Saturday, November 13, 2021

രാജസ്ഥാൻ 1

  മണ്കുടിലും പാവക്കൂത്തും 
=========================

2021 ഒക്ടോബർ 22ന്‌ ജയ്പ്പൂരിലേക്ക്  ഒരു വിമാനയാത്ര!  കൊറോണക്കാലത്തെ  ഒന്നരവർഷത്തിലേറെ  നീണ്ട  തൊട്ടുകൂടായ്മകൾക്കുശേഷമുള്ള യാത്രയായിരുന്നു. രാജസ്ഥാൻ എന്ന സ്വപ്നഭൂമികയെ  തൊട്ടറിയാനുള്ള  ഒരു ദീർഘയാത്ര.



മുംബൈയിലെ 'വീണാവേൾഡ്' എന്ന ടൂർ ഗ്രൂപ്പ് സംഘടിപ്പിച്ചിരിക്കുന്ന യാത്രയാണിത്. ഞങ്ങളെക്കൂടാതെ  മറ്റു മുപ്പതാൾകൂടി ചേർന്നൊരു സംഘമയാണ് യാത്ര. കൂടെ രണ്ടു ടൂർ മാനേജർമാരും. ഇരുപതുപേർ ഞനങ്ങൾക്കൊപ്പം       മുംബൈയിൽനിന്നുനുള്ള ഫ്ലൈറ്റിലെത്തി. 11 മണി സമയം. പറയത്തക്ക വലിയ തിരക്കുകകൾ എവിടെയുമില്ല.   അത്ര പകിട്ടും പളപളപ്പുമൊന്നുമില്ലാത്ത ഒരു സാധാരണ വിമാനത്താവളം. ബാക്കിയുള്ളവർ ഹൈദരാബാദിൽനിന്നുള്ള ഫ്ലൈറ്റിൽ  ഉടനെ  എത്തും. പുറത്ത്   luxuary tour bus   ഒരെണ്ണം സാരഥികൾക്കൊപ്പം  ഞങ്ങളെക്കാത്തു കിടന്നിരുന്നു. ടൂർ മാനേജർമാർ  രാജേഷ് സാൽവെയും  കൽപക് ചൗധരിയും എല്ലാവരുടെയും സീറ്റ് അലോട്ട്മെന്റ് പൂർത്തിയാക്കി. ലഗേജ്, ബസ്സിന്റെ സ്റ്റോറേജ് പ്ലേസിൽ  ഡ്രൈവറും സഹായിയും ചേർന്ന് എടുത്തുവെച്ചു.  ഇനി പതിനഞ്ചുദിവസങ്ങൾ ഈ  ബസ്സിലാണ്  യാത്ര. ഭാഗ്യത്തിന് ആദ്യബുക്കിംഗ് ഞങ്ങളുടേതായതുകൊണ്ടു  ആദ്യസീറ്റും ഞങ്ങൾക്ക് ലഭിച്ചു. ഇടതുവശത്തെ മുൻസീറ്റു  തന്നെ. വലതുവശത്തെ മുൻസീറ്റു ടൂർ മാനേജർമാർക്കുള്ളതാണ്. ഈ ടൂർ ഗ്രൂപ്പിൽ സീറ്റ് റോടേഷൻ  പതിവില്ല. 



