Saturday, December 28, 2019

ജർമ്മനിയിലെ ബ്ലാക്ക് ഫോറെസ്റ്റും കുക്കു ക്ളോക്കും


ജർമ്മനിയിലെ  ബ്ലാക്ക് ഫോറെസ്റ്റും കുക്കു ക്ളോക്കും
(വായനാകൗതുകം യാത്രക്കുറിപ്പ് രചനാമത്സരം ഒന്നാം സമ്മാനം ലഭിച്ച രചന )
--------------------------------------------------------------------------------
ഇക്കഴിഞ്ഞ  മെയ്മാസാദ്യത്തിലെ ഒരു സായാഹ്നത്തിലാണ്, യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ജർമ്മനിയിലെ കൊളോൺ എന്ന നഗരത്തിലെത്തിയത്. അവിടെ വളരെ  പ്രസിദ്ധമായൊരു  കത്തീഡ്രലുണ്ട്. 1248 ൽ നിർമ്മാണം തുടങ്ങിയതാണ് അതിബൃഹത്തായ കൊളോൺ കത്തീഡ്രൽ. ഇപ്പോഴും പണി  തീർന്നിട്ടില്ല. പണിതീർന്നാൽ ലോകാവസാനം എന്നാണ് വിശ്വാസം. (നമ്മുടെ രാജ്യത്തെ ബിർളാമന്ദിരങ്ങളും ഇത്തരമൊരു അന്ധവിശ്വാസം വച്ചുപുലർത്തുന്നതുകൊണ്ടു പണി പൂർത്തീകരിക്കാറില്ലത്രേ.) കൊളോൺ ഒരു വലിയ നഗരമാണെങ്കിലും ഇരട്ടഗോപുരങ്ങളുള്ള ഈ പള്ളിയാണിവിടുത്തെ പ്രധാനകാഴ്ച. അടിമുടി കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ഒരദ്‌ഭുതനിർമ്മിതിയാണിത്. 515 അടി ഉയരമുള്ള ഈ പള്ളി  1880 മുതൽ 1884 വരെ  ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിർമ്മിതിയായിരുന്നു. ബൈബിളിൽ പരാമർശമുള്ള   മൂന്നു വിദ്വാന്മാരുടെ   അൾത്താരകളുണ്ടിവിടെ. മുഖ്യ അൾത്താരയ്ക്ക് 15 അടിയാണുയരം. പതിനൊന്നു മണികളാണ് പള്ളിയിലുള്ളത്. അതിൽ  'ഫാറ്റ് പീറ്റർ'  എന്നു വിളിക്കപ്പെടുന്ന 24 ടൺ ഭാരമുള്ള, ലോകത്തിലെ ഏറ്റവും വലിയ തൂങ്ങിക്കിടക്കുന്ന മണിയായ,  പത്രോസ് പുണ്യാളന്റെ  മണിയും 11 , 6 ടണ്ണുകൾ വീതം ഭാരമുള്ള രണ്ടു മദ്ധ്യകാലഘട്ടമണികളും സന്ദർശകശ്രദ്ധ പതിയുന്നവയാണ്. ഉണ്ണീശോയെ കൈയ്യിലേന്തിയ മാതാവിന്റെ ദാരുശില്പം 1290 ൽ സ്ഥാപിച്ചതാണ്.  പ്രധാന കവാടത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിൽപാലങ്കാരങ്ങൾ കാണാം. വർണ്ണാങ്കിതമായ ചില്ലുജാലകങ്ങൾ ഈ ദേവാലയത്തിന്റെ മറ്റൊരാകർഷണമാണ്  സാൻഡ്‌സ്‌റ്റോൺ കൊണ്ടു നിർമ്മിച്ച പള്ളി കാലപ്പഴക്കംകൊണ്ട് കറുത്തനിറത്തിലാണ് ഇന്നു  കാണപ്പെടുന്നത്.  ഇരട്ടഗോപുരങ്ങൾതമ്മിൽ പ്രത്യക്ഷത്തിലറിയില്ലെങ്കിലും നേരിയ ഉയരവ്യത്യാസമുണ്ട്. വടക്കേഗോപുരം തെക്കേ ഗോപുരത്തേക്കാൾ 7 സെന്റിമീറ്റർ ഉയരത്തിലാണ്. പള്ളിയങ്കണത്തിൽ നമ്മുടെ ക്ഷേത്രമുറ്റങ്ങളിൽ കാണുന്ന വലിയ കൽവിളക്കുകളോട്  സാമ്യം തോന്നുന്ന ശിലാസ്‌തൂപമുണ്ട്.

