6 - അരാഷിയാമയിലെ മുളങ്കാടും ഒസാക്ക കാസിലും
-------------------------------------------------------------------------------------------
ക്യോത്തോസ്റ്റേഷനിൽനിന്നു ഹോട്ടലിലേക്കു ബസ്സിൽ യാത്രചെയ്യുമ്പോഴാണ് ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ് ചിത്രങ്ങൾ കണ്ടിരുന്നകാര്യം ഞാൻ ചേട്ടനോടു പറഞ്ഞത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ! എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം. ട്രെയിനിൽ അരാഷിയാമ സ്റ്റേഷനിലെത്തി. ടിക്കറ്റ് ചാർജ് 600യെൻ. 35 മിനിറ്റു യാത്രയുണ്ട് . സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു തെൻറ്യു ജി ക്ഷേത്രത്തിന്റെ വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു. രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും , ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. പക്ഷികളുടെ പിന്നാലെപോയി പടംപിടിക്കുന്നത് മോന്റെ ഇഷ്ടവിനോദമാണ്. അവൻ പക്ഷികളുടെ ഫോട്ടോ എടുക്കുന്നതിനായി മരങ്ങളുടെയിടയിലേക്കു കയറിപ്പോയി. കുറേനേരം കഴിഞ്ഞാണു മടങ്ങിവന്നത്. അപ്പോഴേക്കും ഞങ്ങൾ അവിടെക്കണ്ട ഓഫീസ്-മന്ദിരത്തിന്റെ മുമ്പിലുള്ള ചിത്രങ്ങളും മറ്റും നോക്കി. അവൻ വന്നശേഷം ബോർഡുവായിച്ചിട്ടു പറഞ്ഞു, ഇവിടെ ക്ഷേത്രത്തിലും ഉദ്യാനത്തിലും കയറാൻ 300, 500,യെൻ വീതമുള്ള വേറെവേറെ ടിക്കറ്റ് ആണെന്ന്. ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു.
തെൻറ്യു ജി ക്ഷേത്രം ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു സമർപ്പിച്ചത് . 'തെൻറ്യു' എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്. യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും മേപ്പിൾ, സൈപ്രസ് മരങ്ങളും അതിരിടുന്ന താമര വളരുന്ന മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്. ചെറിവസന്തം കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത് ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ.
സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ ഗൗതമബുദ്ധന്റെ വലിയൊരു ദാരുശില്പമുണ്ട് . മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല.
പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികൾ മോനു ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചതന്നെ. ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു കാടുപോലെ മരങ്ങൾ വളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് . മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്. ജപ്പാനിലെ ഗോൾഡൻ വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് .
മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ നമുക്കു തൃപ്തിയാവില്ല അവയുടെ ഭംഗി. അത്ര സൗന്ദര്യമാണു നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ സ്ത്രീപുരുഷന്മാർ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്.
നടന്നുനടന്നെത്തുന്നതു മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും ഒക്കെയുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന ഒരു ഭാഗവും കണ്ടു. പിന്നെയും കുറേദൂരം നടന്നപ്പോൾ കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന മധുരനാരങ്ങകൾ. വലുപ്പം വളരെക്കൂടുതലാണവയ്ക്ക്. ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ വില 300യെൻ .നമ്മുടെ 185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം. പലയിടത്തും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പത്രവും ഒപ്പമുണ്ടാകും. വരുന്നവർ ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത എത്ര മഹത്തരമാണല്ലേ!
