Tuesday, July 21, 2020

ഉണരൂ ....

പൂർവ്വാംബരത്തിന്റെ കോലായിൽ ചെഞ്ചായം
വാരിവിതറിപ്പുലരി വന്നു.
ആമോദത്തോടെ തന്നംഗുലീസ്പർശത്താൽ
ഓരോ പൂമൊട്ടിനെ തൊട്ടുണർത്തി
നീഹാരബിന്ദുക്കളോരോ പുൽനാമ്പിലും
ചേണുറ്റ വൈരം മിനുക്കിവെച്ചു.
പൂമണം പേറി വരുന്നുണ്ടു മെല്ലവേ
മാരുതനീവഴിയേകനായി
കാണുന്ന പൂമരക്കൊമ്പുകളൊക്കെയും
ചേലിൽത്തലോടിക്കളിപറഞ്ഞും
സ്നേഹാതിരേകത്താലൊട്ടുകുലുക്കിയും
പൂമാരി മുറ്റത്തു പെയ്തൊഴിഞ്ഞും
പൊൻകതിർ നീട്ടുന്ന നെൽവയലേലതൻ
കാതിലോ കിന്നാരവാക്കു ചൊന്നും.
ഓമനമുത്തേ,യുറക്കമുണർന്നുനീ
ഈ വാടിയിങ്കലണഞ്ഞുകൊൾക.
നിന്നെപ്രതീക്ഷിച്ചു പൂമ്പാറ്റക്കുഞ്ഞുങ്ങൾ
താലോലമാടിപ്പറന്നിടുന്നു.

Monday, July 13, 2020

പ്രഭാതസ്മൃതി 2




12/7/2020 , ഞായറാഴ്ച (1195 മിഥുനം 28)

💐പ്രഭാതസ്മൃതി- 926💐
================

സുപ്രഭാതസ്നേഹവന്ദനത്തോടെ
പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം.
.
പ്രഭാതസൂക്തം.
---------------------
അപനേയമുദേതുമിച്ഛതാ
തിമിരംരോഷമയം ധിയാ പുര:
അവിഭിദ്യ നിശാകൃതം തമ:
പ്രഭയാ നാംശുമതാപ്യുദീയതേ.

ഉയരാൻ ആഗ്രഹിക്കുന്നവൻ ആദ്യം തന്റെ ബുദ്ധികൊണ്ട് തന്നിൽ
കോപം പരത്തിയ ഇരുട്ടിനെ ഇല്ലാതാക്കണം. രാത്രിയുടെ ഇരുട്ടിനെ തന്റെ പ്രഭകൊണ്ടു  ഇല്ലാതാക്കാതെ സൂര്യനു ഉദിക്കുവാൻ പറ്റുകയില്ല
(ഇവിടെ പ്രഭാതകിരണങ്ങളെ ബുദ്ധിയോടും മനുഷ്യനെ സൂര്യനോടും രാത്രിയെ കോപത്തോടും ഉപമിച്ചിരിക്കുന്നു. കോപം എന്നതു ഇരുട്ടാണ്. ഇരുട്ടിൽ എന്നതുപോലെ കോപംമനസ്സിൽ ഉള്ളപ്പോൾ നമുക്കും ഒന്നും തന്നെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ സാധിക്കില്ല.  അതുകൊണ്ടുതന്നെ  കോപം നശിക്കാതെ ആർക്കും ഉയർച്ച കിട്ടുകയില്ല. ഉദിക്കുന്നതിനുമുമ്പു സൂര്യൻ തന്റെ പ്രകാശം കൊണ്ടു രാത്രിയിൽ വ്യാപിച്ച ഇരുട്ടിനെ മാറ്റുന്നു. അതുപോലെത്തന്നെ മനസ്സിൽ പരന്നുകിടക്കുന്ന കോപം ബുദ്ധികൊണ്ടു നശിപ്പിക്കാതെ ആർക്കും ഉയർച്ച സാധ്യമല്ല.)
.
ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ
- ലിയോനർദോ ദാ വിഞ്ചി
എത്ര ലളിതമായാണ് മനുഷ്യരെക്കുറിച്ചുള്ള ഈ വർഗ്ഗീകരണം!
ഇതിൽ നമ്മൾ ഏതു ഗണത്തിൽപ്പെടുന്നു എന്ന് നാം സ്വയം തീരുമാനിക്കേണ്ടതാകുന്നു.


സ്മൃതിഗീതം
ഇന്നത്തെ സ്മൃതിഗീതത്തിൽ ശ്രീ പി ജി നാഥ് രചിച്ച 'കിളിക്കൊഞ്ചൽ'  എന്ന ഹൃദയസ്പർശിയായ  കവിതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
.
  കിളിക്കൊഞ്ചൽ

മുത്തശ്ശാ പോയ് വരട്ടേ, യാത്ര ചൊല്ലുന്നൂ പൗത്രി
മണവാളനുമു,ണ്ടോതുവാനായില്ലൊന്നും
"വരന്റെ വീട്ടിൽ കേറാൻ സമയം വൈകും ,വേഗ -
മിറങ്ങൂ",ധൃതി കൂട്ടി വിളിപ്പൂ ശ്വശുരനും

ആളുകളൊഴിഞ്ഞല്ലോ ഹാളിൽ, ഫോട്ടോഗ്രാഫറും
സംഘവും മാത്രം കാത്തുനില്ക്കുന്നക്ഷമരായി
പാത്രങ്ങൾ കഴുകുന്ന ശബ്ദമുണ്ടടുക്കള -
ഭാഗത്തു, പട്ടിക്കൂട്ടം കലമ്പുന്നില നക്കാൻ!