കൊളോൺ കത്തീഡ്രലിനോട് വിടപറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു. രാത്രി താങ്ങാനുള്ള ഹോട്ടലിലേക്കു മുക്കാൽ മണിക്കൂറിലധികം യാത്രയുണ്ട്.  ജർമ്മനിയിലെ ബോൺ ബോൺവിൻഡ്ഹേഗൻ എന്ന സ്ഥലത്തെ ഹോട്ടൽ ഡോർമോറോയിപ്പോൾ  മണി എട്ടുകഴിഞ്ഞിരുന്നെങ്കിലും നല്ല പകൽവെളിച്ചം. ഇവിടെ ഇങ്ങനെയാണ്. വേനൽക്കാലത്തു സൂര്യൻ വൈകിയേ അസ്തമിക്കൂ. ഒമ്പതരയെങ്കിലുമാകും ഇരുട്ടാകാൻ. വെളിച്ചമുണ്ടായിരുന്നെങ്കിലും   തണുപ്പിന്റെ കാഠിന്യത്താൽ പുറംകാഴ്ചകളിലേക്കു പോകാതെ ഭക്ഷണം  കഴിച്ചു സുഖമായി ഉറങ്ങി. അതിരാവിലെതന്നെ ഉണരുകയും ചെയ്തു. ഹോട്ടൽമുറിയുടെ
വെളുത്തജാലകവിരികൾ വകഞ്ഞുമാറ്റി ബ്ലൈൻഡ്‌സ് തുറന്ന് ചില്ലുജാലകത്തിലൂടെ പുറത്തേക്കുനോക്കിയപ്പോൾ പ്രഭാതകാഴ്ച അതിമനോഹരം. വീടുകളും കൃഷിസ്ഥലങ്ങളും മരങ്ങളും അപ്പുറത്തൊരു ചെറിയ മലയും അതിനുമപ്പുറത്ത് ഉയരത്തിലുള്ളൊരു ഗോപുരവും.   മുറി ആറാം  നിലയിലായിരുന്നതുകൊണ്ടു അങ്ങുദൂരെവരെ കാണാം. പക്ഷേ നോക്കിനിൽക്കൻ സമയമില്ല. ഏഴുമണിക്കു ഞങ്ങളുടെ ബസ്സ്    പുറപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്.   ജർമ്മനിയിലെ പ്രസിദ്ധമായ ബ്ലാക്ക് ഫോറെസ്റ്റിലൂടെയാണ് ബസ്സ്  ദീർഘരൂരം പോകുന്നത്. ആ  യാത്രയവസാനിക്കുന്നത് സ്വിറ്റ്സർലൻഡിലെ ലൂസേണിലും.

ജർമ്മനിയുടെ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായൊരനുഭവമാണ്. അത്ര സുന്ദരമാണ് ഇന്നാടിന്റെ ഭൂപ്രകൃതി. എങ്ങും ഹരിതസമൃദ്ധിയുടെ ദൃശ്യവിസ്മയങ്ങൾ. അരുവികളും പൊയ്കകളുമൊക്കെ ആ ഹരിതഭംഗിക്കു തൊങ്ങൽച്ചാർത്തുന്നു. വെട്ടിയൊരുക്കിയ പുൽമേടുകൾ അതിമനോഹരമാണ്. ഗവൺമെന്റിന്റെയും ഗ്രാമീണരുടെയും കൃഷിക്കാരുടേയുമൊക്കെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താലാണ് പുൽമേടുകൾ ഇത്ര ഭംഗിയായി പരിപാലിക്കപ്പെടുന്നത്.  പുൽമേടുകളിൽ മേയുന്നുണ്ട്  കന്നുകാലികളും കുതിരകളും ചെമ്മരിയാടുകളും.  ഗ്രാമങ്ങളിലുംമറ്റും ധാരാളം സോളാർപാനലുകൾ കാണാൻ കഴിയുന്നുണ്ട്. കറങ്ങുന്ന കാറ്റാടിയന്ത്രങ്ങളും കുറവല്ല. പല സ്ഥലങ്ങളിലും പള്ളികൾ കാണാം. ഉയരത്തിലുള്ളൊരു സ്തൂപവും അതിനുമുകളിൽ കുരിശും കണ്ടാലറിയാം അതു പള്ളിയാണെന്ന്.  