ജയ്സാൽമീർ ഒരു അതിർത്തിപ്പട്ടണമായതുകൊണ്ടു പട്ടാളത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ഒരുപാടു യുദ്ധാനുഭവങ്ങളും അവർക്കു പങ്കുവയ്ക്കാനുണ്ട്. ജയ്സാൽമീർ വാർ മ്യൂസിയം അത്തരം ഒരുപാടുകഥകൾ നമുക്ക് പറഞ്ഞുതരും.1971 ലെ ലോംഗേവാലായുദ്ധത്തിൽ ജീവൻപൊലിഞ്ഞ സൈനികരുടെ സ്മരണയ്ക്കായി പടുത്തുയർത്തപ്പെട്ടതാണ് ഈ മ്യൂസിയം. യുദ്ധങ്ങളൊന്നും നമുക്കത്ര പരിചിതമല്ലെങ്കിൽക്കൂടി ആത്മാഭിമാനവും ദേശഭക്തിയും രാജ്യസ്നേഹവും ഉൾക്കാമ്പിലേക്ക് ആർത്തിരമ്പിക്കയറിവരും ഈ മ്യൂസിയത്തിലേക്കുള്ള പടിവാതിൽ കടക്കുമ്പോൾ. പ്രവേശനകവാടത്തിനപ്പുറം കൊടിമരത്തിൽ ഉയർന്നുപാറുന്ന ത്രിവർണ്ണപതാകയും അടുത്തുതന്നെ സ്ഥാപിച്ചിരിക്കുന്ന ഭീമാകാര ബയണറ്റ് ഒരു നിമിഷമെങ്കിലും നമ്മുടെ കണ്ണുകളെ പിടിച്ചുനിർത്തും. 1947 മുതൽ ഇന്ത്യ പങ്കെടുത്ത യുദ്ധങ്ങളുടെ ആയുധങ്ങളും യുദ്ധോപകരണങ്ങളും വീരജവാന്മാരുടെ യുദ്ധസംബന്ധികളായ ധാരാളം ചിത്രങ്ങളും അവിടെക്കാണാം. ചെറിയൊരു ഫിലിംഷോയുമുണ്ട്. ടാങ്കുകളും ഫൈറ്റർ ജെറ്റുകളും ജീപ്പുകളും ഉൾപ്പെടെയുള്ള യുദ്ധവാഹനങ്ങൾ , ബങ്കറിന്റെ മാതൃക, ഗിയർവീലുകളും ക്ലച്ച് പ്ലേറ്റുകളും കൊണ്ട് നിർമ്മിച്ചൊരു ഒട്ടകവും ശത്രുനിരയിൽനിന്നു പിടിച്ചെടുക്കപ്പെട്ട യുദ്ധോപകരണങ്ങളുമൊക്കെ വാതിലപ്പുറകാഴ്ചകളാണ്. ഓരോന്നും ഗൈഡ് നമുക്ക് വിശദമായി വിവരിച്ചുതരും.സർക്കാർ ഉടമസ്ഥതയിലുള്ളതായതുകൊണ്ടു വിശ്വാസത്തോടെ സുവനീർ ഷോപ്പിൽനിന്നു മിതമായ വിലയിൽ എന്തെങ്കിലുമൊക്കെ വാങ്ങുകയുമാകാം. വൈകുന്നേരം ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടാകും. എല്ലാം കണ്ട് സവിശേഷമായൊരനുഭൂതി ഹൃദയത്തിലാവാഹിച്ചുമാത്രമേ നമുക്ക് പുറത്തുകടക്കാനാവൂ.