ജയ്‌പൂർ നഗരത്തിലാണ് എത്തിയതെങ്കിലും ഇന്നിവിടെ തങ്ങുന്നില്ല. ഉച്ചഭക്ഷണം കഴിച്ചശേഷം മണ്ഡാവ  എന്ന സ്ഥലത്തേക്കാണ് പോകുന്നത്. സുവനീർ ഹോട്ടൽ ആണ് ഞങ്ങൾക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. ഇത്തരം ഗ്രൂപ്പ്  യാത്രകളിൽ ഇവർ ഒരുക്കുന്ന ഭക്ഷണം അതിഗംഭീരമായിരിക്കും. അംഗങ്ങളുടെ വ്യത്യസ്താഭിരുചികളെ മാനിക്കത്തക്കവിധം വ്യത്യസ്തവിഭവങ്ങൾ നിരത്തിയ  ബുഫെ രീതിയിലായിരിക്കും. ഇവിടെയും അങ്ങനെതന്നെ. സൂപ്പ്, സലാഡ്,  അരി- ഗോതമ്പു വിഭവങ്ങൾ, ധാരാളം ഉപദംശങ്ങൾ, തൈര് വിഭവങ്ങൾ, ഒന്നോ രണ്ടോ മധുരപലഹാരങ്ങൾ അങ്ങനെപോകുന്നു ആ പട്ടിക.   സസ്യമാംസാഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതൽ സസ്യവിഭവങ്ങളാണ്. ഇന്നത്തെ ഒരു സ്‌പെഷ്യൽ വിഭവം 'കേര സാംഗിരി' എന്നൊരു പച്ചക്കറി വിഭവം ആയിരുന്നു.  രാജസ്ഥാനിലെ മാർവാഡ്  ഭാഗങ്ങളിൽ കാണപ്പെടുന്ന ചെറിയ മരത്തിൽനിന്ന് ലഭിക്കുന്ന പച്ചക്കറിയാണിത്. ഇടിഞ്ചക്ക ആണോ എന്ന് ആദ്യം തോന്നി. പക്ഷേ  സ്വാദ് അല്പം വ്യത്യസ്തമാണ്. വളരെ പോഷകമൂല്യമുള്ള പദാർത്ഥമാണത്രേ !  മാത്രമല്ല ഈ മരം മരുഭൂമിയിലെ കടുത്ത  വരൾച്ചയിലും അതിജീവനത്തിനു പ്രാപ്തിയുള്ളതുമാണ്. 

(kera sangri plant )


ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഹൈദരാബാദിൽനിന്നുള്ളവരും എത്തി. എല്ലാവരുടെയും ഭക്ഷണം കഴിയുന്നതുവരെ ഞങ്ങൾ അവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു. 20 വർഷങ്ങൾക്കുമുമ്പ് ജയ്‌പ്പൂരിൽ വന്നിട്ടുണ്ട്. അന്ന്  ഈ നഗരം ഇപ്പോഴത്തേക്കാൾ വളരെ സുന്ദരമായിരുന്നുവെന്നു തോന്നി. ഇത്രയും വളർന്നിരുന്നുമില്ല.  അന്നത്തെ വൃത്തിയും ശാന്തതയും  കുറച്ചെങ്കിലും കൈമോശം വന്നിരിക്കുന്നു. നിരത്തുകൾ വൃത്തിഹീനവും തിരക്കുപിടിച്ചതുമായിമാറി. പിങ്ക് സിറ്റി, ഗ്രീൻ സിറ്റി, ക്ലീൻ സിറ്റി എന്നൊക്കെ പേരുകളുള്ള നഗരമാണിത്.  ഇപ്പോൾ അതെത്രത്തോളം സാർത്ഥകമാകുമെന്നു ശങ്കതോന്നാതിരുന്നില്ല. 


യാത്ര മണ്ഡാവ  എന്ന സ്ഥലത്തേക്കാണ് .  .അമീർഖാന്റെ 'പികെ' എന്ന ചിത്രമാണ് മണ്ഡാവയെ വളരെ പ്രശസ്തമാക്കിയത് . ശെഖാവത് മേഖലയിലെ ഝുൻത്സുനു ജില്ലയിലാണ്   ഈ പട്ടണം. ഇവിടുത്തെ കോട്ടയും പുരാതനസമ്പന്നഗേഹങ്ങളായ  ഹവേലികളും പ്രസിദ്ധങ്ങളാണ്.  . NH 52 ലൂടെ  മൂന്നുമണിക്കൂർ യാത്രയുണ്ട്. അതിമനോഹരമായ റോഡ്. ആറുവരിപ്പാത ഒരു തടസ്സവുമില്ലാതെ  അങ്ങനെ നീണ്ടുകിടക്കുന്നു.  വീതിയുള്ള ഡിവൈഡർ നിറയെ തഴച്ചുവളരുന്ന പൂക്കാലമൊരുക്കിനിൽക്കുന്ന അരളിച്ചെടികൾ. ചിലസ്ഥലങ്ങളിൽ രാജമല്ലികളാണ്. അപൂർവ്വമായി ബോഗൻവില്ലകളും. വഴിയോരങ്ങളിലും പാതയോടു ചേർന്നുള്ള പറമ്പുകളിലുമൊക്കെ   എവിടെയും കാണുന്ന  വൈവിധ്യമാർന്ന  മഞ്ഞപ്പൂക്കളുടെ സമൃദ്ധമായ സാന്നിധ്യം വളരെ ശ്രദ്ധേയമായിത്തോന്നി. 


