'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'.
( മുംബൈ ജാലകത്തിൽ പ്രസിദ്ധീകരിച്ചത് )
ഈ ശീർഷകംതന്നെ എത്ര മനോഹരമാണല്ലേ?
പ്രിയസുഹൃത്തും മുംബൈമലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ സുരേഷ് നായരുടെ അനുഭവകഥാസമാഹാരമാണ് 'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'. പ്രഭാത് ബുക്ക്സ് (തിരുവനന്തപുരം) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീ ഇ ഐ എസ് തിലകന്റെ ആമുഖക്കുറിപ്പും ശ്രീ നിരണം കരുണാകരന്റെ അവതാരികയുംചേർന്നാണ് പുസ്തകം വായനക്കാർക്കു സമർപ്പിച്ചിരിക്കുന്നത്.
സവിശേഷതയുള്ള രചനാശൈലിയിലൂടെ സാഹിത്യത്തിൻറെ വിവിധമേഖലകളിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള ശ്രീ സുരേഷ് നായർ തന്റെ ആദ്യഗ്രന്ഥത്തിലൂടെ വേറിട്ടൊരു വായനാനുഭവമാണ് അനുവാചകനു പകർന്നുനൽകുന്നത്. ജീവിതാനുഭവങ്ങളുടെ നവരസങ്ങൾക്കുമേൽ ഗ്രന്ഥകാരന്റെ സ്വതസിദ്ധമായ ഹാസ്യത്തിന്റെ മേന്പൊടികൂടെ ചേർത്തു രചിയ്ക്കപ്പെട്ട ഒരുപിടി ജീവസ്സുറ്റ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഭാഷയുടെ ലാളിത്യവും രചനാശൈലിയിലെ സൗമ്യതയും വായനക്കാരന്റെ ഹൃദയം കീഴടക്കുമെന്നതിൽ ശങ്കയില്ല. കുടുംബവും ചുറ്റുപാടുകളും സമൂഹവും ജന്മനാടും മുംബൈജീവിതവുമൊക്കെ ഈ രചനകൾക്ക് പശ്ചാത്തലമാകുന്നുണ്ട്, ആത്മകഥാംശമുള്ള ഈ രചനകളിലോരോന്നിലും. ഭാവനയ്ക്ക് വളരെ ചെറിയൊരു സ്ഥാനം മാത്രമേ വായനയിൽ നമുക്കനുഭവപ്പെടുന്നുള്ളു. ഗുരുസ്മരണയോടെ തുടങ്ങി, മുരളിയെ ഓർക്കുമ്പോൾ, ഒരു മുത്തശ്ശിക്കഥ, സൈക്കിൾ, കൊച്ചി നല്ല കൊച്ചി, വേലായുധൻ എന്ന ഭ്രാന്തൻ എന്നിങ്ങനെ പ്രളയം കഴുകിയ പാപക്കറകൾ വരെ ഇരുപത്തിയേഴ് രചനകളാണ് ഈ സമാഹാരത്തിലുള്ളത്. ജന്മനാട്ടിലെ ബാല്യകൗമാരങ്ങളുടെ ദീപ്തസ്മരണകളും മുംബൈജീവിതത്തിന്റെ ചടുലതയുമൊക്കെ നമുക്കിവയിൽ വായിച്ചറിയാം.
ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ എല്ലാ കഥകളിലെയും പ്രധാനകഥാപാത്രമായ, നന്മയും മൂല്യബോധവും ഹൃദയത്തിൽ സൂക്ഷിക്കുന്ന 'ഞാൻ' വായനക്കാരന്റെ സ്വത്വവുമായി താദാത്മ്യപ്പെടുന്നു എന്നത് യാദൃശ്ചികമാകാം. സാധാരണജീവിതത്തിന്റെയും സാധാരണക്കാരന്റെ ചിന്തകളുടെയും അപഗ്രഥനം അങ്ങേയറ്റം സൂക്ഷ്മനിരീക്ഷണത്തിലൂടെ സാധ്യമാക്കുകയും തന്റേതായ കാഴ്ചപ്പാടുകളിലൂടെ ഹാസ്യാത്മകമായി അവ കഥാരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ കഥാകാരൻ പുലർത്തിയ സത്യസന്ധതയും ആത്മാർത്ഥതയുമാണ് ഈയൊരു യാദൃശ്ചികതയെ സംഭവ്യമാക്കിയത്. അതുതന്നെയാണ് എഴുത്തുകാരനെന്ന നിലയിൽ ശ്രീ സുരേഷ് നായരുടെ ഏറ്റവും വലിയ വിജയവും.