എവിടെയോവെച്ച് റൈൻ നദിയെ മുറിച്ചുകടന്നിരുന്നു. ദീർഘരൂരം ബ്ലാക്ക് ഫോറെസ്റ്റ് എന്ന  വനത്തിലൂടെയാണ് യാത്രയെന്നും വനത്തിനുള്ളിൽവെച്ചാണ് ഉച്ചഭക്ഷണം കഴിക്കുന്നതെന്നുമൊക്കെ ടൂർ ഗൈഡ്  പറഞ്ഞപ്പോൾ ഭാവനയിൽ വിരിഞ്ഞത് ഹിംസ്രജന്തുക്കൾ വിഹരിക്കുന്ന  ഒരു ഘോരവനത്തിന്റെ ചിത്രമായിരുന്നു. പക്ഷേ അത്തരമൊരു വനപ്രദേശം ഈ യാത്രയിലെവിടെയും കാണാനായില്ല. പൈന്മരങ്ങളും ഫർമരങ്ങളും ദേവദാരുക്കളും  വളർന്നുനിൽക്കുന്നൊരു പ്രദേശം അതിനുള്ളിലൂടെ അതിമനോഹരമായ ഹൈവേ. ഓട്ടോബാൻ എന്നറിയപ്പെടുന്ന ഈ ഹൈവേകളധികവും ഹിറ്റ്ലറുടെ കാലത്ത് യുദ്ധാവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ടവയാണ്. ഇന്നും അവ നന്നായി പരിപാലിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നതിനാൽ ലോകോത്തരനിലവാരം പുലർത്തുന്ന റോഡുകളാണവ. വേഗതയ്ക്കു നിയന്ത്രമില്ലെന്നതാണ് ഈ ഹൈവേയുടെ മറ്റൊരു പ്രത്യേകത. ആറുവരിപ്പാതയ്ക്കുപുറമെ കേടുവന്ന വാഹനങ്ങൾ പാർക്കുചെയ്യാനായി സർവീസ് റോഡുകളുമുണ്ട്. 160 കിലോമീറ്ററിലധികം ദൂരം യാത്ര ബ്ലാക്ക് ഫോറെസ്റ്റിനുള്ളിലൂടെയാണ്.



ഭൂമിശാസ്ത്രക്ലാസ്സുകളിൽ ബ്ലാക്ക് ഫോറെസ്റ്റ് എന്ന പേര് പഠിച്ചത് ഖണ്ഡപര്‍വ്വതങ്ങള്‍(Block Mountain) ക്കുദാഹരണമായാണ്. ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻഭാഗത്ത് ഒരു ദീർഘചതുരം രൂപപ്പെടുത്തി ഈ വനപ്രദേശം വ്യാപിച്ചുകിടക്കുന്നു. ജനവാസം നന്നേ കുറവുള്ള പ്രദേശമാണിത്. അനേകം നാടോടിക്കഥകളുടെ കേന്ദ്രമായ ഇവിടെനിന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്കും വിഖ്യാതമായ കുക്കൂക്ലോക്കും പിറവിയെടുത്തത്.  കടുത്തപച്ചനിറത്തിലെ ഇലച്ചാർത്തുകൾകൊണ്ടു സമൃദ്ധമായ സ്തൂപികാഗ്രിതവൃക്ഷങ്ങൾ നിബിഡമായി വളർന്നുനിന്നിരുന്ന ഈ വനപ്രദേശത്ത് സൂര്യപ്രകാശം ഭൂമിയിൽ ലെപതിക്കുമായിരുന്നില്ലത്രേ! അങ്ങനെയാണ് ഈ പേരുലഭിച്ചത്.  പക്ഷേ  ഇന്നാ സ്ഥിതിയൊക്കെ മാറി. റോമക്കാരുടെ വരവോടെ വൃക്ഷങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. നെതെർലാൻഡിലെ കപ്പലുകൾ മുതൽ ജപ്പാനിലെ വീടുകൾവരെ ഉണ്ടാക്കാൻ ഈ വനത്തിലെ തടികൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടത്രേ.  പതിനേഴാം നൂറ്റാണ്ടിൽ ഈ വനപ്രദേശം ഏതാണ്ട് പകുതിയായെന്നു പറയാം. നട്ടുവളർത്തിയ മരങ്ങൾ വളർന്നുനിൽക്കുന്നതാണ് ഇപ്പോൾകാണുന്ന വനം  . അതത്ര നിബിഡവുമല്ല. മരമില്ലാത്തയിടത്തൊക്കെ പച്ചപ്പുൽമെത്ത. അതിൽ നിറയെ മഞ്ഞനിറത്തിലെ കാട്ടുപൂക്കൾ വിടർന്നുവിലസുന്നു. നയനാഭിരാമമായ ദൃശ്യങ്ങൾ. അതുകൊണ്ടുതന്നെ ഒരു ദീർഘയാത്രയുടെ മുഷിവൊന്നും തോന്നിയതേയില്ല. രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളകളിൽ ടോയ്‌ലറ്റ് സൗകര്യത്തിനായി ഗ്യാസ് സ്റ്റേഷനുകളിൽ ബസ്സ് നിറുത്തുകയും ചെയ്യും. അവിടെയൊക്കെ സൂപ്പർമാർക്കറ്റുകളും റെസ്റ്ററന്റുകളും ഉണ്ടാവും.

