ഉത് സ് കുഷി നിഹോൺ - 1
1- ഉദയസൂര്യന്റെ നാട്ടിൽ
======================
ബോംബെ ഐ ഐ ടി യിൽനിന്ന് എം ടെക്ക് കഴിഞ്ഞു ക്യാമ്പസ്-സെലക്ഷനിലൂടെ മകൻ മുരുകേശ് മോഹനന്, യാഹൂ ജപ്പാൻ സ്ഥാപനത്തിൽ ഉദ്യോഗം ലഭിച്ചപ്പോൾ ഞാനൊട്ടും തന്നെ സന്തോഷവതിയായിരുന്നില്ല. ഏകമകൻ ഇത്രയധികം ദൂരത്തേക്കു പോകുന്നതു വിഷമമുള്ള കാര്യം. പിന്നെ ജപ്പാനിൽ എപ്പോഴുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ. പക്ഷേ അവന്റെ നിശ്ചയദാർഢ്യം മറ്റാരെക്കാളും നന്നായി അറിയാവുന്നതുകൊണ്ട് പിന്തിരിപ്പിക്കാൻ ഒരു ശ്രമം പോലും നടത്തുവാൻ എനിക്കാവുമായിരുന്നില്ല. തല്ക്കാലം എന്റെ വിഷമം എനിക്കുള്ളിലൊതുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഫൈനൽ സെമസ്റ്റർ പരീക്ഷ കഴിഞ്ഞയുടനെ തന്നെ ജാപ്പനീസ് പഠിപ്പിക്കുവാനുള്ള യാഹുവിന്റെ കോഴ്സ് തുടങ്ങിയിരുന്നു. രണ്ടുമാസത്തോളം പൂനയിൽ ഭാഷാപഠനം. അതിനിടയിൽ കോൺവൊക്കേഷൻ കഴിഞ്ഞു. ജപ്പാനിലേക്കു പോകാനുള്ള നടപടിക്രമങ്ങളൊക്കെ പൂർത്തിയായി .ഓണത്തിനു ഞങ്ങൾ നാട്ടിൽപ്പോയിവന്നു. സെപ്റ്റംബർ 27 ന് അവന്റെ യാത്ര. കണ്ണീരോടെ അവനെ യാത്രയാക്കുമ്പോൾ ആ നാടിൻറെ പേരറിയാത്ത ദൈവങ്ങളോടു മനമുരുകി പ്രാർത്ഥിച്ചിരുന്നു 'എന്റെ പൊന്നുമോനെ കാത്തുകൊള്ളണേ'യെന്ന്.
എട്ടുമണിക്കൂർ വിമാനയാത്രകഴിഞ്ഞു ടോക്കിയോയിൽ എത്തിയപ്പോൾ അവൻ വിളിച്ചു. സന്തോഷവാനായിത്തന്നെ . പിന്നെ താമസസ്ഥലത്തെത്തിക്കഴിഞ്ഞപ്പോൾ വീഡിയോക്കോളിലൂടെ അവനവിടമാകെ കാണിച്ചുതന്നു. വീടും(ഫ്ലാറ്റ്) പരിസരങ്ങളും വീടിനെതിർവശത്തുള്ള പാർക്കും സ്റ്റേഷനിലേക്കുള്ള വഴിയും എല്ലാം സുന്ദരമായ കാഴ്ചകൾ. ജപ്പാനെന്ന രാജ്യം അവന്റെ ഹൃദയം കവരുകതന്നെ ചെയ്തു. (നിപ്പോൺ എന്നും നിഹോൺ എന്നും ആണ് ജാപ്പനീസിലുള്ള ജപ്പാന്റെ പേര്. സൂര്യന്റെ ഉറവിടം എന്നാണർത്ഥം. ) മെല്ലെമെല്ലെ അവന്റെ സന്തോഷം ഞങ്ങൾ മാതാപിതാക്കളുടെ സന്തോഷമായി മാറി. അങ്ങനെ ഒന്നരവർഷം കടന്നുപോയി. അതിനിടയിൽ മൂന്നുപ്രാവശ്യം അവൻ നാട്ടിൽ വന്നുപോയി. മൂന്നാം തവണ വരുമ്പോൾ അടുത്തതവണ വരുന്നത്, ഞങ്ങളെ കൊണ്ടുപോകാനായിരിക്കുമെന്നു പറഞ്ഞിരുന്നു . ഏപ്രിലവസാനം പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുകയും ചെയ്തു . ജപ്പാനിൽ ചെറിമരങ്ങൾ പൂക്കുന്നകാലം. മഞ്ഞുകാലം കഴിഞ്ഞു വസന്തം ജപ്പാന്റെ പ്രകൃതിയെ പുളകമണിയിക്കുന്ന ശബളാഭമായ ദിനങ്ങളിൽ അവിടെയെത്താൻ ഞങ്ങളും കാത്തിരുന്നു. 2018 ഏപ്രിൽമാസം 20 നു മോനെത്തി. 28നു ഞങ്ങൾ മൂവരും ഒന്നിച്ചു യാത്രയായി.
