ഒരു ചിക്കൻ കഥ
.
"അമ്മേ, ഞാനിന്നു ചിക്കൻ കഴിച്ചല്ലോ ... എന്തു സ്വാദാന്നറിയുമോ. എനിക്കൊരുപാടിഷ്ടമായി"
ഉമാദേവിടീച്ചർ ഒരു ഞെട്ടലോടെയാണ് ആ വിശേഷം കേട്ടറിഞ്ഞത്.
ശുദ്ധസസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചിരിക്കുന്ന കുടുംബമാണ് ടീച്ചറിന്റേത്. ബ്രാഹ്മണർ അനുവർത്തിക്കേണ്ടതായ ചിട്ടകളും ശുദ്ധവൃത്തികളും കർശനമായി പാലിക്കണമെന്നു ടീച്ചർക്കു നിർബ്ബന്ധമുണ്ട്. ഭർത്താവു ശിവശങ്കരൻ നമ്പൂതിരിയും മക്കൾ ഗായത്രിയും ഗണേശനും ടീച്ചറുടെ ചിട്ടകളൊന്നും തെറ്റിക്കാറുമില്ല. അപ്പോഴാണ് മകന്റെ അപ്രതീക്ഷിതമായ ഈ വിളംബരം.
ആദ്യത്തെ അമ്പരപ്പിനുശേഷം ടീച്ചർ ശാന്തത കൈവരിച്ചു മകനോടു കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. കൂടെപ്പഠിക്കുന്ന കുട്ടിയുടെ ടിഫിൻബോക്സിൽനിന്നാണ് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ഗണേശ് ചിക്കൻ കഴിച്ചത്. ചിക്കനാണെന്നറിയാതെയായിരുന്നു അവൻ അത് കഴിച്ചത്. കഴിച്ചപ്പോൾ വളരെ ഇഷ്ടമായി.
"അമ്മേ , അമ്മയെനിക്കുണ്ടാക്കിത്തരുമോ ചിക്കൻ?" അവൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു.
മക്കളെ തങ്ങളുടെ വിശ്വാസങ്ങളും ഭക്ഷണരീതികളും ജീവിതവുമൊന്നും അടിച്ചേൽപ്പിക്കാൻ ടീച്ചറോ നമ്പൂതിരിസാറോ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ മകന്റെ ഈ ആവശ്യത്തിനു മുഖംതിരിക്കാനും അവർക്കാകുമായിരുന്നില്ല. തന്നെയുമല്ല, ഇരുവരുടെയും കുടുംബത്തിൽ പലരും വിശ്വാസപ്രമാണങ്ങളിൽനിന്നൊക്കെ വിട്ടുനിൽക്കുന്നവരുമാണ്. പലരും മാംസാഹാരം കഴിക്കുന്നത് പരസ്യമായ രഹസ്യവുമാണ്. പക്ഷേ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ഭക്ഷണരീതി പുതുതായി തുടങ്ങാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു പുറത്തു മാംസാഹാരം കിട്ടുന്ന ഏതെങ്കിലും നല്ല റെസ്റ്ററന്റിൽ കൊണ്ടുപോയി വാങ്ങിക്കൊടുക്കാമെന്ന് മകനു വാക്കുകൊടുത്തു.
സ്‌കൂളിൽ സഹാദ്ധ്യാപകരോടു തിരക്കി നല്ല മാംസാഹാരം കിട്ടുന്ന ഭക്ഷണശാലകളേതെന്നു മനസ്സിലാക്കി വയ്ക്കുകയുംചെയ്തു.