ഇനി നാല്പതുകിലോമീറ്ററിലധികം ദൂരമുണ്ട് സാം സാൻഡ് ഡ്യൂൺസ് എന്ന, മണൽക്കൂനകൾനിറഞ്ഞ മരുഭൂപ്രദേശത്തേക്ക്. പാകിസ്ഥാൻഅതിർത്തിയിൽനിന്നു വളരെയടുത്താണ് ഈ സ്ഥലം. ഥാർമരുഭൂമിയുടെ മറ്റുഭാഗങ്ങളൊക്കെത്തന്നെ ഇടയ്ക്കിടക്കു കുറ്റിച്ചെടികളോ ചെറുമരങ്ങളോ വളർന്നുനിൽക്കുന്ന, നീണ്ടുപരന്നുകിടക്കുന്ന മണൽപ്രദേശമാണ് . എന്നാൽ നോക്കെത്താദൂരത്തോളം അലഞൊറിഞ്ഞുകിടക്കുന്ന മണൽക്കൂനകൾ ഇവിടെമാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ടൊരു കേന്ദ്രമാണിത്. ഇരുപതുവര്ഷങ്ങൾമുമ്പേ ഇവിടെവന്നു നടത്തിയ ഒട്ടകസവാരിയും അതിനുശേഷം കണ്ട സൂര്യാസ്തമയവും ഇപ്പോഴും കണ്മുന്നിലുള്ളതുപോലെ.
നീണ്ടുകിടക്കുന്ന ടാറിട്ട റോഡിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു. മരുഭൂവിലെ വരണ്ടകാഴ്ചകൾ ഇരുവശവും. ഇടയ്ക്കിടെ കാറ്റാടിയന്ത്രങ്ങൾ. ആട്ടിൻപറ്റങ്ങളും കന്നുകാലിക്കൂട്ടവും ഇടയന്മാരും ചിലപ്പോഴൊക്കെ കടന്നുപോകുന്നതുകാണാം. ചില ചെറിയ ഗ്രാമങ്ങൾ കാൽപാളികൾ കൊണ്ട് വേലിതിരിച്ച ചെറിയ വീടുകൾ, വർണ്ണതലപ്പാവും വലിയ മീശയുമുള്ള ഗ്രാമീണർ, നിറപ്പടികിട്ടുള്ള വസ്ത്രങ്ങളും നിറയെ ആഭരണങ്ങളും ശിരോവസ്ത്രവും ധരിച്ച രാജസ്ഥാനിസ്ത്രീകൾ - ഇവയൊക്കെ കാഴ്‌ചയിൽ വന്നുപോകുന്നു. മുമ്പ് വന്നപ്പോൾ ഈ പാത ഒരു നാട്ടുപാതപോലെയുള്ള മൺപാതയായിരുന്നു. ഇപ്പോൾ ടാർ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. ഏകദേശം പാതിയോളം വഴി പിന്നിട്ടപ്പോൾ ഇടതുവശത്തേക്ക് ഒരു ചൂടുപലക 'കുൽധാര' .
കുൽധാരയെക്കുറിച്ചു കേട്ടിട്ടില്ലേ? ഇതൊരു ദുരൂഹതനിറഞ്ഞ പ്രേതഗ്രാമമാണ്. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറുവര്ഷം മുമ്പ് സമ്പന്നരായ പാലിവാൽബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം. രാജാവിന് നൽകേണ്ട നികുതി പിരിക്കുന്നതിനായി വന്ന മന്ത്രി ഗ്രാമമുഖ്യന്റെ മകളായ കൗമാരക്കാരി സുന്ദരിയെ കാണാനിടയായി. അവളെ തനിക്കു വിവാഹംചെയ്തുതരണമെന്നായി ആവശ്യം. വേറെയും പലഭാര്യമാരുള്ള മധ്യവയസ്കനായ മന്ത്രിക്ക് മകളെക്കൊടുക്കാൻ ഗ്രാമമുഖ്യൻ ഒരുക്കമായില്ല. പല ഭീഷണികളും അവർക്കു നേരിടേണ്ടിവന്നു. മന്ത്രി പലവിധത്തിലും ഉപദ്രവിച്ചു. ഒടുവിൽ ഒരുപൗർണ്ണമിദിനത്തിൽ അവളെ വിവാഹംചെയ്തുകൊടുത്തില്ലെങ്കിൽ ബലമായി പിടിച്ചുകൊണ്ടുപോകുമെന്ന അന്ത്യശാസനമെത്തി . തങ്ങളുടെ പൊന്നോമനയായ ആ പെൺകിടാവിനെ രക്ഷിക്കാൻ മറ്റുഗതിയില്ലാതെ ആ എണ്പതിനാല് ഗ്രാമങ്ങളിലെയും ജനങ്ങൾ ഒന്നൊഴിയാതെ തങ്ങളുടെ വീടും സ്വത്തുക്കളുമൊക്കെ ഉപേക്ഷിച്ച് കൈയിൽ എടുക്കാവുന്നതുമാത്രം എടുത്തുകൊണ്ടു ആ രാത്രി എങ്ങോട്ടോ പോയി. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. ആ ബ്രാഹ്മണരുടെ ശാപംകൊണ്ടാവാം പിന്നെ ഒരിക്കലും അവിടെ ആർക്കും താമസിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുശ്രമിച്ചവർക്കൊക്കെ ദുരന്തങ്ങൾ വന്നുചേർന്നു. പലർക്കും ജീവഹാനിതന്നെ സംഭവിച്ചു. ഇന്നും തകർന്നുകിടക്കുന്ന വീടുകളും ക്ഷേത്രങ്ങളുമൊക്കെയുള്ള ആ ഗ്രാമം ഒരു പേടിസ്വപ്‌നംപോലെ അവിടെ നിലകൊള്ളുന്നു. 2018ൽ ഡൽഹിയിലെ പാരാനോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. അവർക്കൊക്കെ വളരെ വിചിത്രമായ അനുഭവങ്ങൾ നേരിടേണ്ടിവന്നു. പേടിപ്പെടുത്തുന്ന രൂപങ്ങളും ശംബ്ദങ്ങളും കാരണം ആർക്കും ഭയന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. പകൽ കാവൽക്കാർ ഉണ്ടാകും. 10 രൂപയാണ് പ്രവേശന ഫീസ്. വാഹനം അകത്തേക്ക് പ്രവേശിപ്പിക്കണമെങ്കില്‍ 50 രൂപ കൊടുക്കണം. ധാരാളം സഞ്ചാരികൾ സ്ഥിരമായി വന്നെത്തുന്ന സ്ഥലമാണ് കുൽധാര. പക്ഷേ ഞങ്ങൾ അവിടേയ്ക്കു പോകുന്നില്ല.
കുൽധാരയെക്കുറിച്ചു പറയുമ്പോൾ ഏതാനും മാസങ്ങൾക്കുമുമ്പ് പത്രത്താളുകളിൽ കണ്ട, സോഷ്യൽമീഡിയയിൽ വൈറലായ അനിതരസാധാരണമായൊരു പ്രണയകഥയും ഓർമ്മയിലെത്തുന്നു.
കഥയല്ല, പച്ചയായ ജീവിതംതന്നെ.
എഴുപതുകളുടെ ആദ്യത്തിലാണ് മെറീനയെന്ന ഓസ്‌ട്രേലിയൻ സുന്ദരി രാജസ്ഥാൻ സന്ദർശിക്കാനെത്തിയത്. ജയ്സാൽമീറിൽ ഡെസേർട് സഫാരിക്കായി അവളെ കൊണ്ടുപോയത് റാംസിങ്ങായിരുന്നു. അന്നയാൾക്ക് മുപ്പതുവയസ്സ് പ്രായം. അവൾ അവിടയുണ്ടായിരുന്ന അഞ്ചുദിനങ്ങളിൽ അവർ ഒപ്പമായിരുന്നു യാത്രകൾ. പ്രഥമദർശനത്തിൽത്തന്നെ അനുരാഗബദ്ധരായി അവർ. ആ അഞ്ചുദിനങ്ങളിൽ പരസ്പരം കാണുകയായിരുന്നു. ഒടുവിൽ മടങ്ങിപ്പോകുമ്പോൾ അവൾ അയാളോട് പറഞ്ഞു " I love you " . ഈ വാക്കുകളുടെ മാന്ത്രികതയിൽ അയാൾ അയാളെത്തന്നെ മറന്നുപോയി. അയാൾ നിശ്ശബ്ദനായിരുന്നെങ്കിലും ആ മനസ്സ് വായിക്കാൻ മെറീനയ്ക്കാകുമായിരുന്നു. അവൾ അയാൾക്ക് സ്ഥിരമായി കത്തുകളെഴുതി.