എയർ ഇന്ത്യയുടെ വിമാനത്തിലായിരുന്നു ഞങ്ങൾക്കു ടിക്കറ്റ്. വൈകുന്നേരം അഞ്ചുമണിക്കുള്ള വിമാനത്തിൽ മുംബൈയിൽ നിന്നു ഡൽഹിക്ക്. അവിടെനിന്നു രാത്രി ഒമ്പതേകാലിനുള്ള വിമാനത്തിൽ ടോക്കിയോ. മുംബൈ സഹർ അന്തർദ്ദേശീയവിമാനത്താവളത്തിൽ ഞങ്ങൾ വളരെ നേരത്തെതന്നെ എത്തിയിരുന്നു. കൃത്യം അഞ്ചുമണിക്കുതന്നെ AI 144 വിമാനം ഉയർന്നു. മുംബൈയുടെ ഭൂമിക കണ്ണിൽനിന്നു മെല്ലെമെല്ലെ മറഞ്ഞുകൊണ്ടിരുന്നു. ബിസിനസ്സ് ക്‌ളാസിൽ ആദ്യമായാണു യാത്രചെയ്യുന്നത്. സുഖകരമായ യാത്ര. ജീവനക്കാരുടെ പെരുമാറ്റം വളരെ ഹൃദ്യം. ഇടയ്ക്കു ലഘുഭക്ഷണം നൽകി. പക്ഷേ അത് ഒരാൾക്ക് കഴിക്കാവുന്നതിലും എത്രയോ കൂടുതൽ! സന്ധ്യാംബരത്തിന്റെ ചാരുതയറിഞ്ഞുള്ള യാത്ര. ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു, വൃത്തം പൂർണ്ണമാകാത്തൊരു അമ്പിളിയമ്മാവൻ. വളരെ വേഗം രണ്ടുമണിക്കൂർ കടന്നുപോയി. നക്ഷത്രങ്ങൾ ചിതറിവീണതുപോലെ ഭൂമിയിൽ വൈദ്യുതിവിളക്കുകൾ തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു വിമാനം തലസ്ഥാനനഗരിയിലെ ഇന്ദിരാഗാന്ധി അന്തർദ്ദേശീയവിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ . പിന്നെ അടുത്ത വിമാനത്തിനായുള്ള കാത്തിരിപ്പ്. കൃത്യം ഒമ്പതേകാലിന് AI 306 ഭാരതത്തിന്റെ മണ്ണിൽനിന്നുയർന്നുപൊങ്ങി. രാത്രിയായതുകൊണ്ടു കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല. അത്താഴം കഴിഞ്ഞയുടനെ ഉറക്കവുമായി. രാവിലെ ഉറക്കമുണർന്നുനോക്കുമ്പോൾ സമുദ്രത്തിനു മുകളിലാണു പറന്നുകൊണ്ടിരിക്കുന്നത്. മങ്ങിയും തെളിഞ്ഞും കാഴ്ചകൾ ദൃശ്യമായിക്കൊണ്ടിരുന്നു. വലതുഭാഗത്തായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അതുകൊണ്ടു പസഫിക്സമുദ്രം കാണാൻ കഴിയും, പക്ഷേ ഫ്യുജി കാണാൻ കഴിയില്ലായെന്നു മോൻ നേരത്തെതന്നെ പറഞ്ഞിരുന്നു. പിന്നെപ്പിന്നെ ജപ്പാന്റെ ഭൂമികാഴ്ചയും തെളിഞ്ഞുവന്നു. രാവിലെ 8 15 നു ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിലെ നരീത്ത അന്തർദ്ദേശീയവിമാത്താവളത്തിൽ ഞങ്ങളുടെ വിമാനമിറങ്ങി. ജപ്പാന്റെ മണ്ണിലേക്ക് ആദ്യകാൽചുവടുകൾ.