വളരെ വേഗത്തിലാണ് വണ്ടിയോടുന്നത്. വഴിയോരക്കാഴ്‌ചകൾ കണ്ട്  സുഖകരമായ യാത്ര. കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളും ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഇടയ്ക്കു കടന്നുപോകുന്ന ആട്ടിൻപറ്റവും  കന്നുകാലിക്കൂട്ടവും ഒട്ടകവണ്ടികളും. എവിടെയും  ഒരു ഗതാഗതതടസ്സവുമില്ല. ഒരിടത്തും  സിഗ്നൽ കാത്തുകിടക്കേണ്ടതില്ല . യുറോപ്പിലൊക്കെ ഉള്ളതുപോലെ വലിയൊരു ട്രാഫിക് സർക്കിൾ ഉണ്ടാവും അത് ചുറ്റി എക്സിറ്റ് എടുത്ത്  വാഹനങ്ങൾ പോകേണ്ടവഴിക്കു പൊയ്ക്കോളും. നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള ഗതാഗതസംവിധാനം   ആയിരുന്നെങ്കിലെന്നോർത്തുപോയി. അത്രയധികം  സമയലാഭവും ഇന്ധനലാഭവും ഇവിടെയുണ്ട്. 


 സുഖസുന്ദരമായ  ആ  യാത്രയവസാനിച്ചത്  മണ്ഡാവ  എന്ന ചെറുപട്ടണത്തിലെ 'ഡെസേർട് റിസോർട്ട്' എന്ന വിശാലമായ റിസോർട്ടിലായിരുന്നു.  പട്ടണത്തിന്റെ തിരക്കുകളിൽനിന്ന് അല്പം അകന്ന്   ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഈ റിസോർട്ട്. ഝുൻത്സുൻ എന്ന ജില്ലയിലെ ഒരുഗ്രമമാണ് മണ്ഡാവ. വലിയൊരു  ഇരുവശങ്ങളിലും  രാജഭരണകാലത്തെ ഭടന്മാരെപ്പോലെ വേഷഭൂഷാദികളണിഞ്ഞ രണ്ടുപേർ കാവൽനിന്നിരുന്ന, കോട്ടവാതിൽപോലെതോന്നുന്ന പടിപ്പുരകടന്നു  റിസോർട്ടിലേക്കു കയറി.    രാജസ്ഥാനിലെ പരമ്പരാഗതരീതിയിൽ നിർമ്മിക്കപ്പെട്ട മണ്കുടിൽപോലെ തോന്നുന്ന വൃത്താകാരത്തിലുള്ള കോട്ടേജുകൾ റിസോർട്ടിലെ  ഏറെ ആകര്ഷണീയമായ കാഴ്ചയാണ്. മറ്റുകെട്ടിടങ്ങൾക്കും സമാനമായൊരു പൗരാണികഛായയുണ്ട്.   അവിടുത്തെ പ്രകൃതിദത്തമായ മണ്ണിന്റെ മഞ്ഞനിറമുള്ള ചുവരുകളിൽ  വെള്ളനിറത്തിലെ വരകൾകോറി മെനെഞ്ഞ  ചുവർചിത്രങ്ങളുമുണ്ട് . ഇവിടെ പ്രചാരത്തിലുള്ള ആദിവാസി ചുവർചിത്ര രീതിയാണത്. മഹാരാഷ്ട്രയിലെ വാർളിചുവർചിത്രങ്ങളോട് ഏറെ സാമ്യം തോന്നുന്ന ചിത്രങ്ങൾ.   ധാരാളം കോട്ടേജുകളും പൂന്തോട്ടങ്ങളും നീന്തല്കുളവും ഊഞ്ഞാലുകളുമൊക്കെയുണ്ടിവിടെ. രാജസ്ഥാനിലെ  കൗതുകവസ്തുക്കളുടെ  ചെറിയൊരു പ്രദർശനാലയവും ഉണ്ടായിരുന്നു. ഒന്നരവര്ഷത്തിനുശേഷമാണ് അവർ ഇതൊക്കെ പുന:പ്രവർത്തനത്തിനു സജ്ജമാക്കിയിരിക്കുന്നത്.  ഈ നീണ്ട കാലയളവിൽ അവരുടെ വരുമാനവും ജീവിതവും ഏതാണ്ട് നിലച്ചുപോയിരുന്നു. ഇനി പിടിച്ചുകയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നല്ലവരായ ആ മനുഷ്യർ. 