വർഷങ്ങൾ കടന്നുപോയോർമയിൽ സിനിമപോൽ
പേരക്കുട്ടിയെയാദ്യം കണ്ടതാശുപത്രിയിൽ
തുടർന്നുള്ളതാം രംഗദൃശ്യങ്ങളൊന്നായ്, കണ്ണു -
തുടയ്ക്കാൻ മുണ്ടിൻ തലയുയർത്തി വിറകയ്യാൽ !

ശിശുപാഠശാലയിലാദ്യമായ് ചെന്നൂ, ശാഠ്യം
പിടിച്ചൂ, കാവൽ നിന്നൂ, ക്ലാസു തീരുവോളവും
സ്കൂൾബസ്സിൽ കേറ്റാൻ, തിരിച്ചെത്തുമ്പോളിറക്കുവാൻ
കാത്തുനില്ക്കണമെത്ര തിരക്കുണ്ടെങ്കിലും ഞാൻ
കളിക്കാൻ, പഠിക്കുവാൻ, കട്ടുതിന്നുമ്പോൾ കൂട്ടു -
നില്ക്കണം, പിന്നെ കഥ ചൊല്ലണം രാത്രിയായാൽ!

മക്കളെയിത്രത്തോളം സ്നേഹിക്കാൻ, ലാളിക്കാനും
കഴിഞ്ഞി,ല്ലിന്നോർമ്മിപ്പൂ ജീവിത പ്രാരാബ്ധത്താൽ
അറിഞ്ഞില്ലല്ലോ തീരെ, പ്രായം ചെന്നതും വെള്ളി
നൂലുകൾ നിറഞ്ഞതും പല്ലുകൾ കൊഴിഞ്ഞതും
മനസ്സു കുഞ്ഞായ് തീരും കുഞ്ഞൊന്നു കൂട്ടുണ്ടെങ്കിൽ
ചിരിക്കാൻ, രസിക്കാനും സമയം പോയീടാനും

കുഞ്ഞവൾ കുമാരിയായെന്നാലു മെനിക്കവൾ
കുഞ്ഞല്ലോ, കുറുമ്പിയാം നഴ്സറിപ്പൈതൽ മാത്രം
"ഇപ്പോഴും കുട്ടിയെന്നാ ഭാവ",മമ്മയെ പ്പോഴും
ശകാരം ചൊരിയാറുണ്ടെന്നെയുമവളെയും
"അന്യവീട്ടിൽ പാർക്കേണ്ടതാണെന്ന ചിന്തയില്ല
കൊഞ്ചിച്ചു വഷളാക്കി", ഞാൻ ചെറുചിരി തൂകും !

യാത്രയായെല്ലാവരു,മെങ്ങനെ മടങ്ങുമാ-
കിളിക്കൊഞ്ചലില്ലാത്ത ഭവനത്തിലേക്കു ഞാൻ!

- പി.ജി.നാഥ്
.
അനുവാചകക്കുറിപ്പ്
-------------------------------
ഏതൊരു സാഹിത്യരചനയും അനുവാചകന്റെ ഹൃദയത്തിൽ എഴുതിച്ചേർക്കപ്പെടണമെങ്കിൽ അതിൽ ജീവിതത്തിന്റെ നിറവും മണവും ചാലിച്ചുചേർത്തിരിക്കണം. അതേകാരണത്താൽമാത്രമാണ് ഈ കവിത വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന വ്യഥയുടെ ലിപികൾ കോറിയിടുന്നത്. ഈ വരികളിലൂടെ ഒരിക്കൽക്കൂടി  ഞാനുമെന്റെ മുത്തശ്ശന്റെ മടിയിലെ പൊൻപൈതലായിമാറി.

