Saturday, January 25, 2020

പിച്ചിച്ചീന്തിയ വസ്ത്രവും മനുഷ്യജീവിതവും

ഏകദേശം രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന,  തമിഴ് സാഹിത്യത്തിലെ ഇതിഹാസകവിയായിരുന്ന തിരുവള്ളുവർ  സ്വഭാവശുദ്ധിയുടെ പര്യായമായിരുന്നു.  അദ്ദേഹത്തിന്റെ തിരുക്കുറൾ എന്ന കൃതി ഇന്നും ലോകോത്തരമായിത്തന്നെ അംഗീകരിക്കപ്പെടുന്നു.  കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവയൊക്കെ  ഈ കൃതിയുടെ അന്തഃസത്തയാണ്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത്. അതിനാലാണ് ഇന്നും തിരുക്കുറൾ   കലാതിവർത്തിയായി നിലകൊള്ളുന്നത്.

തിരുവള്ളുവരുടെ  ക്ഷമയും സഹനശക്തിയും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. തുണിനെയ്ത്തുകാരനായിരുന്ന അദ്ദേഹം താൻ നെയ്ത മനോഹരമായ വസ്ത്രങ്ങൾ കമ്പോളത്തിൽ   വിപണനം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ഒരിക്കൽപോലും അദ്ദേഹം കോപിഷ്ടനാവുകയോ കർക്കശവാക്കുകൾ ഉച്ചരിക്കുകയോ ചെയ്തിരുന്നില്ല. ഇതേക്കുറിച്ചറിഞ്ഞ ഒരു ധനികയുവാവിന് അതൊന്നു പരീക്ഷിക്കണമെന്നു തോന്നി. എങ്ങനെയും അദ്ദേഹത്തെ ദേഷ്യംപിടിപ്പിച്ചിട്ടുതന്നെകാര്യം എന്നയാൾ തീരുമാനിച്ചു. 