ഒരു രാത്രി താമസം മാത്രമാണ് ഈ റിസോർട്ടിലെ ഞങ്ങളുടെ ഉദ്ദേശ്യം. ഒട്ടകസഫാരിയും മരുഭൂമിയിലെ ജീപ്പ് സഫാരിയും നൈറ്റ് സഫാരിയും പോലുള്ള  പല ടൂർ ആക്ടിവിറ്റീസ് അവർ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഞങ്ങൾ അതിലൊന്നും പങ്കെടുക്കുന്നില്ല. പക്ഷേ ആ രാത്രി അവിസ്മരണീയമാക്കാനായി അവർ ഞങ്ങൾക്കായി ഒരു പാവകളി ഒരുക്കിയിരുന്നു. ' കട്പുതലി' എന്നറിയപ്പെടുന്ന ഈ കലാരൂപം  രാജസ്ഥാനികളുടെ പ്രിയപ്പെട്ടെ വിനോദമാണ്. രാജസ്ഥാനിൽ മാത്രമല്ല കേരളമുൾപ്പെടെ മറ്റു  സംസ്ഥാനങ്ങളിലും വിവിധരാജ്യങ്ങളിലും പാവകളി പ്രചാരത്തിലുണ്ട്. റിച്ചാർഡ് പിസ്‌ക്കൽ എന്ന ജർമ്മൻ ശാസ്ത്രകാരന്റെ പഠനം പറയുന്നത് പാശ്ചാത്യദേശത്തെ പാവകളിയുടെ സ്വാധീനം ഭാരതത്തിലെ  പാവകളി ആണെന്നത്രേ! തോൽപ്പാവകളി, നിഴൽപ്പാവകളി, കയ്യുറപ്പാവകളി, നൂൽപ്പാവകളി  എന്നിങ്ങനെ വിവിധതരം പാവകളികൾ പ്രചാരത്തിലുണ്ട്. നമ്മുടെ നാട്ടിൽ കയ്യുറപ്പാവകളിയാണ് കൂടുതൽ കണ്ടുവരുന്നത്. ഇന്നാട്ടിലാവട്ടെ നൂൽപ്പാവകളിയും.  അതിപുരാതനകാലംമുതൽ അവതരിപ്പിക്കപ്പെടുന്നൊരു  കലാരൂപമാണിത്. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഭട്ട് ഗോത്രക്കാരാണ് ഈ കലാരൂപത്തിന് തുടക്കംകുറിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. രാജസ്ഥാനിലെ ഏതൊരാഘോഷത്തിലും പാവകളി ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ്.     

പാവകളിയുടെ ഉദ്ഭവത്തെക്കുറിച്ച് പല കഥകളും പറഞ്ഞുകേൾക്കാറുണ്ട്.  

ഒരു കഥ ഇങ്ങനെ : 


ശിവനും പാർവ്വതിയും ഒരിക്കൽ ഒരു മരപ്പണിക്കാരൻ നിർമ്മിച്ച രണ്ടു പാവകളെ കാണാനിടയായി. പാവകളിൽ ഏറെ കൗതുകംപൂണ്ട പർവ്വതിദേവി തങ്ങളെ ആ പാവകളിൽ സന്നിവേശിപ്പിച്ച് നർത്തനമാടി. തന്റെ പാവകൾ നൃത്തമാടുന്നതുകണ്ട മരപ്പണിക്കാരൻ ആനന്ദചിത്തനായി.  സുഭഗസുന്ദരമായ ആ നൃത്തത്തിനുശേഷം ക്ഷീണിതയായ ദേവീദേവന്മാർ പാവകളെ അവിടെ ഉപേക്ഷിച്ചു പോകാനോരുങ്ങവേ, തന്റെ നിർജ്ജീവമായ പാവകളെ വീണ്ടും ജീവൻ നൽകി അനുഗ്രഹിക്കണമേ എന്ന് മരിപ്പണിക്കാരൻ അവരോടു പ്രാർത്ഥിച്ചു. എന്നാൽ സ്വന്തം ബുദ്ധിശക്തികൊണ്ട് അതിനൊരു മാർഗ്ഗം കണ്ടുപിടിക്കാൻ ഉപദേശിച്ച് ശിവപാർവതിമാർ തിരിച്ചു പോയി. മരപ്പണിക്കാരൻ അതിനുവേണ്ടി  ആലോചിച്ച് തയ്യാറാക്കിയ ഒരു കലാരൂപമാണത്രെ പാവകളി.   



