Saturday, October 31, 2020

അനുഭവക്കുറിപ്പ്- ഗോവ മലയാളി

 കൊറോണക്കാലചിന്തകൾ

മുംബൈ - ഒരിക്കലുമുറങ്ങാത്ത മഹാനഗരി. വ്യത്യസ്തനാടുകളിനൽനിന്നുവന്നവർ, വിവിധഭാഷകൾ സംസാരിക്കുന്നവർ, വിവിധസാഹചര്യങ്ങളിൽ ജീവിക്കുന്നവർ - എല്ലാ വൈവിധ്യങ്ങളിലും ഏകോദരസഹോദരരായി ജീവിക്കുന്ന ഈ മഹാനഗരം നിശ്ചലമാവുകയെന്നത് സങ്കല്പിക്കാൻതന്നെ കഴിയുമായിരുന്നില്ല ഇക്കഴിഞ്ഞ മാർച്ച് 20 വരെ. 

മാർച്ച് 10നാണ് ആദ്യമായി മുംബൈയിൽ ഒരു കോവിഡ്കേസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോള്മുതൽ ജനം ഭീതിയിലായി. പലരും മുഖാവരണം ഉപയോഗിച്ചുതുടങ്ങി. മരുന്നുകടകളിൽ സാനിടൈസർ ആവശ്യക്കാർ കൂടിവന്നു ഉണ്ടായിരുന്നതൊക്കെ വളരെ വേഗം അപ്രത്യക്ഷമാവുകയും ചെയ്തു.  ചിലരെങ്കിലും വന്നുഭവിക്കാവുന്ന ദുരന്തകാലത്തെ ക്ഷാമം മുന്നിൽക്കണ്ട് അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങിയിരുന്നു. സൂപ്പർമാർക്കറ്റുകളിൽ അത് പ്രകടവുമായിരുന്നു.   

ഞാൻ താമസിക്കുന്ന കല്യാണിൽ മാർച്ച് 20 മുതൽ 31 വരെ  ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് പൊടുന്നനെയായിരുന്നു. വാഹനങ്ങളുടെയും തെരുവോരക്കച്ചവടക്കാരുടെയും  ശബ്ദകോലഹലങ്ങളില്ലാത്ത വിജനമായ നിരത്തുകൾ, അടഞ്ഞുകിടക്കുന്ന കച്ചവടസ്ഥാപനങ്ങൾ, പരീക്ഷകൾ നിർത്തിവെച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭക്തരുടെ സാന്നിധ്യമില്ലാത്ത ആരാധനാലയങ്ങൾ.   എല്ലാം പുതിയ അനുഭവം. പിറ്റേന്നു  സർക്കാർസ്ഥാപനങ്ങളും ഏതാണ്ടുപൂർണ്ണമായി അടഞ്ഞുകിടന്നു. സ്പന്ദനം പോലും നിലച്ചുപോയ ലോക്കൽട്രെയിനുകൾ നഗരത്തിന് ഇതാദ്യാനുഭവം. 21ന് രാജ്യം മുഴുവൻ നിശ്ചലമായി. അധികം കാത്തിരിക്കേണ്ടിവന്നില്ല രാജ്യം മുഴുവൻ ലോക്ക്ഡൌൺ എന്ന പുതിയ അനുഭവത്തിന്റെ കയ്പ്പും ചവർപ്പും രുചിക്കാൻ. അതിന്റെ കാലയളവ് നീണ്ടുനീണ്ടുപോയി. കൊറോണയെന്ന ദൃഷ്ടിഗോചരമല്ലാത്ത ഒരു സൂക്ഷ്മജീവിയിൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാട്.  മനുഷ്യൻ എത്ര ബാലഹീനനാണെന്നു തിരിച്ചറിഞ്ഞ നാളുകൾ. 

ഭക്ഷണസാധാനങ്ങളുടെ ദൗർലഭ്യം വളരെ ബുദ്ധിമുട്ടിച്ച ദിവസങ്ങളായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യനാളുകൾ. പഴങ്ങളും പച്ചക്കറികളും കിട്ടാനില്ലാത്തതുകൊണ്ടുള്ള വിഷമതയനുഭവിക്കുമ്പോൾ  എന്റെ ചിന്ത ദുരിതമനുഭവിക്കുന്ന  കൃഷിക്കാരെക്കുറിച്ചും കച്ചവടക്കാരെക്കുറിച്ചുമൊക്കെയായിരുന്നു. ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും ആർക്കുമുപയോഗിക്കാനാവാതെ നശിച്ചുപോയിരിക്കില്ലേ? അതുമൂലം എത്ര കർഷകരും കച്ചവടക്കാരുമാണ്  കഷ്ടതയാനുഭവിച്ചിരിക്കുക. വിവിധമേഖലകളിൽ  തൊഴിൽ  നഷ്ടപ്പെട്ട ലക്ഷക്കണക്കിനു  ജനങ്ങൾ സ്വന്തം നാട്ടിലെത്താൻ വാഹനസൗകര്യമില്ലാതെ പട്ടിണിയിൽക്കഴിഞ്ഞ നാളുകൾ. ഇങ്ങനെയൊരവസ്ഥ ദുഃസ്വപ്നങ്ങളിൽപ്പോലും നമ്മൾ കണ്ടിരുന്നതല്ല. പക്ഷേ പൊരുത്തപ്പെടാനല്ലാതെ നമുക്ക് കഴിയുമായിരുന്നില്ല. 

