========================================
മലയാളഭാഷയ്ക്കും മലയാളസാഹിത്യത്തിനും മറ്റുപല ഭാഷകളെയുംപോലെ വളരെപ്പഴയൊരു പൗരണികതയൊന്നും അവകാശപ്പെടാനില്ല. വായ്മൊഴികളിലൂടെ രൂപംകൊണ്ട നാടോടിപ്പാട്ടുകളും നാടോടിക്കഥകളും ഒക്കെയായിരിക്കാം മലയാളത്തിലെ ആദ്യസാഹിത്യസൃഷ്ടികൾ. അവയൊക്കെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് വായ്‌താരികളായിമാത്രം പകർന്നുകൊടുക്കപ്പെട്ടവയാണ്. ആശയത്തിലും ഭാഷയിലുമുള്ള ലാളിത്യവും സാധാരണജീവിതത്തോട് നീതിപുലർത്തുന്ന ഇതിവൃത്തങ്ങളും ഈ സൃഷ്ടികളുടെ സവിശേഷതയാണ്. എന്നാൽ എഴുതപ്പെട്ട സാഹിത്യത്തിൻറെ തുടക്കംതന്നെ മറ്റുഭാഷകളിലെ സാഹിത്യകൃതികളെ അനുകരിച്ചുകൊണ്ടോ അവയുടെയൊക്കെ ഭാഷാന്തരങ്ങളോ പുനരാഖ്യാനങ്ങളോ ആയി രചിക്കപ്പെട്ടവയായിരുന്നു. അവയുടെ സൃഷ്ടികർത്താക്കളാകട്ടെ ഭാഷയിൽ അഗാധപാണ്ഡിത്യമുള്ളവരും. വേദപുരാണേതിഹാസങ്ങളും സംഘകാലകൃതികളുമൊക്കെയായിരുന്നു ആദ്യപ്രചോദനമെങ്കിൽ ഹിന്ദി, മറാഠി, ബംഗാളി മുതലായ ഭാരതഭാഷകളും ആംഗലേയമുൾപ്പെടെയുള്ള വിദേശഭാഷകളും തങ്ങളുടെ സാഹിത്യകൃതികളാൽ പിന്നീട് മലയാളത്തിലെ എഴുത്തുകാരെ നന്നേ സ്വാധീനിച്ചിരുന്നു. ഗാഥ, കിളിപ്പാട്ട്, ആട്ടക്കഥ, തുള്ളൽസഹിത്യം എന്നിങ്ങനെ നിലനിന്നുപോന്ന മലയാളസാഹിത്യം ഖണ്ഡകാവ്യങ്ങൾ, ചെറുകഥ, നോവൽ തുടങ്ങിയ രചനാസങ്കേതങ്ങളിലേക്കു ചുവടുമാറ്റപ്പെട്ടത് എഴുത്തുകാരിൽ പാശ്ചാത്യസാഹിത്യത്തിന്റെ ശക്തമായ ആകർഷണം വന്നതുകൊണ്ടാണ്. കാലാന്തരത്തിൽ ഈവിധസാഹിത്യശാഖകളൊക്കെത്തന്നെ നിരവധിയായ മാറ്റങ്ങൾക്കു വിധേയമായി ഉത്തരാധുനികതയിൽ എത്തിനിൽക്കുന്നു.
