്റിലെത്താൻ. അവിടെയൊരു ഒബ്സർവേറ്ററി ടവറും അവിടെ കയറാൻ കഴിയാത്തവർക്ക് നിന്നുകാണാൻ വിശാലമായ പുൽമേടുകളുമുണ്ട്. ഞങ്ങൾ ചെല്ലുമ്പോഴേ ടവർ കാഴ്ചക്കാരാൽ നിറഞ്ഞിരുന്നു. പുൽമേട്ടിൽ ഒരു ജനസമുദ്രമുണ്ട് . ഞങ്ങളും ഒരിടത്തു നിലയുറപ്പിച്ചു. പിന്നെയും അങ്ങോട്ടേക്കു ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇത്രയധികം ആളുകൾ ഈ കൊച്ചു പട്ടണത്തിലുണ്ടായിരുന്നോ എന്നദ്‌ഭുതപ്പെട്ടുപോയി. എല്ലാവരും എവറസ്റ്റിനെ ഒരുനോക്കു കാണാൻ അക്ഷമരായി കാത്തുനിൽക്കുകയാണ്. ശരീരം തുളച്ചുകയറുന്ന തണുപ്പും. ഉത്സവപ്പറമ്പിൽ കാപ്പിയുമായി വരുന്നതുപോലെ ഇവിടെ ചിലർ ചായ വില്പനയും നടത്തുന്നുണ്ട്. കൊടും തണുപ്പിൽ അതൊരാശ്വാസവുമാണ്.
ഒടുവിൽ നാലേകാലായപ്പോഴാണ് സൂര്യോദയത്തിന്റെ അറിയിപ്പ് കിട്ടിയത്. എല്ലാവരുടെയും കണ്ണുകൾ ഒരേദിക്കിൽത്തന്നെ നിലയുറപ്പിച്ചിരുന്നു. പക്ഷേ അവിടെമാകെ മഞ്ഞും മേഘങ്ങളുമൊക്കെയായിരുന്നതുകൊണ്ട് ഉദയക്കാഴ്ച നന്നായി കാണാനായില്ല. ഉദയത്തിനു മുമ്പുള്ള വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകളുടെ കാഴ്ചയും അതിനുപിന്നിൽ എവറെസ്റ്റുകൊടുമുടിയുടെ നേരിയ ദൃശ്യവുമൊന്നും കാണാനായില്ല. പക്ഷേ മേഘങ്ങൾക്കിടയിൽ ഇടയ്ക്കിടെ സൂര്യൻ ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച അതിമനോഹരമായിരുന്നു. എവറെസ്റ്റും കാഞ്ചൻജംഗയുമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെക്കണ്ട ജനബാഹുല്യം എന്നെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ്.
മറ്റൊരു വിസ്മയമായിരുന്നു ഡാർജിലിംഗിൽനിന്നു സിലിഗുരിയിലേക്കുള്ള ട്രെയിൻ യാത്ര. 'ആരാധന' എന്ന ഹിന്ദിസിനിമയിൽ ഷാർമിളാ ടാഗോർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ രാജേഷ് ഖന്ന തന്റെ സുഹൃത്തിനോടൊപ്പം ഒരു ജീപ്പിൽ 'മേരെ സപനോം കി റാണി കബ് ആയേഗി തൂ' എന്ന പാട്ടു പാടി രസിക്കുന്ന രംഗം കണ്ടവരാരും മറക്കില്ലല്ലോ. അതു ഷൂട്ട് ചെയ്തിരിക്കുന്നതിവിടെയാണ്. ഡാർജിലിംഗ് ഹിമാലയ തീവണ്ടിപ്പാത പണി കഴിപ്പിച്ചത് ഗില്ലാണ്ടേഴ്‌സ് അര്‍ബുദ്‌നൗട്ട് കമ്പനിയാണ്. 1881 ല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചു. സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്. ഇത് നാരോ ഗേജ് റെയിൽവേ പാത കൂടിയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടതത്ത് കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു. ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു 'വിശ്വ പാരമ്പര്യ സ്മാരക'മായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്. ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു. അതുകൊണ്ടുതന്നെ റോഡ് ക്രോസ്സിങ് വരുമ്പോൾ മാറ്റുവാഹനങ്ങൾ വരുന്നുണ്ടെങ്കിൽ അത് പോകുന്നതുവരെ ട്രെയിൻ നിറുത്തിയിടണം. ചിലപ്പോൾ തോന്നും നടന്നാണുപോകുന്നതെങ്കിൽ ഒരുപക്ഷേ ഇതിനേക്കാൾ വേഗം നമുക്കെത്താൻ കഴിയുമെന്നും. എന്നാൽ ഈ മെല്ലെപ്പോക്കിന് ഒരു നല്ല വശംകൂടെയുണ്ട്. ഈ തീവണ്ടി മലഞ്ചെരുവിലൂടെയുള്ള പാതയിലൂടെ താഴേക്കുപോകുമ്പോൾ ഒരുവശത്തായുള്ള വഴിക്കാഴ്ച്ചകൾ ഹൃദയാവർജ്ജകമാണ്, സ്വർഗ്ഗീയസുന്ദരമാണ്. രണ്ടരമണിക്കൂറിലധികമുള്ള ഈ യാത്രയിൽ ഒന്നു കണ്ണുചിമ്മാൻപോലും നമുക്ക് തോന്നില്ല എന്നതാണു സത്യം. പ്രകൃതി അത്ര മനോഹാരിയാണവിടെ. ജീവിതത്തിൽ ഇന്നോളം ചെയ്ത ട്രെയിൻ യാത്രകളിൽ ഞാനൊരിക്കലും മറക്കാത്ത യാത്രയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയാത്ര.
No comments:
Post a Comment