അർജ്ജുനന്റെ അഞ്ചാംവേളി
.
അതിമഹത്തായ കുരുക്ഷേത്രയുദ്ധാനന്തരം യുധിഷ്ഠിരൻ ഒരു അശ്വമേധയാഗം നടത്തുകയുണ്ടായി. അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ് അശ്വമേധയാഗം. ഒരു വർഷം വരെ നീണ്ടു നിൽക്കുന്നതാണ് അശ്വമേധയാഗത്തിന്റെ ചടങ്ങുകൾ. ഇതിനു കാരണം യാഗാശ്വത്തെ ഒരു വർഷം വരെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു എന്നതാണ്. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സംരക്ഷകനും പരിചാരകവൃന്ദവും ഉണ്ടായിരിക്കും. ഏതു രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു വർഷത്തിനുശേഷം യാഗാശ്വം മടങ്ങിയെത്തിയാൽ ഉടനെ അതിനെ കൊന്ന് അവയവങ്ങൾ ഹോമിക്കുന്നു.
യുധിഷ്ഠിരന്റെ യാഗാശ്വത്തെ പിന്തുടരുന്നതിനായി നിയോഗിക്കപ്പെട്ടത് അർജ്ജുനനായിരുന്നു. അശ്വത്തെ അനുഗമിച്ച അർജ്ജുനൻ നാരീപൂരമെന്നൊരു രാജ്യത്തെത്തി. വളരെയേറെ പ്രത്യേകതകളുള്ളൊരു രാജ്യമായിരുന്നു നാരീപുരം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഇതൊരു സ്ത്രീരാജ്യമായിരുന്നു. ഇവിടെ പുരുഷന്മാരേ ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു പുരുഷൻ ഈ രാജ്യത്തു വന്നുപോയാൽ അയാൾ സ്വാഭാവികമായും ഇവിടുത്തെ എണ്ണമറ്റ സുന്ദരികളായ പെണ്മണികളിൽ ഭ്രമിച്ചുപോവുകയും അവരുമായി ബാന്ധവത്തിലേർപ്പെടുകയും ചെയ്തിരുന്നു. താമസംവിനാ ആരോഗ്യം നശിച്ച്, രോഗബാധിതനായി അയാൾ കാലപുരിപൂകും. അയാൾമുഖേന അവിടുത്തെ സ്ത്രീകൾക്ക് ജനിച്ച സന്തതികളും പെൺകുഞ്ഞുങ്ങളായിരുന്നത്രേ! അങ്ങനെ, ഒരു പുരുഷൻപോലുമില്ലാതെ നാരീപുരം ഒരു സ്ത്രീരാജ്യമായിത്തന്നെ നിലനിന്നുപോന്നു. അർജ്ജുനൻ നാരീപുരത്തു പ്രവേശിക്കുമ്പോൾ അവിടുത്തെ രാജ്ഞി പ്രമീളാ(പ്രമില)റാണിയായിരുന്നു. അതിസുന്ദരിയും ജ്ഞാനിയും ധീരയും അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ നിപുണയുമായിരുന്നു റാണി. ഈ സൗന്ദര്യധാമത്തെ പട്ടമഹിഷിയാക്കാൻ മോഹിച്ചു പല രാജാക്കന്മാരും എത്തിയെങ്കിലും റാണി അതൊക്കെ നിഷ്കരുണം തിരസ്കരിച്ചു. മരണംവരെ അവിവാഹിതയായിരിക്കുമെന്നു ശപഥമെടുക്കുകയും ചെയ്തു.
നാരീപുരത്തിന്റെ അതിർത്തികടന്നെത്തിയ യാഗാശ്വത്തെക്കുറിച്ചു റാണി അറിഞ്ഞു. ഒരു യുദ്ധത്തിനോടൊന്നും താല്പര്യമില്ലാതിരുന്ന റാണി അതത്ര ഗൗരവമായെടുത്തില്ല. പക്ഷേ മട്ടുപ്പാവിൽനിന്നു യാഗാശ്വത്തെ വീക്ഷിച്ച റാണിക്ക് അതിനെ അനുഗമിച്ചെത്തിയ അതിസുന്ദരനും ബലിഷ്ഠകായനുമായ യോദ്ധാവിനോട് അന്യാദൃശമായൊരു മമത തോന്നി. അതാരെന്നു ചോദിച്ചറിഞ്ഞ റാണി അർജ്ജുനനിൽ അനുരക്തയായി. തന്റെ ശപഥം കാറ്റിൽപ്പറത്തി, അർജ്ജുനനെ വിവാഹംചെയ്യാൻ അവൾ തീരുമാനിച്ചു. പാർത്ഥനോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. പക്ഷേ അദ്ദേഹം അതിനു തയ്യാറായിരുന്നില്ല. കാരണം വ്യക്തമാക്കുകയും ചെയ്തു. 'താൻ വിവാഹിതനാണെന്നും നാലുപത്നിമാർ ഇപ്പോഴുണ്ടെന്നും ഇനിയൊരു പത്നിയെ ഹസ്തിനപുരത്തിലേക്കു കൊണ്ടുവരില്ലെന്നു ധർമ്മപത്നിക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അതിനാൽ തനിക്കു പ്രമീളയെ വിവാഹം ചെയ്യാനാവില്ലെ'ന്നും അർജ്ജുനൻ അറിയിച്ചു. പക്ഷേ അതു റാണിക്കു തീരെ സ്വീകാര്യമായിരുന്നില്ല. തന്റെ ആഗ്രഹം സാധിക്കാത്ത നിരാശ മാറ്റാൻ യുദ്ധംതന്നെ പരിഹാരമെന്നവൾ തീർച്ചയാക്കി.