ജാപ്പനീസ് ഭാഷയിൽ ആദ്യമായി കേട്ട വാക്ക് 'ഹൈ' എന്നതാണ്. yes എന്ന വാക്കിന് സമാനമായി അവിടെ ഉപയോഗിക്കുന്ന പദമാണ് ഹൈ. 'കൊനിച്ചിവ' എന്നുപറഞ്ഞാണ് ഓരോ ഉദ്യോഗസ്ഥരും നമ്മേ കടത്തിവിടുന്നതും കടന്നുപോകുന്നതും. ശുഭദിനം എന്നോ നമസ്കാരം എന്നോ ആയിരിക്കാം അവർ പറയുന്നത് . വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ശരീരം നന്നായി കുനിച്ചു വണങ്ങിയാണ് അവിടെ നമസ്കാരമോതുന്നത്. പരസ്പരം കണ്ടുമുട്ടുമ്പോൾ അന്നാട്ടുകാർ വണങ്ങുന്ന രീതിയും ഇതുതന്നെ. . എത്രയധികം കൂടുതൽ കുനിയുന്നുവോ അത്രയധികം ബഹുമാനം അവർ കാണിക്കുന്നു എന്നാണു സൂചിപ്പിക്കുന്നത്. ജപ്പാനിലെവിടെച്ചെന്നാലും വിനയത്തോടെയുള്ള ഈ സ്വാഗതമോതൽ നമ്മേ കൂടുതൽ സന്തുഷ്ടരും ആത്മവിശ്വാസമുള്ളവരുമാക്കും. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നു എന്ന ചിന്തതന്നെ നമ്മളെ ആത്മവിശ്വാസമുള്ളവരാക്കുമല്ലോ. വിടവാങ്ങുമ്പോൾ'ജ്യാ നെ' എന്നോ 'മത അഷിത' എന്നോ പറയും . ഏറെനാളത്തേക്കോ എന്നന്നേക്കുമായോ യാത്രപറയുന്നതിന് 'സയൊനാര' എന്നാണ് പറയുന്നത്.
ആദ്യമായി മോൻ ജപ്പാനിൽ നിന്നു വരുമ്പോൾ ചോദിച്ചിരുന്നു' അമ്മയ്‌ക്കെന്താണു കൊണ്ടുവരേണ്ടതെ'ന്ന്. ഞാൻ മറുപടി പറഞ്ഞു നമ്മുടെ നാട്ടിൽ കിട്ടാത്തതെങ്കിലും കൊണ്ടുവന്നോളു എന്ന്. അന്നവൻ പറഞ്ഞത് 'നമ്മുടെ നാട്ടിൽ ഇല്ലാത്ത രണ്ടുകാര്യങ്ങളേ ഞാനിവിടെ കണ്ടുള്ളു. ഇവിടുത്തെ neatness & discipline . അതെങ്ങനെ കൊണ്ടുവരും!'
അവനന്നു പറഞ്ഞ വൃത്തിയും അച്ചടക്കവും അവിടെയെത്തിയ നിമിഷം മുതൽ അനുഭവേദ്യമായിക്കൊണ്ടിരുന്നു. എസ്കലേറ്ററിലും സ്റ്റെയർകേസിലും ഒക്കെ എത്തുമ്പോൾ അവൻ പറഞ്ഞുതന്നു, ഇടതുവശത്തു മാത്രമേ നിൽക്കാവൂ, വലതുവശത്തുകൂടി തിരക്കുള്ളവർക്കു ഓടിയോ നടന്നോ പോകാൻ ഒഴിച്ചിടണം എന്ന്. സഹർ എയർപോർട്ടിലേതുപോലെ കർശനമായ ശരീരപരിശോധനയൊന്നും ഉണ്ടായിരുന്നില്ല. വിരലടയാളം എടുക്കുന്നതു മാത്രം . കസ്റ്റംസിൽ , കൊണ്ടുപോയിരുന്ന അരിപ്പാക്കറ്റ് മാത്രം തുറന്നു പരിശോധിച്ചു. 'നിറപറ അരി'യുടെ അഞ്ചുകിലോ പാക്കറ്റ് രണ്ടെണ്ണമുണ്ടായിരുന്നു. ഒന്നുമാത്രമേ നോക്കിയുള്ളൂ. പരിപ്പ്, റവ, മസാലകൾ , പലഹാരങ്ങൾ ഒക്കെയുണ്ടായിരുന്നതൊന്നും പരിശോധിച്ചില്ല.