കഴിഞ്ഞുപോയ കുറച്ചുസമയം ജീവതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത അനുഭവവിശേഷമാണ് ഞങ്ങൾക്കു സമ്മാനിച്ചത്. ഇനി പോകാൻ തീരുമാനിച്ചിരിക്കുന്നത് ഒസാക്ക കാസിൽ കാണാനാണ്. ഒസാക്കയിലേക്ക് ഒന്നരമണിക്കൂർ ട്രെയിൻ യാത്രയുണ്ട്. സ്റ്റേഷനിലുള്ള ഒരു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പ്ലാറ്റ്ഫോമിലേക്കു നടന്നു. ജപ്പാനിൽ ട്രെയിൻയാത്ര ലളിതവും ആയാസരഹിതവുമാണ്. ഹ്രസ്വകാലത്തെ സന്ദർശനത്തിനെത്തുന്നവർക്ക്, എല്ലായ്‌പോഴും ടിക്കറ്റ് എടുക്കുന്നത് ആയാസപൂർണ്ണവും അപ്രായോഗികവുമായതുകൊണ്ടു പ്രീപെയ്ഡ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നതാണു നല്ലത്. 'പാസ്‌മോ' എന്നും 'സുയിക' എന്നും രണ്ടുബ്രാൻഡുകളിൽ ഇവ ലഭ്യമാണ്. കണ്ടാൽ നമ്മുടെ മെട്രോട്രെയിൻ കാർഡ് പോലെ. 500 യെൻ നിക്ഷേപിച്ചാൽ ഈ കാർഡ് കൈവശമാക്കാം. അതിൽ യാത്രകളുടെ വ്യാപ്തിയനുസരിച്ചു നമുക്കു പണമടയ്ക്കാം. ഓരോപ്രാവശ്യവും റെയിവേസ്റ്റേഷനിലേക്കു കടക്കുമ്പോഴും തിരികെയിറങ്ങുമ്പോഴും ഈ കാർഡ് ബാരിക്കേഡിലെ സ്കാനറുകളിൽ ഉരസിയാൽ മാത്രമേ അവ നമുക്കായി തുറക്കപ്പെടുകയുള്ളു. പണം തീരുന്നതിനനുസരിച്ചു വീണ്ടും നിക്ഷേപിക്കാം. അതു ചെയ്യാൻ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്. ഷിങ്കാൻസെനിലും എക്സ്പ്രസ്സ് ട്രെയിനിലും ദീർഘദൂരബസുകളിലും ഒഴികെ ഏതു ഗതാഗതസൗകര്യങ്ങളിലും ഇതുപയോഗിക്കാം . റെസ്റ്റൊറന്റുകളിലും സാധനങ്ങൾ വാങ്ങാൻ കടകളിലും വെൻഡിങ് മെഷിനിലും ഒക്കെ ഇതു പ്രയോജനപ്പെടുത്താം. നമ്മുടെ യാത്രാകാലം അവസാനിച്ചാൽ ഈ കാർഡ് മടക്കി നൽകാം. അപ്പോൾ പ്രഥമനിക്ഷേപമായ 500യെൻ തിരികെ ലഭിക്കുകയും ചെയ്യും. ജപ്പാനിൽ ഏതാവശ്യത്തിനും പണം കൈവശമുണ്ടായിരിക്കണം. കാരണം ബാങ്ക് ക്രെഡിറ്റ് കാർഡും മറ്റും ഇവിടെ ഒരിടത്തും തന്നെ സ്വീകാര്യമല്ല എന്നതുതന്നെ. 1, 5, 10, 50, 100 , 500 യെൻ നാണയങ്ങളാണ് . 1,000, 2,000, 5,000 10,000 യെൻ നോട്ടുകളും .
കർശനമായ കൃത്യനിഷ്ഠ ഇവിടുത്തെ ട്രെയിനുകളുടെ പ്രത്യേകതയാണ്. ലോക്കൽട്രെയിനുകൾ പോലും നമ്മുടെ മെട്രോട്രെയിനുകൾ പോലെയാണ്. നല്ല വൃത്തിയും വെടിപ്പും ഭംഗിയും . എത്രതിരക്കായാലും കയറാനോ ഇറങ്ങാനോ ഇവിടെ ബുദ്ധിമുട്ടനുഭവപ്പെടില്ല. കംപാർട്മെന്റുകൾ വന്നു നിൽക്കുന്നിടത്തു വാതിലിന്റെ ഇരുവശവുമായി കയറാനുള്ളവർ ക്യൂ നിൽക്കുകയാണു ചെയ്യുന്നത്. ആരും തിക്കിത്തിരക്കി മറ്റുള്ളവർക്കു ശല്യമുണ്ടാക്കില്ല. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നശേഷം വാതിൽതുറന്നാൽ ഇറങ്ങാനുള്ളവർ മധ്യത്തിൽകൂടി ഇറങ്ങും. അതുകഴിഞ്ഞാൽ മാത്രമേ ആളുകൾ കയറുകയുള്ളു. നിശ്ചിതസമയത്തിനുള്ളിൽ വാതിലടയുമെന്നതുകൊണ്ട് വാതിലിൽനിന്ന് അല്പം മാറിനിൽക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. ലോക്കൽട്രെയിനുകളിൽ മെട്രോട്രെയിനുകളിൽപ്പോലെ വശങ്ങളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഉള്ളു. അതിൽ ഒരുഭാഗത്തേത് പ്രയോറിറ്റി സീറ്റുകൾ ആണ്. അംഗവൈകല്യമുള്ളവർ, വൃദ്ധജനങ്ങൾ, കുഞ്ഞുങ്ങളെ കയ്യിലേന്തിയ അമ്മമാർ, ഗർഭിണികൾ എന്നിവർക്കായുള്ളതാണവ. അങ്ങനെയാരും ഇല്ലെങ്കിൽ മറ്റുള്ളവർക്കിരിക്കാം. പക്ഷേ ആരെങ്കിലും വന്നാലുടൻ ഒഴിഞ്ഞുകൊടുക്കും. ഇവിടെ ട്രെയിനിൽ മൊബൈലിലോ അല്ലാതെയോ സംസാരം പാടില്ല. യാത്രക്കാർ സദാ അവരവരുടേതായ കാര്യങ്ങളിൽ മുഴുകുയിരിക്കും. ചിലർ മൊബൈലിൽ ജോലികൾ ചെയ്യുകയോ, വായിക്കുകയോ ഗെയിം കളിക്കുകയോ ഒക്കെയാവും. പലരും പുസ്തകവായനയിൽ മുഴുകി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകാണാം. ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പലരും സർജിക്കൽ മാസ്ക് ധരിച്ചിട്ടുണ്ട് എന്നതാണ്. ട്രെയിനിൽ മാത്രമല്ല പുറത്തും ഇതൊരു സാധാരണ കാഴ്ചയാണ് . അതേക്കുറിച്ചു മോനോടു ചോദിച്ചപ്പോൾ എന്തെങ്കിലും അസുഖങ്ങളുള്ളവരാകും, തങ്ങളുടെ അസുഖം മറ്റുള്ളവർക്കു പകരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണു പറഞ്ഞത്. അതുപോലെ ട്രെയിനിൽ മത്രമല്ല, പൊതുസ്ഥലങ്ങളിലൊന്നും ആരും ഭക്ഷണം കഴിക്കാറില്ല . കാരണം ഭക്ഷണാവശിഷ്ടങ്ങൾ ട്രെയിൻ വൃത്തികേടാക്കും, പിന്നെ പലപ്പോഴും ഭക്ഷണസാധനങ്ങളുടെ ഗന്ധം മറ്റുള്ളവർക്ക് അരോചകമായെന്നും വരാം. ഇതൊന്നും ലിഖിതനിയമങ്ങളല്ല, എങ്കിലും അന്നാട്ടുകാർ കർശനമായി പാലിച്ചുപോരുന്ന പെരുമാറ്റമര്യാദകളാണ്. തങ്ങൾമൂലം മറ്റുള്ളവർക്കു യാതൊരു അസൗകര്യവും ഉണ്ടാകരുതെന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു . ഇതിനൊക്കെ അപവാദമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തീർച്ചയായും വിദേശികളായിരിക്കും (ഗായ്ജിൻ എന്നാണ് ജാപ്പനീസിൽ വിദേശികൾക്കു പറയുന്നത് ). വിനോദസഞ്ചാരത്തെക്കുറിച്ചു തദ്ദേശീയർക്കിടയിൽ നടത്തിയൊരു സർവ്വേയിൽ പലരും വിദേശീയരുടെ വരവിനോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പ്രധാനകാര്യം സഞ്ചാരികൾ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതുവഴി അവിടമൊക്കെ വൃത്തികേടാക്കുന്നത്രേ!
ഗൂഗിൾ മാപ്പ് യാത്രയിലെ ഏറ്റവും വലിയ സഹായിയാണ്. പക്ഷേ ഏതുസമയത്തും വിനയവും മുഖപ്രസാദവും കൈവിടാതെ സഹായിക്കാൻ സന്നദ്ധതയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. നമ്മളൊരു സന്നിഗ്ദ്ധാവസ്ഥയിലാണെന്നു മനസ്സിലായാൽ 'എന്തെങ്കിലും സഹായമാവശ്യമുണ്ടോ' എന്നു ചോദിക്കാൻ നാട്ടുകാരും തയ്യാറാണ് ആകെയുള്ള ബുദ്ധിമുട്ട് ഭാഷയുടേതാണ്. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. നമ്മൾ ഇംഗ്ലീഷിൽ പറയുന്നതു മനസ്സിലായാൽക്കൂടി തിരിച്ച് ഇംഗ്ലീഷിൽ സംസാരിക്കാൻ പലർക്കും വൈമുഖ്യമുണ്ടാകും.