 നട്ടുച്ചനേരത്താണ് റ്റിറ്റിസീ എന്ന പ്രദേശത്തെ   ഡ്രൂബ എന്ന സ്ഥലത്തെത്തിയത്. ഔട്ടോബാനിൽനിന്നു  വഴിതിരിഞ്ഞ്, കുറച്ചുള്ളിലേക്കുമാറി, ബസ്സ് പാർക്ക് ചെയ്തു. അവിടുന്ന് ഇത്തിരി നടന്നെത്തിയത് ഒരത്ഭുതത്തിന്റെ മുൻപിലാണ്. ഒരു ഭീമൻ കുക്കു ക്ളോക്ക്! ഒരുവലിയകെട്ടിടംതന്നെ കുക്കുക്ലോക്ക് രൂപത്തിൽ രൂപകൽപന ചെയ്തിരുന്നതാണ്. അതിലുള്ള റെസ്റ്ററന്റിലാണ് ഞങ്ങളുടെ ഉച്ചഭക്ഷണം. ഭക്ഷണസമയമായിരുന്നതുകൊണ്ടു കാഴ്ചകളിലേക്കു  പോകാതെ എല്ലാവരും റസ്റ്ററന്റിൽ കടന്നു.  വിഭവവൈവിധ്യങ്ങൾകൊണ്ട്  ഗംഭീരമായൊരു സദ്യ. പക്ഷേ വിഭവങ്ങളിൽ ഏറെ വിശേഷപ്പെട്ട ഒന്നുണ്ടായിരുന്നു. ബ്ലാക്ക്‌ഫോറെസ്റ്റിന്റെ തനതുവിഭവമായ ബ്ലാക്ക്‌ഫോറെസ്റ്റ് കേക്ക്. ഇത്ര സ്വാദിഷ്ടമായൊരു  കേക്ക് ഇതിനുമുമ്പ് കഴിച്ചിട്ടില്ല. ഈ വനപ്രദേശത്തുമാത്രം കണ്ടുവരുന്ന ചില പഴങ്ങളുടെ  സത്താണ്  ഈ കേക്കിന് സവിശേഷമായ സ്വാദു നൽകുന്നത്. ഈ സ്വാദ് ഇവിടെവച്ചുതന്നെ ആസ്വദിക്കാൻകഴിഞ്ഞത് ഒരു വലിയ ഭാഗ്യംതന്നെ.



