എന്റെ പാട്ടോർമ്മകൾ - പ്രതിലിപി മത്സരം
===================================
'മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്.. കൊച്ചു
മലയാളമെന്നൊരു നാടുണ്ട്....'
ബുൾബുൾ എന്ന സംഗീതോപകരണത്തിൽനിന്നുയരുന്ന സാന്ദ്രസുന്ദരമായ ശബ്ദത്തിനൊപ്പം എന്റെ അച്ഛന്റെ ഇമ്പമുള്ള ആലാപനം......
വെറുമൊരു നാലരവയസ്സുകാരിയുടെ ഓർമ്മകളാണിത്. അതിനുമപ്പുറത്തേക്ക് ആ ഓർമ്മകൾ കൊണ്ടുപോകാൻ കലാമെന്നെ അനുവദിച്ചില്ല. അപ്പോഴേക്കും നിയന്താവ് എന്റെ ജന്മസുകൃതമായ അച്ഛനെ മടക്കിവിളിച്ചിരുന്നു.
സ്‌കൂൾപ്രധാനാദ്ധ്യാപകനായിരുന്ന അച്ഛൻ നല്ലൊരു പ്രസംഗകനും ഗായകനും ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിരുന്നു.
പലപ്പോഴും പല സാംസ്‌കാരികയോഗങ്ങളിലും സ്‌കൂൾ-കോളേജ് വാർഷികാഘോഷങ്ങളിലുമൊക്കെ പ്രധാനാതിഥിയായും പ്രഭാഷകനായുമൊക്കെ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു.
വിദ്യാലയങ്ങളിലെ സദസ്സാണെങ്കിൽ അച്ഛൻ കനപ്പെട്ട വിഷയങ്ങളൊന്നും പ്രസംഗത്തിനായി എടുക്കാറില്ലയെന്നാണ് അമ്മ പറഞ്ഞറിഞ്ഞിട്ടുള്ളത്. കുട്ടികൾക്കിഷ്ടപ്പെടുന്ന, എന്നാൽ പാഠങ്ങളുൾക്കൊള്ളുന്ന കഥകളോ കവിതകളോ ഒക്കെയാവും കരുതുക. അതുതന്നെ കഥാപ്രസംഗമായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കയാണ് പതിവ്. വീട്ടിലായിരിക്കും അതിന്റെ റിഹേഴ്സൽ. മിക്കവാറും ശനി, ഞായർ ദിവസങ്ങളിൽ. സ്‌കൂളിലെ ചില അദ്ധ്യാപരും ഉണ്ടാകും വീട്ടിലപ്പോൾ. രാത്രിയിലാണെങ്കിൽ ഞങ്ങൾ വീട്ടുകാർ മാത്രമേ ഉണ്ടാകൂ.
ഇതിന്റെ മുന്നോടിയായി എപ്പോഴും അച്ഛൻ പാടാറുണ്ടായിരുന്ന പാട്ടാണ് 'മാമലകൾക്കപ്പുറത്ത്...' അന്ന് വീട്ടിലുണ്ടായിരുന്ന 'ബുൾബുൾ' വായിച്ചുകൊണ്ടായിരുന്നു ആ മധുരാലാപനം.
മുറ്റത്തെവിടെയെങ്കിലും കളിച്ചുകൊണ്ടുനിൽക്കയാണെങ്കിലും ആ പാട്ടുകേട്ടാൽ ഞാനോടിച്ചെന്ന് അച്ഛന്റെ മടിയിൽക്കയറും.
ബാക്കിയുള്ളതൊക്കെ അച്ഛൻ എന്നെ മടിയിലിരുത്തിയാവും ചെയ്യുക. (ഇന്നും ആ പാട്ട് ടിവിയിലോമറ്റോ കേട്ടാൽ കാലങ്ങൾക്കപ്പുറത്തേക്കു സഞ്ചരിച്ച്, ഓടിപ്പോയി അച്ഛന്റെ മടിയിൽക്കയറാൻ മനസ്സ് വെമ്പൽകൊള്ളും)
അച്ഛനവതരിപ്പിച്ചിരുന്ന കഥാപ്രസംഗങ്ങളുടെ ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ശ്രീ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ആയിരുന്നു.
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുല എറിഞ്ഞു വെറും മണ്ണിൽ'
എന്നുവരെയെത്തുമ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകും. അവസാനംവരെ പിടിച്ചുനിന്നശേഷം ഒരു പൊട്ടിക്കരച്ചിലോടെ അച്ഛന്റെ കഴുത്തിൽ കൈകൾച്ചുറ്റി തോളിൽചാഞ്ഞുകിടക്കും. കുറേസമയത്തേക്ക് തേങ്ങിതേങ്ങിക്കരഞ്ഞുകൊണ്ടിരിക്കും. ആശ്വാസവാക്കുകൾ പറഞ്ഞ്, ഉമ്മകൾതന്ന് അച്ഛൻ സാന്ത്വനിപ്പിക്കും.
എന്റെ ഓർമ്മയിൽ, അച്ഛൻ കഥാപ്രസംഗരൂപത്തിൽ പറയാറുള്ള മറ്റു കഥകൾ, വയലാറിന്റെ 'ആയിഷ', ചങ്ങമ്പുഴയുടെ 'വാഴക്കുല', ഷേക്സ്പിയറിന്റെ 'വെനീസിലെ വ്യാപാരി' എന്നിവയായിരുന്നു.
ആയിഷയും വാഴക്കുലയും മാമ്പഴംപോലെതന്നെ എന്നെ ഏറെക്കരയിച്ച കഥകളാണ്.