അടുത്തുവന്ന അവധിദിവസംതന്നെ മകനെയും മകളെയും കൂട്ടി നമ്പൂതിരിദമ്പതികൾ പട്ടണത്തിലേക്കു പോയി. അത്യാവശ്യം ഷോപ്പിങ്ങൊക്കെ നടത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയി. ഒരു വീടിനോടു ചേർന്നുള്ള റെസ്റ്ററന്റാണ്. അതുകൊണ്ടുതന്നെ നല്ല വൃത്തിയും ശുചിത്വവുമൊക്കെയുള്ള അന്തരീക്ഷം. ഭക്ഷണം സ്വാദുള്ളതാണെന്നുമാണറിഞ്ഞത്. പക്ഷേ ഒരു കുഴപ്പം മാത്രം. ഓർഡർ കൊടുത്തശേഷം മാത്രമേ അവർ ഭക്ഷണം തയ്യാറാക്കുകയുള്ളു. അതുകൊണ്ടു കുറച്ചധികം സമയം കാത്തിരിക്കേണ്ടിവരും. ഗണേശിനുള്ള ചിക്കനും ബാക്കിയെല്ലാവർക്കും സസ്യാഹാരവും കൊണ്ടുവരാൻ പറഞ്ഞ് അവർ കാത്തിരിപ്പായി. അച്ഛനുമമ്മയും സംസാരിച്ചിരുന്നപ്പോൾ ഗണേശനും ഗായത്രിയും ആ വീടിന്റെ പരിസരത്തൊക്കെ ഓടിക്കളിച്ചു. ഒടുവിൽ ഭക്ഷണം എത്തിയപ്പോൾ ഗണേശൻ ചിക്കന്റെ പാത്രത്തിലേക്ക് നോക്കുകപോലും ചെയ്തില്ല. മറ്റുള്ളവർക്കായി കൊണ്ടുവന്ന ചപ്പാത്തിയും പനീർ മട്ടറും വെജിറ്റബിൾ ഫ്രൈഡ് റൈസും ഒക്കെയാണവൻ കഴിച്ചത്. ചിക്കനിരിക്കുന്ന പ്ലേറ്റ് അവന്റെ മുമ്പിലേക്കു മാറ്റിവെച്ചിട്ടും അവൻ നോക്കിയതേയില്ല. ടീച്ചർ പറഞ്ഞിട്ടു കേട്ടതായി ഭാവിച്ചുമില്ല. ഒടുവിൽ കൈ കഴുകുന്നതിനായി ഗണേശ് എഴുന്നേറ്റപ്പോൾ ടീച്ചർ വീണ്ടും ചിക്കൻ കഴിക്കുന്നതോർമ്മപ്പെടുത്തി.
"വയർ നിറഞ്ഞമ്മേ.. ഇപ്പോൾ വേണ്ട" എന്നായി അവൻ
"എങ്കിൽ ശരി . നമുക്കിതു പാഴ്‌സലാക്കി കൊണ്ടുപോകാം. വീട്ടിൽചെന്നിട്ടു വൈകുന്നേരം കഴിക്കാം." ടീച്ചർ പറഞ്ഞു.
ഗണേശ് അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. എങ്കിലും അവരതു പാഴ്‌സലാക്കി വാങ്ങിക്കൊണ്ടുപോയി.
വൈകുന്നേരം ഭക്ഷണത്തോടൊപ്പം ചിക്കനും ഗണേശിന് വിളമ്പി. പക്ഷേ അവനതു കഴിക്കാൻ കൂട്ടാക്കിയില്ല. ടീച്ചറിനു ചെറിയതോതിൽ ദേഷ്യവും വന്നു.
"ഇത്രദൂരംപോയി ചിക്കൻ വാങ്ങിവന്നിട്ടു നീയെന്താ കഴിക്കാത്തെ ?" അവർ അല്പം ശബ്ദമുയർത്തിത്തന്നെ ചോദിച്ചു.
"ഇപ്പോ എനിക്ക് വിശക്കുന്നില്ലമ്മാ " ഗണേശ് ചിണുങ്ങി.
പിന്നെ അവർ ചിക്കനെക്കുറിച്ചു സംസാരിച്ചില്ല. പിറ്റേദിവസം അത് മുഴുവൻ എടുത്തു കളയുകയും ചെയ്തു. പിന്നീടൊരിക്കലും ഗണേശ് ചിക്കൻ വേണമെന്ന് പറഞ്ഞതുമില്ല.
വളരെ വേഗത്തിൽ നാളുകളോടിമറഞ്ഞു. സ്‌കൂൾവർഷത്തിന്റെ അവസാനനാളുകളിലലൊരുദിവസം ഗണേശ് വൈകുന്നേരമെത്തിയത് വളരെ സന്തോഷത്തിലായിരുന്നു.
"അമ്മേ , ഇതുകണ്ടോ സ്‌കൂൾമാഗസിൻ .. അമ്മയൊന്നു വായിച്ചു നോക്കിയേ"
"മോനേ , അമ്മയും സ്‌കൂളിൽനിന്നു വന്നതല്ലേയുള്ളൂ, എത്ര ജോലികളുണ്ട്! അതൊക്കെ തീർന്നിട്ട് രാത്രിയിൽ അമ്മയിത് വായിച്ചു നോക്കാം."
ഗണേശ് പതിവുപോലെ പാലുകുടിച്ചശേഷം കളിക്കാനായി കൂട്ടുകാരുടെയടുത്തേക്കോടി.
ഗണേശ് പതിവുപോലെ പാലുകുടിച്ചശേഷം കളിക്കാനായി കൂട്ടുകാരുടെയടുത്തേക്കോടി.
അവന് പതിവിലേറെ ഉത്സാഹമുള്ളതുപോലെ അവർക്കുതോന്നി.