ഭക്ഷണശേഷമാണ് കുക്കുക്ലോക്ക് പ്രദർശനശാലയും വില്പനകേന്ദ്രവുമൊക്കെ കാണാൻ പോയത്. പതിനാറാം നൂറ്റാണ്ടിലാണ് കുക്കുക്ലോക്ക് ഉദയംചെയ്തത്.   ഈ പ്രദേശത്തെ തടിവീടുകളുടെ ആകൃതിയിലാണ് ഭിത്തിയിൽ തൂക്കിയിടാവുന്ന  ഈ ഘടികാരം രൂപകൽപന ചെയ്തിരിക്കുന്നത്. സ്വാഭാവികമായ ദാരുവർണ്ണമാണ് ഇവയ്ക്ക്.  ഓരോ മണിക്കൂറിലും കിളിവാതിൽ തുറന്നെത്തുന്ന കുയിൽ  കുക്കൂ കുക്കൂ എന്ന് അതിമധുരമായി  കൂവിയശേഷം തിരികെക്കയറിപ്പോകും. കിളിവാതിൽ മെല്ലേയടയും.  പിന്നെ നൃത്തം ചെയ്യുന്ന മിഥുനങ്ങളുടെ വരവായി. എത്രമണിയായെന്നതനുസരിച്ചാണ് ഇവയുടെയൊക്കെ  എണ്ണം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. തടിയിലാണ് ഇതിന്റെ നിർമ്മാണമത്രയും. ലോഹഭാഗങ്ങൾ വളരെക്കുറച്ചുമാത്രം.   പെന്റുലങ്ങൾ പൈൻമരക്കായ്കളാണ്. ധാരാളം ചിത്രപ്പണികൾചെയ്തു മോടിപിടിപ്പിച്ചിരിക്കുന്ന പുറംചട്ടയാണ്.  ഇതിന്റെ നിർമ്മാണരീതി അവർക്കുമാത്രം അറിയുന്നൊരു രഹസ്യമാണ്. ഇന്ന് ആധുനികരീതിയിലും  ഇത്തരം ക്ലോക്കുകൾ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും പൈൻകായപെൻഡുലങ്ങളോടുകൂടിയ  യഥാർത്ഥനിർമ്മാണരീതിയാണ് വിപണിയിൽ കൂടുതൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. രണ്ടുവിധത്തിലാണ് ഇതിന്റെ പ്രവർത്തനരീതി ക്രമീകരിച്ചിരിക്കുന്നത്. ഒരുദിവസത്തിന്റേതും എട്ടു ദിനങ്ങളുടേതും. ആദ്യത്തേതിൽ 24 മണിക്കൂറിൽ ചാവികൊടുക്കണം. രണ്ടാമത്തേതിൽ എട്ടുദിവസം കൂടുമ്പോൾ ചാവികൊടുത്താൽ മതിയാവും.



പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്   കുക്കൂക്ലോക്കുകൾ    ലോകപ്രശസ്തമായത്. അന്യാദൃശമായ സൗന്ദര്യബോധവും ശാസ്ത്രസാങ്കേതികപരിജ്ഞാനവും ഒന്നുചേർന്ന ഈ നിർമ്മാണകൗശലം ലോകം ഇരുകൈയുംനീട്ടി സ്വീകരിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. മ്യൂസിയത്തിലും  വിപണനശാലയിലും നന്നേ ചെറുതുമുതൽ പത്തടിയിലേറെ വലുപ്പമുള്ള ഭീമൻ ക്ലോക്കുകൾ വരെയുണ്ട്. വിലയും നമ്മെ തൊല്ലൊന്നമ്പരപ്പിക്കും ഇന്ത്യൻ രൂപയിൽ ഏറ്റവും കുറഞ്ഞവിലപോലും 20,000 രൂപയ്ക്കു മുകളിൽവരും. ഉയർന്നുയർന്ന അത് ഇരുപതുലക്ഷംവരെയാകാം.  ക്ലോക്ക് പലരും വാങ്ങുന്നുണ്ടായിരുന്നു. കുഴപ്പമൊന്നുംകൂടാതെ അവ വീട്ടിലെത്തിക്കുകയെന്നത് ക്ലേശകരമാണ്. മാത്രവുമല്ല എന്തെങ്കിലും പ്രവർത്തനത്തകരാറുണ്ടായാൽ അതു പരിഹരിക്കപ്പെടുകയെന്നതും എളുപ്പമുള്ള കാര്യമല്ല. നമ്മുടെ നാട്ടിൽ ഈ ക്ലോക്കിന്റെ സാങ്കേതികവിദ്യ അറിയുന്നവർ ഇല്ലതന്നെ. അതിനെക്കുറിച്ചു പറഞ്ഞപ്പോൾ  ബാംഗ്ലൂരിൽ ഒരു റിപ്പയറിംഗ് സെന്റർ ഉണ്ടെന്ന് ഷോപ്പിൽനിന്നറിയാൻ കഴിഞ്ഞു. വാങ്ങാൻ ഉദ്ദേശമില്ലാതിരുന്നതുകൊണ്ടു മെല്ലേ പുറത്തേക്കിറങ്ങി. അവിടെത്തന്നെ   ഒരു സ്ഫടികകരകൗശലവസ്തുക്കളുണ്ടാക്കുന്ന  ഫാക്ടറിയും പ്രദർശനശാലയും വിപണനകേന്ദ്രവുമുണ്ട്. ഗ്ലാസ്സ്കൊണ്ടു നിർമ്മിച്ച അതിമനോഹരമായ രൂപങ്ങൾ. വിവിധവലുപ്പത്തിലും വർണ്ണത്തിലുമുള്ള രൂപങ്ങളുണ്ട്  ഒരാൾ ഒരുഭാഗത്ത് അതുണ്ടാക്കുന്നതും നമുക്ക് കാണാം. അവിടെയും വില അതിഗംഭീരംതന്നെ.