എയർപോർട്ടിൽ തന്നെയാണ് റെയിൽവേസ്റ്റേഷനും. അതുകൊണ്ടു ടാക്സിപിടിച്ചുപോകേണ്ട ആവശ്യമൊന്നുമില്ല .ഒരുപാടുപ്രവാശ്യം എസ്കലേറ്ററിൽ മുകളിലേക്കും താഴേക്കും കയറിയിറങ്ങി വന്നു നിന്നതു റെയിൽവേസ്റ്റേഷനിൽ. വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോം. നടന്ന വഴികളിലൊക്കെ പാനീയങ്ങൾ അടുക്കിവെച്ചിരിക്കുന്ന വെൻഡിംങ് മെഷിനുകൾ പലയിടത്തും കണ്ടിരുന്നു. ജപ്പാനിലെ വെൻഡിംങ് മെഷിനുകൾ ലോകപ്രസിദ്ധമാണ് പ്ലാറ്റ്ഫോമിലെത്തിയപ്പോൾ മോൻ ചോദിച്ചു അച്ഛനുമമ്മയ്ക്കും കുടിക്കാൻ അതിൽനിന്ന് ചായയോ കാപ്പിയോ എടുക്കട്ടേയെന്ന്. ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, കാപ്പിയോ ചായയോ ആണെങ്കിൽ മധുരമുള്ളതും ഇല്ലാത്തതും, പാലുചേർത്തതും ഇല്ലാത്തതും , ഓരോന്നിന്റെയും വിലയും ഒക്കെ രേഖപ്പെടുത്തിയ റാക്കുകൾ. ആവശ്യമുള്ളതു ക്ലിക്ക് ചെയ്തശേഷം പണമിട്ടാൽ താഴത്തെ ഓപ്പൺ റാക്കിൽ അതെത്തും. അങ്ങനെ അവിടെനിന്നു ഞങ്ങൾ കാപ്പി കുടിച്ചു. അപ്പോൾത്തന്നെ ട്രെയിനും എത്തി. നമ്മുടെ തീവണ്ടികളേക്കാൾ എത്ര വ്യത്യസ്തമാണവിടുത്തെ തീവണ്ടികൾ! അവയുടെ സമയനിഷ്ഠ ഇന്ത്യാക്കാരായ നമ്മളെ അമ്പരപ്പിക്കുകതന്നെചെയ്യും.
മോൻ താമസിക്കുന്നത് ടോക്യോയിലെ തന്നെ ഷിമോ എന്ന സ്ഥലത്താണ്. ടോക്കിയോ നഗരത്തിന്റെ 23 വാർഡുകളിൽ വടക്കുഭാഗത്തായുള്ള കിത്താ എന്ന വാർഡിലാണ് ഷിമോ. അറക്കവാ നദിയുടെ അടുത്തയാണ് മോന്റെ താമസസ്ഥലം. എയർപോർട്ടിൽ നിന്ന് ഒന്നേകാൽ മണിക്കൂറോളം ട്രെയിൻയാത്രയുണ്ട് ഷിമോസ്റ്റേഷനിലേക്ക് . പല റെയിൽവേലൈനുകൾ ഉള്ളതുകൊണ്ട് മൂന്നു ട്രെയിൻ മാറിക്കയറിയാണ് ഞങ്ങൾ ഷിമോയിലെത്തിയത്. നരീത്തയിൽ നിന്ന് നിപ്പൊരി (അത് എക്സ്പ്രസ്സ് ട്രെയിൻ ആണ്. സീറ്റ് നേരത്തെതന്നെ റിസേർവ് ചെയ്തിരുന്നു ), നിപ്പൊരിയിൽ നിന്ന് കോമഗോമ, അവിടെനിന്നു ഷിമോ. സ്റ്റേഷനിൽനിന്നു നാലോ അഞ്ചോ മിനുട്ടു നടക്കാനുള്ള ദൂരം. മറ്റൊരു