ഒരിക്കൽ അവൾ അയാളെ ഓസ്ട്രേലിയയിലേക്കു ക്ഷണിച്ചു. എങ്ങനെയൊക്കെയോ വിസയും ടിക്കറ്റിലുള്ള മുപ്പതിനായിരം രൂപയും സംഘടിപ്പിച്ച് വീട്ടുകാർപോലുമറിയാതെ അയാൾ അവളെക്കാണാനായി അവളുടെ നാട്ടിലേക്കു തിരിച്ചു. അമിതാഹ്ലാദത്തിന്റെ മൂന്നുമാസക്കാലം ഒരിന്ദ്രജാലംപോലെ കടന്നുപോയി. അവൾ അയാളെ ഇംഗ്ലീഷ് പഠിപ്പിച്ചു. അയാൾ അവളെ തന്റെ നാട്ടിലെ നൃത്തം പഠിപ്പിച്ചു. ഒടുവിൽ അവൾ പറഞ്ഞു
"നമുക്ക് വിവാഹിതരായി എന്റെ നാട്ടിൽ കഴിയാം"
പക്ഷേ തന്റെ നാടുപേക്ഷിക്കാൻ അയാൾക്കാകുമായിരുന്നില്ല. ഇന്ത്യയിലേക്ക് വരാൻ അവളും ഇഷ്ടപ്പെട്ടില്ല. അങ്ങനെ, കടുത്ത ഹൃദയവേദനയോടെയെങ്കിലും അവർ പിരിയാൻ തീരുമാനിച്ചു.
മടങ്ങിപ്പോരുമ്പോൾ അവൾ ഹൃദയംപൊട്ടിക്കരഞ്ഞു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.
മെല്ലമെല്ലെ അയാൾ അവളെ മറന്നു. വീട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹിതനായി. കുടുംബം പുലർത്താനായി കുൽധാരയുടെ കാവൽക്കാരനായി ജോലി സ്വീകരിച്ചു. മക്കൾ ജനിച്ചു. സംതൃപ്തമായ ആ കുടുംബജീവിതം കാലത്തോടൊപ്പം ഒരു നദിപോലെ ഒഴുകി. മക്കൾ വളർന്നുവലുതായി, വിവാഹിതരായി വീട്ടിൽനിന്ന് മാറിത്താമസിക്കുന്നു. രണ്ടുവർഷംമുമ്പ് അയാളുടെ ഭാര്യ എന്നന്നേക്കുമായി യാത്രപറഞ്ഞുപോയി. ഈ എൺപത്തിരണ്ടാം വയസ്സിൽ, ഏകാന്തത വീർപ്പുമുട്ടിക്കുമ്പോൾ അയാളെത്തേടി വീണ്ടുമൊരു വസന്തത്തിന്റെ കിളിയൊച്ച. അമ്പതുവർഷങ്ങൾക്കുശേഷം മെറീനയുടെ ഒരു കത്ത് അയാളെത്തേടിവന്നു. അവൾ ഇപ്പോഴും അവിവാഹിതയാണത്രെ! എന്നോ കൈമോശംവന്ന തന്റെ ആദ്യാനുരാഗം മടക്കിക്കിട്ടിയതിന്റെ ആഹ്ലാദം വാക്കുകൾക്കപ്പുറം. അവൾ ഇന്ത്യയിലേക്ക് വരുന്നുവത്രെ! അതിൽപരം എന്തൊരാഹ്ലാദമാണയാൾക്ക്!