റെയിൽവേസ്റ്റേഷനിലിറങ്ങി ഗൂഗിളിന്റ സഹായത്തോടെ കാസിൽ (കോട്ടയിലെ കൊട്ടാരം) ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. കുറച്ചുദൂരെ ഒരു വലിയമൈതാനത്തിന്റെ ഒരുഭാഗത്തു ധാരാളം പന്തലുകളും ആൾക്കൂട്ടവുമൊക്കെ. അടുത്തെത്തിയപ്പോഴാണ് അതൊരു ഭക്ഷണമേളയാണെന്നു മനസ്സിലായത്. അപ്പോൾ വിശപ്പില്ലാതിരുന്നതുകൊണ്ടു തിരികെവരുമ്പോൾ അവിടെക്കയറിയാൽ മതിയെന്നുകരുതി മുന്നോട്ടുതന്നെ നടന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഇടതൂർന്നുവളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ മുകളിലൂടെ പ്രൗഢോജ്ജ്വലമായ കൊട്ടാരക്കെട്ടു ദൃശ്യമായി. ഏതാനും ആഴ്ചകൾക്കു മുമ്പിവിടെ എത്തിയിരുന്നെങ്കിൽ ആ ഹരിതഭംഗിക്കുപകരം ചെറിപ്പൂക്കളുടെ മനോജ്ഞമായ സമൃദ്ധി കാണാൻ കഴിയുമായിരുന്നേനേ. അവിടുത്തെ വിശാലമായ ഉദ്യാനത്തിൽ അറുനൂറിലധികം ചെറിമരങ്ങളുണ്ടത്രേ! ഒസാക്കയിലെ പ്രധാനപ്പെട്ട 'ഹനാമി'കേന്ദ്രമാണിത് (ചെറിപ്പൂ ദർശനകേന്ദ്രം) . പലതട്ടുകളായി വിന്യസിക്കപ്പെട്ടിരിക്കുന്ന മേൽക്കൂരകളിൽ ഇടയ്ക്കിടെ സ്വർണ്ണത്തിളക്കം. പാതക്കിരുവശവും മനോഹരമായി വെട്ടിനിർത്തിയിരിക്കുന്ന അസീലിയച്ചെടികളിൽ പൂക്കളുമുണ്ട്. അടുത്തെത്തുമ്പോൾ കാണുന്നത് ധരാളം വെള്ളമുള്ള വിശാലമായ കിടങ്ങാണ്. നമ്മുടെ നാട്ടിലും കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ കാണാറുണ്ടല്ലോ. ആദ്യത്തെ കിടങ്ങിനുള്ളിൽ ഏതാണ്ടു രണ്ടുചതുരശ്രകിലോമീറ്റർ വിസ്താരമുള്ള ഉദ്യാനത്തിനു നടുവിലാണ് കാസിൽ നിലകൊള്ളുന്നത്. അതിനുചുറ്റുമായി മറ്റൊരു കിടങ്ങുകൂടിയുണ്ട്. സാധാരണരാജകൊട്ടാരങ്ങൾ വാസസ്ഥലങ്ങളാകുമ്പോൾ ദുർഗ്ഗസൗധങ്ങൾ സൈനികകാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ രഹസ്യസ്വഭാവമുള്ളതിനാവാം അവയ്ക്കു കൂടുതൽ സുരക്ഷയൊരുക്കുന്നത്.
കാസിലിന്റെ പ്രവേശനഫീസ് 600യെൻ ( 375 രൂപ ) ആണ്. 15 വയസ്സിൽ താഴെയുള്ളവർക്കു പ്രവേശനം സൗജന്യമാണ് . രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയാണു സന്ദർശനസമയം.
ഞങ്ങളെത്തിയ സമയം അവിടെയൊരു ചടങ്ങു നടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏതോ ഒരു യുദ്ധം ജയിച്ചതിൻറെ സ്മരണക്കായി അരങ്ങേറുന്നൊരു പ്രദർശനം. സ്റ്റേജിനു ചുറ്റുമായി കാഴ്ചക്കാരും പുരാതനയുദ്ധവേഷമണിഞ്ഞ് ആയുധങ്ങളുമേന്തി അവിടേക്കു നടന്നുപോകുന്ന അവതാരകരും. ഞങ്ങളും അവിടേക്കു ചെന്നു ചടങ്ങുകൾ വീക്ഷിച്ചു. ഒടുവിൽ തോക്കുധാരികൾ കുറേ വെടിയുതിർത്തു. പിന്നീട് അവർ കാഴ്ച്ക്കാരോടൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ്സ് ചെയ്‌തു. അന്നവിടെ തിരക്കു വളരെ കൂടുതലായിരുന്നു. ടിക്കറ്റ് എടുത്തു ഞങ്ങളും കാസിലിനുള്ളിൽ കയറാനായി ക്യൂവിൽ സ്ഥാനം പിടിച്ചു.
ജപ്പാനിലെ വളരെ പ്രധാനപ്പെട്ടൊരു ചരിത്രസ്മാരകമാണ് 58മീറ്റർ ഉയരമുള്ള ഈ കാസിൽ. തൊയൊത്തൊമി ഹിദായോഷി എന്ന സൈനികപ്രമുഖൻ 1583 ൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചു. 1597 ൽ പൂർത്തീകരിച്ചുവെങ്കിലും അടുത്തവർഷം അദ്ദേഹം അന്ത്യയാത്ര പറഞ്ഞു.1615 ൽ അഗ്നിക്കിരയായി എങ്കിലും 1620ൽ പുനഃസൃഷ്ടിക്കപ്പെട്ടു. പിന്നെയും 1660ൽ ശക്തമായ ഇടിമിന്നലിൽ വെടിമരുന്നുശേഖരത്തിനു തീപിടിക്കുകയും കാസിൽ പൂർണ്ണമായി അഗ്നിക്കിരയാവുകയും ചെയ്തു . 1843 ൽ മാത്രമേ പിന്നീട് ഈ കാസിലിനെ വേണ്ടത്ര ശ്രദ്ധകൊടുത്തു നവീകരണം നടത്തിയുള്ളു. പിന്നെയും ആഭ്യന്തരയുദ്ധങ്ങളിൽ തകർച്ചനേരിട്ട കാസിൽ മെയ്‌ജി കാലത്താണു ശ്രദ്ധപിടിച്ചെടുക്കുന്നത്. ജപ്പാൻ ജനതയുടെ ഇച്ഛാശക്തിയുടെ ഫലമായി 1931 ൽ ഒരിക്കൽക്കൂടി പുനർനിർമ്മാണം നടന്നു. പക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് (1945) അതു വീണ്ടും തകർക്കപ്പെട്ടു. 1995ൽ സർക്കാർ മുൻകൈയെടുത്തു പുനർനിർമ്മാണം ആധുനികനിർമ്മാണസങ്കേതങ്ങളുപയോഗിച്ചു നടത്തി . 1997ൽ പണിതീർത്ത കൊട്ടാരമാണ് ഇന്നു നമ്മൾ കാണുന്ന ഈ മഹാസൗധം. ശിഥിലശക്തികളുടെ അക്രമണങ്ങളിൽനിന്നൊക്കെ രക്ഷിച്ച് , ജപ്പാന്റെ ഏകത നിലനിർത്താൻ ഈ കോട്ട വളരെ സഹായകമായിട്ടുണ്ടത്രേ. വളരെ ഉയരമുള്ള, അല്പം ചെരിവോടുകൂടിയ അടിത്തറ നിർമ്മിച്ചിരിക്കുന്നത് ദീർഘചതുരത്തിൽ മുറിച്ചെടുത്തിരിക്കുന്ന ഭീമാകാരമായ കല്ലുകൾ കൊണ്ടാണ്. അതിന്റെ വലുപ്പവും ആകൃതിയും നമ്മെ ഒട്ടൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. യാതൊരുവിധ യന്ത്രസഹായവും ഇല്ലാതിരുന്ന അക്കാലത്ത് ഇങ്ങനെ ഈ കല്ലുകൾ മുറിച്ചതെങ്ങനെയാവും എന്ന ചോദ്യം മനസ്സിൽ ഉത്തരമില്ലാതെ അവശേഷിക്കുന്നു. അവ അടുക്കിവെച്ചിരിക്കുന്ന രീതി Burdock piling
എന്നാണറിയപ്പെടുന്നത്. ബർഡോക് എന്ന ചെടിയുടെ പൂവിന്റെ ( നമ്മുടെ വാടാമുല്ലപ്പൂവിനോട് സാദൃശ്യം) ഇതളുകൾ വിന്യസിച്ചിരിക്കുന്നതുപോലെയാണത്രെ അത്. വലിയ കല്ലുകൾ interlock ചെയ്ത് അടുക്കിവെച്ചതിനിടയിൽ കുറച്ചു ശൂന്യസ്ഥലങ്ങളുണ്ടെങ്കിൽ അവിടെ ചെറിയ കല്ലുകൾ നിറയ്ക്കും. ഇതിനു മറ്റൊരുദ്ദേശം കൂടിയുണ്ട്. ഭൂകമ്പമുണ്ടായാൽ കല്ലുകൾ പരസ്പരം തെന്നിനിൽക്കുകയല്ലാതെ തകർന്നു വീഴുകയില്ല. പതിനഞ്ചേക്കറിലായി പതിമൂന്നു പ്രൗഢസൗധങ്ങളാണ് ഈ കൊട്ടാരക്കെട്ടിലുള്ളത്. അവയോരോന്നും ജപ്പാന്റെ വാസ്തുസംസ്കൃതിയുടെ മകുടോദാഹരണങ്ങളും. കൊട്ടാരമുറ്റത്തു വളരെവലിയ പീരങ്കികൾ വെച്ചിരിക്കുന്നു . കല്ലുകൾ നിക്ഷേപിച്ചിരുന്നെന്നു പറയപ്പെടുന്ന, പലകത്തട്ടുകൊണ്ടു അടപ്പിട്ട ഒരു വലിയ കിണറ്റിൽ ഇപ്പോൾ സന്ദർശകർ നാണയങ്ങൾ എറിഞ്ഞിട്ടിരിക്കുന്നതുകാണാം. എന്താണിതിനു പിന്നിലെ വിശ്വാസമെന്നു മനസ്സിലായില്ല.