ലൈനിലുള്ള അകബാനസ്റ്റേഷനും അടുത്തുതന്നെ. അവിടെയിറങ്ങിയാൽ അല്പംകൂടി കൂടുതൽ നടക്കണം. മനോഹരമായ വഴികൾ. ചെറിമരങ്ങളും മറ്റുചിലമരങ്ങളും വഴിയോരത്തിനു ചാരുതപകർന്നുനിൽക്കുന്നു. നിറയെ കടുത്തവർണ്ണങ്ങളിലുള്ള പൂക്കളുമായി ചെടികൾ ചട്ടികളിലും അല്ലാതെയും. റോഡുകൾ ക്രോസ്സ് ചയ്യുന്നതിനു കൃത്യമായ അകലങ്ങളിൽ സീബ്രാക്രോസ്സിങ്ങും ട്രാഫിക് സിഗ്നൽ പോസ്റ്റുകളും ഉണ്ട്. അവിടെ സിഗ്നൽ കിട്ടിയാൽ മാത്രമേ ക്രോസ്സ് ചെയ്യാനാവൂ. എത്ര ചെറിയ റോഡായാലും അതു കർശനമാണ്. കാൽനടയാത്രികരെ ഇന്നാട്ടിലെ ഭരണകൂടം വളരെ ബഹുമാനിക്കുന്നു എന്നതാണ് അവിടെക്കണ്ട ഫുട്പാത്തുകളും ഈ വിധത്തിലുള്ള റോഡ്ക്രോസ്സിംഗ് സംവിധാനവും നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഫുട്പാത്തുകളിൽ സൈക്കിൾയാത്രക്കാരും കടന്നുപോകും. ധാരാളം സൈക്കിൾ യാത്രികരുള്ള നഗരമാണ് ടോക്യോ. ഒരുകാര്യം ശ്രദ്ധിച്ചത് ആരുംതന്നെ ബെല്ലടിച്ചു ശല്യമാകുന്നില്ല എന്നതാണ്. അതുപൊലെതന്നെ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾ ഹോണടിക്കുന്നുമില്ല . അവിടെ ബെല്ലടിക്കുന്നതും വാഹനങ്ങൾ ഹോണടിക്കുന്നതുക്കെ മറ്റു യാത്രക്കാരെ അവഹേളിക്കുന്നതിനു തുല്യമായാണത്രെ കണക്കാക്കപ്പെടുന്നത്! കാതടപ്പിക്കുന്ന ശബ്ദത്തോടെ പാഞ്ഞുപോകുന്ന ബൈക്കുകളും കാണാൻ വിഷമം. ജപ്പാനിൽ ഉണ്ടായിരുന്ന 15 ദിവസങ്ങളിൽ ആകെ മൂന്നുപ്രാവശ്യമാണ് വാഹനങ്ങളിൽ നിന്നുള്ള ഹോണടി കേൾക്കാനിടയായത്. ഒരിക്കൽപോലും സൈക്കിൾബെൽ കേട്ടതുമില്ല.
വളരെവേഗംതന്നെ താമസസ്ഥലത്തെത്തി. ബിൽഡിങ്ങിൽ മൂന്നാമത്തെ നിലയിലാണ് മോന്റെ ഫ്ലാറ്റ്. ആദ്യം കടക്കുന്നതൊരു ലേസർ വാതിലിലൂടെയാണ്. ലിഫ്റ്റിലേക്കു പോകാനുള്ള വാതിൽ തുറക്കണമെങ്കിൽ താക്കോൽ വേണം. ടോക്കിയോ വളരെ ജനസാന്ദ്രതയുള്ള നഗരമായതുകൊണ്ടുതന്നെ താമസസൗകര്യങ്ങൾ വളരെ പരിമിതമായിരിക്കും. ലിഫ്റ്റിൽ കയറി മുകളിലെത്തി. ഫ്ലാറ്റിന്റെ വാതിൽ തുറന്നു കടക്കുന്നത് ചെറിയൊരു ഇടനാഴിയിലേക്ക്. അതിനിരുവശവുമായി കുളിമുറിയും കക്കൂസും. കുളിമുറിയോടുചേർന്നു ഡ്രസിങ് ഏരിയയും വാഷിങ് മെഷീനും. പിന്നെയെത്തുന്നതു ചെറിയൊരു അടുക്കളയിൽ. സ്റ്റവ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ ഒക്കെ ആ ഇടുങ്ങിയ മുറിയിൽ ക്രമീകരിച്ചിരിക്കുന്നു. പിന്നീടുള്ളത് ഒരു വലിയ മുറി. അതാണ് കിടപ്പുമുറിയും ഹാളും എല്ലാം. സന്ദർശകർ വന്നാൽ തഴെയെത്തി ബെല്ലടിച്ചാൽ അവരെക്കാണാൻ സിസിടിവി യും മുറിയിലുണ്ട്. അവിടം കഴിഞ്ഞാൽ ഒരു ബാൽക്കണി . ഇത്രയുമാണ് ആ ഫ്ളാറ്റിലെ സൗകര്യങ്ങൾ. അതിന്റെ മാസവാടകയാകട്ടെ 85,000 യെൻ ( 53000 രൂപ). വാട്ടർ ടാപ്പുകളൊക്കെ ചൂടുവെള്ളവും തണുത്തവെള്ളവും ആവശ്യാനുസരണം നല്കുന്നതിനുതകുംവിധമുള്ളതാണ്. ടാപ്പിന്റെ ഹാൻഡിൽ ഇടത്തേക്കു തിരിച്ചാൽ ചൂടുവെള്ളവും , വലത്തേക്കു തിരിച്ചാൽ തണുത്തതും. മുകളിലേക്കുയർത്തുമ്പോളാണു വെള്ളം ലഭിക്കുക. ടോയ്ലറ്റ് സീറ്റുകൾ പോലും ചൂടാക്കിയാണു വച്ചിരിക്കുന്നത്. ഇലക്ട്രോണിക് ടോയ്ലറ്റ് ആണു ജപ്പാനിൽ പ്രചാരത്തിലുള്ളത്. സീറ്റിനോടുചേർന്നുള്ള ബോർഡിൽ വിവിധാവശ്യങ്ങൾക്കായുള്ള ബട്ടണുകൾ. ഏതുരീതിയിലാണ് വെള്ളം ലഭിക്കേണ്ടതെന്നതിനനുസരിച്ചു ബട്ടണമർത്തിയാൽ മതി. മുൻഭാഗത്തോ (സ്ത്രീകൾക്കുവേണ്ടി മാത്രമാണത് ) പിൻഭാഗത്തോ അവശ്യാനുസരണം വെള്ളം സ്പ്രേ ചെയ്തോളും. ജപ്പാനിലെ ഇത്തരത്തിലുള്ള bidet-style toilet ലോകപ്രസിദ്ധമാണ്. ഫ്ളഷ് ചെയ്തുകഴിഞ്ഞാൽ ഒരു ടാപ്പിൽ നിന്നു പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ബൗളിലേക്കു വെള്ളം വീണുകൊണ്ടിരിക്കും. ആ വെള്ളമാണു ഫ്ളെഷ് ടാങ്ക് നിറയ്ക്കുന്നത്. അതിൽ കൈ കഴുകുകയുമാകാം. മ്യൂസിക് എന്നെഴുതിയ മറ്റൊരു ബട്ടൺ കൂടിയുണ്ട്. അതിന്റെ ഉദ്ദേശം പാട്ടുകേൾപ്പിക്കുക എന്നതല്ല. ഉള്ളിലുണ്ടാകുന്ന ശബ്ദങ്ങൾ ഗോപനം ചെയ്യുന്നതിനാണത്.