ചങ്ങാതിമാരുമൊത്ത് ഒരുദിനം ആ  യുവാവ് വള്ളുവരുടെ വ്യാപാരകേന്ദ്രത്തിലെത്തി. മനോഹരമായ ഒരു പട്ടുതുണിയെടുത്തു വിടർത്തിനോക്കി വില ആരാഞ്ഞു. വള്ളുവർ അതിന്റെ വില പറഞ്ഞയുടനെ അയാൾ ആ തുണി രണ്ടായി വലിച്ചുകീറി. വീണ്ടും വില ചോദിച്ചു. അക്ഷോഭ്യനായി നിലകൊണ്ട തിരുവള്ളുവർ ആദ്യം പറഞ്ഞ തുകയുടെ പകുതി വിലയായി പറഞ്ഞു. വീണ്ടും യുവാവ് അതുതന്നെ ആവർത്തിച്ചു. വില വീണ്ടും പകുതിയായി. ഇതിങ്ങനെ ഒരുപാടുതവണ തുടർന്നു. ഓരോപ്രാവശ്യവും വള്ളുവർ വില പകുതിയാക്കിപ്പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ആ വസ്ത്രം ഒരുപയോഗവുമില്ലാത്തൊരു ചെറുകഷണമായി അവശേഷിച്ചു.  വിലചോദിച്ച യുവാവിനോട് ശാന്തനായി ഒരു ചെറു മന്ദസ്മിതത്തോടെ  അദ്ദേഹം പറഞ്ഞു. 
"ഇതിപ്പോൾ ഉപയോഗശൂന്യമായി. ഇതിനു വിലപറയാൻ   എനിക്കാവില്ല " 
യുവാവ് പെട്ടെന്ന് നിശ്ശബ്ദനായി. അഹങ്കാരിയായിരുന്നെങ്കിലും അയാളിലുമുണ്ടായിരുന്നു നീതിബോധം. അതുകൊണ്ട്  വസ്ത്രത്തിന്റെ വില മുഴുവനും കൊടുക്കാൻ അയാൾ തയ്യാറായി.  പക്ഷേ വിനയം കൈവിടാതെ, എന്നാൽ ഉറച്ച ശബ്ദത്തിൽ  തിരുവള്ളുവർ ഇങ്ങനെ പറഞ്ഞു. 
"അല്ലയോ യുവാവേ, ഈ തുണിക്കഷണങ്ങൾ ആർക്കും ധരിക്കാനാവാത്തവിധം ഉപയോഗ്യശൂന്യമായി. അതുകൊണ്ടുതന്നെ ഇതിനു യാതൊരു വിലയുമില്ല."
അല്പമൊന്നു നിർത്തി അദ്ദേഹം തുടർന്ന്. 
"താങ്കൾക്കറിയുമോ ഈ വസ്ത്രം ഒരു ദിവസംകൊണ്ടു മെനെഞ്ഞെടുത്തതല്ല.  ഒരുപാടുപേരുടെ ഏറെക്കാലത്തെ അദ്ധ്വാനമുണ്ടതിനുപിന്നിൽ. മഴയിലും വെയിലിലും കർഷകൻ കഠിനപ്രയത്നം ചെയ്ത് പരുത്തിച്ചെടികൾ വളർത്തിയെടുക്കുന്നു. പാകമാകുന്ന പഞ്ഞി ശ്രദ്ധാപൂർവ്വം ശേഖരിച്ചു നൂൽ നൂൽക്കുന്നതിനായി അതിനുള്ള കേന്ദ്രത്തിൽ എത്തിക്കുന്നു. അവിടെ അവ നേർത്ത നൂലുകളായി രൂപാന്തരപ്പെടുന്നു. പിന്നീടവയ്ക്ക് വിദഗ്ദ്ധർ  വൈവിധ്യമാർന്ന നിറങ്ങൾ കൊടുത്തു മനോഹരമാക്കുന്നു. അങ്ങനെ ലഭിക്കുന്ന നൂലുകൾ ഞാനും എന്റെ ഭാര്യയും തറികളിൽ നെയ്ത് മനോഹരമായ ചിത്രപ്പണികൾ ചെയ്ത  വസ്ത്രങ്ങളുണ്ടാക്കുന്നു. ആ വസ്ത്രങ്ങൾ എന്നെങ്കിലും ആരെങ്കിലും ധരിക്കുമെന്നു ഞങ്ങൾക്കറിയാം. അപ്പോഴാണ് ഞങ്ങൾ ആനന്ദചിത്തരാകുന്നത്. ഞങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അവിടെയാണ് ഞങ്ങൾ കണ്ടെത്തുന്നത്. ആ വസ്ത്രം  താങ്കൾ കീറിമുറിച്ച് ഉപയോഗശൂന്യമാക്കിയപ്പോൾ ഞാനുൾപ്പെടയുള്ള അനേകം പേരുടെ അദ്ധ്വാനത്തെയാണ് താങ്കൾ നിഷ്ഫലമാക്കിയത്. പണംകൊടുത്താൽ അതൊന്നും മടക്കിക്കിട്ടുകയുമില്ല." 
ഈ വാക്കുകളുടെ പൊരുൾ ആ യുവാവിനു ഉൾക്കൊള്ളാനായിട്ടുണ്ടാവാം. അയാൾ മെല്ലേ  തലകുനിച്ചു. 
വള്ളുവർ തുടർന്നു . 
"താങ്കൾക്കറിയുമോ, ഇതുപോലെ മറ്റൊന്ന് എനിക്ക് നെയ്‌തെടുക്കാനാവും. പക്ഷേ  നശിപ്പിക്കപ്പെട്ട വസ്ത്രം ഒരിക്കലും വീണ്ടെടുക്കാനാവില്ല. ഇതുപോലെയാണ് ജീവിതങ്ങളും. ഒരാളുടെ ചിന്താശൂന്യവും ദ്രുതഗതിയിലുമുള്ള പ്രവൃത്തികൾകൊണ്ട് മറ്റൊരാളുടെ ജീവിതം ശിഥിലമാക്കാനാവും. നഷ്‌ടമായ ജീവിതമോ ഒരു ദിനം പോലുമോ വീണ്ടെടുക്കാനുമാവില്ല." 
ഈ വാക്കുകൾ ഒരുപക്ഷേ  ആ യുവാവിന്റെ അകക്കണ്ണുകൾ തുറപ്പിച്ചിരിക്കാം. അദ്ദേഹം നല്ലവനായി ജീവിച്ചിരിക്കം.

ഒരിക്കലും അകക്കണ്ണ് തുറക്കാത്ത എത്രയോപേര് നമുക്കിടയിലുണ്ട്. സ്വന്തം പ്രവൃത്തികളാൽ ആരുടെയൊക്കെയോ  ജീവിതം പിച്ചിച്ചീന്തി സായൂജ്യമടയുന്നവർ. മറ്റുള്ളവർക്ക് ലഭിച്ച അമൂല്യമായ ജന്മമാണ് അവർ  ഇല്ലാതാക്കുന്നതെന്നവർ അറിയുന്നില്ലല്ലോ.   











1 comment: