പരിണാമത്തിന്റെ കാലൊച്ച
.
സ്ഥായിയായൊന്നുമില്ലീപ്രപഞ്ചത്തിലോ,
മാറുന്നീ വിശ്വവും നോക്കിനിൽക്കേ
മാറ്റമില്ലാത്തതീ മാറ്റത്തിനാണെന്നു
ചൊല്ലിയ നാവിനെകുമ്പിടുന്നേൻ !
എങ്കിലും മാറ്റമില്ലാതെ നില്ക്കുന്നതീ
മാനവൻതന്റെ മനോഗതത്തിൽ
നന്മയില്ലാത്തതാം ചിന്തകൾ, ചെയ്തികൾ
മാറ്റേണ്ടകാലം കഴിഞ്ഞതില്ലേ!
വേണം നമുക്കൊരു മാറ്റം നവീനാമം
ജീവിതപാതകൾ തേടുവാനായ്
വേണം നമുക്കൊരു മാറ്റം ജഗത്തിന്റെ
നന്മയ്ക്കു വേണ്ടി പ്രയത്നിക്കുവാൻ
വേണം നമുക്കൊരു മാറ്റം ധരിത്രിതൻ
കണ്ണീരുകാണുവാൻ, കൺനിറയാൻ
വേണം നമുക്കൊരു മാറ്റം കുടിനീരിൽ
കന്മഷം തീണ്ടാതെ കാത്തുകൊള്ളാൻ
വേണം നമുക്കൊരു മാറ്റ,മീയുച്ഛ്വാസ-
വായുവിൽ വിഷധൂളി പടരാതിരിക്കുവാൻ
വേണം നമുക്കൊരു മാറ്റം ദിനംതോറും
ശുദ്ധമാമന്നം രുചിയറിഞ്ഞുണ്ണുവാൻ
വേണം നമുക്കൊരു മാറ്റം കിടാങ്ങൾക്കു
കേളികൾക്കായ് ശുദ്ധമണ്ണിടം തീർക്കുവാൻ
വേണം നമുക്കൊരു മാറ്റം വസുന്ധര-
തന്നുടെ ഹരിതാഭകഞ്ചുകം രക്ഷിക്കാൻ
വേണം നമുക്കൊരു മാറ്റം ധരിണിക്കു
കുടയാകും കാടിനെ കാത്തീടുവാൻ.
വേണം നമുക്കൊരു മാറ്റം, ജഗത്തിന്റെ
ഭാഗമാം ജീവജാലങ്ങളെക്കാക്കുവാൻ
വയ്ക്കാം നമുക്കൊരു കാൽപാദം മാറ്റത്തിൻ
നാളേക്കുവേണ്ടിയീയിന്നിന്റെ സന്ധ്യയിൽ .
കാത്തിരിക്കാം സർവ്വനന്മതന്നൊളിവീശും
സുന്ദരസുഭഗമാം പൊന്നുഷസ്സിന്നായി.
No comments:
Post a Comment