വിവാഹശേഷം വരന്റെ വീട്ടിലേക്കു യാത്രയാകുന്ന പേരക്കുട്ടിയുടെ യാത്രാമൊഴി മുത്തശ്ശന്റെ മനസ്സിലുണ്ടാക്കുന്ന ശൂന്യതയുടെ ആഴം നമുക്കീ കവിതയിൽ കണ്ടെടുക്കാം. അവളുടെ ജനനംമുതൽ ഓരോ ഓർമ്മകളും ആ മനസ്സിൽ തിക്കിത്തിരക്കിക്കടന്നുപോകുന്നു. നഴ്‌സറിയിൽ ആദ്യമായിപ്പോയ കുഞ്ഞുമോളുടെ ശാഠ്യത്തിനുവഴങ്ങി ക്‌ളാസ്സ്  തീരുവോളം കാത്തുനിന്നിരുന്നതും പിന്നീട് സ്‌കൂളിൽ പോകുമ്പോൾ സ്‌കൂൾബസ്സിൽ കയറ്റിവിടുന്നതും മടക്കിക്കൊണ്ടുവരുന്നതും ഒക്കെ ആ മനസ്സിൽ ഒരു ചലചിത്രംപോലെ കടന്നുപോകുന്നു. ഏതുതിരക്കിലും സമയം കണ്ടെത്തി, അവൾക്കു പഠിക്കാനും കളിക്കാനും കഥപറയാനും കുസൃതികളൊപ്പിക്കാനും എന്തിന്, കട്ടുതിന്നാൻപോലും മുത്തശ്ശനായിരുന്നു കൂട്ടുകാരൻ.

ജീവിതത്തിരക്കിനിടയിൽ സമയക്കുറവുകൊണ്ടും പ്രായത്തിന്റെ പക്വതക്കുറവുകൊണ്ടും  പലപ്പോഴും മാതാപിതാക്കൾക്ക് മക്കളെ വേണ്ടത്ര സ്നേഹിക്കാനും ശ്രദ്ധിക്കാനും കഴിഞ്ഞെന്നു വരില്ല. പക്ഷേ വിശ്രമജീവിതം തുടങ്ങുമ്പോഴാകും പേരക്കിടാങ്ങളുടെ വരവ്. ധാരാളം സമയവും ലോകപരിചയവും അനുഭവസമ്പത്തും ഒപ്പമുണ്ടാകും.  അതുകൊണ്ടുതന്നെ മക്കളെക്കാൾക്കൂടുതൽ പേരക്കുട്ടികളെ  സ്നേഹിക്കാനും  അവർക്കുവേണ്ടി സമയം കണ്ടെത്താനും സാധിക്കും. കുഞ്ഞുങ്ങളോടുള്ള ചങ്ങാത്തം പ്രായത്തെപ്പോലും മറക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജീവിതത്തിലെ രണ്ടാം ബാല്യത്തെ ആസ്വദിക്കാനുള്ള സമയമാണത്. അത്രമേൽ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു തങ്ങൾ വളർത്തിക്കൊണ്ടുവരുന്ന പേരക്കിടാങ്ങൾ പറക്കമുറ്റുമ്പോൾ ചിറകടിച്ചു പറന്നുപോകുന്നത് ഏറെ ആനന്ദജനകമാണെങ്കിൽക്കൂടി  അതീവദുഃഖത്തോടെ കണ്ടുനിൽക്കാനേ കഴിയൂ. പേരക്കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇത്തരമൊരു വേർപിരിയൽ അനിവാര്യവുമാണ്. ശരീരംപോലെതന്നെ മനസ്സും ദുർബ്ബലമായിരിക്കുന്ന വാർദ്ധക്യത്തിൽ ഹൃദയഭേദകമായ അനുഭവമായിരിക്കുമത്. ആ വേർപിരിയൽസന്ദർഭമാണ് കവി ഈ കവിതയിൽ വാക്കുകളിലൂടെ വരച്ചുകാട്ടുന്നത്. തന്റെ പൊന്നോമനയായ പൗത്രിയെ പിരിയുന്ന  കവിയുടെ വേദന katinaman. അതിന്റെ തീവ്രത  ഒട്ടും ചോർന്നുപോകാതെ അദ്ദേഹം തന്റെ വരികളിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്. കവിത വായിച്ചുകഴിയുമ്പോൾ നമ്മുടെ കണ്ണിലും  അറിയാതെ നനവുപടരും. അതാണ് ഈ കവിതയുടെ മികവും.