എഴുതപ്പെട്ട ആദ്യകാലസഹിത്യം അക്ഷരാഭ്യാസം പ്രാപ്യമായിരുന്ന ചില പ്രത്യേകവിഭാഗക്കാർക്കുമാത്രമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് ഭൂരിഭാഗംവരുന്ന സാധാരണജനങ്ങളുടെ ജീവിതവുമായി വലിയബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ്ഭരണത്തോടെ നടപ്പാക്കപ്പെട്ട സാർവത്രികമായ വിദ്യാഭ്യസം സമൂഹത്തിന്റെ താഴേത്തട്ടിൽവരെ അക്ഷരജ്ഞാനം എത്തിക്കുകയും വായനയിലൂടെ നൂതനാശയങ്ങൾ സ്വായത്തമാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തതോടുകൂടി സാഹിത്യത്തിലും അതിമഹത്തായൊരു ചുവടുമാറ്റം ദൃശ്യമായിതുടങ്ങി. സാഹിത്യരചനയ്ക്കുപയോഗിക്കുന്ന ഭാഷ ലളിതമാക്കപ്പെടുകയും ഇതിവൃത്തങ്ങൾ സമകാലികമനുഷ്യജീവിതത്തോടു കൂടുതൽ ചേർന്നുനിൽക്കുകയും രചനാസങ്കേതങ്ങൾ സൗകുമാര്യമുള്ളതാവുകയും ചെയ്തതോടുകൂടി സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്ക് സാഹിത്യരചനകൾ ഒരു തള്ളിക്കയറ്റംതന്നെ നടത്തി. അറുപതുകളിലും എഴുപതുകളിലുംമറ്റും വന്നുഭവിച്ച ഈ മാറ്റത്തെ നമ്മൾ ആധുനികതയുടെ പരിവേഷംകൊടുത്തുനിർത്തി. ചോദ്യംചെയ്യപ്പെടേണ്ട സമൂഹ്യപശ്ചാത്തലങ്ങളെ പദ്യ,ഗദ്യ സാഹിത്യരചയിതാക്കൾ തങ്ങളുടെ രചനകൾക്ക് അതിശക്തമായി ഉപയോഗപ്പെടുത്തി.
ഉത്തരാധുനികത പാശ്ചാത്യസഹിത്യലോകത്തെ വളരെമുന്നേതന്നെ ആശ്ലേഷിച്ചിരുന്നു. അതിന്റെ പശ്ചാത്തലം യുദ്ധങ്ങളും യുദ്ധാനന്തരകാലത്തെ ജീവിതദൈന്യതയേകിയ നിരാശയും അന്യതാബോധവും ഒക്കെയായിരുന്നു. പക്ഷേ ഈവിധമുള്ള സമൂഹികപശ്ചാത്തലങ്ങളൊന്നും മലയാളിക്കു പരിചിതമായിരുന്നില്ല. എന്നാൽ എഴുപതുകളിൽ നേരിടേണ്ടിവന്ന സമൂഹികവ്യതിയാനങ്ങൾ സാഹിത്യത്തിലും ഒരുമാറ്റത്തിനു വഴിയൊരുക്കിയെന്നു പറയാം. അടിസ്ഥാനവർഗ്ഗത്തിനു പുത്തനുണർവ്വ് നൽകിയ പ്രസ്ഥാനങ്ങൾക്കും അവയോടുചേർന്നുനിന്ന പ്രത്യയശാസ്ത്രപരമായ ആശയങ്ങൾക്കും വന്നുഭവിച്ച അപചയവും 1975ലെ അടിയന്തരാവസ്ഥയാൽ നിഷേധിക്കപ്പെട്ട വ്യക്തിസ്വാതന്ത്ര്യവുമൊക്കെ സമൂഹത്തിനു പകർന്നേകിയ നിരാശയുടെ, നിസ്സഹായതയുടെ പ്രതിഫലനമാണ് ആധുനികതയിൽനിന്ന് ഒരുചുവട് മുമ്പോട്ടുവയ്ക്കാൻ മലയാളിയെ പ്രാപ്തമാക്കിയത്.