എല്ലാവിധ ആഡംബരങ്ങളിൽനിന്നും മനുഷ്യൻ ഒഴിഞ്ഞുനിന്ന നാളുകളായിരുന്നു ആ ദിനങ്ങൾ.  പരിമിതമായ ആവശ്യങ്ങൾ, യാത്രകളെ ജീവിതത്തിൽനിന്നുതന്നെ ഒഴിവാക്കിനിർത്തിയ ദിനരാത്രങ്ങൾ,   ആഘോഷങ്ങളില്ലാത്ത വിശേഷാവസരങ്ങൾ, ആധുനികവർത്താവിനിമയോപാധികളിൽ ആശ്വാസം തേടിയ നാളുകൾ. ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെ ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു! ചിലരെങ്കിലും വായനയിൽ ആശ്വാസംതേടി.  ഉറക്കത്തിനുമാത്രം വിട്ടിലുണ്ടാവുമായിരുന്ന പല കുടുംബാംഗങ്ങളും മുഴുവൻ സമയവും വീട്ടിൽ എന്ന ആനന്ദാനുഭവം കുഞ്ഞുങ്ങളെ ഏറെ സന്തോഷിപ്പിച്ചിരിക്കാമെങ്കിലും അവരിൽനിന്ന് അടർത്തിമാറ്റപ്പെട്ടത്  ചങ്ങാതിമാരോടൊപ്പമുള്ള കളികളും സഹവാസവുമാണ്. പുറത്തു കളിക്കുന്ന കുട്ടികളുടെ ശബ്ദകോലഹലങ്ങൾകൊണ്ടു മുഖരിതമായിരുന്ന സായന്തനങ്ങൾ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നു.  വൈകാരികമായി ഏറ്റവും നഷ്ടമനുഭവിച്ചിരിക്കുന്നതും കുട്ടികളാണ്. വളരെവേഗംതന്നെ കുട്ടികൾ ഈ ദുരവസ്ഥയോടു പൊരുത്തപ്പെട്ടു എന്നത് അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ. മാസ്‌കും സാനിട്ടൈസറും മറ്റെന്തിനേക്കാളും പ്രാധാന്യമേറിയ അവശ്യവസ്തുക്കളെന്ന് മുതിർന്നവരെപ്പോലെ കുഞ്ഞുങ്ങളും തിരിച്ചറിയുന്നു.  അന്നന്നത്തെ അന്നംതേടി പുറത്തുപോയിരുന്നവർക്ക് തികച്ചും നരകയാതന അനുഭവവേദ്യമായ ദുരിതകാലം. ആത്മഹത്യയല്ലാതെ അവർക്ക് മറ്റൊരുമാർഗ്ഗവും ഇല്ലാതായ നാളുകൾ!

ഈ ദുരിതകാലം നമുക്കു നൽകിയ തിരിച്ചറിവുകൾ ഏറെയാണ്.  മറ്റുള്ളവരിൽനിന്ന് അകലം പാലിച്ചും അങ്ങേയറ്റം ശുചിത്വം പരിശീലിച്ചും നമ്മളിന്നു ജീവിക്കാൻ പഠിച്ചു. സ്വയം രക്ഷതേടാനും ഒപ്പമുള്ളവരെ  രക്ഷിക്കാനും അത് അത്യാവശ്യമാണെന്ന് നമുക്കിന്നറിയാം. അതിഥികളെ അകറ്റിനിർത്താനും രോഗികളെപ്പോലും സന്ദർശിക്കാതിരിക്കാനും ആഘോഷങ്ങൾ പോയിട്ട് മരണാനന്തരചടങ്ങുകളില്പോലും  പങ്കെടുക്കാതിരിക്കാനും വീട്ടിലിരുന്നും ഈശ്വരാരാധന നടത്താമെന്നും നമ്മൾ നമ്മളെ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇതൊക്കെ നമുക്ക് സാധ്യമാകുന്നുമുണ്ട്. എങ്കിൽപോലും എത്രയുംവേഗം ഈ സ്ഥിതിയൊന്ന് മാറിയെങ്കിൽ എന്ന പ്രാർത്ഥനമാത്രം എല്ലാ മനസ്സുകളിലും ഉണ്ട്. ഒന്നും ചെയ്യാനില്ലാതെ വെറുതെ കടന്നുപോകുന്ന ദിനങ്ങൾ ആയുസ്സില്നിന്നുതന്നെ നഷ്ടമാകുന്നതുപോലെ. ഈ നാളുകൾ ഒരു ദുഃസ്വപ്നംപോലെ മാഞ്ഞുപോയിരുന്നെങ്കിൽ, പഴയതുപോലെയുള്ള  ജീവിതം തിരികെ വന്നെങ്കിൽ, അകലെയുള്ള പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞെങ്കിൽ, ഭയമില്ലാതെ സ്വതന്ത്രമായി യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്നൊക്കെ ആശിക്കുകയാണ്.  അനതിവിദൂരഭവിയിൽ  വാക്സിൻ സർവ്വസാധാരണമാകുമെന്നും കൊറോണവൈറസിനെ നമുക്കു പൊരുതിതോൽപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കാം.   കാലമെന്നതുതന്നെ മാറ്റമാണല്ലോ. ആ കാലംതന്നെ എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്നു പ്രത്യാശിക്കാം. 

Thursday, October 22, 2020

 

#ചെറുകവിതാമത്സരം#

ഉലകിൽ ഊഴം കാത്ത്

===================

ഇവിടെയീ സായന്തനക്കാഴ്ചയിലേകാകിയായ്

കാത്തിരിക്കയാണു ഞാൻ വിടചൊല്ലുവാനായി

പാദങ്ങൾ  മനംപോലെ ചലിക്കാൻ മടിക്കുന്നു,

കാഴ്ചകൾ നിറംമങ്ങി, കാതുകൾ കേൾക്കാതായി.

എന്നിട്ടും ധരിത്രീ, നിൻ കാഴ്ചകൾ ചേതോഹരം,

ശബ്ദഘോഷങ്ങൾക്കെത്ര മാധുരം തേൻതുള്ളിപോൽ!

അറിയില്ലിനിയൊരു ജന്മമുണ്ടെ,ങ്കിൽ വീണ്ടും 

ജനിക്കാം നിന്നിൽ സർവ്വംസഹയാം  ധരേ, മാതേ!

 

 


Tuesday, October 13, 2020

 'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'.

( മുംബൈ ജാലകത്തിൽ പ്രസിദ്ധീകരിച്ചത് )

ഈ ശീർഷകംതന്നെ എത്ര മനോഹരമാണല്ലേ?

പ്രിയസുഹൃത്തും മുംബൈമലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ സുരേഷ് നായരുടെ അനുഭവകഥാസമാഹാരമാണ് 'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'. പ്രഭാത് ബുക്ക്സ് (തിരുവനന്തപുരം) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീ ഇ ഐ എസ് തിലകന്റെ ആമുഖക്കുറിപ്പും ശ്രീ നിരണം കരുണാകരന്റെ അവതാരികയുംചേർന്നാണ് പുസ്തകം വായനക്കാർക്കു സമർപ്പിച്ചിരിക്കുന്നത്. 

സവിശേഷതയുള്ള രചനാശൈലിയിലൂടെ സാഹിത്യത്തിൻറെ വിവിധമേഖലകളിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള ശ്രീ സുരേഷ് നായർ തന്റെ ആദ്യഗ്രന്ഥത്തിലൂടെ വേറിട്ടൊരു വായനാനുഭവമാണ് അനുവാചകനു പകർന്നുനൽകുന്നത്. ജീവിതാനുഭവങ്ങളുടെ നവരസങ്ങൾക്കുമേൽ ഗ്രന്ഥകാരന്റെ സ്വതസിദ്ധമായ ഹാസ്യത്തിന്റെ മേന്പൊടികൂടെ ചേർത്തു രചിയ്ക്കപ്പെട്ട ഒരുപിടി ജീവസ്സുറ്റ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.  ഭാഷയുടെ ലാളിത്യവും രചനാശൈലിയിലെ സൗമ്യതയും വായനക്കാരന്റെ ഹൃദയം കീഴടക്കുമെന്നതിൽ ശങ്കയില്ല.   കുടുംബവും ചുറ്റുപാടുകളും സമൂഹവും ജന്മനാടും മുംബൈജീവിതവുമൊക്കെ ഈ രചനകൾക്ക് പശ്ചാത്തലമാകുന്നുണ്ട്, ആത്മകഥാംശമുള്ള ഈ രചനകളിലോരോന്നിലും. ഭാവനയ്ക്ക് വളരെ ചെറിയൊരു സ്ഥാനം മാത്രമേ വായനയിൽ നമുക്കനുഭവപ്പെടുന്നുള്ളു.  ഗുരുസ്മരണയോടെ തുടങ്ങി, മുരളിയെ ഓർക്കുമ്പോൾ, ഒരു മുത്തശ്ശിക്കഥ, സൈക്കിൾ, കൊച്ചി  നല്ല കൊച്ചി, വേലായുധൻ എന്ന ഭ്രാന്തൻ എന്നിങ്ങനെ പ്രളയം കഴുകിയ പാപക്കറകൾ വരെ  ഇരുപത്തിയേഴ്‌ രചനകളാണ് ഈ സമാഹാരത്തിലുള്ളത്. ജന്മനാട്ടിലെ  ബാല്യകൗമാരങ്ങളുടെ ദീപ്തസ്മരണകളും മുംബൈജീവിതത്തിന്റെ ചടുലതയുമൊക്കെ നമുക്കിവയിൽ വായിച്ചറിയാം. 

 

ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ എല്ലാ കഥകളിലെയും  പ്രധാനകഥാപാത്രമായ, നന്മയും മൂല്യബോധവും ഹൃദയത്തിൽ സൂക്ഷിക്കുന്ന   'ഞാൻ' വായനക്കാരന്റെ സ്വത്വവുമായി താദാത്മ്യപ്പെടുന്നു എന്നത് യാദൃശ്ചികമാകാം. സാധാരണജീവിതത്തിന്റെയും സാധാരണക്കാരന്റെ ചിന്തകളുടെയും അപഗ്രഥനം അങ്ങേയറ്റം സൂക്ഷ്മനിരീക്ഷണത്തിലൂടെ സാധ്യമാക്കുകയും തന്റേതായ കാഴ്ചപ്പാടുകളിലൂടെ ഹാസ്യാത്മകമായി അവ കഥാരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ കഥാകാരൻ പുലർത്തിയ സത്യസന്ധതയും ആത്മാർത്ഥതയുമാണ് ഈയൊരു യാദൃശ്ചികതയെ സംഭവ്യമാക്കിയത്. അതുതന്നെയാണ് എഴുത്തുകാരനെന്ന നിലയിൽ ശ്രീ സുരേഷ് നായരുടെ ഏറ്റവും വലിയ വിജയവും. 