കവിക്ക് സ്നേഹാദരങ്ങളും ആശംസകളും  അർപ്പിക്കുന്നു.
.
ഇന്ന് ജൂലൈ 12
മലാലദിനം.
പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി സ്വന്തം ജീവൻപോലും തൃണവത്കരിച്ചു പോരാടിയ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12ന് ആണ് ഐക്യരാഷ്ട്രസഭ  ഈ ദിനം  മലാലദിനമായി  പ്രഖ്യാപിച്ചത്. 2014 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊച്ചുപെൺകൊടിക്കു ലഭിക്കുകയുണ്ടായി. ഈവർഷം ജൂണിൽ  ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിൽനിന്ന് മലാല  ബിരുദം കരസ്ഥമാക്കി.
മലാലയ്ക്ക് സ്നേഹപൂർണ്ണമായ ജന്മദിനാശംസകളും മുന്പോട്ടുള്ള ജീവിതത്തിൽ സർവ്വവിജയങ്ങളും നേരുന്നു.
*
കോവിഡ് മഹാമാരി ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിട്ട് മാസങ്ങളായി. ഇപ്പോഴും കൊറോണവൈറസ് എന്ന സൂക്ഷ്മാണുവിനോട്  ആയുധമെന്തെന്നറിയാതെ യുദ്ധത്തിലേർപ്പെട്ടിരിക്കയാണ് ലോകജനത. അതിൽ നമ്മൾ വിജയിക്കുമെന്നുതന്നെ ദൃഢമായി വിശ്വസിച്ച് നമുക്കീ യുദ്ധം തുടരാം.
കടന്നുപോയ ഈ നാളുകൾ നമ്മേ പഠിപ്പിച്ച ഏറ്റവും വലിയ ജീവിതപാഠം ജീവിതത്തെ എങ്ങനെ ലളിതമാക്കാം എന്നതാണ്. നമ്മുടെ ആവശ്യങ്ങൾ എത്ര പരിമിതമാണെന്നും ജീവിക്കാൻ ആവശ്യമായത് വിലപിടിപ്പുള്ള വസ്തുക്കളല്ല എന്നും നാം വളരെവേഗം മനസ്സിലാക്കി.  പത്തുപേരുണ്ടെങ്കിലും ഒരു വിവാഹം നടത്താമെന്നും ദേവാലയങ്ങളില്ലാതെ പ്രാർത്ഥിക്കാമെന്നും നമ്മുടെ അടുക്കളയിൽ തയ്യാറാക്കപ്പെടുന്ന വിഭവങ്ങൾ നക്ഷത്രഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ  ഏറെ സ്വാദിഷ്ടമെന്നും വീട് നമുക്കൊരു സ്വർഗ്ഗമാണെന്നും കുടുംബമാണ് നമ്മുടെ ഏറ്റവുംവലിയ ശക്തിയെന്നും നമ്മൾ തിരിച്ചറിഞ്ഞു. സ്വന്തം സംതൃപ്തിക്കപ്പുറം മറ്റുള്ളവരോട് മത്സരിക്കാനും സ്വയം പ്രദര്ശനവസ്തുക്കളാകാനും മാത്രമാണ് ഇത്രകാലവും നമ്മളിൽ  ഭൂരിപക്ഷവും ശ്രമിച്ചിരുന്നത്. അതിനായി നമ്മുടെ സമ്പത്തും അമൂല്യമായ സമയവും പാഴാക്കുകയായിരുന്നു.  എന്നാൽ ഇന്ന് നമ്മുടെ മത്സരവും പരിശ്രമവും കോവിഡിനെ പരാജയപ്പെടുത്താൻവേണ്ടി മാത്രമുള്ളതാകുന്നു. ഈ പരിശ്രമം മനുഷ്യത്വം നഷ്ടപ്പടാതെ സഹജീവിയോടുള്ള സ്നേഹകാരുണ്യങ്ങൾ ഹൃദയത്തിൽ നിറച്ച്  കൂടുതൽ ആർജ്ജവത്തോടെ നമുക്ക് മുൻപോട്ടു കൊണ്ടുപോകാം. കാലമേൽപ്പിച്ച കനത്ത പ്രഹരം താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു ചെറുകൈത്താങ്ങാകാം.
അതാകട്ടെ ഇന്നത്തെ നമ്മുടെ പ്രതിജ്ഞ.

.
 ഇന്നത്തെ വിഷയം :
" അഭയതീരങ്ങൾ  "
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം      " അഭയതീരങ്ങൾ " ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

5 -7 -2020  ലെ  പ്രഭാതസ്മൃതിയിൽ " അഴിഞ്ഞുവീഴുന്ന മുഖംമൂടികൾ  " എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി പോസ്റ്റ് ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ. തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, സ്നേഹപൂവ്വം
 മിനി മോഹനൻ
🌹മലയാളസാഹിത്യലോകം🌹.

Tuesday, July 7, 2020

.
അടഞ്ഞിരിക്കിലും കണ്ണു  തുറന്നിരിക്കിലും
അകക്കണ്ണിൽ തെല്ലു വെളിച്ചമുണ്ടെങ്കിൽ
അറിഞ്ഞിടാമീ   ലോകഗതിയതെന്നുമേ
അറിഞ്ഞിടായ്കിലോ വരും വിപത്തുകൾ

അന്തകനായി  നീ  വന്നീടിലും കുഞ്ഞേ
നിന്നോടെനിക്കുണ്ടു  സ്നേഹവാത്സല്യങ്ങൾ
അമൃതിന്റെ മധുരം നുണയുവാനായ് നീന-
ക്കിവിടെ ഞാൻ കാത്തുവയ്ക്കുന്നുണ്ടു കനികളും.
===================================================
.
14/6/2020 , ഞായറാഴ്ച

      💐പ്രഭാതസ്മൃതി💐
      ================
ശുഭദിനം ! പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം !

പ്രഭാതസൂക്തം.
യഥാ കന്ദുകപാതേനോത്പതത്യാര്യ: പതന്നപി
തഥാപ്യനാര്യ: പതതി മൃത്പിണ്ഡപതനം യഥാ.

(ഭർത്തൃഹരി    നീതിശതകം.).