എല്ലാം നോക്കിയും കണ്ടും നടക്കവേ രണ്ടുമണിയാകാറായി. കുക്കൂക്ളോക്ക് കെട്ടിടത്തിലെ കുയിൽ രണ്ടുപ്രാവശ്യം കൂവാനെത്തുന്നതുകാണാൻ എല്ലാവരും പുറത്തുകടന്നു. കൃത്യസമയത്തുതന്നെ കിളിവാതിൽതുറന്നു പൂങ്കുയിൽ രണ്ടുതവണ കൂകി. പിന്നെ ഉൾവലിഞ്ഞു. ജാലകം മെല്ലെയടഞ്ഞു. അതാ തൊട്ടുതാഴെ ബാൻഡ്മേളവുമൊക്കെയായി നൃത്തം ചെയ്തു യുവമിഥുനങ്ങൾ വൃത്തപഥത്തിൽ നീങ്ങുന്നു. രണ്ടുമണിയായതുകൊണ്ടു രണ്ടു ജോഡികൾ മാത്രമേ വന്നുള്ളൂ. എന്നാലും ആ കാഴ്ച കാണാൻ കഴിഞ്ഞത് അപൂർവ്വസുന്ദരമായൊരു ഭാഗ്യാനുഭവമല്ലേ. പിന്നെയും ഷോപ്പിനുള്ളിലെ കാഴ്ചകളിലേക്ക് തിരിഞ്ഞു. ക്ലോക്കുകൾ പലതും പല സമയം സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. പലതും കുയിലിന്റെ സംഗീതധാര  കേൾപ്പിച്ചു. കുക്കൂക്ലോക്ക് വാങ്ങിയില്ലെങ്കിലും ഒരു സ്വിസ്സ് വാച്ചും ക്രിസ്റ്റൽ സ്റ്റഡും വാങ്ങി അവിടെ നിന്നിറങ്ങി. മടങ്ങാനുള്ള സമയവുമായി.  ബസ്സിനടുത്തേക്കു നടക്കുമ്പോൾ  കുറച്ചപ്പുറത്തുള്ള രണ്ടു മലകളെ ബന്ധിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന വയഡക്റ്റും(പാലം)  അതിനുമുകളിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നതും കാണാൻ കഴിഞ്ഞു.



ഡ്രൂബയിലെ മധുരാനുഭവങ്ങളുടെ സ്മരണകൾ ഹൃദയച്ചെപ്പിൽ സൂക്ഷിച്ച് യാത്ര തുടർന്നു. ജർമ്മനിയുടെ ഗ്രാമക്കാഴ്ചകളിലൂടെ യാത്ര മുന്നേറുകയാണ്. കൃഷിയിടങ്ങളിലും റെയിൽവേട്രാക്കുകളിലുമൊക്കെ ആളുകൾ ജോലിചെയ്യുന്നുണ്ട്. ചില വീടുകളുടെയൊക്കെ മേൽക്കൂര മുഴുവനായി സോളാർപാനൽ    വെച്ചിരിക്കുന്നതും കാണാൻ കഴിഞ്ഞു.  3. 35 ആയപ്പോൾ ജർമ്മനിയുടെ  അതിർത്തിയിലെത്തി. ഇനി സ്വിറ്റ്‌സർലൻഡിലേക്കു കടക്കണം. അവിടുത്തെ കാഴ്ചകൾക്കായി ഹൃദയം മിടിച്ചുകൊണ്ടിരുന്നു.