ആശാൻകളരിയും സൈക്കിൾയജ്ഞവും വാടകസൈക്കിളും വട്ടച്ചെലവിനുള്ള ധനസമ്പാദനമാർഗ്ഗങ്ങളും   മുറുക്കിത്തുപ്പുന്ന അന്നമ്മച്ചേടത്തിയുമൊക്കെ കാലത്തിന്റെ പട്ടടയിൽ മറഞ്ഞുപോയ പ്രതിഭാസങ്ങളാണെങ്കിലും  ഒരു തലമുറയുടെ ഓർമ്മകളിൽ ഇന്നും അവയൊക്കെ ജ്വലിച്ചുനിൽക്കുന്നുണ്ട്. വിസ്മൃതിയുടെ വെണ്ണീർചൂടിയ ഈ ഓർമ്മക്കനലുകളെ ഉലയൂതിജ്വലിപ്പിക്കാൻ കൈക്കുമ്പിളിലെ നിനവുകൾ ഹേതുവായേക്കാം. 'വേലായുധൻ എന്ന ഭ്രാന്തൻ' എന്ന കഥയിലെ വേലായുധൻ എവിടെയെങ്കിലും ഏതെങ്കിലും പേരിൽ നമ്മളും കണ്ടുമുട്ടിയിട്ടുണ്ടാവും. മുംബൈജീവിതത്തിന്റെ ഓർമ്മച്ചിന്തുകളൊക്കെ ഓരോ മുംബൈമലയാളിക്കും ചിരപരിചിതങ്ങൾ. കുട, ആദായവില്പന മുതലായ കഥകളിൽ നമ്മളെത്തന്നെ നമുക്ക് കാണാൻ കഴിയും. നർമ്മത്തിന്റെ നിറച്ചാർത്തുകളിൽ  ഓർമ്മച്ചിത്രങ്ങൾ വരച്ചുചേർക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മളെ ചിന്തിപ്പിക്കാനുള്ള കുറിവാക്കുകളും തന്നുപോകുന്നുണ്ട് ഗ്രന്ഥകാരൻ. വൈശാലി എന്ന സുന്ദരിക്കുട്ടിയുടെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ നമ്മെ ഓർമ്മപ്പെടുത്തുന്ന  'സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോഴും സ്ഥാനം നിലനിർത്തുകയെന്നത് നിലനില്പിന്റെതന്നെ പ്രശ്നമാവുകയും ചെയ്യുമ്പോഴാണ് നായ്ക്കൾപോലും മുരളുകയും കുരയ്ക്കുകയും ചെയ്യുന്നത്' എന്ന സത്യം നിത്യജീവിതം നമ്മെ പലവിധത്തിൽ കാട്ടിത്തരുന്നില്ലേ? ഒരു നീണ്ട പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു  തിരികൊളുത്താൻ പ്രാപ്തമായ  'വേലിയിലിരുന്ന പാമ്പ്' എന്ന രചനതന്നെ ഈ പുസ്തകത്തിന്റെ തിലകക്കുറി. പ്രളയനാളുകളുടെ ഓർമ്മകൾ കോറിയിട്ട്, പ്രിയപ്പെട്ട നിളാനദിയുടെ കുഞ്ഞോളങ്ങളിൽ മനസ്സിനെ ആലോലമാട്ടി ഗ്രന്ഥകാരൻ ക്ഷണനേരത്തേക്കെങ്കിലും തന്റെ തൂലികയ്ക്കു വിശ്രമം കൊടുക്കുന്നു, കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തനനിരതനാകാൻ. 

ഇതിലെ രചനകളെല്ലാംതന്നെ ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാർക്ക് പരിചിതങ്ങളാണ്. പുസ്തകത്തിലൂടെ കൂടുതൽപേർ അതൊക്കെ വായിക്കാനിടയാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. ഇതിനകംതന്നെ തന്റെ ഹംസതൂലികാസ്പർശം കൊണ്ട് ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രചനകൾ സൃഷ്ടിച്ചിട്ടുള്ള ശ്രീ സുരേഷ് നായരെത്തേടി കൂടുതൽ അംഗീകാരങ്ങളെത്തട്ടെയെന്നും ആശംസിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്റെ മറ്റു കൃതികൾക്കായി കാത്തിരിക്കുന്നു. 

നീർമാതളം പൂക്കുമ്പോൾ

 നീർമാതളം പൂക്കുമ്പോൾ

=======================

കാലത്തിൻ വഴികളിലോർമ്മതൻ തേരേറി 

പിൻതിരിഞ്ഞൊന്നു ഞാൻ പോയീടട്ടെ 

ആയിരം കാതങ്ങളകലെയാണെങ്കിലും 

ഒരുമാത്ര മതിയെനിക്കവിടെയെത്താൻ .

അന്തിയിൽ മഞ്ഞിൽക്കുളിച്ചുവന്നെത്തുന്ന 

പൂർണ്ണേന്ദു  കണ്ണാടിനോക്കുമാപ്പൊയ്കയും   

നക്ഷത്രപ്പൂക്കൾ വിടർത്തിനിൽക്കുന്നതാം 

നീർമ്മാതളത്തിൻ ചുവട്ടിലെ തല്പവും

എൻമനോമുകുരത്തിലൊരുവർണ്ണചിത്രമായ്-

ത്തെളിയുന്നെന്നാത്മപ്രതിച്ഛായയായ് .

എൻപ്രിയതോഴീ, നാമിരുവരും ചേർന്നെത്ര

സായന്തനങ്ങൾക്കു വർണ്ണമേകി!  

ചുള്ളികൾക്കൊണ്ടു നാം കെട്ടിയുണ്ടാക്കിയ 

കേളീഗൃഹത്തിന്റെ പൂമുഖക്കോലായിൽ  

മക്കൾക്ക് നൽകുവാൻ കണ്ണഞ്ചിരട്ടയിൽ 

മണ്ണപ്പം, കഞ്ഞി, കറികളുമുണ്ടാക്കിയ- 

ന്നെത്രമേലാഹ്ലാപൂരിതം നമ്മൾചേർ-

ന്നമ്മയുമച്ചനുമായിക്കളിച്ചില്ലേ..

എങ്ങോ മറഞ്ഞുപോയക്കാലമൊക്കെയും

എന്നോ പിരിഞ്ഞു നാമേതോ വഴികളിൽ 

എങ്കിലുമെൻപ്രിയതോഴീ, നിന്നോർമ്മകൾ

ഹൃത്തിൽ വിടർത്തുന്നു നീർമാതളപ്പൂക്കൾ 

അക്കാലമെന്നുമെനിക്കെൻ മനസ്സിലെ 

നീർമാതളത്തിന്റെ പൊൻവസന്തം. 