അർത്ഥം:
ഒരു പന്തെന്നതുപോലെ, ശ്രേഷ്ഠന്മാർ താഴെ വീണാലും വീണ്ടും ഉയരുന്നു. എന്നാൽ ശ്രേഷ്ഠനല്ലാത്തവൻ മണ്ണിന്റെ കട്ട വീഴുന്നതുപോലെ വീഴുന്നു.
(ശ്രേഷ്ഠരായവർക്കു യദൃച്ഛയാ ഒരു വീഴ്ച്ച പറ്റിയാലും അവർ അതിനെ അതിജീവിച്ചു വീണ്ടും ഉയർത്തെഴുന്നേൽക്കും, താഴോട്ടു വീഴുന്ന പന്തു വീണ്ടും ഉയർന്നുപൊങ്ങുന്നതുപോലെ.  എന്നാൽ നിസ്സാരനായ ഒരുവന്റെ വീഴ്ച്ച മൺകട്ടയുടേതുപോലെയാണു. അവൻ ആ വീഴ്ച്ചയിൽനിന്നു എഴുന്നേൽക്കുകയില്ല..)
.
സ്മൃതിഗീതം
.

നിഴൽക്കൂത്തുകൾ (ശിവരാജൻ കോവിലഴികം,മയ്യനാട്)
=================
അകലെനിന്നെത്തുന്ന കരളുരുകുമൊരു ഗാന-
മതു രാക്കുയിലിന്റെ തേങ്ങലാണോ ?
മൃത്യുവിന്നാത്മനൈവേദ്യമായ്ത്തീർന്ന നിൻ
പ്രാണന്റെയവസാനമൊഴികളാണോ ?

ഇടറുന്നു പാദങ്ങൾ, വ്യഥതന്നെ ഹൃദയത്തി-
ലിരുൾ വന്നുമൂടുന്നു മിഴി രണ്ടിലും.
ഇടനെഞ്ചു തകരുന്നു, കദനങ്ങളുയരുന്നു,
കരിവേഷമാടുന്നു നിഴൽ ചുറ്റുമേ ..

ഇനി വയ്യെനിക്കെന്റെ ഹൃദയം തകർത്തു-
കൊണ്ടോടിയൊളിക്കുവാൻ കൂട്ടുകാരീ.
ഇനി വയ്യെനിക്കു നിന്നോർമ്മകൾക്കൊപ്പമാ
മരണമെത്തുംവരെ കാത്തിരിക്കാൻ .

വീടെന്ന കോവിലിൽ നീയില്ലയെങ്കിൽപ്പി-
ന്നെന്തിനായ് പുലരികൾ, സന്ധ്യയുമേ !
കാതോരമെത്തില്ല നിന്മൊഴികളിനിയെങ്കി-
ലെന്നിൽ തുടിപ്പതിനി മൗനങ്ങൾമാത്രമേ !

അമ്മയെത്തേടുന്ന പൈതലിനോടെന്തു
ചൊല്ലേണമെന്നറിയാതുഴലുന്നു ഞാൻ.
ആരിനിയേകിടും സ്നേഹാമൃതങ്ങളാം
പുഞ്ചിരിപ്പൂക്കളും വാത്സല്യതീർത്ഥവും ?

ദുഃഖത്തിടമ്പെൻ ശിരസ്സിൽക്കയറ്റിവച്ചെ-
ങ്ങു പോയെങ്ങുപോയ് പറയാതെ നീ
ദുഃഖങ്ങൾ പെറ്റുപെരുകുമീ വീഥിയിലെ-
ന്നെത്തനിച്ചാക്കിപ്പോയതെന്തിങ്ങനെ ?

കൺമണിക്കുഞ്ഞിനെയാരുറക്കും സഖീ,
ഉമ്മവച്ചുമ്മവച്ചാരൊന്നുണർത്തിടും ?
പാവക്കിടാവിനെ നെഞ്ചോടു ചേർത്തവൻ
അസ്‌പഷ്‌ടമെന്തോ പുലമ്പുന്നു നിദ്രയിൽ.

ഒക്കെയും സ്വപ്നങ്ങളായിരുന്നെങ്കിലെ-
ന്നാശിച്ചുപോകുന്നു കേഴുമ്പൊഴും
എല്ലാം വിധിയെന്ന രണ്ടക്ഷരംതന്നിൽ
ചേർത്തുവയ്ക്കാനും മടിക്കുന്നു മാനസം

