.
അടഞ്ഞിരിക്കിലും കണ്ണു തുറന്നിരിക്കിലും
അകക്കണ്ണിൽ തെല്ലു വെളിച്ചമുണ്ടെങ്കിൽ
അറിഞ്ഞിടാമീ ലോകഗതിയതെന്നുമേ
അറിഞ്ഞിടായ്കിലോ വരും വിപത്തുകൾ
അന്തകനായി നീ വന്നീടിലും കുഞ്ഞേ
നിന്നോടെനിക്കുണ്ടു സ്നേഹവാത്സല്യങ്ങൾ
അമൃതിന്റെ മധുരം നുണയുവാനായ് നീന-
ക്കിവിടെ ഞാൻ കാത്തുവയ്ക്കുന്നുണ്ടു കനികളും.
===================================================
.
14/6/2020 , ഞായറാഴ്ച
💐പ്രഭാതസ്മൃതി💐
================
ശുഭദിനം ! പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം !
പ്രഭാതസൂക്തം.
യഥാ കന്ദുകപാതേനോത്പതത്യാര്യ: പതന്നപി
തഥാപ്യനാര്യ: പതതി മൃത്പിണ്ഡപതനം യഥാ.
(ഭർത്തൃഹരി നീതിശതകം.).
അർത്ഥം:
ഒരു പന്തെന്നതുപോലെ, ശ്രേഷ്ഠന്മാർ താഴെ വീണാലും വീണ്ടും ഉയരുന്നു. എന്നാൽ ശ്രേഷ്ഠനല്ലാത്തവൻ മണ്ണിന്റെ കട്ട വീഴുന്നതുപോലെ വീഴുന്നു.
(ശ്രേഷ്ഠരായവർക്കു യദൃച്ഛയാ ഒരു വീഴ്ച്ച പറ്റിയാലും അവർ അതിനെ അതിജീവിച്ചു വീണ്ടും ഉയർത്തെഴുന്നേൽക്കും, താഴോട്ടു വീഴുന്ന പന്തു വീണ്ടും ഉയർന്നുപൊങ്ങുന്നതുപോലെ. എന്നാൽ നിസ്സാരനായ ഒരുവന്റെ വീഴ്ച്ച മൺകട്ടയുടേതുപോലെയാണു. അവൻ ആ വീഴ്ച്ചയിൽനിന്നു എഴുന്നേൽക്കുകയില്ല..)
.
സ്മൃതിഗീതം
.
നിഴൽക്കൂത്തുകൾ (ശിവരാജൻ കോവിലഴികം,മയ്യനാട്)
=================
അകലെനിന്നെത്തുന്ന കരളുരുകുമൊരു ഗാന-
മതു രാക്കുയിലിന്റെ തേങ്ങലാണോ ?
മൃത്യുവിന്നാത്മനൈവേദ്യമായ്ത്തീർന്ന നിൻ
പ്രാണന്റെയവസാനമൊഴികളാണോ ?
ഇടറുന്നു പാദങ്ങൾ, വ്യഥതന്നെ ഹൃദയത്തി-
ലിരുൾ വന്നുമൂടുന്നു മിഴി രണ്ടിലും.
ഇടനെഞ്ചു തകരുന്നു, കദനങ്ങളുയരുന്നു,
കരിവേഷമാടുന്നു നിഴൽ ചുറ്റുമേ ..
ഇനി വയ്യെനിക്കെന്റെ ഹൃദയം തകർത്തു-
കൊണ്ടോടിയൊളിക്കുവാൻ കൂട്ടുകാരീ.
ഇനി വയ്യെനിക്കു നിന്നോർമ്മകൾക്കൊപ്പമാ
മരണമെത്തുംവരെ കാത്തിരിക്കാൻ .
വീടെന്ന കോവിലിൽ നീയില്ലയെങ്കിൽപ്പി-
ന്നെന്തിനായ് പുലരികൾ, സന്ധ്യയുമേ !
കാതോരമെത്തില്ല നിന്മൊഴികളിനിയെങ്കി-
ലെന്നിൽ തുടിപ്പതിനി മൗനങ്ങൾമാത്രമേ !