കുളിയൊക്കെക്കഴിഞ്ഞു ഭക്ഷണമുണ്ടാക്കിക്കഴിച്ചു ഞങ്ങൾ കുറച്ചു വിശ്രമിച്ചു. അപ്പോഴേക്കും മോൻ പുറത്തുപോയി ഞങ്ങൾക്കു തുടർന്നുള്ള ദിവസങ്ങളിലെ യാത്രകൾക്കുള്ള റെയിൽപാസ്സും വാടകയ്‌ക്കെടുക്കാവുന്ന പോക്കറ്റ് വൈഫൈ ഡിവൈസും മറ്റും എടുത്തുകൊണ്ടുവന്നു. വൈകുന്നേരം അവിടെ പരിസരങ്ങളൊക്കെ കാണാനായി ഇറങ്ങി. പുറത്തു നല്ല തണുപ്പ് . തൊട്ടെതിർവശത്തു കുട്ടികളുടെ പാർക്കും ഒരു ജിംനേഷ്യവും ഉണ്ട്. 2020 ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്നത് ജപ്പാൻ ആണല്ലോ, അതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പുതുതായി നിർമ്മിച്ചതാണത്രേ അത്. നടന്നെത്തിയത് അറക്കവാ നദിയുടെ തീരത്താണ് . മനോഹരമായ നദിയും തീരങ്ങളും, അതിനോടു ചേർന്നുള്ള പുൽത്തകിടികളും . നമ്മുടെ നദികളിലേതുപോലെ ഒരു മാലിന്യവും ആ നദിയിലോ പരിസരത്തോ ഇല്ല. ആ നദീതീരത്തുകൂടിയുള്ള നടത്തം ഉന്മേഷവും ഊർജവും പകരുന്ന അനുഭൂതിദായകമായൊരു അനുഭവമാണ്. നദിയിലൊരിടത്ത് അതുവരെ ഉണ്ടായ വെള്ളപ്പൊക്കങ്ങളുടെ കണക്കുകൾ നൽകുന്നൊരു സൂചികയും കാണാറായി. ഏതൊക്കെ വർഷങ്ങളിൽ എത്ര ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. നദീതീരമൊക്കെ നല്ലൊരുദ്യാനത്തിന്റെ പ്രതീതിയേകുന്നു. ശബളാഭമായ പൂക്കളുടെ ധാരാളിത്തം എവിടെയും കാണാം. ജപ്പാന് പൂക്കളുടെ നാടെന്നുകൂടി പേരുണ്ടല്ലോ! ചെറുതും വലുതുമായ പലതരം പക്ഷികൾ. പലതും നമ്മുടെ നാട്ടിൽ കാണാത്തത്. പക്ഷേ കാക്കകൾ നമ്മുടെ രാമൻകാക്കകളെപ്പോലെയാണ്. കടുത്ത കറുപ്പുനിറവും വലുപ്പക്കൂടുതലുമുള്ള ഈ കാക്കകൾ കരയുന്നതും രാമൻകാക്കകളുടെ ശബ്ദത്തിൽ. പുൽത്തകിടികളും, പൂക്കളുള്ളതും ഇല്ലാത്തതുമായ മരങ്ങളും പക്ഷികളും ഒക്കെച്ചേർന്ന നയനാനന്ദകരമായ ദൃശ്യങ്ങൾ! അവിടെയൊരിടത്തു കുറേ പാറകൾ. അവയിൽ ഞങ്ങൾ ഇരുന്നു. അവിടെത്തന്നെ അലസനായിക്കിടന്നിരുന്ന ഒരാൾ എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു. എന്താണെന്നു മനസ്സിലായില്ല. ലക്ഷണം കണ്ടിട്ടു നന്നായി മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. അവിടെയിരുന്നാൽ അസ്തമയം കാണാം. കുറച്ചു സമയം അവിടെയങ്ങനെ ഇരുന്നു. നല്ല തണുപ്പും കൂട്ടിനുണ്ടായിരുന്നു.
അസ്തമയം കണ്ടു തിരികെ നടക്കുന്നവഴി ഒരു ഫാമിലി-മാർട്ടിൽ കയറി. ഒരു ചെറിയ സൂപ്പർ മാർക്കറ്റാണ്. ഒരുവീട്ടിൽ വേണ്ട അത്യാവശ്യസാധനകളൊക്കെ അവിടെക്കിട്ടും . (നിത്യോപയോഗസാധങ്ങൾക്കായുള്ള ഒരു വ്യാപാരസ്ഥാപനശൃംഖലയാണിത്. അയ്യായിരത്തോളം ഫാമിലി മാർട്ടുകൾ ഉണ്ടു ജപ്പാനിൽ. ഇത്തരം വ്യാപാരശൃംഖലകളിൽ രണ്ടാം സ്ഥാനമാണ് ഫാമിലി മാർട്ടിന്. ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത് 7-Eleven എന്ന സ്ഥാപനമാണ്. ) പഴങ്ങളും പച്ചക്കറികളും ബ്രെഡും ഒക്കെ അവിടെ നിന്നു വാങ്ങി. എന്തും ലഭ്യമാണെങ്കിലും ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ പത്തുമടങ്ങെങ്കിലും കൂടുതലാണ് ഓരോന്നിന്റെയും വില. അതു പറഞ്ഞപ്പോൾ മോൻ പറഞ്ഞു 'ഇതിന്ത്യയല്ലമ്മേ , ജപ്പാനാണ്.' അതിൽ എല്ലാം അടങ്ങിയിരുന്നു എന്നു പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി. അവിടെനിന്നിറങ്ങിയപ്പോൾ കോഴിയിറച്ചി ഗ്രിൽചെയ്തു വിൽക്കുന്നൊരാൾ. അച്ഛനും മകനും അതു കഴിച്ചു. ഞാൻ സ്വാദുനോക്കിയിട്ടു തീരെയിഷ്ടമായില്ല.