അന്നുകേട്ട ആ കവിതാശകലങ്ങളൊക്കെ ഇന്നും മനസ്സിൽ മുഴങ്ങിനിൽക്കുന്നുണ്ട്. കവിതകളെ സ്നേഹിക്കാൻ എനിക്കുലഭിച്ച പ്രേരണാശക്തിയും നാലരവയസ്സിനുമുമ്പ് ഞാൻ കേട്ട്കരഞ്ഞ ആ കഥാപ്രസംഗങ്ങളാണ്. പിന്നീട് അധികകാലം എനിക്കതുകേൾക്കാൻ ഭാഗ്യമുണ്ടായതുമില്ല.
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുപോലുമില്ലാത്ത , ബുൾബുൾ എന്ന സംഗീതോപകരണത്തിൽ അച്ഛനുതിർത്ത നാദവീചികളാണ് ഇന്നോളം കേട്ടതിൽ എനിക്കേറ്റവും പ്രിയങ്കരമായ പശ്ചാത്തലസംഗീതം. വർഷങ്ങളെത്രയോ പോയ്മറഞ്ഞിയിട്ടും ഓർമ്മയിലിന്നും മുഴങ്ങിനിൽക്കുന്ന മധുരസംഗീതം!

നന്ദി സുഹൃത്തേ. ഹൃദ്യമായ അവതരണം. ആ അച്ഛന്റെ മകളായി ജനിക്കാനിടയായത് ഭാഗ്യം. ഏറെക്കാലം ആ സൗഭാഗ്യം അനുഭവിക്കാനിടയാകാഞ്ഞതിൽ ദുഃഖവും. അത്തരമൊരു പശ്ചാത്തലം അനുഭവിച്ചു വളർന്നയാളെന്ന നിലയിൽ അതുൾക്കൊള്ളാൻ കഴിയുന്നു. റിഹേഴ്സൽ നടത്തുന്ന അച്ഛന്റെ (ആ അച്ഛന്റെ പേരുകൂടി കാണാഞ്ഞതിൽ നിരാശ) മടിയിലിരിക്കുന്ന നാലര വയസ്സുകാരി മനക്കണ്ണിൽ. (മാത്രമല്ല, ഒരു സമപ്രായക്കാരി ഇവിടെയും കുസൃതികാട്ടുന്നു.) വായിച്ചപ്പോൾ അല്പം കണ്ണീർ പൊടിഞ്ഞുവോയെന്നു സംശയം.
ReplyDelete( കവിത, പാട്ട് , പുരാണപാരായണം, കഥാപ്രസംഗം ഒക്കെ കൈവശമുണ്ടായിരുന്ന ഐവർകാല ഗാനകോകിലം പണ്ഡിറ്റ് കെ.എസ് .നായർ എന്നു നാട്ടുകാർ വിളിച്ചിരുന്ന ഒരച്ഛന്റെ മകനായതിൽ എന്നും അഭിമാനിക്കുന്നു. പോസ്റ്റ് ഗ്രാജുവേഷൻ എത്തും വരെ അച്ഛൻ ഒപ്പമുണ്ടായിയെന്നതു ഭാഗ്യം.)
താങ്കൾക്ക് അത്തരമൊരു ഭാഗ്യം ലഭിച്ചില്ലെങ്കിലും സാഹിത്യസുഷമ വേണ്ടുവോളം ലഭിച്ചിരിക്കുന്നു. സന്തോഷം. അഭിനന്ദനങ്ങൾ..! ചുരുക്കം ചില എഴുത്തുകളിലൂടെ വേഗത്തിലൊന്നു കടന്നുപോയി. മനോഹരം. ഇഷ്ടപ്പെട്ടു.
സൗദിഅറേബിയയിലെ പ്രവാസത്തിൽ നാടിന്റെയും പോയകാലത്തിന്റെയും സ്മരണകൾ ഏറെപ്രിയം. അവയുമായി താദാത്മ്യം നേടാൻ പെട്ടെന്നു കഴിയുന്നു. യാദൃച്‌ഛികമായി എത്തിപ്പെട്ടതാണ്. പ്രവാസിക്കുട്ടികളെ ഭാഷ പഠിപ്പിക്കാനുള്ള മലയാളം മിഷന്റെ പ്രവർത്തകനായതോടെ വൈലോപ്പിള്ളിയുടെ 'ചെങ്ങാലിപ്രാവി'നെത്തേടി വെറുതേ ഗൂഗിളിലൊന്നു തപ്പിയതാണ്. താങ്കൾ രക്ഷിച്ചു.
താങ്കളുടെ ആത്മപ്രകാശനവും സാഹിത്യപ്രവർത്തനവും തളരാതെ തുടരട്ടെ. പലതിനും കമന്റുകളില്ലാത്തതിൽ വിഷമിക്കാനില്ല. ആരൊക്കെയോ അവ കാണുന്നുണ്ടാവും. കഴിയുംവിധം പ്രൊമോഷൻ നൽകുക. ആസ്വാദകരുണ്ടാകുന്നതിന്റെ സംതൃപ്തി ഒന്നുവേറെ . (ഒപ്പം കാലത്തിനനുസരിച്ചുള്ള സങ്കേതങ്ങളും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ കഴിയട്ടെ) എല്ലാവിധ ആശംസകളും..!
നന്ദി സുഹൃത്തേ.
സസ്നേഹം
വഴിപോക്കനായ ഒരു പോഴൻ - അന്തിപ്പോഴൻ
ഒരുപാടൊരുപാട് സന്തോഷം
Delete