 




Thursday, October 1, 2020

കാലം നൽകുന്ന മധുരക്കനികൾ (കഥ )

അത് അങ്ങനെ അല്ലായിരുന്നെങ്കിൽ
(കഥ )
കാലം നൽകുന്ന മധുരക്കനികൾ
.
ഫോണടിക്കുന്നതുകേട്ടാണ് നീന അടുക്കളയിൽനിന്നെത്തിയത്. ആഹാ! തൃഷയാണ്. ഒരുപാടുനേരത്തെ സംസാരം. എത്ര സന്തോഷവതിയാണിന്നവൾ!
നീനയുടെ ഓർമ്മകൾ വളരെ പിന്നിലേക്കുപോയി. മുംബൈയിൽ എത്തിയ നാളുകൾ.
കരിമ്പിൻജ്യൂസ് കടയിൽ രവിക്കും  കുഞ്ഞുമോനുമൊപ്പം ജ്യൂസിന് കാത്തിരിക്കുമ്പോഴാണ് എതിർവശത്തെ മേശക്കപ്പുറത്തിരുന്നു ജ്യൂസ് കുടിക്കുന്ന പെൺകുട്ടിയുടെ കണ്ണിൽ നീനയുടെ  കണ്ണുകളുടക്കിയത്. അവൾ തന്നെത്തന്നെ സാകൂതം  നോക്കിയിരിക്കുന്നല്ലോ എന്നത് നീനയ്ക്കു  കൗതുകമായി.  ശ്രദ്ധിക്കുന്നുവെന്നുകണ്ടപ്പോൾ അവൾ വേഗം എഴുന്നേറ്റ് അടുത്തേക്കുവന്നു.
"താങ്കൾ എന്റെ അമ്മയായിരിക്കുമോ?"
മുഖവുരയൊന്നുംകൂടാതെ മുംബൈഹിന്ദിയിൽ അവൾ ചോദിച്ചു. ഒരുനിമിഷം പകച്ചുപോയി. രവിയും നീനയും  മുഖത്തോടു  മുഖംനോക്കി. നീനയ്ക്കെങ്ങനെ അവളുടെ അമ്മയാവാൻ കഴിയും!
" കുട്ടീ, നിനക്കെത്രവയസ്സുണ്ട് ?" രവിയുടെ ചോദ്യം പെൺകുട്ടിയുടെ നേർക്ക്.
" 18 " അവൾ പറഞ്ഞു.
" അപ്പോൾപ്പിന്നെ 25 വയസ്സുള്ള   ഇവൾക്ക് നിന്റെ അമ്മയാവാൻ  കഴിയില്ല.  ഏഴുവയസ്സിൽ ഒരു പെൺകുട്ടിക്ക് പ്രസവിക്കാനാവില്ല. " രവി അതുപറഞ്ഞ് അവളെനോക്കി പുഞ്ചിരിച്ചു. നിരാശയോടെ അവൾ നടന്നുനീങ്ങി.
മറ്റൊരുദിവസം നീന കുഞ്ഞിനെയുമെടുത്ത് പാലുവാങ്ങുന്ന തബേല (തൊഴുത്ത്) യിൽ ക്യൂ  നിൽക്കുമ്പോൾ തൊട്ടുപിന്നിൽ അവൾ വന്നു നിന്നു. ഇത്തവണ കണ്ടതേ  അവൾ ചിരപരിചിതയെപ്പോലെ   നിറഞ്ഞൊരു  ചിരി സമ്മാനിച്ചുകൊണ്ടു  ചോദിച്ചു.
" ആന്റി മലയാളിയല്ലേ"
"അതേ"
പിന്നെയവൾ കുഞ്ഞിനെനോക്കി അവനോട് എന്തെക്കൊയോ കളിചിരികൾ പറഞ്ഞു. അവനും അവളെനോക്കി ചിരിക്കുകയും കൈ കൊട്ടുകയും തലയാട്ടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.  നീന  പാലുവാങ്ങിപ്പോകാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു
"ആന്റീ, എന്റെ അമ്മയും മലയാളിയാ "
ഹിന്ദിപറയാൻ അത്രവശമില്ലാതിരുന്നതുകൊണ്ടു നീന തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.
പിന്നെയും ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. മുംബൈജീവിതം നീനയ്ക്കും കുഞ്ഞിനും പരിചിതമായിക്കൊണ്ടിരുന്നു. ഭാഷയും മെല്ലെ വഴങ്ങിവന്നു. ഒരുദിവസം നീന ബേക്കറിയിൽ നിൽക്കുമ്പോഴാണ് വീണ്ടും അവളെ കണ്ടുമുട്ടിയത്. വർണ്ണക്കടലാസൊട്ടിച്ച കാർട്ടൻബോക്സുകളുടെ ഒരു വലിയ കെട്ടുമായാണ് അവൾ അവിടെ വന്നത്. പെട്ടെന്ന് ബേക്കറിയുടെ അകത്തുന്നൊന്നൊരു പയ്യൻവന്ന്  അതെടുത്തുകൊണ്ടുപോയി. കൗണ്ടറിൽ ഇരുന്നയാൾ അവൾക്കു പണവും കൊടുക്കുന്നതുകണ്ടു. ആവശ്യമുള്ള സാധങ്ങൾ വാങ്ങി നടക്കുമ്പോൾ ആന്റീ എന്നുവിളിച്ച് അവളും ഒപ്പം കൂടി.  മോന്റെ നേരേ  കൈനീട്ടിയപ്പോൾ  അവൻ ചിരിച്ചുകൊണ്ട് ചാടിച്ചെന്നു. പിന്നെ അവൾ വർത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. തൃഷ എന്നാണവളുടെ പേര്.11 )o ക്‌ളാസിൽ പഠിത്തം നിർത്തി. വീട്ടിലിരുന്ന് പലപല ജോലികൾ ചെയ്യുന്നു.  വലിയ സുന്ദരിയൊന്നുമല്ലെങ്കിലും ഓമനത്തമുള്ള മുഖം. നിഷ്കളങ്കമായ ചിരി. എവിടെയോ കണ്ടുമറന്ന മുഖം എന്ന് നീനയ്ക്കു തോന്നി.
പിന്നെ പലയിടത്തും അവളെക്കണ്ടു. സംസാരിച്ചുസംസാരിച്ചു നല്ല കൂട്ടായി. ഇവൾ പഠിക്കാൻ മടികാണിച്ചതെന്തെന്നു നീന ചിന്തിക്കാതിരുന്നില്ല. പക്ഷേ ചോദിച്ചതുമില്ല.
ഒരുദിവസം അവൾ വീട്ടിലേക്കു ക്ഷണിച്ചു.