ഒരുപക്ഷേ അവൾ വന്നിരിക്കാം, അവർ വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാവാം. കാലം അവർക്ക്മേൽ എല്ലാ നന്മകളും ചൊരിയട്ടെ!
ഡെസേർട് ക്യാമ്പ് എന്ന റിസോർട്ടിലേക്കാണ് ഞങ്ങൾ പോകുന്നത്. പത്തിരുപതുമിനുട്ട് യാത്രചെയ്താണ് അവിടെയെത്തിയത്. നിറയെ കൂടാരങ്ങളുള്ള ഒരു റിസോർട്. കമാനങ്ങളും തോരണങ്ങളുമൊക്കെക്കൊണ്ട് അലങ്കരിച്ചിട്ടിരിക്കുന്നു. വാദ്യമേളങ്ങളും പൂക്കളും ദീപങ്ങളുമൊക്കെയായി ഞങ്ങളെ എതിരേൽക്കാൻ പരമ്പരാഗതവസ്ത്രങ്ങൾ ധരിച്ച കുറേപ്പേർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സർവ്വാഭരണവിഭൂഷിതരായ രണ്ടുപെൺകുട്ടികൾ സിന്ദൂരം ചാർത്തിയാണ് ഞങ്ങളെ ഓരോരുത്തരെയും അകത്തേക്ക് ആനയിച്ചത്. ഉപചാരങ്ങൾക്കും മധുരപാനീയസൽക്കാരത്തിനും ശേഷം എല്ലാവരും അവരവരുടെ ടെന്റുകളിലേക്കുപോയി . അല്പസമയത്തിനുശേഷം ഡെസേർട് സഫാരിക്കുള്ള ജീപ്പുകൾ വരും. അതുകൊണ്ടു അധികനേരം വിശ്രമിക്കാനില്ല.
മുകൾഭാഗം തുറന്ന ജീപ്പുകളാണ് . മൂന്നു നിലകളിലായി എട്ടുപേർക്ക് കയറാം. സിനിമയിലൊക്കെ കണ്ടിട്ടുള്ളതുപോലെ മണൽക്കൂനകളിലൂടെ അതിവേഗത്തിൽ ഓടിക്കയറിയും പാഞ്ഞിറങ്ങിയും ജീപ്പ് കുറേസമയം ഓടും. ശ്രദ്ധിച്ചു പിടിച്ചുനിന്നില്ലെങ്കിൽ തെറിച്ചുപോയെന്നുവരാം . കൂടാതെ മണലിലൂടെ പ്രത്യേകിച്ച് പാതയൊന്നുമില്ലാതെ ഓടുന്നതുകൊണ്ട് ജീപ്പ് തെന്നിമറിയാനും വലിയ അപകടമുണ്ടാകാനും സാധ്യതയുണ്ട്. ജീവൻ കൈയിലെടുത്തുള്ള യാത്ര ഒട്ടകങ്ങൾ ധാരാളമുള്ള ഒരിടത്തു നിന്നു. ഇനി മണൽക്കൂനകളിലൂടയുള്ള ഒട്ടകസവാരിയാണ്.
അലങ്കരിച്ചുനിർത്തിയിരിക്കുന്ന ഒട്ടകങ്ങൾ നമ്മളെ കയറ്റാൻ കാത്തുനിൽക്കുന്നു. ടൂർ കമ്പനി മുൻകൂട്ടി പണം നൽകി തയ്യാറാക്കി നിർത്തിയതാണ്. രണ്ടുപേർക്ക് ഒരൊട്ടകത്തിനുമേൽ കയറാം. ഒട്ടകം താഴേക്ക് ചാഞ്ഞിരുന്നുതരും മുകളിൽ കയറാൻ. അതെഴുന്നെൽക്കുമ്പോൾ ഒരൂഞ്ഞാലാട്ടംപോലെതോന്നും. കുന്നുകയറുമ്പോൾ അത്ര പേടിതോന്നില്ല. പക്ഷേ ഇറക്കത്തിൽ ജീവൻപോകുന്നപോലെ ഒരനുഭവം. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ താഴെവീഴുമെന്നുറപ്പാണ്. ഇത്ര പേടിച്ചെന്തിനാ ഇതിന്റെമേൽ കയറുന്നതെന്നു ചോദ്യം വരാം. ഇതും വേറിട്ടൊരനുഭവമല്ലേ. അതും അറിഞ്ഞിരിക്കണമല്ലോ.
