ശൂന്യതയിലെ വിലാപം. ( കനൽ ഗ്രൂപ്പിലെ ചിത്രാധിഷ്ഠിതരചന )
-------------------------------------
ഇന്നിവിടെയാരുമി,ല്ലേകാന്തമീ ലോകം
എന്തിനായ് ഞാൻ മാത്രമുഴലുന്നു ദൈന്യമായ്!
ഉതിരുവാനൊരുതുള്ളി കണ്ണുനീർപോലുമെ-
ന്നിരുൾവീണ കൺകോണിൽ ബാക്കിയില്ല.
എല്ലാമെനിക്കന്യമായ്, മധുരമൊഴികളും
സ്നേഹസൗരഭ്യം ചൊരിയും സ്മിതങ്ങളും
കടമിഴിക്കോണിലൂടൊഴുകിയിങ്ങെത്തുന്ന
പ്രണയസരിത്തിന്റെ കളകളധ്വനികളും
എന്തിനീ ജീവിതം ബാക്കിയാകുന്നെനി-
ക്കറിയില്ല, മരണമേ, സ്നേഹിപ്പൂ നിന്നെ ഞാൻ.
അർത്ഥിക്കയാണുഞാൻ ജഗദീശനോടിന്ന്
അതുമാത്രമെന്നിൽനീ ആശീർവദിച്ചിടൂ.