യാഗാശ്വത്തെ ധീരയായ രാജ്ഞി പ്രമീളാറാണി ബന്ധനത്തിലാക്കി. അശ്വത്തെ അനുഗമിച്ചെത്തിയ അർജുനനും സൈന്യവും പ്രമീളയുടെ സൈന്യത്തോടേറ്റുമുട്ടേണ്ട സാഹചര്യമായി . പക്ഷേ നാരീപുരത്തെ സ്ത്രീസൈന്യം അർജ്ജുനന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വിപുലവും അതിശക്തവുമായിരുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലും, ലക്ഷം പേർ കുതിരകളിലും , ലക്ഷം പേർ തേരുകളിലും അണിനിരന്നായിരുന്നു യുദ്ധം. തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ റാണി അർജുനനെയും സൈന്യത്തെയും നേരിട്ടു. തന്നോട് യുദ്ധംചെയ്യാൻ ഏതെങ്കിലും ഒരു പുരുഷപ്രജയെ അയയ്ക്കൂ എന്ന് അർജ്ജുനൻ ആവശ്യപ്പെട്ടു. പക്ഷേ പുരുഷന്മാരില്ലാത്ത രാജ്യത്ത് ഏതുപുരുഷൻ വരാനാണു യുദ്ധം ചെയ്യാൻ! പാർത്ഥൻ യുദ്ധക്കളത്തിൽനിന്നു വിയർത്തു. സ്ത്രീകളോടു യുദ്ധംചെയ്യുന്നത് അധർമ്മമാകും.
"ഹേ ആദരണീയായ മഹാറാണീ, ഇവിടെ യുദ്ധംചെയ്യാൻ എനിക്കാവില്ല. ഇതധർമ്മമാണ് . അതിനാൽ ദയവായി യാഗാശ്വത്തെ തിരികെനൽകി യുദ്ധത്തിൽനിന്നു പിന്മാറിയാലും. നമുക്ക് സമാധാനമായി പിരിയാം."
അദ്ദേഹം റാണിയോടു സവിനയം അപേക്ഷിച്ചു. പക്ഷേ റാണിയാകട്ടെ അചഞ്ചലയായി നിന്നു. യുദ്ധം അനിവാര്യമായി. പ്രമീളയെ മുറിവേല്പിക്കാതിരിക്കാൻ അർജ്ജുനൻ ഏറെ ശ്രദ്ധാലുവായിരുന്നു. റാണിയാകട്ടെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ തന്റെ സകലശക്തിയും പ്രയോഗിച്ചു. അർജ്ജുനന് ഈയുദ്ധത്തിൽ പ്രമീളയോടു ദയനീയമായി പരാജയപ്പെടേണ്ടിവന്നു. പക്ഷേ പരാജയം ഏറ്റുവാങ്ങിപ്പോകാനുമാവില്ലല്ലോ. ഒടുവിൽ കൈവശമുള്ള ദിവ്യാസ്ത്രം പ്രയോഗിച്ച് പ്രമീളയെ വധിക്കാൻ അർജ്ജുനൻ തയ്യാറായി. എന്നാൽ അരുതെന്നൊരശരീരി അതിൽനിന്നു പാർത്ഥനെ പിന്തിരിപ്പിച്ചു. പ്രമീളയെ പാണിഗ്രഹണം ചെയ്യാനായിരുന്നു അശരീരിവാക്യം ഉപദേശിച്ചത്. അപ്രകാരം അവർ വിവാഹിതരായി. പക്ഷേ അർജ്ജുനൻ ഒരു നിബന്ധന റാണിക്കുമുന്നിൽ വെച്ചിരുന്നു. ഹസ്തിനപുരത്ത് എത്തുന്നതുവരെ മാത്രം റാണി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും. അങ്ങനെ നാരീപുരത്തെ പ്രമീളറാണി അർജുനന്റെ അഞ്ചാമത്തെ പത്നിയായി.
ജൈമിനിമഹർഷി രചിച്ച മഹാഭാരതപാഠഭേദത്തിലാണ് പ്രമീളറാണിയുടെയും നാരീപൂരത്തിന്റെയും ഈ കഥ പറയുന്നത്.
No comments:
Post a Comment