നീനയുടെ ബിൽഡിങ്ങിൽനിന്ന് കുറച്ചകലെയായുള്ള ഒരു പഴയ മൂന്നുനിലക്കെട്ടിടത്തിലെ മുകൾനിലയിലെ  ഫ്ലാറ്റ്. പടികൾ കയറി മുകളിലേക്കു  നടക്കുമ്പോൾ പേടിതോന്നാതിരുന്നില്ല. ആകെക്കൂടെ പഴമയുടെയും ദാരിദ്ര്യത്തിന്റെയും ധാരാളിത്തമുള്ളൊരു ദ്രവിച്ചുതുടങ്ങിയ  കെട്ടിടം. പൊടിയും അഴുക്കും നിറഞ്ഞതാണു  ചുറ്റുപാടെങ്കിലും തുടച്ചു  വൃത്തിയാക്കിയിട്ടിരിക്കുന്ന  ഒരു വാതിൽ തുറന്ന് തൃഷ അകത്തേക്ക് കയറി. വീടിനുള്ളിലും ദാരിദ്ര്യത്തിന്റെ ദൃശ്യങ്ങളാണ്. സോഫയിലിരുന്ന് ഒരു  വൃദ്ധൻ ടിവി കാണുന്നുണ്ട്. ചേർന്നൊരു വടിയും. തൃഷയുടെ മുത്തച്ഛനാണ്.
അകത്തുനിന്ന് ദയനീയമായ സ്വരത്തിൽ ആരോ എന്തോ വിളിച്ചുചോദിക്കുന്നുണ്ട്. തൃഷ എന്തോ വിളിച്ചു പറഞ്ഞു. അത് മുത്തശ്ശി. രണ്ടുവർഷമായി കിടപ്പിലാണ്. പത്താംക്‌ളാസ്സിൽ  92 ശതമാനം മാർക്കുണ്ടായിരുന്നിട്ടും അവരെ നോക്കാനാണത്രെ അവൾ പഠിപ്പു നിർത്തിയത്. മുത്തശ്ശനും തീരെ വയ്യ. വടിയില്ലാതെ നടക്കാനാവില്ല. അതുകൊണ്ടു രണ്ടുപേർക്കും തുണയായി അവൾ എപ്പോഴും അടുത്തുണ്ടാവണം. പുറത്തുപോയി ജോലിചെയ്യാനാവാത്തതുകൊണ്ടു വീട്ടിലിരുന്നു ചെയ്യാവുന്ന   ജോലികളൊക്കെ ചെയ്യുന്നു. കാർട്ടൺ ബോക്സുകൾ, തുണികൊണ്ടുള്ള പൂക്കൾ, പൂമാലകൾ എന്നിവയൊക്കെ നിർമ്മിച്ചുകൊടുക്കും. കുറച്ചുസമയം ചെറിയ കുട്ടികൾക്ക് ട്യൂഷൻ ക്‌ളാസ് നടത്തും. അങ്ങനെയൊക്കെ ഭക്ഷണത്തിനും മരുന്നിനുമൊക്കെ വക കണ്ടെത്തുന്നു.
പെട്ടെന്നാണ് ഭിത്തിയിലെ  ഒരു ഫോട്ടോ നീനയുടെ  കണ്ണിൽപ്പെട്ടത്.  ഒരു സ്ത്രീയും പുരുഷനും . അവളുടെ ഏകദേശരൂപമുള്ളൊരു സ്ത്രീ. ഒറ്റനോട്ടത്തിൽ നീനയാണെന്നു പറയും.
"ഇതാണെന്റെ അച്ഛനും അമ്മയും" തൃഷ ഒരുഗ്ലാസ്സ് വെള്ളം കൊടുത്തുകൊണ്ട്   പറഞ്ഞു.
ഇതേ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ തന്റെ വീട്ടിലും ഉണ്ടല്ലോയെന്നവൾ ഓർത്തു.
" ആന്റീ, എന്റെ അമ്മയെക്കണ്ടാൽ  ആന്റിയെപ്പോലെ തോന്നുന്നില്ലേ?" അവൾ ചെറിയൊരു കണ്ണാടിയുമായി വന്നു. നീനയ്ക്ക് ആകെ ഒരമ്പരപ്പായി. തൃഷ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
മോൻ ശാഠ്യം  തുടങ്ങിയതുകൊണ്ടു നീന വേഗം അവിടെനിന്നു മടങ്ങി.
വീട്ടിലേക്കു നടക്കുന്നവഴിയിൽ തൃഷയുടെ വീട്ടിൽക്കണ്ട ഫോട്ടോ ആയിരുന്നു നീനയുടെ ചിന്തയിലത്രയും. ഒടുവിൽ അവൾക്കു നേരിയൊരോർമ്മവന്നു. മാലിനിയപ്പച്ചി. നാലോ അഞ്ചോ  വയസ്സുള്ളപ്പോൾ കണ്ട ഓർമ്മയേയുള്ളു. പിന്നെ ഫോട്ടോകൾ മാത്രമാണ് കണ്ടിട്ടുള്ളത്. ആ ഫോട്ടോ   കാണുമ്പോഴേ അച്ഛമ്മയുടെ കണ്ണ് നിറയുമായിരുന്നു. നീനയ്ക്ക് മാലിനിയപ്പച്ചിയുടെ ഛയായായിരുന്നു. തൃഷ മാലിനിയപ്പച്ചിയുടെ മകളാണ്. തന്റെ അനിയത്തി. നീനയുടെ മനസ്സിൽ വല്ലാത്തൊരു കുളിരോ തണുപ്പോ ചൂടോ ഒക്കെ ഒന്നിച്ചനുഭവപ്പെട്ടു. രക്തം രക്തത്തെ തിരിച്ചറിയുന്ന  ഒരസുലഭനിമിഷം!
പറഞ്ഞുകേട്ട കഥയാണ്. അച്ഛന്റെ ഒരേയൊരു സഹോദരി. കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുമ്പോൾ മുംബൈക്കാരനായ രോഹിത് കുൽക്കർണി എന്ന സീനിയർ വിദ്യാർത്ഥിയുമായി പ്രണയത്തിലായത്രേ. അച്ചച്ചൻ  കലിതുള്ളി. അങ്ങനെയൊന്നു ചിന്തിക്കാനേ തറവാടിയായ അച്ചച്ചന്  കഴിയുമായിരുന്നില്ല. പക്ഷേ അപ്പച്ചി അരേയുമറിയിക്കാതെ രോഹിതിനൊപ്പം  മുംബൈക്ക് പോയി. കുൽകർണ്ണികുടുംബം വർഷങ്ങളായി കൊച്ചിയിൽ എന്തോ ബിസിനസ്സ് നടത്തിവന്നിരുന്നു. രോഹിത് കോഴിക്കോട് പഠിക്കാനെത്തിയ സമയത്താണ് പിതാവിന്റെ ബിസിനസ്സ് തകർച്ചിയിലായതും കുടുംബം മുംബൈയിലേക്ക്‌ പോയതും. പിന്നീട് രോഹിത് മുംബൈയിലെത്തി നല്ല ജോലിയിലുമായി. അപ്പച്ചിയുടെ  പഠിപ്പു കഴിഞ്ഞപ്പപ്പോൾ ആരുമറിയാതെ  രോഹിത് ഹോസ്റ്റലിൽ  വന്നു കൂട്ടിക്കൊണ്ടുപോയത്രേ! അവിടെയെത്തി അപ്പച്ചി പലതവണ  കത്തെഴുതി. ആരും മറുപടി എഴുതരുതെന്ന് അച്ചച്ചൻ കർശനമായി വിലക്കി. ഒടുവിൽ അപ്പച്ചിയുടെ കത്തുവരുന്നത്  നിന്നു..
പിന്നീടുള്ള കാര്യങ്ങളൊന്നും ആരും അറിഞ്ഞിരുന്നില്ല.