കണ്മിഴിച്ചെത്തുന്നൊരോർമ്മകൾക്കൊപ്പമെൻ
കൺപീലി നനയുന്നു ഞാനറിയാതെ
സ്നേഹിച്ചുതീർന്നില്ല, തീരില്ലൊരിക്കലും
പ്രേയസി! നിന്മുഖം പ്രഭതന്നെയെന്നിൽ.
.
 കവിതയുടെ ആസ്വാദനം
ഹൃദയത്തിൽ ഒരിക്കലുമുണങ്ങാത്ത ആഴത്തിലുള്ള മുറിവുതീർക്കുന്നതാണ് പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട്. ജീവിതസഖിയെ അകാലത്തിൽ നഷ്ടമാകുന്ന ഒരു വ്രണിതഹൃദയത്തിന്റെ മിടിപ്പും തുടിപ്പും  ആഴത്തിൽ സ്പർശിച്ചു  രചിച്ചിരിക്കുന്ന കവിതയാണ് ശ്രീ ശിവരാജൻ കോവിലഴികം വായനക്കാർക്ക് സമർപ്പിക്കുന്ന 'നിഴൽക്കൂത്തുകൾ'.
എത്രയോകാലം തന്റെ ജീവിതത്തിന്റെ രാഗവും താളവുമായി തന്നോടൊപ്പം മനസ്സും ശരീരവും പങ്കിട്ട, തന്റെ കുഞ്ഞുങ്ങളെ ഗർഭംധരിച്ചു ജന്മമേകി ജീവാമൃതംപകർന്നു പോറ്റിയ,  പ്രാണപ്രേയസിയുടെ ദേഹവിയോഗത്താൽ  ഇടനെഞ്ചുതകർക്കപ്പെട്ട ആഖ്യാതാവിന് എങ്ങനെ ഈ ദുഃഖസ്മരണകളുമായി മരണംവരെ ജീവിക്കുവാനാകും!

വീടൊരു ദേവാലയമാകുന്നത് ദൈവതുല്യരായ മനുഷ്യർ അവിടെ കുടികൊള്ളുമ്പോഴാണ്. അവിടെ ചതിയും വഞ്ചനയും   അസത്യങ്ങളും  അഭിനയങ്ങളും ഉച്ചതാഴ്ചകളും അഹംഭാവവും  ഒന്നുമുണ്ടാവില്ല. മനസ്സുതുറന്ന, ഒന്നും പരസ്പരം ഒളിപ്പിക്കാതെയുള്ള സ്നേഹം മാത്രം. അത്തരമൊരു ശ്രീകോവിലിലെ ദേവതയായിരുന്നു ഇവിടെ വിടചൊല്ലിയകന്ന പ്രിയതമ. ദേവി നഷ്‌ടമായ ആ കോവിലിൽ ഇനിയെന്തിനാണൊരു  പുലരിയും സന്ധ്യയും! ആ സ്നേഹമൊഴികൾ ഇല്ലാതെയായാൽപ്പിന്നെ കവി തേടുന്നത്   മൗനത്തിന്റെ ആഴങ്ങളാണ്.
കുടുംബിനി ഇല്ലാതെയായാൽ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടിവരുന്ന അനാഥത്വം ഹൃദയഭേദകമാണ്. പിതാവ് എത്രതന്നെ സ്നേഹംപകർന്നാലും അമ്മനൽകുന്ന സ്നേഹവാത്സല്യങ്ങളും കരുതലും പകരമില്ലാത്തതായിത്തന്നെ നിലകൊള്ളും. അകാലത്തിൽ  അമ്മസ്‌നേഹം നഷ്‌ടമായ തന്റെ പൊന്നുണ്ണികളെയോർത്തും കവി ഏറെ നൊമ്പരപ്പെടുന്നു.
ഈ ലോകദുഃഖങ്ങൾ പങ്കുവെക്കാൻ പ്രാണപ്രേയസി കൂടിയില്ലാത്ത ജീവിതം  എത്ര ദുരിതപൂർണ്ണമാണ്! എല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെകിലെന്നാശിക്കുന്ന കവി വിധിയെതടുക്കാനാവില്ലല്ലോയെന്നു സ്വയം ആശ്വസിക്കുകയും ചെയ്യുന്നു.
  ആത്മാർത്ഥസ്നേഹം നിലനിൽക്കുന്ന ദാമ്പത്യത്തിൽ പങ്കാളികൾക്കൊരിക്കലും പരസ്പരം സ്നേഹിച്ചു മതിയാവില്ല. ഒരാൾ ഇല്ലാതെയായാലും മറ്റൊരുസ്നേഹം തേടാനുമാവില്ല. സ്നേഹമെന്ന വാക്കിനുതന്നെ അർത്ഥശൂന്യത വന്നുപെട്ടിരിക്കുന്ന  ഈ യന്ത്രികയുഗത്തിൽ കവിയുടെ  ഇത്തരമൊരു മനോഭാവംതന്നെ ഏറെ പ്രതീക്ഷ നൽകുന്നു.