അമ്മയെത്തേടുന്ന പൈതലിനോടെന്തു
ചൊല്ലേണമെന്നറിയാതുഴലുന്നു ഞാൻ.
ആരിനിയേകിടും സ്നേഹാമൃതങ്ങളാം
പുഞ്ചിരിപ്പൂക്കളും വാത്സല്യതീർത്ഥവും ?
ദുഃഖത്തിടമ്പെൻ ശിരസ്സിൽക്കയറ്റിവച്ചെ-
ങ്ങു പോയെങ്ങുപോയ് പറയാതെ നീ
ദുഃഖങ്ങൾ പെറ്റുപെരുകുമീ വീഥിയിലെ-
ന്നെത്തനിച്ചാക്കിപ്പോയതെന്തിങ്ങനെ ?
കൺമണിക്കുഞ്ഞിനെയാരുറക്കും സഖീ,
ഉമ്മവച്ചുമ്മവച്ചാരൊന്നുണർത്തിടും ?
പാവക്കിടാവിനെ നെഞ്ചോടു ചേർത്തവൻ
അസ്‌പഷ്‌ടമെന്തോ പുലമ്പുന്നു നിദ്രയിൽ.
ഒക്കെയും സ്വപ്നങ്ങളായിരുന്നെങ്കിലെ-
ന്നാശിച്ചുപോകുന്നു കേഴുമ്പൊഴും
എല്ലാം വിധിയെന്ന രണ്ടക്ഷരംതന്നിൽ
ചേർത്തുവയ്ക്കാനും മടിക്കുന്നു മാനസം
കണ്മിഴിച്ചെത്തുന്നൊരോർമ്മകൾക്കൊപ്പമെൻ
കൺപീലി നനയുന്നു ഞാനറിയാതെ
സ്നേഹിച്ചുതീർന്നില്ല, തീരില്ലൊരിക്കലും
പ്രേയസി! നിന്മുഖം പ്രഭതന്നെയെന്നിൽ.
.
കവിതയുടെ ആസ്വാദനം
ഹൃദയത്തിൽ ഒരിക്കലുമുണങ്ങാത്ത ആഴത്തിലുള്ള മുറിവുതീർക്കുന്നതാണ് പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട്. ജീവിതസഖിയെ അകാലത്തിൽ നഷ്ടമാകുന്ന ഒരു വ്രണിതഹൃദയത്തിന്റെ മിടിപ്പും തുടിപ്പും ആഴത്തിൽ സ്പർശിച്ചു രചിച്ചിരിക്കുന്ന കവിതയാണ് ശ്രീ ശിവരാജൻ കോവിലഴികം വായനക്കാർക്ക് സമർപ്പിക്കുന്ന 'നിഴൽക്കൂത്തുകൾ'.
എത്രയോകാലം തന്റെ ജീവിതത്തിന്റെ രാഗവും താളവുമായി തന്നോടൊപ്പം മനസ്സും ശരീരവും പങ്കിട്ട, തന്റെ കുഞ്ഞുങ്ങളെ ഗർഭംധരിച്ചു ജന്മമേകി ജീവാമൃതംപകർന്നു പോറ്റിയ, പ്രാണപ്രേയസിയുടെ ദേഹവിയോഗത്താൽ ഇടനെഞ്ചുതകർക്കപ്പെട്ട ആഖ്യാതാവിന് എങ്ങനെ ഈ ദുഃഖസ്മരണകളുമായി മരണംവരെ ജീവിക്കുവാനാകും!
വീടൊരു ദേവാലയമാകുന്നത് ദൈവതുല്യരായ മനുഷ്യർ അവിടെ കുടികൊള്ളുമ്പോഴാണ്. അവിടെ ചതിയും വഞ്ചനയും അസത്യങ്ങളും അഭിനയങ്ങളും ഉച്ചതാഴ്ചകളും അഹംഭാവവും ഒന്നുമുണ്ടാവില്ല. മനസ്സുതുറന്ന, ഒന്നും പരസ്പരം ഒളിപ്പിക്കാതെയുള്ള സ്നേഹം മാത്രം. അത്തരമൊരു ശ്രീകോവിലിലെ ദേവതയായിരുന്നു ഇവിടെ വിടചൊല്ലിയകന്ന പ്രിയതമ. ദേവി നഷ്‌ടമായ ആ കോവിലിൽ ഇനിയെന്തിനാണൊരു പുലരിയും സന്ധ്യയും! ആ സ്നേഹമൊഴികൾ ഇല്ലാതെയായാൽപ്പിന്നെ കവി തേടുന്നത് മൗനത്തിന്റെ ആഴങ്ങളാണ്.
