ഒരു പേരിലെന്തിരിക്കുന്നു!
.
“ഒരു പേരിലെന്തിരിക്കുന്നു? പനിനീർപ്പൂവിനെ ഏതുപേരുവിളിച്ചാലും അതിന്റെ അഴകും സുഗന്ധവും അങ്ങനെതന്നെയുണ്ടാവും .” വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ് എന്ന നാടകത്തിലെ പ്രശസ്തമായ ഒരു ചൊല്ലാണിത്. പക്ഷേ പേരിന് നല്ല പ്രധാന്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളുടെ സ്വത്വം വെളിപ്പെടുത്തുന്ന അടിസ്ഥാനഘടകം അയാളുടെ പേരുതന്നെ. എന്നുവെച്ച് കോങ്കണ്ണിയായ കമലാക്ഷിയെയും ഊമയായ സുഭാഷിണിയെയും വിരൂപനായ മനോഹരനെയുമൊക്കെ മറന്നിട്ടൊന്നുമില്ല. പേരില്ലാത്ത ആരെങ്കിലും നമുക്കിടയിലുണ്ടോ? ഉണ്ടാവാനിടയില്ല. പേരിനുപകരം ഏതെങ്കിലും ഇരട്ടപ്പേരോ അസഭ്യവാക്കുകളോ നമ്മളെ വിളിക്കാനായി ആരെങ്കിലും ഉപയോഗിച്ചാൽ ഷേക്സ്പീരിയൻ തത്വശാസ്ത്രമൊന്നും നമുക്കത്ര പഥ്യമായെന്നുവരില്ല. നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചാലും അങ്ങനെതന്നെ. നോക്കൂ, എത്ര മനോഹരമായ പേരുണ്ടെങ്കിലും പ്രിയപ്പെട്ടവരും അല്ലാത്തവരും കഴുത, കുരങ്ങ് , പോത്ത് എന്നിങ്ങനെ മൃഗങ്ങളുടെ പേരുചാർത്തിത്തന്നു വിളിക്കാറുണ്ട്. അതത്രമേൽ നമ്മളെ പ്രകോപിപ്പിക്കാറുമില്ല. എന്നാൽ നമ്മുടെ വളർത്തുമൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള ശ്വാനന്റെ പേരാണ് നമ്മൾക്ക് നൽകുന്നതെങ്കിൽ പ്രതികരണം എങ്ങനെയാകുമെന്നു പ്രവചിക്കാനുമാകില്ല.
പേരുകൾതന്നെ കാലദേശാന്തരങ്ങളനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾക്കു വിധേയമാകുന്നു! നമ്മുടെ രാജ്യംതന്നെ വിദേശികൾക്ക് ഇൻഡ്യയായിരിക്കേ നമുക്ക് ഇന്ത്യയും ഭാരതവും ഭാരതും ഹിന്ദുസ്ഥാനും ഒക്കെയല്ലേ. മറാഠികളുടെ മുംബൈ, ഗുജറാത്തികളുടെ മംബൈ യും, 'ബോംബൈം' ആവുകയും പിന്നീട് ബോംബെ ആയതും അടുത്തകാലത്ത് അതു വീണ്ടും മുംബൈ ആയതുമൊക്കെ നമുക്കറിവുള്ളതാണല്ലോ. രാം, റാം, രാമു രാമൻ ഇതൊക്കെയും ഒന്നുതന്നെയല്ലേ. മോഹൻദാസ് കരംചന്ദ് ഗാന്ധി പിന്നീട് ഗാന്ധിജി, മഹാത്മാ,മഹാത്മാഗാന്ധി, മഹാത്മജി, ബാപ്പുജി എന്നൊക്കെ അറിയപ്പെട്ടത്തിന് പുറമേ അർദ്ധനഗ്നനായ ഫക്കീർ എന്നും അറിയപ്പെട്ടുവല്ലോ. അങ്ങനെ നിരത്താൻ എത്രയെത്ര ഉദാഹരണങ്ങൾ!
