പൈനാപ്പിളിന്റെ കഥ (നാടോടിക്കഥാമത്സരം)
=====================================
അങ്ങുദൂരെ, ഏഴാംകടലിനുമക്കരെ, ഒരു ഗ്രാമത്തിൽ പണ്ടുപണ്ട് ലിമ എന്നൊരു സ്ത്രീയും അവരുടെ പൈന എന്നുപേരുള്ള മകളും താമസിച്ചിരുന്നു. ലിമ കഠിനാധ്വാനിയായൊരു സ്ത്രീയായിരുന്നെങ്കിലും പൈന അമ്പേ മടിച്ചിയായിരുന്നു. ഉദയം മുതൽ അസ്തമയംവരെ തന്റെ അമ്മ ജോലിചെയ്യുന്നതുകണ്ടാലും ഒരുസഹായവും അവൾ ചെയ്യുമായിരുന്നില്ല. സദാ കളിയുമായി നടക്കും. ചിലപ്പോൾ കൂട്ടുകാരുടെ വീട്ടിലാകും. അല്ലെങ്കിൽ സ്വന്തം വീടിന്റെ മുറ്റത്തോ തൊടിയിലോ കളിച്ചുകൊണ്ടിരിക്കും.
എന്തെങ്കിലും ജോലി അവളെ നിർബ്ബന്ധമായി ഏല്പിച്ചാലും പലവിധ ഒഴിവുകഴിവുകൾ കണ്ടുപിടിച്ച് അതു ചെയ്യാതിരിക്കും. ലിമയ്ക്ക് ചിലപ്പോൾ അതിയായ കോപമുണ്ടാകുമെങ്കിലും മകളോടുള്ള സ്നേഹാധിക്യത്താൽ ശിക്ഷയൊന്നും കൊടുത്തിരുന്നില്ല.
അങ്ങനെയിരിക്കെ ലിമ കടുത്ത പനിബാധിച്ച് കിടപ്പിലായി. ഭക്ഷണംപോലും ഉണ്ടാക്കാൻ കഴിയാതെ ക്ഷീണിതയായി. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥ. പക്ഷേ പൈന അതൊന്നും കണ്ടഭാവം നടിച്ചില്ല. അമ്മയ്ക്ക് തുള്ളിവെള്ളംകൊടുക്കാൻപോലും. വീട്ടിൽ ഭക്ഷണമില്ലാത്തതുകൊണ്ടു അവൾ ഓരോ സാമയം ഓരോ കൂട്ടുകാരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു. പിന്നെ തൊടിയിലുണ്ടായിനിൽക്കുന്ന പഴങ്ങളും മറ്റും പറിച്ചെടുത്തു കഴിച്ചു. അപ്പോഴൊന്നും അമ്മയുടെ കാര്യം അവൾ ഗൗനിച്ചതേയില്ല. ലിമ മകളെ വിളിച്ചപ്പോഴൊന്നും അവൾ കേട്ടതായിപ്പോലും ഭാവിച്ചതുമില്ല.
ഒടുവിൽ സർവ്വശക്തിയുമെടുത്ത് ലിമ അവളെ വിളിച്ചു
" പൈനാ ... നീയൊന്നിങ്ങോട്ടു വരുന്നുണ്ടോ."
അമ്മ നല്ല ദേഷ്യത്തിലാണെന്നു തോന്നിയതിനാലാവാം ഇത്തവണ പൈന് പതിയെ അമ്മയുടെ മുറിവാതിലിനടുത്തുചെന്നു തല കത്തേക്കുനീട്ടി ചോദിച്ചു.
"എന്താ അമ്മാ? എന്തിനാ എന്നെ വിളിച്ചത്?"
"നീ അടുക്കളയിൽപോയി അല്പം കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കൂ. സാധനങ്ങളൊക്കെ അവിടെയുണ്ട്"
പൈന മനസ്സില്ലാമനസ്സോടെ അടുക്കളയിലേക്കു നടന്നു.
കുറച്ചുസമയത്തേക്ക് പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ഷെൽഫുകൾ തുറക്കുന്നതും വലിച്ചടയ്ക്കുന്നതുമൊക്കെയായി കുറേ ശബ്ദങ്ങൾ കേട്ടു. പിന്നെ നിശ്ശബ്ദമായി.
നേരമേറെയായിട്ടും കഞ്ഞിയും ചമ്മന്തിയും കിട്ടാതെവന്നപ്പോൾ ലിമ വിളിച്ചുചോദിച്ചു.
"മോളേ പൈനാ, കഞ്ഞി തയ്യാറായോ?"
"ഇല്ലാ" അവൾ മറുപടിയും കൊടുത്തു.
"പാത്രവും തവിയും കണ്ടില്ല. അതുകൊണ്ടു ഞാൻ കഞ്ഞി വെച്ചില്ല" അവൾ വിശദീകരിച്ചു. കോപവും സങ്കടവും വിശപ്പും എല്ലാംകൂടി ലിമയ്ക്ക് കണ്ണുകാണാതായി. അവൾ മകളെ കുറേ ശകാരിച്ചു. ഒടുവിൽ കരഞ്ഞുകൊണ്ടു പറഞ്ഞു
"നിന്റെ ശരീരം മുഴുവൻ ആയിരം കണ്ണുകളുണ്ടാവട്ടെ. എന്നാലെങ്കിലും നീ എല്ലാം കാണുമല്ലോ"
എന്നിട്ട് അവൾ അടുക്കളയിൽപ്പോയി ഒരുവിധത്തിൽ കുറച്ചു കഞ്ഞിയുണ്ടാക്കി. അതിൽ ഉപ്പുചേർത്തു കഞ്ഞികുടിച്ചു. ദേഷ്യമുണ്ടായിരുന്നെങ്കിലും കുറച്ചുകഞ്ഞി പൈനയ്ക്കായും മാറ്റിവെച്ചു. പിന്നെ പോയി കിടന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോവുകയും ചെയ്തു.