കുടുംബിനി ഇല്ലാതെയായാൽ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടിവരുന്ന അനാഥത്വം ഹൃദയഭേദകമാണ്. പിതാവ് എത്രതന്നെ സ്നേഹംപകർന്നാലും അമ്മനൽകുന്ന സ്നേഹവാത്സല്യങ്ങളും കരുതലും പകരമില്ലാത്തതായിത്തന്നെ നിലകൊള്ളും. അകാലത്തിൽ അമ്മസ്‌നേഹം നഷ്‌ടമായ തന്റെ പൊന്നുണ്ണികളെയോർത്തും കവി ഏറെ നൊമ്പരപ്പെടുന്നു.
ഈ ലോകദുഃഖങ്ങൾ പങ്കുവെക്കാൻ പ്രാണപ്രേയസി കൂടിയില്ലാത്ത ജീവിതം എത്ര ദുരിതപൂർണ്ണമാണ്! എല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെകിലെന്നാശിക്കുന്ന കവി വിധിയെതടുക്കാനാവില്ലല്ലോയെന്നു സ്വയം ആശ്വസിക്കുകയും ചെയ്യുന്നു.
ആത്മാർത്ഥസ്നേഹം നിലനിൽക്കുന്ന ദാമ്പത്യത്തിൽ പങ്കാളികൾക്കൊരിക്കലും പരസ്പരം സ്നേഹിച്ചു മതിയാവില്ല. ഒരാൾ ഇല്ലാതെയായാലും മറ്റൊരുസ്നേഹം തേടാനുമാവില്ല. സ്നേഹമെന്ന വാക്കിനുതന്നെ അർത്ഥശൂന്യത വന്നുപെട്ടിരിക്കുന്ന ഈ യന്ത്രികയുഗത്തിൽ കവിയുടെ ഇത്തരമൊരു മനോഭാവംതന്നെ ഏറെ പ്രതീക്ഷ നൽകുന്നു.
അനുവാചകന്റെ ഹൃദയത്തിലും ആഴ്ന്നിറങ്ങുന്നൊരു വേദനയായി ഈ കാവ്യപാരായണം അവശേഷിക്കുന്നു. കവിയുടെ കൺപീലികൾ നനയുന്നതോടൊപ്പം വായനക്കാരന്റെ കണ്ണുകളും അറിയാതെ ഈറനാകും.
ഇമ്പമുള്ള വരികളിൽ പദങ്ങളുടെ യാഥാവിധമായ വിന്യാസം അനായാസമായ വായനയെ പ്രദാനം ചെയ്യുന്ന ഈ കവിത ഏറെ മികവുപുലർത്തുന്നൊരു രചനതന്നെ എന്ന് പറയാതിരിക്കാനാവില്ല. ഒരുപാടു മനോഹരങ്ങളായ കവിതകൾ വായനക്കാർക്ക് സമ്മാനിച്ച ശ്രീ ശിവരാജന്റെ 'നിഴൽക്കൂത്തുകൾ' വായനാലോകത്ത് ഹൃദയപൂർവ്വം സ്വീകരിക്കപ്പെടും എന്നകാര്യത്തിൽ സംശയമില്ല.
കവിക്ക് സ്നേഹാദരങ്ങളും ആശംസകളും അർപ്പിക്കുന്നു.
.
ഇന്ന് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് പിതൃദിനമായി ആഘോഷിക്കുന്നു.