വിശേഷണങ്ങൾ ചേർത്തുള്ള പേരുകൾ പ്രസിദ്ധരായ മറ്റു പലർക്കുമുള്ളതും നമുക്കറിയാം. ഇത്തരം ചില വിശേഷണങ്ങളുടെയെങ്കിലും ഉപയോഗം നമ്മിൽ അർത്ഥശങ്കയുണ്ടാക്കുമെന്നതും വാസ്തവമല്ലേ. ഉദാഹരണത്തിന്, 'അലക്സാണ്ടർ ദ് ഗ്രേറ്റ്' എന്നാണ് നമ്മൾ അലക്സാണ്ടർ എന്നു പേരുള്ള ചക്രവർത്തിയെപ്പറ്റി പറയാറുള്ളത്. അന്യന്റെ വീട്ടിൽക്‌കയറി അവനെ കായബലംകൊണ്ടു കീഴ്‌പ്പെടുത്തി അവന്റെ മുതൽ സ്വന്തമാക്കുന്ന പ്രവൃത്തിയെ നമുക്കെങ്ങനെയാണ് മഹത്തരമായിക്കാണാൻ കഴിയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല.
പണ്ടൊക്കെ കുട്ടികൾക്ക് പേരുനല്കാൻ ദൈവങ്ങളുടെ പേരുകളോ, പ്രകൃതിയുമായി ബന്ധമുള്ള പേരുകളോ അർത്ഥവത്തായ വാക്കുകൾകൊണ്ടുള്ള പേരുകളോ ഒക്കെയായിരുന്നു ആശ്രയം. പിന്നീട് അക്ഷരങ്ങൾചേർത്ത് ശ്രവണസുന്ദരമായ ചില ശബ്ദങ്ങൾ പേരാക്കിമാറ്റി. പിന്നപ്പിന്നെ, പുതുമകൾ ഹരമായി മാറിയവർക്ക് എന്തും പേരായിത്തീർന്നു. ഇംഗ്ലീഷ്‌വാക്കുകൾ പേരായിവന്നതും അതിനനുബന്ധമായാണ് എന്നുതോന്നുന്നു. എന്റെപേരും അങ്ങനെ വന്നതാണ്. അർത്ഥമറിയാതെ അനർത്ഥങ്ങൾ പേരാക്കിയിട്ടവരും അക്കാലത്തു കുറവായിരുന്നില്ല. പപ്പിമോളും ഷീൽഡ് മോനും ഗേമോനും ഒക്കെ ആ ഗണത്തിൽപ്പെടും. എന്റെ വീടിനടുത്തുള്ള സ്‌കൂളിൽ വിചിത്രമാരു പേരുമായി ഒരു കുട്ടിയുണ്ടായിരുന്നു. ഷിറ്റ് മോൻ. ഒന്നാംക്ലാസ്സിൽ ആ കുട്ടി ആ പേരുമായി കുറേനാൾ കഴിഞ്ഞു. പിന്നെ ആരോ പറഞ്ഞ് അവന്റെ പേര് ഷിജിൻ എന്നാക്കി.
ഏതാനും വർഷങ്ങൾമുമ്പ് വളരെ വിചിത്രമായ ഒരാവശ്യവുമായി തൃശൂർ കേരളവർമ്മകോളേജിലെ മലയാളം ബിരുദവിദ്യാർത്ഥികൾ രംഗത്തുവന്നു. . ഒരു പൂവിന്റെ പേര് മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. 'തേവിടിശ്ശിപ്പൂവി'ന്റെ പേര് മാറ്റണമെന്നായിരുന്നു ആ ആവശ്യം. പൂവിനു പേരിടുന്നതുപോലും തികച്ചും സ്ത്രീവിരുദ്ധമായി എന്നവർ പരിതപിച്ചു. നാട്ടിൻപുറങ്ങളിലെ പൊന്തക്കാടുകളിലും വെളിമ്പറമ്പുകളിലും വേലികളിലുമൊക്കെ വെറുതെ വളർന്നുപടർന്ന് ധാരാളമായി പൂക്കുന്ന ഒരു കുടിയേറ്റസസ്യമാണിത് . വർണ്ണഭംഗിയുള്ള കൊച്ചുപൂക്കുലകളും നേർത്ത മുള്ളുകളും കുരുമുളകുപോലെയുള്ള കായ്കളുമൊക്കെയുള്ള ഈ ചെടിക്ക് അന്നാട്ടിൽ 'തേവിശ്ശിച്ചെടി' എന്നാണത്രെ പേര്. (എന്റെ നാട്ടിൽ കൊങ്ങിണി എന്നും പൂച്ചെടി എന്നും അരിപ്പൂ എന്നുമൊക്കെയാണ് ഈ ചെടിയുടെ പേരുകൾ. ദേശഭേദമനുസരിച്ച് വേറെയും ധാരാളം പേരുകളുള്ള ചെടിയാണിത്). സമരാനന്തരം ചെടിയുടെ പേര് മാറ്റിയോ, മാറ്റിയെങ്കിൽ പുതുതായി നൽകിയ പേരെന്ത് ഇതൊന്നും അറിയാൻ കഴിഞ്ഞില്ല.
പേരിനെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്കു മറ്റുള്ള തെക്കെയിന്ത്യാക്കാർക്കൊപ്പം വടക്കെയിന്ത്യക്കാർ നൽകിയിരിക്കുന്ന ഓമനപ്പേരിന്റെ കാര്യം മറക്കുവതെങ്ങനെ! മുംബൈയിൽ വന്ന കാലത്ത് വഴിയിലോ, കടകളിലോ വെച്ച് പുതുതായി ആരെങ്കിലും പരിചയപ്പെടാനായിവന്നാൽ വേഷഭൂഷാദികൾ കണ്ട് ആദ്യം ചോദിക്കുന്നത് മദ്രാസിയല്ലേ എന്നായിരിക്കും. 'ഞാൻ മദ്രാസിയല്ല, കേരളത്തിൽനിന്നാണ്, മദ്രാസ് ഞങ്ങളുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലാണ്' എന്നൊക്കെ വിശദീകരിച്ചു മറുപടി കൊടുക്കുമ്പോൾ 'ഇതേതൊരു വിചിത്രജീവി' എന്ന മട്ടിൽ അവർ നോക്കുമായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വിശാലഹൃദയത്തിൽ അത്തരം സങ്കുചിതവേർതിരിവുകൾ ഇല്ലതന്നെ എന്ന്. ഇവിടെ സ്ഥിരതാമസമാക്കിയ കാലത്ത് മോനെ മറ്റാരുടെയെങ്കിലും സംരക്ഷണത്തിൽവിട്ട്, ജോലിക്കുപോകാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടു ഞാനൊരു ട്യൂഷൻക്‌ളാസ് നടത്തിയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ വന്നു ചോദിച്ചു
' തങ്കളാണോ മദ്രാസിട്യൂഷൻടീച്ചർ?'
' അല്ല ഞാൻ മലയാളിയാണ്' ഞാൻ മറുപടിയും പറഞ്ഞു. പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ ആ മറുപടിയോടെ രണ്ടു വിദ്യാർഥികൾ നഷ്ടമായെന്ന്. എന്തായാലും മദ്രാസിയെന്നുള്ള വിളി എനിക്ക് തീരെ സ്വീകാര്യമായിരുന്നില്ല. എന്നുതന്നെയല്ല വല്ലാത്തൊരു ഈർഷ്യക്കും അത് കാരണമായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഇവിടുത്തെ നമ്മളെപ്പോലെതന്നെ മറ്റൊരുവിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടല്ലോ എന്ന ചിന്തയാണ്. ഇപ്പോൾ നാട്ടിലെ എല്ലാവിധ ജോലികളും ചെയ്യുന്നത് 'ബംഗാളി'കളാണ്. പക്ഷേ മിക്കവാറും നമ്മൾ പരിചയപ്പെടുന്ന ഈ അന്യദേശക്കാർ അസ്സമിൽനിന്നോ ബിഹാറിൽനിന്നോ ഉത്തരഖണ്ഡിൽനിന്നോ ബംഗ്ലാദേശിൽനിന്നോ ഒക്കെ വന്നവരാവും. ബംഗാളികളും അവരിലുണ്ടാകാം. പക്ഷേ കേരളത്തിലെവിടെയും അവർ ബംഗാളികളാണ്. നമുക്ക് മറ്റുനാടുകളിൽ മദ്രാസികളെന്നറിയപ്പെടുമ്പോഴുണ്ടായിരുന്ന അനിഷ്ടം ഇവർക്കുമുണ്ടായാൽ കുറ്റംപറയാനാവില്ലല്ലോ.
(മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് )
This comment has been removed by a blog administrator.
ReplyDelete