ആശാൻകളരിയും സൈക്കിൾയജ്ഞവും വാടകസൈക്കിളും വട്ടച്ചെലവിനുള്ള ധനസമ്പാദനമാർഗ്ഗങ്ങളും മുറുക്കിത്തുപ്പുന്ന അന്നമ്മച്ചേടത്തിയുമൊക്കെ കാലത്തിന്റെ പട്ടടയിൽ മറഞ്ഞുപോയ പ്രതിഭാസങ്ങളാണെങ്കിലും ഒരു തലമുറയുടെ ഓർമ്മകളിൽ ഇന്നും അവയൊക്കെ ജ്വലിച്ചുനിൽക്കുന്നുണ്ട്. വിസ്മൃതിയുടെ വെണ്ണീർചൂടിയ ഈ ഓർമ്മക്കനലുകളെ ഉലയൂതിജ്വലിപ്പിക്കാൻ കൈക്കുമ്പിളിലെ നിനവുകൾ ഹേതുവായേക്കാം. 'വേലായുധൻ എന്ന ഭ്രാന്തൻ' എന്ന കഥയിലെ വേലായുധൻ എവിടെയെങ്കിലും ഏതെങ്കിലും പേരിൽ നമ്മളും കണ്ടുമുട്ടിയിട്ടുണ്ടാവും. മുംബൈജീവിതത്തിന്റെ ഓർമ്മച്ചിന്തുകളൊക്കെ ഓരോ മുംബൈമലയാളിക്കും ചിരപരിചിതങ്ങൾ. കുട, ആദായവില്പന മുതലായ കഥകളിൽ നമ്മളെത്തന്നെ നമുക്ക് കാണാൻ കഴിയും. നർമ്മത്തിന്റെ നിറച്ചാർത്തുകളിൽ ഓർമ്മച്ചിത്രങ്ങൾ വരച്ചുചേർക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മളെ ചിന്തിപ്പിക്കാനുള്ള കുറിവാക്കുകളും തന്നുപോകുന്നുണ്ട് ഗ്രന്ഥകാരൻ. വൈശാലി എന്ന സുന്ദരിക്കുട്ടിയുടെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ നമ്മെ ഓർമ്മപ്പെടുത്തുന്ന 'സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോഴും സ്ഥാനം നിലനിർത്തുകയെന്നത് നിലനില്പിന്റെതന്നെ പ്രശ്നമാവുകയും ചെയ്യുമ്പോഴാണ് നായ്ക്കൾപോലും മുരളുകയും കുരയ്ക്കുകയും ചെയ്യുന്നത്' എന്ന സത്യം നിത്യജീവിതം നമ്മെ പലവിധത്തിൽ കാട്ടിത്തരുന്നില്ലേ? ഒരു നീണ്ട പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താൻ പ്രാപ്തമായ 'വേലിയിലിരുന്ന പാമ്പ്' എന്ന രചനതന്നെ ഈ പുസ്തകത്തിന്റെ തിലകക്കുറി. പ്രളയനാളുകളുടെ ഓർമ്മകൾ കോറിയിട്ട്, പ്രിയപ്പെട്ട നിളാനദിയുടെ കുഞ്ഞോളങ്ങളിൽ മനസ്സിനെ ആലോലമാട്ടി ഗ്രന്ഥകാരൻ ക്ഷണനേരത്തേക്കെങ്കിലും തന്റെ തൂലികയ്ക്കു വിശ്രമം കൊടുക്കുന്നു, കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തനനിരതനാകാൻ.
ഇതിലെ രചനകളെല്ലാംതന്നെ ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാർക്ക് പരിചിതങ്ങളാണ്. പുസ്തകത്തിലൂടെ കൂടുതൽപേർ അതൊക്കെ വായിക്കാനിടയാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. ഇതിനകംതന്നെ തന്റെ ഹംസതൂലികാസ്പർശം കൊണ്ട് ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രചനകൾ സൃഷ്ടിച്ചിട്ടുള്ള ശ്രീ സുരേഷ് നായരെത്തേടി കൂടുതൽ അംഗീകാരങ്ങളെത്തട്ടെയെന്നും ആശംസിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്റെ മറ്റു കൃതികൾക്കായി കാത്തിരിക്കുന്നു.
No comments:
Post a Comment