അച്ഛന്റെ സ്നേഹവാത്സല്യങ്ങളും സംരക്ഷണവും ലഭിക്കാൻ സാധിക്കുകയെന്നത് ഒരു വലിയ ഭാഗ്യമാണ്. മക്കളെ വളർത്തി വലിയവരാക്കാൻ ഒരാവകാശവാദങ്ങളും ഉന്നയിക്കാതെ ഒരായുഷ്കാലം കഠിനപ്രയത്‌നം ചെയ്യുന്നു അച്ഛനെന്ന പുണ്യം. കുടുംബത്തിനു താങ്ങും തണലുമേകാൻ ഒരു മഹാവൃക്ഷത്തെപ്പോലെ കാലം നൽകുന്ന കൊടുംവെയിലും പേമാരിയും ഏറ്റുവാങ്ങുന്ന ത്യഗസ്വരൂപൻ. പലപ്പോഴും നമ്മൾ ഈ സ്നേഹത്തെയും സംരക്ഷണത്തെയും മറന്നുപോകുന്നു. അപ്പോൾ ഒന്നോർമ്മിപ്പിക്കാനായി ഈ പിതൃദിനാഘോഷം.
ഇന്ന് ജൂൺ 21
2015 മുതൽ എല്ലാവർഷവും ഈ ദിനം ലോകയോഗദിനമായി ആചരിക്കുന്നു. 2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.
ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും ദൈർഘ്യമേറിയ പകൽ ജൂണ്‍ 21 നാണ്.
വിവിധരൂപങ്ങളിൽ ലോകത്തെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ ശാരീരികവും മാനസികവും ആധ്യാത്മികവുമായ ഒരു പൗരാണിക സമ്പ്രദായമാണ്. ‘ശരീരമാദ്യം ഖലു ധർമ സാധനം’ അഥവാ ആരോഗ്യമുള്ള ശരീരമാണ്, ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിഞ്ഞ ഋഷിവര്യന്മാരാണ് യോഗ വികസിപ്പിച്ചെടുത്തത്.ഒരു മനുഷ്യന്റെ ആരോഗ്യപരവും വ്യക്തിപരവുമായ വളർച്ചയിലേക്ക് നയിക്കുന്ന സമഗ്രമായ സമീപനമായ യോഗയെ പ്രോത്സാഹിപ്പിക്കുന്നത് ലോക ജനതയുടെ ആരോഗ്യം വളർത്താൻ ഗുണകരമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ലോക യോഗദിന പ്രഖ്യാപനത്തിൽ പറയുന്നത്. കോവിഡ് 19 ലോകമെമ്പാടും താണ്ഡവമാടുന്ന ഇക്കാലത്ത് യോഗയുടെ പ്രാധാന്യം ഏറെ പ്രസക്തമാകുന്നു. യോഗ പരിശീലനത്തിലൂടെ ഏറിവരുന്ന മാനസികസമ്മർദ്ദത്തിന് അയവുവരുത്താനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും കഴിയുമെങ്കിൽ അതൊരു വലിയ ആശ്വാസവുമാണ്. യോഗയും ശ്വസനക്രിയകളും ശീലമാക്കണമെന്ന് ലോകാരോഗ്യസംഘടന ലോകത്തോട് നിര്‍ദേശിച്ചത് ഈ പ്രധാന്യം തിരിച്ചറിഞ്ഞാണ്. ലോകത്താകമാനം ജനങ്ങളുടെ ക്ഷേമത്തിനായി യോഗപോലൊരു മഹത്തായ ജീവിതചര്യ സംഭാവനചെയ്യാൻ ഇന്ത്യക്കു കഴിഞ്ഞു എന്നത് സാഭിമാനം സ്മരിക്കാൻ കഴിയുന്ന ഒരു കാര്യമാണ്.
"യോഗ വീട്ടില്‍ ചെയ്യാം കുടുംബത്തോടൊപ്പം" ഇതാണ് ഈ വർഷത്തെ യോഗാദിനസന്ദേശം.
'
5 ഇന്നത്തെ വിഷയം :
"കാലമുണക്കാത്ത മുറിവുകൾ "
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം "കാലമുണക്കാത്ത മുറിവുകൾ" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം; കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.
13-6-2020 ലെ പ്രഭാതസ്മൃതിയിൽ "നേരം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
മിനി മോഹനൻ
🌹മലയാളസാഹിത്യലോകം🌹.