നടന്നുപോകുന്നിടങ്ങളിലൊക്കെ ഒരുവരി മഞ്ഞ ടൈൽസ് കൊണ്ടുള്ള ഒരു പ്രത്യേക വര കാണാം. 30 - 40 cm വീതിയുണ്ടാകും. വിമാനത്താവളം മുതൽ കാണാൻ തുടങ്ങിയതാണീ മഞ്ഞവര. സർവ്വവ്യാപിയായ ഈ മഞ്ഞവരകൾ ആരിലും കൗതുകം ജനിപ്പിക്കും. ആദ്യം വിചാരിച്ചതു സൗന്ദര്യവത്കരണതിന്റെ ഭാഗമായിരിക്കുമെന്നാണ്. അതിൽത്തന്നെ പൊങ്ങിനിൽക്കുന്ന ചെറിയ ചെറിയ വരകൾ. ചിലയിടത്ത് കുത്തുകൾ പോലെയാണ് പൊങ്ങിനിൽക്കുന്ന ഭാഗം. നടപ്പാതകളിലും ഒക്കെ ഈ മഞ്ഞവര കണ്ടപ്പോൾ അതെന്താണെന്നറിയാൻ കൗതുകം. അത് അന്ധരായ യാത്രക്കാർക്ക് വഴി തിരിച്ചറിയാനുള്ള സംവിധാനമാണത്രേ! “Tactile Ground Surface Indicators” (TGSI). എന്നാണിവ അറിയപ്പെടുന്നത്. തങ്ങളുടെ പാദരക്ഷകളോ കൈവടികളോ ഈ ടൈൽസ്പാതയിൽ ഉരസിയാണവർ വഴി നിശ്ചയിക്കുന്നത്. ചെറിയ വരകളും കുത്തുകളുമൊക്കെ അതിനുള്ള ചിഹ്നങ്ങളാണ്. എല്ലാ പൊതുസ്ഥലങ്ങളിലും ഈ വരകൾ ഉണ്ടാകുമത്രേ! സത്യത്തിൽ അതിശയിച്ചുപോയി. ജപ്പാൻ തന്റെ ജനതയെ എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമല്ലേ ഇത്!
വീട്ടിലെത്തി ഭക്ഷണമുണ്ടാക്കിക്കഴിച്ച് ഉറങ്ങാൻ കിടന്നു. രാവിലെതന്നെ സപ്പൊറൊ എന്ന സ്ഥലത്തേക്കു പോകണം. അവിടെ ഒരുദിവസം തങ്ങണം. കിടക്കുംമുമ്പ് ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തു ബാഗ് തയ്യാറാക്കിവെച്ചു. മോൻ ഞങ്ങളുടെ രണ്ടുപേരുടെയും കൈവശം 30,000 യെൻ വീതം തന്നിട്ടുപറഞ്ഞു, 'ഇതു ബാഗിൽ വയ്ക്കണം. അഥവാ എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ ഇവിടെ എത്തിച്ചേരാൻ ഈ പണം മതിയാകും.' പിന്നെ ചേട്ടന്റെ കൈവശം ഒരു ബാങ്ക് കാർഡ് കൂടി നൽകി . സപ്പൊറൊ കുറച്ചു ദൂരെയുള്ള സ്ഥലമാണ്. വിമാനത്തിലാണു പോകേണ്ടത് . അതിരാവിലെ ഉണരണം. പുറത്തു നല്ല തണുപ്പായിരുന്നെങ്കിലും മുറിക്കുള്ളിൽ സുഖകരമായ ചൂടുനിലനിർത്തിയാണ് എ സി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഉറക്കം സുഖകരമായി.

Thanks for sharing your experience.
ReplyDelete