അനുവാചകന്റെ ഹൃദയത്തിലും ആഴ്ന്നിറങ്ങുന്നൊരു വേദനയായി ഈ കാവ്യപാരായണം അവശേഷിക്കുന്നു.  കവിയുടെ കൺപീലികൾ നനയുന്നതോടൊപ്പം വായനക്കാരന്റെ കണ്ണുകളും അറിയാതെ ഈറനാകും.
ഇമ്പമുള്ള വരികളിൽ പദങ്ങളുടെ യാഥാവിധമായ വിന്യാസം അനായാസമായ വായനയെ പ്രദാനം ചെയ്യുന്ന ഈ കവിത ഏറെ മികവുപുലർത്തുന്നൊരു രചനതന്നെ എന്ന് പറയാതിരിക്കാനാവില്ല. ഒരുപാടു മനോഹരങ്ങളായ കവിതകൾ വായനക്കാർക്ക് സമ്മാനിച്ച ശ്രീ ശിവരാജന്റെ 'നിഴൽക്കൂത്തുകൾ' വായനാലോകത്ത്  ഹൃദയപൂർവ്വം സ്വീകരിക്കപ്പെടും എന്നകാര്യത്തിൽ സംശയമില്ല.
കവിക്ക് സ്നേഹാദരങ്ങളും ആശംസകളും അർപ്പിക്കുന്നു.
.
ഇന്ന് ജൂൺ  മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്.
 ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് പിതൃദിനമായി ആഘോഷിക്കുന്നു.
അച്ഛന്റെ സ്നേഹവാത്സല്യങ്ങളും സംരക്ഷണവും ലഭിക്കാൻ സാധിക്കുകയെന്നത് ഒരു വലിയ ഭാഗ്യമാണ്. മക്കളെ വളർത്തി വലിയവരാക്കാൻ ഒരാവകാശവാദങ്ങളും ഉന്നയിക്കാതെ  ഒരായുഷ്കാലം കഠിനപ്രയത്‌നം ചെയ്യുന്നു അച്ഛനെന്ന പുണ്യം. കുടുംബത്തിനു താങ്ങും തണലുമേകാൻ ഒരു മഹാവൃക്ഷത്തെപ്പോലെ കാലം നൽകുന്ന കൊടുംവെയിലും പേമാരിയും ഏറ്റുവാങ്ങുന്ന ത്യഗസ്വരൂപൻ. പലപ്പോഴും നമ്മൾ ഈ സ്നേഹത്തെയും സംരക്ഷണത്തെയും മറന്നുപോകുന്നു. അപ്പോൾ ഒന്നോർമ്മിപ്പിക്കാനായി ഈ പിതൃദിനാഘോഷം.
ഇന്ന് ജൂൺ 21
2015 മുതൽ എല്ലാവർഷവും ഈ ദിനം ലോകയോഗദിനമായി ആചരിക്കുന്നു.  2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.
ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും ദൈർഘ്യമേറിയ  പകൽ   ജൂണ്‍ 21 നാണ്.

വിവിധരൂപങ്ങളിൽ  ലോകത്തെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ ശാരീരികവും മാനസികവും ആധ്യാത്മികവുമായ ഒരു പൗരാണിക സമ്പ്രദായമാണ്. ‘ശരീരമാദ്യം ഖലു ധർമ സാധനം’ അഥവാ ആരോഗ്യമുള്ള ശരീരമാണ്, ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിഞ്ഞ ഋഷിവര്യന്മാരാണ് യോഗ വികസിപ്പിച്ചെടുത്തത്.ഒരു മനുഷ്യന്റെ ആരോഗ്യപരവും വ്യക്തിപരവുമായ വളർച്ചയിലേക്ക് നയിക്കുന്ന സമഗ്രമായ സമീപനമായ യോഗയെ പ്രോത്സാഹിപ്പിക്കുന്നത് ലോക ജനതയുടെ ആരോഗ്യം വളർത്താൻ ഗുണകരമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ലോക യോഗദിന പ്രഖ്യാപനത്തിൽ പറയുന്നത്. കോവിഡ് 19 ലോകമെമ്പാടും താണ്ഡവമാടുന്ന ഇക്കാലത്ത് യോഗയുടെ പ്രാധാന്യം ഏറെ പ്രസക്തമാകുന്നു. യോഗ പരിശീലനത്തിലൂടെ ഏറിവരുന്ന മാനസികസമ്മർദ്ദത്തിന്  അയവുവരുത്താനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും കഴിയുമെങ്കിൽ അതൊരു വലിയ ആശ്വാസവുമാണ്. യോഗയും ശ്വസനക്രിയകളും ശീലമാക്കണമെന്ന് ലോകാരോഗ്യസംഘടന  ലോകത്തോട് നിര്‍ദേശിച്ചത് ഈ പ്രധാന്യം തിരിച്ചറിഞ്ഞാണ്. ലോകത്താകമാനം  ജനങ്ങളുടെ ക്ഷേമത്തിനായി യോഗപോലൊരു മഹത്തായ ജീവിതചര്യ സംഭാവനചെയ്യാൻ ഇന്ത്യക്കു  കഴിഞ്ഞു എന്നത് സാഭിമാനം  സ്മരിക്കാൻ കഴിയുന്ന ഒരു കാര്യമാണ്.
"യോഗ വീട്ടില്‍ ചെയ്യാം കുടുംബത്തോടൊപ്പം" ഇതാണ് ഈ വർഷത്തെ യോഗാദിനസന്ദേശം.