വളരെ നീണ്ട ക്യൂ ആയിരുന്നെങ്കിലും അതു നീങ്ങുന്നതു വളരെ വേഗത്തിലാണ്. അതിനാൽ കൂടുതൽ നിന്നു മുഷിയേണ്ടിവന്നില്ല. കൊട്ടാരത്തിനു എട്ടു നിലകളുണ്ട്. എട്ടാം നിലയിൽ നിന്നു മാത്രമേ പുറത്തേക്കുള്ള കഴ്ചകൾ സാധ്യമാകൂ . ബാക്കി നിലകളിൽ മ്യൂസിയങ്ങളാണ്. ജപ്പാന്റെ രാജഭരണചരിത്രവും യുദ്ധങ്ങളും സംസ്കാരവൈവിധ്യവും ഒക്കെ അവിടെ അനാവരണം ചെയ്യപ്പെടുന്നു. ചിലയിടങ്ങളിൽ യുദ്ധവീരന്മാരുടെ പടച്ചട്ടയും ശിരോകവചവുമൊക്കെ ധരിച്ചു വാളുംപിടിച്ചു നിന്നു ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. അതിനുള്ള ഫീസ് നൽകിയാൽ മതി. ഓരോ നിലകളിലും വ്യത്യസ്തമായ കാഴ്ചകളാണ്. എട്ടാം നിലയിലെത്തിയാൽ ചുറ്റുമുള്ള പുറംകാഴ്ചകൾ കണ്ടു നടക്കാം. ദൂരെയുള്ള നഗരഭാഗങ്ങളും അംബരചുംബികളും പിന്നെ അടുത്തുള്ള കാസിൽഉദ്യാനവും എല്ലാം കണ്ണിനു വിരുന്നേകുന്നു. മുൻഭാഗത്തു ചെല്ലുമ്പോൾ ഗോപുരാകൃതിയിലുള്ള മേൽക്കൂരയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണംകൊണ്ടുള്ള തിമിംഗലരൂപം വ്യക്തമായിക്കാണാനാകും. ഈ തിമിംഗലങ്ങൾ ആണത്രേ മഴപെയ്യിക്കുന്നത്. അവയുടെ സാന്നിധ്യം അഗ്നിബാധയിൽനിന്നു രക്ഷിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളുടെയും വീടുകളുടെയും ഒക്കെ മുകളിൽ ഇത്തരം തിമിംഗലരൂപം നമുക്കു കാണാൻ സാധിക്കും.
ചേതോഹരമായ കൊട്ടാരക്കാഴ്ചകൾ കണ്ണിലും മനസ്സിലും നിറച്ചു തിരികെയിറങ്ങി. പിന്നെ നടന്നത് ഭക്ഷണമേള നടക്കുന്ന സ്ഥലത്തേക്കാണ്. എന്തെങ്കിലും ഇഷ്ടമാകുമോ എന്നറിയില്ല. അതുകൊണ്ടു കഴിക്കാൻ ധൈര്യപ്പെട്ടില്ല. അവർ രണ്ടുപേരും ഗ്രിൽഡ് ബീഫ് കഴിച്ചു. വേഗം റെയിൽവേസ്റ്റേഷനിലേക്കു പോയി. അടുത്ത ലക്‌ഷ്യം ഒസാക്കാ കയൂകാൻ എന്ന അക്വേറിയം ആണ് . ഇതാണത്രേ ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. നല്ല മഴയത്താണു ഞങ്ങൾ അക്വേറിയത്തിലെത്തിയത്.
ട്രെയിനിറങ്ങി നടന്നു Tempozan Ferris Wheel എന്ന ജയന്റ് വീൽ കഴിഞ്ഞാണു കൈയുകനിൽ എത്തുന്നത്. 1990 മേയിൽ ആണ് പ്രവർത്തനമാരംഭിച്ചത്. കൈയുകൻ എന്ന പേരിന്റെ അർത്ഥം സമുദ്രകേളി എന്നാണത്രേ. 2300യെൻ ( 1424 രൂപ) ആണ് അക്വേറിയത്തിന്റെ പ്രവേശനഫീസ്. 'ഇത്ര വലിയ ഫീസോ!' എന്നു മനസ്സിൽ തോന്നി. പക്ഷേ തിരികെയിറങ്ങുമ്പോൾ ആ ചിന്ത വെറുതെയായിരുന്നല്ലോ എന്നും തോന്നി.