രാത്രിയിൽ ജോലിയൊക്കെ ഒതുക്കി കിടക്കാൻ വന്നപ്പോഴാണ് മോൻ കൊണ്ടുവന്ന സ്‌കൂൾമാഗസിൻ കണ്ണിൽപ്പെട്ടത്. തന്റെ സ്‌കൂളുപോലെ സർക്കാർസ്കൂളല്ല ഗണേശ് പഠിക്കുന്ന സ്‌കൂൾ. ഉന്നതനിലവാരം പുലർത്തുന്ന, നാട്ടിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമാണത്. അപ്പോൾ അവരുടെ മാഗസിനും നല്ല നിലവാരമുണ്ടാകുമല്ലോ. മാഗസിനെടുത്ത് അവർ പേജുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. കഥയും കവിതയും ലേഖനവും ചിത്രങ്ങളും ഒക്കെയുണ്ട്. കുട്ടികൾ നന്നായി എല്ലാം കൈകാര്യം ചെയ്യുന്നു. അഭിമാനംതോന്നി. പെട്ടെന്നാണ് ഒരു പേജിൽ തന്റെ മകന്റെ ഫോട്ടോകണ്ട് ഒന്നമ്പരന്നത്. അവർ വിശ്വാസം വരാതെ ഒന്നുകൂടിനോക്കി. അതേ, അഞ്ചാംക്ലാസ് ബി ഡിവിഷനിലെ ഗണേശ് നമ്പൂതിരിതന്നെ. അവർ വല്ലാത്തൊരാവേശത്തോടെ എഴുതിയതു മുഴുവൻ വായിച്ചുതീർത്തു.
' ലിനുവിന്റെ ടിഫിൻബോക്സിൽനിന്നാണ് ഞാനാദ്യമായി ചിക്കൻ കഴിച്ചത്. എനിക്കതു വളരെയിഷ്ടമായി. പക്ഷേ എന്റെ അമ്മയ്ക്ക് അതൊന്നും ഉണ്ടാക്കാനറിയില്ല. എങ്കിലും എനിക്ക് വേണമെന്ന് പറഞ്ഞപ്പോൾ അച്ഛനുമമ്മയും എന്നെയും ചേച്ചിയേയുംകൂട്ടി റെസ്റ്ററന്റിൽ കൊണ്ടുപോയി. ഭക്ഷണം പാകപ്പെടുത്താൻ സമയമെടുക്കുമെന്നു പറഞ്ഞതുകൊണ്ട് ഞാനും ചേച്ചിയും അവിടെയൊക്കെ ഓടിക്കളിച്ചു. അപ്പോഴാണ് അവിടെ ഒരു കോഴിയമ്മയും കുറേ കോഴിക്കുഞ്ഞുങ്ങളും ചികഞ്ഞുനടക്കുന്നതു കണ്ടത്. ഞാൻ അവയെപ്പിടിക്കാനായി ഓടിച്ചെന്നപ്പോൾ ആ കോഴിക്കുഞ്ഞുങ്ങൾ ഭയന്നോടി അവരുടെ അമ്മയുടെ ചിറകിനടിയിൽ ഒളിച്ചു. ആ കുഞ്ഞുങ്ങളുടെ ഭയന്നുള്ള നോട്ടവും ആ കോഴിയമ്മയുടെ സ്നേഹവും കണ്ടപ്പോൾ എനിക്കു വല്ലാതെ സങ്കടം വന്നു. ആ അമ്മ എത്ര സ്നേഹത്തോടെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്! എന്റെ അമ്മയും ഞങ്ങളെ സംരക്ഷിക്കുന്നതെങ്ങനെയല്ലേ. പക്ഷേ കോഴിയമ്മ കുഞ്ഞുങ്ങളെ എത്ര കാത്തുരക്ഷിച്ചാലും എപ്പോഴെങ്കിലും അവരെയൊക്കെ കൊന്നു ഭക്ഷണമുണ്ടാക്കി ഇവിടെ കഴിക്കാൻ വരുന്നവർക്ക് കൊടുക്കില്ലേ എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു. കുറച്ചുസമയംകൂടി ആ കോഴിയും കുഞ്ഞുങ്ങളും നടന്നുപോകുന്നതുനോക്കി ഞാൻ നിന്നു. എനിക്കായി ഓർഡർ ചെയ്ത കോഴിയിറച്ചി എനിക്കു കഴിക്കാൻ കഴിഞ്ഞില്ല. ഇനി ഒരിക്കലും എനിക്കതു കഴിക്കാനും കഴിയില്ല.'
ഇതായിരുന്നു ഗണേശിന്റെ ഫോട്ടോയോടൊപ്പമുണ്ടായിരുന്ന ആർട്ടിക്കിൾ.
വായിച്ചുകഴിഞ്ഞപ്പോൾ ടീച്ചറിന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളിക്കണ്ണുനീർ അടർന്നുവീണു.
No comments:
Post a Comment