മറ്റൊരു കഥ ബ്രഹ്മാവുമായി ബന്ധപ്പെട്ടതാണ്. സരസ്വതിദേവിയെ ആഹ്ലാദിപ്പിക്കാനായി നട്ട്ഭട്ട് എന്ന   ഒരു  പാവകളിക്കാരനെ സൃഷ്ടിച്ചത്രേ! പക്ഷേ അതിൽ സ്വയം  തൃപ്തിവരാതെ ബ്രഹ്മാവ് ആ പാവകളിക്കാരനെ ഭൂമിയിലേക്കയച്ചു. അയാളുടെ പിൻതലമുറക്കാർ ഇന്നും ഭൂമിയിൽ പാവകളി നടത്തുന്നു. ഇവരായിരിക്കാം രാജസ്ഥാനിലെ ഭട്ട് ഗോത്രത്തിലെ  പാവകളിക്കാർ എന്നാണ് വിശ്വാസം. 


പലതരത്തിൽ പാവകളി നടത്താറുണ്ടെങ്കിലും  കട്പുതലിയിൽ നിറപ്പകിട്ടാർന്ന പാവകളെ നൂലുകളിൽ ബന്ധിച്ച് ആ നൂലുകൾ വിരലുകള്കൊണ്ടു ചലിപ്പിച്ചു വിവിധശാരീരികചലനങ്ങൾ സൃഷ്ടിച്ചടുക്കുകയാണ് ചെയ്യന്നത്. താളസുഷിരവാദ്യങ്ങളോടൊപ്പമുള്ള   സംഗീതവും വിവരണവും അകമ്പടിയായുണ്ടാകും. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവുമൊക്കെ ഈ ചലനങ്ങളിലൂടെ കഥകളായി നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെടും . (കട് എന്നാൽ  മരം, പുത്‌ലി  എന്നാൽ പാവ ). മരത്തിൽ കൊത്തിയെടുത്ത, വലിയ കണ്ണുകളും വളഞ്ഞ പുരികവും  ഭംഗിയുള്ള മൂക്കും ചുവന്ന ചുണ്ടുമൊക്കെയുള്ള തലയാണ് പാവയുടെ  പ്രധാനഭാഗം. അതിനോട് ചേർത്ത്    അനുയോജ്യങ്ങളായ വർണ്ണവേഷങ്ങളും ആഭരണങ്ങളും സ്ഥാനചിഹ്നങ്ങളും അണിയിച്ചു കൊടുക്കുകയാണ് ആദ്യത്തെ നടപടി. പിന്നീട് സൂക്ഷ്മതയോടെ ചരടുകൾ പാവയും വിരലുകളുമായി ബന്ധിക്കുന്നു.   അതീവശ്രദ്ധയും  ഭാവനയും കർമ്മപരിചയവും  ആവശ്യമുള്ളോരു പ്രക്രിയയാണത്.  വിവിധകഥകൾ, സവിശേഷമായ ഒരു വേദി ഒരുക്കി,   ഈ പാവകളിലൂടെ അവർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രാജാവും രാജകുമാരിയും മന്ത്രിയും പ്രജകളും ഒക്കെയുണ്ടാവും ഈ കഥകളിൽ.  മുളകൊണ്ടുള്ള ഒരു സംഗീതോപകരണം സൃഷ്ടിക്കുന്ന ഉച്ചസ്ഥായിലുള്ള ശബ്ദവും താളാത്മകമായ പാവകളുടെ ചലനവും തികച്ചും ആസ്വാദ്യകരമാണ്.   എല്ലാം യാന്ത്രികമായ ഈ നവയുഗത്തിൽ ഇത്തരം ചില നിർമ്മലകലാരൂപങ്ങൾ കണ്ണിനും കരളിനും കുളിർമ്മയേകുന്നു എന്നത് ഏറെ പ്രസക്തം. 



പാവകളി നടത്തുന്ന സംഘം പാവകളെ വില്പനയ്ക്കും ഒരുക്കിവെച്ചിട്ടുണ്ട്. സാമാന്യം ഭേദപ്പെട്ട വിലയുമുണ്ട്. എങ്കിലും പലരും ഈ മധുരനിശീഥത്തിന്റെ ഓർമ്മയ്ക്കായി പാവകളെ വാങ്ങുന്നുണ്ടായിരുന്നു. 


No comments:

Post a Comment