യാത്ര .... യാത്ര..... യാത്ര....
ഈ ജീവിതംതന്നെ ഒരു മഹായാനം. പക്ഷേ ജീവിതയാത്രയിൽ നമുക്കൊരു തിരിച്ചുപോക്കില്ല. മറ്റുയാത്രകളിൽ ഒരേയിടംതന്നെ നമ്മൾ എത്രതവണ സന്ദർശിക്കുന്നു! ഒരിക്കൽ പോയ, വീണ്ടും വീണ്ടും പോകാനാഗ്രഹിക്കുന്ന- അല്ലെങ്കിൽ ഒരിക്കൽക്കൂടിയെങ്കിലും പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളും നമ്മുടെ മനസ്സിലുണ്ടാവും. എനിക്കുമുണ്ട് അങ്ങനെയൊരിടം.
മൂലമറ്റം പവർഹൗസ്.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഞാൻ മൂലമറ്റത്തേക്കൊരു യാത്രപോയത്. അതും സ്‌കൂളിൽനിന്ന്. ഒന്നിൽക്കൂടുതൽ ദിവസങ്ങളിലെ യാത്രകളായിരുന്നതുകൊണ്ട് ഒരിക്കലും സ്‌കൂൾ വിനോദയാത്രകളിൽ പങ്കെടുക്കാൻ 'അമ്മ അനുവാദം തന്നിരുന്നില്ല. എത്രവാശിപിടിച്ചാലും കരഞ്ഞാലും നിരാഹാരം കിടന്നാലും അമ്മയുടെ മനസ്സ് അറിയുമായിരുന്നില്ല. പത്താം കൾസിൽ പറ്റിക്കുംപോഷയിരുന്നു ആ സുവർണ്ണാവസരം വന്നുചേർന്നത്. മൂലമറ്റം സ്‌കൂളിൽ ശാസ്ത്രപ്രദര്ശനം നടക്കുന്നു. കാണാൻ ഒരുദിവസം ഞങ്ങളുടെ സ്കൂളില്നിന്നും പോകുന്നു. രാത്രി എട്ടുമണിക്കുമുമ്പ് തിരിച്ചെത്തും.
തുള്ളിച്ചാടിയാണ് വീട്ടിലെത്തി കാര്യം പറഞ്ഞത്. എന്നിട്ടും അമ്മയുടെ മുഖം തെളിഞ്ഞില്ല. അമ്മതന്നെ സ്‌കൂളിലെ ഒരു ടീച്ചറോട് ചോദിച്ച് വൈകുന്നേരം വീട്ടിലെത്തിക്കാം എന്ന ഉറപ്പു നേടിയശേഷമാണ് പോകാൻ അനുവദിച്ചത്.
ഏഴുമണിക്ക് സ്‌കൂളിൽനിന്ന് രണ്ടോമൂന്നോ ബസ്സുകളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. രണ്ടുമണിക്കൂറിലധികം യാത്രചെയ്ത് പ്രദർശനസ്ഥലത്തെത്തി. എക്സിബിഷൻ സാധാരണപോലെ പലപല അദ്‌ഭുതകാഴ്ചകൾ കാട്ടിയും പുതിയ അനുഭവങ്ങൾ പകർന്നും കടന്നുപോയി. ഞങ്ങൾ കൂട്ടുകാർ എല്ലാം നന്നായി ആസ്വദിച്ചു. ധാരാളം പുതിയ കൂട്ടുകാരെ കിട്ടി. ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ഞങ്ങളുടെ അദ്ധ്യാപകർ എല്ലാവരേയും വിളിച്ച് അവിടെയടുത്തുതന്നെയുള്ള. പവർ ഹൌസ് കാണാൻ പോകുന്ന കാര്യം പറഞ്ഞു. അതിൽ ആർക്കും അത്ര സന്തോഷം തോന്നിയില്ല. എങ്കിലും അദ്ധ്യാപകർ പറഞ്ഞാൽപിന്നെ അനുസരിച്ചല്ലേ പറ്റൂ. ഞങ്ങൾ വേഗംപോയി ബസ്സിൽ കയറി. പവർസ്റ്റേഷനിലേക്ക് അധികം ദൂരമൊന്നുമില്ലായിരുന്നു. ബസ്സിറിങ്ങി ഞങ്ങൾ കുറേ ദൂരം ഒരു വലിയ തുരങ്കത്തിലൂടെയാണ് നടന്നത്. അതേ, ഭൂമിക്കടിയിലായിരുന്നു ആ ആദ്‌ഭുതലോകം. പവർസ്റ്റേഷൻ!
ഇന്ത്യയിലെ ഏറ്റവുംവലിയ ഭൂഗർഭജലവൈദ്യുതനിലയമാണ് മൂലമറ്റത്ത് സ്ഥാപിതമായിരിക്കുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകളിലെ ജലം പെൻസ്റ്റോക്ക് പൈപ്പുകൾ വഴി പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉദ്‌പാദനം നടത്തുന്നത്. ഭൗമാന്തർഭാഗത്തെ ഈ കേന്ദ്രത്തിലെ ഭീമാകാരങ്ങളായ യന്ത്രങ്ങളും ടർബൈനുകളുമൊക്കെക്കണ്ട് അദ്‌ഭുതപരതന്ത്രരായി ഞങ്ങൾ. എന്തൊക്കെയാണ് ഒരൊന്നുമെന്നു മനസ്സിലാക്കാനുള്ള അറിവും ഉൾക്കാഴ്ചയുമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇത്ര മഹത്തായൊരു സംരംഭം നമ്മുടെ നാട്ടിൽ, അതും ഒട്ടും വികസനം വന്നുചേർന്നിട്ടില്ലാത്ത ഇടുക്കിജില്ലയിൽ, ഉണ്ടെന്നുള്ള യാഥാർത്ഥ്യം എത്ര അഭിമാനമാണ് പകർന്നുതന്നതെന്നു പറയാനാവില്ല.
വളരെവേഗം സമയം കടന്നുപോയി. ഞങ്ങൾക്ക് മടങ്ങാനുള്ള സമയമായെന്ന് അദ്ധ്യാപകർ അറിയിപ്പുതന്നു. അപ്പോഴും ആ വിസ്മയലോകത്തെ കാഴ്ചകൾകണ്ടു മതിയായിരുന്നില്ല. മടക്കയാത്രയും പാട്ടും കളികളുമൊക്കെയായി അവിസ്മരണീയമാക്കി. എട്ടുമണിക്കു മുമ്പുതന്നെ വീട്ടിലെത്തുകയും ചെയ്തു.
പിന്നീട് ഒരുപാടുയാത്രകൾ ചെയ്തു. എത്രയോ ലോകാദ്ഭുതങ്ങളുൾപ്പെടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി വിസ്മയക്കാഴ്ചകൾ കാണാൻ ഭാഗ്യമുണ്ടായി. എന്നിട്ടും ഇപ്പോഴും ഒരിക്കൽക്കൂടി പോകാനും കാണാനും ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് മൂലമാറ്റത്തെ പവർസ്റ്റേഷൻ. പക്ഷേ ആ ആഗ്രഹം ഒരിക്കലും സാധിക്കണമെന്നില്ല. കാരണം ഇപ്പോൾ അവിടെ സന്ദർശകർക്ക് പ്രവേശനമില്ല. എങ്കിലും എന്നെങ്കിലും പുനരാരംഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
****************************
No comments:
Post a Comment