ആധുനികത തികച്ചും നഗരകേന്ദ്രീകൃതമായിരുന്നെങ്കിൽ ഉത്തരാധുനികത ഗ്രാമനഗരാന്തരങ്ങളില്ലാത്ത, ഉത്തരദക്ഷിണഭേദങ്ങളില്ലാത്ത ജീവിതങ്ങളെയാണ് സൃഷ്ടിച്ചത്. എണ്പതുകളിൽ തുടക്കമിട്ടു തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ചൊരു മാറ്റമായിരുന്നു ഇത്. ആഗോളവത്കരണവും ഉപഭോഗസംസ്കാരവും നൂതനസാങ്കേതികവിദ്യകളും നവമാധ്യമങ്ങളും ജീവിതനിലവാരത്തിലെ വ്യതിയാനവും ഒക്കെയുള്ള സമകാലികജീവിതരീതികൾ ഉത്തരാധുനികസാഹിത്യത്തിൽ അവിഷ്കരിക്കപ്പെടുന്നു. നവമാധ്യമങ്ങൾ നൽകുന്ന കൃത്യമായ ജീവിതചിത്രങ്ങൾ യാഥാർത്ഥ്യബോധത്തോടെ ചുറ്റുപാടുകളെ നോക്കിക്കാണാൻ സമൂഹത്തെ പ്രേരിപ്പിച്ചു. ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും പാർശ്വവത്കരണങ്ങളെയും ചോദ്യംചെയ്യാനും അതിനു വിധേയരാകുന്നവരോടു പക്ഷംചേർന്ന് അവർക്കുവേണ്ടി തൂലിക പടവാളാക്കാനുമാണ് ഉത്തരാധുനികസാഹിത്യത്തിന്റെ വക്താക്കൾ മുന്നിട്ടിറങ്ങിയത്.
പാരമ്പര്യമായി നിലനിന്നുപോന്ന രചനാസങ്കേതങ്ങളിൽനിന്ന് ഏറെ വിഭിന്നമായ ഘടനയും ഭാഷയുമാണ് ഉത്തരാധുനികകൃതികളിൽ നമുക്കു കാണാനാകുന്നത്. നിയതമായൊരു ചട്ടക്കൂടിനപ്പുറം,
വരമൊഴിയെ മറികടന്ന് വാമൊഴിയുടെ സാധ്യതകളിലൂടെ സ്വതന്ത്രജീവിതാവിഷ്കാരം സാധ്യമാക്കുന്നു. സ്ത്രീ,ദളിത്,പ്രകൃതി എന്നിവ പ്രമേയങ്ങളിലെ ശക്തമായ സാന്നിധ്യമായി. ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും നൂതമായ ബിംബാവിഷ്കരങ്ങളിലൂടെയും വിരുദ്ധോക്തികളിലൂടെയുമൊക്കെ തങ്ങൾക്കു പറയാനുള്ളത് ശക്തമായി അവതരിപ്പിക്കുന്ന രീതികൾ ഉത്തരാധുനികചെറുകഥകളിലും നോവലുകളിലും കവിതകളിലുമൊക്കെ നമുക്ക് കാണാം. അതിസങ്കീർണ്ണങ്ങളായ ആശയങ്ങളെ ധ്വന്യാത്മകമായി കവിതകളിൽ ആവിഷ്കരിച്ചപ്പോൾ ആസ്വാദനതലത്തിന് പുതിയൊരു മാനം കൈവന്നു. എങ്കിലും ആധുനികകവിതകൾ ജനഹൃദയങ്ങളിൽ ഇരമ്പിക്കയറിയതുപോലെ ഉത്തരാധുനികകവിതകൾക്കായില്ല എന്നതും വാസ്തവമായി നിലകൊള്ളുന്നു. അതുപോലെതന്നെയാണ് കഥകളുടെയും നോവലുകളുടെയുമൊക്കെ അവസ്ഥ.ഉത്തരാധുനികത സാഹിത്യത്തിൻറെ വിവിധമേഖലകളിൽ അടയാളപ്പെടുത്തുന്ന അനേകം എഴുത്തുകാർ മലയാളത്തിലുണ്ട്. അവരുടെ രചനകളും നിരവധിയാണ്. കവികളിൽ കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, വിജയലക്ഷ്മി, പി പി രാമചന്ദ്രൻ, സച്ചിദാനന്ദൻ തുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. കഥാ, നോവൽ മേഖലകളിൽ ആനന്ദും എം മുകുന്ദനും ടി വി കൊച്ചുബാവയും സേതുവും ഓ വി വിജയനും മുതൽ നിരവധിപേർ. അവരൊക്കെയും മലയാളസാഹിത്യത്തിന് അമൂല്യങ്ങളായ സംഭാവനകൾ നല്കിയവരാണ്. ഇവരിൽ പലരും ആധുനികതയില്നിന്ന് ഉത്തരാധുനികതയിലേക്ക് നടന്നുകയറിയവരാണ്. ഈ ഭിന്നത നിർണ്ണയിക്കുന്നതാകട്ടെ കൃതികളുടെ സവിശേഷതയാണ്.