ടിക്കറ്റെടുത്ത് ആദ്യം എത്തുന്നത് 'അക്വാ ഗേറ്റ്' എന്നൊരു കണ്ണാടിത്തുരങ്കമാണ്. അതിലൂടെ നടക്കുമ്പോൾ നാം സമുദ്രത്തിനടിയിലാണെന്നു തോന്നും. മുകളിലും താഴെയും വശങ്ങളിലുമെല്ലാം സമുദ്രജീവികൾ നീന്തിത്തുടിച്ചു നടക്കുന്നു. വളരെച്ചെറിയ വർണ്ണമത്സ്യങ്ങൾതൊട്ട് ഭീമന്മാരായ സ്രാവുകളും തിരണ്ടികളുംവരെ അങ്ങനെ സ്വതന്ത്രമായി നീന്തിനടക്കുകയാണ്. തുരങ്കം കഴിഞ്ഞാൽ വളരെ ഉയരമുള്ള എസ്കലേറ്റർ . അതു പോകുന്നത് എട്ടാം നിലയിലേക്കാണ്. എസ്കലേറ്ററിൽ ഒറ്റയടിക്ക് ഇത്രഉയരത്തിൽ പോകുന്നതും ഒരു വേറിട്ട നുഭവം. അവിടെ നമുക്കു കാണാനാവുന്നത് ഓട്ടറുകളും സലമാണ്ടറുകളും സീലുകളും ഒക്കെയുള്ള ഒരു ജപ്പാൻ വനപ്രദേശമാണ്. വ്യത്യസ്തമായ മറ്റു വനഭാഗങ്ങൾ നമുക്കുതരുന്ന ജൈവക്കാഴ്ചകളും വൈവിധ്യം നിറഞ്ഞതാണ്. വൃത്താകൃതിയിലുള്ള രണ്ടുവരി ഗ്ലാസ് ടാങ്കുകൾക്കിടയിലുള്ള സ്പൈറൽ പാതയിലൂടെയാണ് നമ്മൾ താഴേക്കിറങ്ങുന്നത്. വളരെ കനമുള്ള അക്രിലിക്ഗ്ളാസ്സ് കൊണ്ടാണ് ഈ ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. 13 സെന്റിമീറ്റർ ആണ് ഗ്ലാസിന്റെ കനം. ഇത്രയും കനമുള്ള സാധാരണഗ്ളാസ്സ് ആണെങ്കിൽ വ്യക്തമായ കാഴ്ച ലഭിക്കുകയില്ല, മാത്രമല്ല ഭാരം വളരെക്കൂടുതലുമായിരിക്കും. . 16സോണുകൾക്കായി 27ടാങ്കുകളാണ് ആകെയുള്ളത്. . ചിലഭാഗങ്ങളിൽ ടാങ്ക് മൂന്നോ നാലോ ഫ്ലോറുകളിലായിട്ടായിരിക്കും. താഴേക്കിറങ്ങുന്തോറും സമുദ്രത്തിന്റെ വിവിധ ആഴങ്ങളിലെ ജൈവസമ്പത്ത് നമുക്കുമുന്നിൽ അനാവൃതമാകും. ഏറ്റവും വലിയ ടാങ്ക് ഒമ്പതുമീറ്റർ ആഴമുള്ളതാണ്. .
പസഫിക് സമുദ്രത്തിന്റെ Ring of Fire ( അഗ്നിവലയം ) എന്നറിയപ്പെടുന്ന ഭാഗങ്ങളിലെ ജൈവസമ്പത്താണ് ഇവിടെ നമുക്കു കാണാനാവുക. (ജപ്പാൻ ഈ വലയത്തിൽ ഉൾപ്പെടുന്നു) 16വ്യത്യസ്ത സോണുകളിലായി മുപ്പതിനായിരത്തിലേറെ ജലജീവികളെ നമുക്കുകാണാം. ഏറ്റവും വലിയ ടാങ്കുള്ള പസഫിക് സോണിൽ കാണാൻ കഴിയുന്ന നീണ്ടവാലുള്ളതും കുറുകിയ വാലുള്ളതുമായ ഭീമൻതിരണ്ടികൾ, ഭീമൻസ്രാവുകൾ ഒക്കെ നമ്മെ വളരെ വിസ്മയിപ്പിക്കും. ഏറ്റവും കൗതുകം തോന്നിയ കാഴ്ച അന്റാർട്ടിക്ക സോണിലെ പെൻഗ്വിനുകളുടേതാണ്. വലിയ പെൻഗ്വിനുകൾ. വളരെ വലിയ എട്ടുകാലിഞണ്ടുകളും ജെല്ലിഫിഷും നീരാളിയും കടൽസിംഹവും കില്ലർവെയിലുമൊക്കെ കാണുമ്പോൾ അത്ഭുതപരതന്ത്രരായി വായപൊളിച്ചു നിന്നുപോകും. ഏറ്റവും വലിയ സോണായ പസഫിക് സോണിലാണ് ഭീമന്മാരായ വെയിൽ ഷാർക്ക്, തിരണ്ടി , ബ്ലൂഫിൻ ടൂണ എന്നിവയും. ആയിരക്കണക്കിന് മത്സ്യങ്ങൾ ഒന്നുചേർന്നുള്ള കൂട്ടങ്ങളും പലയിടത്തും കാണാം അവയുടെ ചലനങ്ങളും അതിനനുസരിച്ചു രൂപമാറ്റം വരുന്ന മത്സ്യക്കൂട്ടവും ഹൃദ്യമായ കാഴ്ചതന്നെ.