മുമ്പ് വന്നപ്പോൾ ഈ മണൽക്കൂനകൾ അതിമനോഹരമായിരുന്നു. ഇപ്പോൾ ജീപ്പുകൾ കയറിയിറങ്ങി ആകെ അലങ്കോലപ്പെട്ടിരിക്കുന്നു. ചപ്പും ചവറും കൂടി അകെ വൃത്തിഹീനവുമാണ്. അന്ന് വളരെ സമയം ഒട്ടകപ്പുറത്തിരുന്നു യാത്രചെയ്തശേഷമാണ് തിരിക്കെയെത്തിയത്. പക്ഷേ ഇന്നാകട്ടെ അഞ്ചുമിനുട്ടുപോലും ഒട്ടകസവാരി ഉണ്ടായില്ല. നല്ലൊരുതുക ടിപ്പുംവാങ്ങി അവർ പോയി. ലോക്ക് ഡൌൺ ആയിരുന്നതുകൊണ്ട് വിനോദസഞ്ചാരികൾ രണ്ടുവർഷത്തോളം ഇവിടെ വന്നിരുന്നില്ല . ഈ കാലമൊക്കെ ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ഇന്നാട്ടുകാർ. അതുകൊണ്ടുതന്നെ പണമാവശ്യപ്പെട്ടു സ്ത്രീകളും കുട്ടികളും എല്ലാവരുടെയും പിന്നാലെ നടക്കുന്നുണ്ട്. എത്ര കിട്ടിയാലും തൃപ്തിവരാതെ അത്യാഗ്രഹത്തോടെ അവർ ഓരോരുത്തരെയും സമീപിച്ചു ശല്യപ്പെടുത്തുന്ന കാഴ്ച ഏറെ വേദനയുളവാക്കും.
മണൽക്കാട്ടിലെ അസ്തമയം വര്ണനാതീതമായ ദൃശ്യചാരുതയാണ്. അസ്തമയക്കാഴ്ച കഴിഞ്ഞയുടനെ ജീപ്പുകളിൽ തിരികെ റിസോർട്ടിലെത്തി. അവിടെയപ്പോൾ ഞങ്ങൾക്കായി ഒരു നൃത്തവിരുന്നൊരുക്കിയിരുന്നു. രാജസ്ഥാനിനാടോടിനൃത്തങ്ങൾ വളരെ സങ്കീര്ണ്ണമായ കലാരൂപമായിത്തോന്നി. തലയിൽ ഒന്നിനുമേലെ ഒന്നായി ധാരാളം കുടങ്ങൾവെച്ചും വാളിന് മുകളിൽ കയറിനിന്നും ആണികൾ ഉറപ്പിച്ച പലകയിൽ കയറിനിന്നും കിണ്ണത്തിൽ ചവുട്ടിയും കൈയിലേന്തിയ ദണ്ഡുകൾ അടിച്ചും ഒക്കെ പെൺകിടാങ്ങൾ ആടിത്തിമിർക്കുന്നു. ചില നൃത്തങ്ങളിൽ പുരുഷന്മാരും പങ്കെടുക്കും. നൃത്തം കാണുന്നതിനിടയിൽ ലഘുപാനീയങ്ങളും പലഹാരങ്ങളുമൊക്കെ വിളമ്പുന്നുമുണ്ടായിരുന്നു. പിന്നീട് അത്താഴം. അപ്പോഴും നൃത്തക്കാർ തങ്ങളുടെ പ്രകടനങ്ങൾ നിർത്തിയിരുന്നില്ല. അത്താഴം കഴിച്ച് ഞങ്ങൾ ടെന്റിലേക്കു ഉറങ്ങാൻ പോയി. പക്ഷേ പിന്നെയും കലാപ്രകടനങ്ങൾ നീണ്ടുപോയി. ഒടുവിൽ ക്യാമ്പ് ഫയര് കത്തിച്ച് അതിഥികളും ആതിഥേയരായ നർത്തകരും ഒന്നിച്ചുള്ള നൃത്തവുംമറ്റും ഉണ്ടായിരുന്നു.