രചനകളിൽ അനുവാചകന്റെ മേധാശക്തിയെ പരീക്ഷിക്കുകയും അസ്വാദനത്തിന് അജീർണ്ണബാധയുണ്ടാക്കുകയും ചെയ്യുന്ന
ഉത്തരാധുനികരചനാതന്ത്രങ്ങൾ സാധാരണക്കാരായ വലിയൊരു വിഭാഗം വായനക്കാരെ വായനയിൽനിന്നകറ്റിനിർത്തുന്നു എന്നത് അനിഷേധ്യമായ കാര്യം. ജനപ്രിയത കുറഞ്ഞതുകൊണ്ടു മികച്ചത് മികച്ചതല്ലാതാവുന്നുമില്ല. ഉത്തരാധുനികരചനകൾക്ക് ഒരു കബളിപ്പിക്കൽ സ്വഭാവംകൂടിയുണ്ട്. ഒറ്റനോട്ടത്തിൽ ഏറെ ലളിതമെന്നു തോന്നുന്നതുകൊണ്ട് ആർക്കും ഇതൊക്കെ സാധ്യമാകും എന്നൊരു മിഥ്യാധാരണ പരക്കെ നിലനിൽക്കുന്നു എന്നുതോന്നുന്നു. ധിഷണയുടെയോ സാഹിത്യപരമായ ഗുണമേന്മകളുടെയോ ലാഞ്ഛനപോലുമില്ലാത്ത കൃതികളുടെ കുത്തൊഴുക്കാണിന്നു നവമാധ്യമങ്ങളിലുംമറ്റും കാണാൻകഴിയുന്നത്. അശ്ലീലപദങ്ങളുടെയും സമൂഹം മാന്യമെന്നു കരുതാത്ത വാക്കുകളുടെയുമൊക്കെ അതിപ്രസരം ഇത്തരം രചനകളിൽ ഒരു സാധാരണകാര്യമാണ്. ചിലരചനകൾ എഴുതിയവർക്കുപോലും പിന്നെ വായിച്ചാൽ പിടികിട്ടാത്തതും. മനുഷ്യന് മനസ്സിലാകാത്തതൊക്കെ ആധുനികോത്തരമെന്നു തെറ്റിദ്ധരിക്കുകയും വാക്കുകളെ അതിനായി ദുരുപയോഗം ചെയ്യുകയുമാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്.
സാഹിത്യം പുരാതനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ. അത് സ്ഫുടവും സ്പഷ്ടവുമായ ആശയങ്ങളെ വായനക്കാരന്റെ നിർമ്മലമായ ഹൃദയദർപ്പണത്തിൽ പ്രതിബിംബിക്കാൻ പ്രാപ്തിയുള്ളതാകണം. രചനയിൽ ഉപയോഗിക്കുന്ന ഭാഷയും മറ്റു ഘടകങ്ങളും അതിനായി വെളിച്ചമേകുന്നതുമായിരിക്കണം. സാഹിത്യം നല്ലതെന്നും ചീത്തയെന്നും വേർതിരിക്കപ്പെടുന്നില്ല. അത് നല്ലതും ചീത്തയുമാകുന്നത് വായനക്കാരന്റെ മനസ്സിലാണ്. ഈ കാലഘട്ടം അതിവേഗതയുടേതാണ്. മറ്റേതൊരു കലയേയുംപോലെ സാഹിത്യവും കാലഘട്ടത്തോട് സമരസപ്പെട്ടെങ്കിൽ മാത്രമേ വളർച്ച സാധ്യമാകൂ. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഉത്തരാധുനികത സാഹിത്യത്തെ, അതുവഴി ഭാഷയെ മുമ്പോട്ട് നയിക്കട്ടെ എന്ന് നമുക്കാശിക്കാം.
No comments:
Post a Comment