2013 ലാരംഭിച്ച The "New Interactive Area"പെൻഗ്വിൻ , സീൽ എന്നിവയെ അടുത്തുകാണാൻ അവസരം തരുന്നു. ഫാക്‌ലാൻഡ് ഐലൻഡ് സോണിലെ , ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പെൻഗ്വിനുകൾ നന്നേ രസിപ്പിക്കും. ഇതിലുള്ള ആർട്ടിക് സോണിലെ rounding ringed seals അപൂർവ്വസുന്ദരമായൊരു ദൃശ്യവിരുന്നു നൽകുന്നു . അവിടെയുള്ള മൂന്നാമത്തെ സോണായ മലേഷ്യൻ സോണിലെ വലിയ ചേമ്പറിലേക്കു കടക്കുമ്പോൾ നമ്മൾ കൈ നന്നായി കഴുകണം. സോപ്പ് ഉപയോഗിക്കയുമരുത്. തിരണ്ടികളെയും സ്രാവുകളെയും ഇട്ടിരിക്കുന്ന വലിയൊരു ടാങ്കുണ്ടവിടെ. അതു തുറന്നുകിടക്കുകയാണ്. നമുക്കവയെ തൊട്ടുനോക്കാനാവും. അതും അവിശ്വസനീയമായൊരു അനുഭവം തന്നെ. അഞ്ചുമണിക്കുശേഷം 'ഡാർക്ക് സോൺ' - ജെല്ലിഫിഷ് സോണാണ് അവസാനത്തേത്. വളരെ വിശാലമായ ഈ സോണിൽ ജെല്ലിഫിഷ് വൈവിധ്യം അതിമനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. പലവലുപ്പത്തിലും നിറത്തിലുമൊക്കെയുള്ള ഇവയുടെ ചലനം എത്രസമയം നോക്കിനിന്നാലും മതിയാവില്ല. ഇവയുടെയൊക്കെ ഫോട്ടോ എടുക്കാമെങ്കിലും ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പുണ്ട് . സ്ഥിരമായി മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന സമയം നോക്കി സന്ദർശനത്തിനു പോയാൽ ആ കാഴ്ചയും നമുക്കു കാണാനാകും.
എട്ടാം നിലയിൽനിന്നു താഴെയെത്തുന്നത് അറിയുകയേയില്ല. ഇടയ്ക്കൊക്കെ വിശ്രമസ്ഥലങ്ങളും ടോയ്ലറ്റുകളും ഒക്കെയുണ്ട്. മത്സ്യങ്ങളുടെ വിചിത്രമായ മുഖം സ്വന്തം മുഖമാക്കിവരുന്ന ഫോട്ടോ എടുക്കാനുള്ള 'ഫിഷ് ഫേസ് കാമറ ' എന്നൊരു സൗകര്യവും ഉണ്ട്. സോവനീർ ഷോപ്പിൽനിന്നു കൗതുകവസ്തുക്കൾ വാങ്ങാനുമാകും.
അവിടെനിന്നു പുറത്തുകടന്നു ഭക്ഷണം കഴിച്ചു. ഒരു ഫാമിലി മാർട്ടിൽ കയറി ബ്രഡും റൈസ് ക്രാക്കറും ഒക്കെ വാങ്ങിയാണ് റെയിൽവേസ്റ്റേഷനിലേക്കു പോയത്. ഏതോ ഒരു ലൈനിൽ എന്തോ കാരണത്താൽ ട്രെയിൻയാത്ര നിർത്തിവെച്ചിരിക്കുകയാണത്രേ! അതുകൊണ്ടു ക്യോത്തോക്കു ട്രെയിൻ കിട്ടാൻ കുറച്ചുസമയം കാത്തുനിൽക്കേണ്ടിവന്നു. രണ്ടു ലോക്കൽട്രെയിൻ മാറിക്കയറി പിന്നീടു ബുള്ളറ്റ് ട്രെയിൻ പിടിച്ചാണു ക്യോത്തോയിലെത്തിയത്. അപ്പോൾ രാത്രി വളരെ വൈകിയിരുന്നു. ക്യോത്തോയിലിറങ്ങി ഡൈട്ടോക്കുജിയിലേക്ക് ബസ്സ് പിടിച്ചപ്പോൾ മണി പതിനൊന്നു കഴിഞ്ഞിരുന്നു. റൂമിലെത്തിയപ്പോൾ അർദ്ധരാത്രി.