'
5 ഇന്നത്തെ വിഷയം :

"കാലമുണക്കാത്ത മുറിവുകൾ "
         
           
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം  "കാലമുണക്കാത്ത മുറിവുകൾ" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

13-6-2020  ലെ  പ്രഭാതസ്മൃതിയിൽ "നേരം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,

  മിനി മോഹനൻ
 🌹മലയാളസാഹിത്യലോകം🌹.

Sunday, July 5, 2020

ഗുരുപൂർണ്ണിമ

ഇന്ന് ആഷാഢമാസത്തിലെ പൗർണ്ണമിയാണ്. ഈ ദിനം  ഗുരുപൂർണിമയായി ആചരിക്കപ്പെടുന്നു. കേരളത്തിൽ ഇങ്ങനെയൊരു ദിനം പരിചിതമാണോയെന്നറിയില്ല. മുംബൈയിൽ വന്നശേഷമാണ് ഈ ദിവസത്തേക്കുറിച്ചു ഞാനറിഞ്ഞത്.

''അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമ''
(അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനംകൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു .)
‘ഗുരു’ എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാല്‍ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ‘രു’ എന്നാല്‍ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാല്‍ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍.’
ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ സമസ്തവും സമര്‍പ്പിക്കപ്പെടുന്ന ഈ  പുണ്യദിനം  വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി പകുത്ത ദിനമായും കരുതപ്പെടുന്നുണ്ട്.
സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെയോർമ്മയ്ക്കാണ് ബുദ്ധമതാനുയായികൾ ഈ ദിവസം ആഘോഷിക്കുന്നത്.


ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ആദ്യഗുരു മാതാപിതാക്കൾതന്നെയാണ്. അറിവിന്റെ ആദ്യകിരണങ്ങൾ ആ ഇളംമനസ്സിൽ കടന്നുചെന്നു തിരിച്ചറിവിന്റെ പ്രകാശം പരത്തുമ്പോളാണ് ജീവിതത്തിലേക്ക് ചുവടുകൾ വയ്ക്കുന്നത്. ചുറ്റുപാടുമുള്ള ഓരോരുത്തരും കുറഞ്ഞും കൂടിയും ഈ പ്രകാശവാഹകർതന്നെ. ബന്ധുക്കളും ചങ്ങാതിമാരും അപരിചിതരും ഒക്കെ ഈ ഗണത്തിൽപ്പെടുന്നവർ. എങ്കിലും അമൂല്യമായ അറിവുകളുടെ   അനുഭവപാഠങ്ങളേകുന്ന  കാലമെന്ന ഗുരു അരൂപിയായി എന്നും നമ്മോടൊപ്പമുണ്ട്.

  ആരിൽനിന്നെങ്കിലും  നമുക്കറിയാത്തതൊന്നിനെ  അറിയാൻ കഴിഞ്ഞാൽ  അവർ ഗുരുസ്ഥാനീയർതന്നെ. ഗുരുവിന്റെയും ശിഷ്യന്റെയും പരസ്പര ബന്ധം തികച്ചും നിര്‍മ്മലവും നിരപേക്ഷവുമാണ്. അതിനു പ്രായത്തിന്റെയോ സ്ഥാനത്തിന്റെയോ  മറ്റെന്തെങ്കിലും വിവേചനങ്ങളോ പ്രതിബന്ധമാകുന്നില്ല.  എങ്കിലും നമ്മുടെയൊക്കെ ഹൃദശ്രീകോവിലുകളിലെ  ഗുരുപ്രതിഷ്ഠകൾ  വിദ്യാലയങ്ങളിൽ നമുക്കറിവുപകർന്നുതന്ന നമ്മുടെ പ്രിയങ്കരരായ  അദ്ധ്യാപകർതന്നെ.  അവരോടുള്ള കടപ്പാട് ഒരിക്കലും തീർക്കാനുമാവില്ല.  അന്ന് നമുക്കവരോട് തോന്നിയിരുന്ന സ്നേഹാദരങ്ങളുടെ പതിന്മടങ്ങ് ഇന്നവരോട് നമുക്കുതോന്നുന്നത്  അന്നവർ പകർന്നേകിയ അറിവിന്റെ തീജ്വാലകൾ മനസ്സിലണയാതെനിൽക്കുന്നതുകൊണ്ടുമാത്രമല്ല, ആ സ്നേഹവാത്സല്യങ്ങളുടെ മധുരസ്മരണകൾ ജീവിതപന്ഥാവിൽ ഉർജ്ജംപകരുന്ന  മധുരമൂറും പാഥേയങ്ങളായി നമ്മോടൊപ്പമുള്ളതുകൊണ്ടാണ്.  ആ കൃതജ്ഞത പവിത്രമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം.
ജ്ഞാനാമൃതം പകർന്നേകിയ എല്ലാ ഗുരുജനങ്ങൾക്കും ഹൃദയപൂജചെയ്ത്  പാദപദ്മങ്ങളിൽ സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു. എന്നെന്നും നിങ്ങളേവരുടെയും അനുഗ്രഹാശ്ശിസ്സുകൾക്കായി പ്രാർത്ഥിക്കുന്നു .