കാലങ്ങൾ കഴിഞ്ഞപ്പോൾ അപ്പച്ചിയെ വിളിക്കണമെന്നും തിരികൊണ്ടുവരണമെന്നും നീനയുടെ അച്ഛമ്മയും അച്ചച്ചനും അച്ഛനുമൊക്കെ ആഗ്രഹിച്ചെങ്കിലും അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരുപാടു തിരക്കിയെങ്കിലും കുൽക്കർണികുടുംബത്തെക്കുറിച്ച്  ഒരു വിവരവും കിട്ടിയില്ല.  അപ്പച്ചിയുടെ കഥ ഒരു അടഞ്ഞ അദ്ധ്യായമായി മാറുകയായിരുന്നു. എങ്കിലും കുടുംബസ്വത്തിൽ അവരുടെ  ഭാഗം അവർക്കായിത്തന്നെ അച്ചച്ചൻ  മാറ്റിവെച്ചിട്ടുണ്ട്. എന്നെങ്കിലും മടങ്ങിവന്നാൽ കൊടുക്കാൻ.

അടുത്തദിവസം നീന വീണ്ടും തൃഷയുടെ വീട്ടിലെത്തി. ഹൃദയത്തിൽ സ്നേഹം നിറഞ്ഞൊഴുകുകയാണ്. തൃഷ വാതിൽ തുറന്നതും നീന അവളെ മുറുകെപ്പുണർന്നു. ഒരു ജന്മസ്‌നേഹം മുഴുവൻ പകർന്ന് അവളെ തെരുതെരെ ചുംബിച്ചു. പിന്നെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. തൃഷയ്ക്ക് ആകെ അമ്പരപ്പായിരുന്നു. നീന കഥകളൊക്കെ പറഞ്ഞുകേൾപ്പിച്ചു. തൃഷയും കരഞ്ഞുകൊണ്ടാണ് ഒക്കെ കേട്ടത്.
മുംബൈയിലെത്തിയശേഷം മാലിനിയപ്പച്ചിക്ക് എന്തുസംഭവിച്ചുവെന്നറിയാൻ നീനയ്ക്ക് ആകാംക്ഷയായി.
തൃഷ കുറേസമയം ഒന്നും മിണ്ടാതിരുന്നശേഷം പറഞ്ഞുതുടങ്ങി.
മുംബൈയിൽ അവളുടെ അമ്മയ്ക്ക് അത്ര നല്ല സ്വീകരണമൊന്നുമായിരുന്നില്ല ലഭിച്ചത്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും അവളെ ജോലിക്കുപോകാൻ രോഹിതിന്റെ മാതാപിതാക്കൾ അനുവദിച്ചില്ല. തൃഷയുടെ മുത്തശ്ശിയും രോഹിതിന്റെ സഹോദരിയും  മാലിനിയെ നന്നായി ഉപദ്രവിക്കുമായിരുന്നു. എപ്പോഴും ശകാരം. തരംകിട്ടുമ്പോഴൊക്കെ ദേഹോപദ്രവവും. ഒക്കെ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു ആ പാവം. ഒടുവിൽ തൃഷ ജനിച്ചതോടെ ഉപദ്രവം കൂടുതലായി. പെൺകുഞ്ഞിനെ പ്രസവിച്ചവളാണത്രേ! തൃഷയ്ക്ക് അമ്മയുടെ കണ്ണീരുണങ്ങാത്ത മുഖമാണ് ഓർമ്മയിലുള്ളത്.