ടെന്റിലെ താമസവും ഒരു പുതുമയുള്ള അനുഭവം ക്യാൻവാസ് കൊണ്ടുള്ള വലിയ ടെന്റുകളാണ്. ഉള്ളിൽ ഭംഗിയുള്ള കോട്ടൺ തുണികൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട് . മൂന്നു ഭാഗമായാണ് ഓരോ കൂടാരവും. വാതിലിനു നേരെയുള്ള ഭാഗം സെറ്റിയും ടീപോയും കസേരകളുമൊക്കെ ഇട്ടു ഒരു ലിവിങ് റൂം പോലെ വച്ചിട്ടുണ്ട്. അതിന്റെ വലതുഭാഗം കട്ടിലും അലമാരയും ഇട്ടതാണ്. ACയും ഉണ്ട്. ഇടതുഭാഗത്തു കുളിമുറിയും കക്കൂസും ഇടയിലൊരു ഡ്രസിങ് ടേബിൾ വെച്ചിട്ടുള്ള ചെറിയ ഇടനാഴിയും. കൂടാരവാതിൽ zipper door ആണ്. കൂടാരത്തിന്റെ മുമ്പിൽ ചെറിയൊരു വരാന്തയിൽ കസേരകളും ടീപോയിയും.
നല്ല തണുപ്പുണ്ടായിരുന്നെകിലും രാജായിയുടെ സാന്നിധ്യം സുഖമായി ഉറങ്ങാൻ സഹായിച്ചു. നാളെ ഈ സുവർണ്ണനഗരിയോട് വിടപറയണം. ഇനിയും ധാരാളം കാഴ്ചകൾ ബാക്കിയുണ്ട്. മുമ്പിവിടെ വന്നപ്പോൾ പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളും മഞ്ഞമണൽക്കല്ലുകൊണ്ടു ശിലാപങ്ങളും കൗതുകവസ്തുക്കളായും മെനെഞ്ഞെടുക്കുന്ന ശില്പികളുടെ ഗ്രാമമവും ബഡാ ബാഗ് എന്ന വലിയ ഉദ്യാനവും ഒക്കെ സന്ദർശിച്ചിരുന്നു. ശിപികളുടെ ഗ്രാമത്തിൽനിന്ന് എന്തൊക്കെയോ കൗതുകവസ്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ബഡാ ബാഗ് പേരുസൂചിപ്പിക്കുന്നതുപോലെ ഒരു വിശാലമായ ഉദ്യാനമാണ്. ഒരു ചെറിയ കുന്നിന്മുകളിലാണിത് . ജൈസൽ രാജാവ് പണിതീർത്ത ജലസംഭരണിയുടെ സഹായത്തോടെയാണ് ഉദ്യാനം രൂപീകൃതമായത് . പക്ഷേ അവിടെ രാജകുടുംബാംഗങ്ങളുടെ തീപ്പെടലിനുശേഷം അവരുടെ സ്മാരകങ്ങളായി മഞ്ഞക്കല്ലിൽ പണികഴിപ്പിക്കപ്പെട്ട അനേകം താഴികക്കുടങ്ങളാണ് ഈ ഉദ്യാനത്തെ ആകർഷകമാക്കുന്നത്. 'ദയ' എന്ന മലയാളം സിനിമയിൽ നമുക്കിവിടം കണ്ടുപരിചിതവുമാണ്.