ഉണർന്നപ്പോൾ മുറ്റത്താകെ പോക്കുവെയിൽ പരന്നിരുന്നു. ക്ഷീണമല്പം കുറഞ്ഞിരുന്നു. അവൾ എഴുന്നേറ്റു കുറച്ചു ജോലികളൊക്കെ ചെയ്തു. ഭക്ഷണവുമുണ്ടാക്കി. പക്ഷേ പൈനയെ അവിടെയെങ്ങും കണ്ടില്ല. ഇരുട്ടുവീണുതുടങ്ങിയപ്പോൾ അവൾ പൈനയെ അടുത്തവീടുകളിലൊക്കെ അന്വേഷിച്ചു. ആർക്കും അവളെവിടെയെന്നറിയില്ല. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പുഴയോരത്തുള്ള കൂട്ടുകാരിയുടെ വീട്ടിപോയിരിക്കുമെന്നു കരുതി ലിമ രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പിറ്റേദിവസവും പൈനയെ കണ്ടില്ല. ലിമ അവളെ അന്വേഷിച്ച് എല്ലായിടവും നടന്നു. അവളെക്കാണാതെ ഹൃദയംപൊട്ടി കരഞ്ഞു. അവളെ സഹകരിക്കാൻ തോന്നിയ നിമിഷത്തെപ്പഴിച്ച് ലിമ സ്വന്തം തലയിൽ അടിച്ചുകൊണ്ടിരുന്നു. താന്തോന്നിയായിരുന്നെങ്കിലും മകൾ അവൾക്കു ജീവന്റെ ജീവനായിരുന്നു.
ദിവസങ്ങളൊന്നൊന്നായി കടന്നുപോയി. ലിമയുടെ അസുഖമൊക്കെ ഭേദമായി. പക്ഷേ എത്ര ശ്രമിച്ചിട്ടും പൈനയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൾക്കെന്തുസംഭവിച്ചെന്ന് ആർക്കും ഒരറിവുമില്ല.
മാസങ്ങൾക്കുശേഷം ഒരുദിവസം അടുക്കളയുടെ പിൻഭാഗത്തെ തോട്ടം വൃത്തിയാക്കാൻ ചെന്നപ്പോൾ ലിമ അവിടെയൊരു വ്യത്യസ്തമായ പഴം പാകമായി നിൽക്കുന്നത് ശ്രദ്ധിച്ചു. ഇതുവരെ അങ്ങനെയൊന്നു കണ്ടിട്ടില്ല നാട്ടിലെങ്ങും. കൈകൾ നീട്ടിയതുപോലുള്ള ഇലകൾക്കു നടുവിൽ നിറയെ കണ്ണുകളുള്ള മുഖംപോലെ, മഞ്ഞനിറമുള്ള ഒരു കായ. തലയിലെ മുടിപോലെ കുറച്ചിലകളും.
വാർത്തയറിഞ്ഞ് ഗ്രാമവാസികളൊക്കെ ലിമയുടെ വീട്ടിലെത്തി. എല്ലാവരും പുതിയ ഫലത്തെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഗ്രാമത്തിലെ പ്രധാന പുരോഹിതനും വന്നുചേർന്നു. അയാൾ ലിമയോട് വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. എല്ലാം പറഞ്ഞകൂട്ടത്തിൽ പൈനയെ കാണാതായ കഥയും പറഞ്ഞു. വിശദമായി ചോദിച്ചറിഞ്ഞശേഷം ശാന്തനായി പുരോഹിതൻ പറഞ്ഞു.
"ലിമാ, ഈ ഫലം നിന്റെ മകൾ പൈനതന്നെയാണ്. വളരെ പ്രത്യേകതകളുള്ളൊരു ദിനത്തിലായിരുന്നു നീ അവളെ ശകാരിച്ചതും
ശരീരം മുഴുവൻ കണ്ണുകളുണ്ടാകട്ടെ എന്ന് ശപിച്ചതും. അന്ന് അമ്മമാരുടെ കാവൽമാലാഖ ഭൂമിയിലെത്തിയ ദിനമായിരുന്നു. മക്കൾ എന്താകണമെന്ന് അമ്മമാർ ആഗ്രഹിച്ചുവോ അതൊക്കെ നടത്തിക്കൊടുത്തിട്ടാണ് ആ മാലാഖ മടങ്ങിയത്. നിന്റെ ആഗ്രഹം നടത്തിയത് ശരീരം മുഴുവൻ കണ്ണുകളുള്ള ഈ പൈനയെ നിനക്ക് തന്നുകൊണ്ടാണ്."
ലാളിച്ചു വഷളാക്കിയ തന്റെ പൊന്നുമോൾക്ക് ഈ വിധി വന്നതിൽ ലിമ ഏറെ ദുഃഖിച്ചു. പക്ഷേ അവൾക്കു പരിഹാരമൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എങ്കിലും മകളോടുള്ള സ്നേഹാധിക്യത്താൽ അവൾ ആ പഴത്തിന് അവളുടെ പേരുനല്കി വിളിച്ചു. പൈന എന്ന്.
കാലം ഏറെ കഴിഞ്ഞപ്പോൾ അത് പൈനാപ്പിൾ എന്നായി മാറി.

No comments:
Post a Comment