അവൾക്ക് അഞ്ചോ ആറോ  വയസ്സുള്ളപ്പോൾ ഒരുദിവസം അച്ഛനും അമ്മയുമായും വലിയ വഴക്കുണ്ടായി . അമ്മ എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു. അച്ഛൻ അമ്മയെ പൊതിരെത്തല്ലി. കുറേനേരം അമ്മ തൃഷയെചേർത്തുപിടിച്ചു കരഞ്ഞു. ഒടുവിൽ അവൾ ഉറങ്ങിപ്പോയി. പിറ്റേന്ന് അമ്മ അവിടെയുണ്ടായിരുന്നില്ല. എന്താണുണ്ടായതെന്ന് ഇപ്പോഴും അവൾക്കറിയില്ല. അമ്മ വീടുവിട്ടുപോയി എന്നാണ് മുത്തശ്ശിയും മറ്റുള്ളവരും തൃഷയോടു പറഞ്ഞത്. ആരും അവളുടെ  അമ്മയെ അന്വേഷിച്ചതുമില്ലത്രേ!
അമ്മ ഈ മഹാനഗരത്തിൽ  എവിടെയെങ്കിലും സുഖമായി ജീവിച്ചിരിക്കുന്നു എന്നാണ് അവൾ ഇപ്പോഴും വിശ്വസിക്കുന്നത്.
അമ്മ പോയതോടെ അച്ഛന്റെയും രീതികളാകെ മാറി. ജോലിയിൽ ശ്രദ്ധയില്ലാതായി. ഒടുവിൽ ഒരപകടത്തെത്തുടർന്ന്  വളരെക്കാലം ആശുപത്രിയിലുമായി. ഇടക്ക് അച്ഛന്റെ സഹോദരിയുടെ വിവാഹം നടന്നു. അവർ വിദേശത്തെവിടെയോ ആണ്. നാട്ടിലേക്കു വരാറൊന്നുമില്ല. അച്ഛന്റെ ചികിത്സ നടത്തി സമ്പാദ്യമൊക്കെ തീർന്നിരുന്നു. പക്ഷേ  ഫലമൊന്നുമുണ്ടായില്ല. രോഹിത്  ആശുപത്രിക്കിടക്കയിൽത്തന്നെ അന്ത്യയാത്ര പറഞ്ഞു. അപ്പോഴേക്കും  അവർ താമസിച്ചിരുന്ന വലിയ ഫ്ലാറ്റും വിൽക്കേണ്ടിവന്നു. വാടകയ്ക്കുകൊടുത്തിരുന്ന ഈ പഴയ ഫ്ലാറ്റിലേക്ക് താമസം മാറി. അതിനിടയിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും രോഗങ്ങൾ. അങ്ങനെ തൃഷയുടെ ജീവിതംതന്നെ മാറിമറിഞ്ഞു.

പിന്നെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. വിവരങ്ങളറിഞ്ഞ നീനയുടെ അച്ഛൻ ഒട്ടും വൈകാതെ മുംബൈയിലെത്തി. തൃഷ തന്റെ  അമ്മാവന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി. അവൾ മറ്റൊരു ലോകത്തെത്തപ്പെട്ടതുപോലെയായിരുന്നു. അദ്ദേഹം അവളോടൊപ്പംതന്നെ ഒരുമാസത്തോളം താമസിച്ചു.  മുത്തശ്ശനും മുത്തശ്ശിക്കും നല്ല വൈദ്യസഹായം ഏർപ്പാടാക്കി. അവരെ നോക്കാൻ ഹോംനേഴ്‌സിനെയും നിയമിച്ചു.  തൃഷയെ തുടർന്ന് പഠിപ്പിക്കാനും വേണ്ടതെല്ലാം ഏർപ്പാടാക്കിയാണ് അദ്ദേഹം മടങ്ങിയത്. അതിനുവേണ്ട പണച്ചെലവുകൾക്കായി സഹോദരിക്ക് അവകാശപ്പെട്ട ബാങ്ക് നിക്ഷേപം സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശ എല്ലാ മാസവും ലഭിക്കത്തക്കരീതിയിൽ മാറ്റി.  മാലിനിയപ്പച്ചിയുടെ സ്വത്തുവകകളെല്ലാം തൃഷയുടെ പേരിലാക്കാനും വേണ്ടത് ചെയ്തു. കുറച്ചു കാലതാമസം വന്നുവെങ്കിലും അതൊക്കെ വേണ്ടവിധത്തിൽ നടന്നുകിട്ടി. തൃഷ വളരെ സന്തോഷവതിയായി ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. മിടുക്കിയായി പഠിച്ചു. ഇംഗ്ലീഷ് സാഹിത്യമാണ് അവൾ ഉപരിപഠനത്തിനു തിരഞ്ഞെടുത്തത്. എം എ, എം ഫിൽ   കഴിഞ്ഞു ജോലിക്കായി ശ്രമിക്കുമ്പോൾ അമ്മാവൻ  അവളോട് വിവാഹക്കാര്യം അവതരിപ്പിച്ചു. അവൾക്ക് നാട്ടിലുള്ള ഒരു മലയാളിപ്പയ്യനെ മതിയത്രേ!
പക്ഷേ  അത് അത്ര എളുപ്പമുള്ളതായിരുന്നില്ല. നീനയുടെ അച്ഛൻ ഒരുപാടു പരിശ്രമിച്ചിട്ടാണ് അവൾക്കു യോജിച്ചൊരു പയ്യനെ കണ്ടെത്താനായത്.
തൃഷയുടെ ആഗ്രഹപ്രകാരം കേരളത്തിലെ പ്രശസ്തമായൊരു കോളേജിൽ അദ്ധ്യാപകനായ രവിശങ്കർ അവൾക്കു വരനായി.  . അവളിന്ന് മലയാളക്കരയിൽ സന്തോഷവതിയായി കഴിയുന്നു. അഹാനയുടെ അമ്മയായി, നൊരവധി കോളേജ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായി. .
അന്ന്  ആ കരിമ്പിൻജ്യൂസ് കടയിൽ താനവളെ കണ്ടില്ലായിരുന്നുവെങ്കിൽ ....... നീനയ്ക്ക് അങ്ങനെയൊന്നു ചിന്തിക്കാനേ ഇപ്പോൾ   കഴിയുന്നില്ല. കാലത്തിനു നന്ദി പറയാൻ മാത്രമേ അവൾക്കാവുന്നുള്ളു.