വർണ്ണചിത്രങ്ങൾ ചായുറങ്ങുന്ന കോട്ട
===================================
നന്നേ പുലർച്ചേ ഉണർന്നു പുതിയൊരു യാത്രയ്ക്കായി തയ്യാറായി. റിസോർട്ടിൽനിന്ന് എട്ടുമണിക്കാണ് യാത്രയാവുന്നത്. അതിനുമുമ്പ് അവിടെയൊക്കെ ചുറ്റിനടന്നുകണ്ടു. പുറത്തിറിങ്ങിയതേ ഇലച്ചാർത്തുകൾക്കിടയിലൂടെ അകലെനിന്നുദിച്ചുയരുന്ന ചുവന്നുതുടുത്ത സൂര്യനെയാണ് കണ്ടത്. ഹാ! എത്ര നയനമനോഹരമായ ദൃശ്യം! മരുഭൂമിയാണെങ്കിലും അത്ര നരച്ചപ്രകൃതിയൊന്നുമല്ല. പച്ചപ്പുള്ള മരങ്ങളും പൂക്കൾചൂടിനിൽക്കുന്ന ചെടികളും ധാരാളമുണ്ടവിടെ. കുറച്ചുസ്ഥലത്തു എന്തോ ധാന്യം കൃഷിയും ചെയ്തിട്ടുണ്ട്. പ്രഭാതത്തിലെ ഉന്മേഷത്തിൽ കളനാദംപൊഴിക്കുന്ന നിരവധി പക്ഷികളും അവിടെയാകെ പറന്നുനടക്കുന്നു . റിസോർട്ടിന്റെ കവാടം ഒരു കോട്ടവാതിൽപോലെ തോന്നും. പരമ്പരാഗത വേഷത്തിൽ പാറാവുകാർ വാളും കൈയിലേന്തി ഇടതും വലതുമായി നിലകൊണ്ടിരുന്നു. കവാടത്തിനപ്പുറം വിജനമായ പാത നീണ്ടുകിടക്കുന്നു. പാതയ്ക്കിരുവശവും കുറ്റിക്കാടുകൾ. അധികദൂരം നടക്കാതെ ഞങ്ങൾ മടങ്ങി . അങ്ങുദൂരെ വൃക്ഷനിബിഢമായ ഒരു താഴ്‌വരയും ഒരു ചെറുപട്ടണവും കണ്ടു. പക്ഷേ ഏതാണ് ആ പട്ടണമെന്ന് അറിയാൻ കഴിഞ്ഞില്ല. കൂടുതൽ കാണാൻ സമയം അനുവദിച്ചില്ല. പ്രാതൽ കഴിച്ച് യാത്ര തുടരണം.
എട്ടുമണിക്കുതന്നെ റിസോർട്ടിനോട് യാത്രപറഞ്ഞ് ബസ്സ് പുറപ്പെട്ടു. ആദ്യം പോയത് അവിടെയുള്ള ഒരു കോട്ട കാണാനായിരുന്നു. അതൊന്നു തുറന്നുകിട്ടാൻ കുറേനേരം കാത്തുനിൽക്കേണ്ടിവന്നു. ആ സമയത്ത് അടുത്തൊരു വെളിമ്പറമ്പിൽ മയിലുകൾ ചുറ്റിത്തിരിഞ്ഞു നടക്കുന്നതുകാണാനും സാധിച്ചു. അത്ര ബൃഹത്തായൊരു കോട്ടയൊന്നുമല്ല. അവിടെയുള്ള ചിത്രങ്ങൾ ആണ് കോട്ടയ്ക്കു പ്രാധാന്യം നൽകുന്നത്. 1755 ൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. ഝുൻത്സുനു പ്രദേശത്തെ ഭരണാധികാരിയായിരുന്ന മഹാറാവു ശാർദ്ദൂൽസിംഗ് അദ്ദേഹത്തിന്റെ പുത്രൻ താക്കൂർ നവാൽസിങ്ങിന് മണ്ടവ പ്രദേശം നൽകുകയുണ്ടായി. അദ്ദേഹമാണ് ഈ കോട്ട നിർമ്മിച്ചത്. പൂർണ്ണമായും രജപുത്രപാരമ്പര്യത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. ജയ്പൂരിലെ അമർകോട്ടയിലെ ശീഷ്മഹൽ മാതൃകയാക്കി നിർമ്മിക്കപ്പെട്ട സുന്ദരമായ ഒരു കണ്ണാടിമുറി ഇവിടെയുമുണ്ട്. മറ്റൊരു ഗംഭീരമായ ദർശനം അവിടുത്തെ ദർബാർ ഹാളിന്റെതാണ്. ചുവരിലും മച്ചിലുമൊക്കെ പൂർണതയുള്ള അതിസുന്ദരമായ വർണ്ണചിത്രങ്ങൾ സൂക്ഷ്മതയോടെ വരച്ചുചേർത്തിരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കും. പ്രകൃതിചിത്രങ്ങൾ മാത്രമല്ല, മനുഷ്യരുടെയും ചിത്രങ്ങൾ ധാരാളമുണ്ട്. ഏതാനും മുറികളിൽ പുരാവസ്തുക്കളൊക്കെ പ്രദര്ശിപ്പിച്ചിട്ടുമുണ്ട്. വാളും പരിചയും അമ്പുകളും മറ്റുപകരണങ്ങളും നാണയങ്ങളും അക്കൂട്ടത്തിലുണ്ട് കോട്ടയുടെ ബാക്കി ഏതാണ്ട് എല്ലാ ഭാഗങ്ങളും ഇന്ന് ഹോട്ടലായി പ്രവർത്തിക്കുന്നു.
കോട്ടയിൽനിന്നിറങ്ങി വീണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് ബസ്സിന്റെ ഏസി പ്രവർത്തനത്തിൽ അപാകതകൾ കണ്ടുതുടങ്ങി. അത് നേരെയാക്കാൻ പല ശ്രമങ്ങളുംനടത്തി കുറച്ചു സമയം പാഴായി. രത്തൻഗഡ് എന്നൊരു ചെറുപട്ടണത്തിലെ റസ്റ്ററന്റിൽ ഞങ്ങൾക്ക് കാപ്പി തയ്യാറാക്കിയിരുന്നു. കാപ്പി കുടിക്കുന്ന സമയംകൊണ്ട് ഏസിയുടെ തകരാർ തീർത്തു. യാത്ര തുടർന്നു. വൈകിയെങ്കിലും രണ്ടുമണിയായപ്പോൾ ബിക്കാനീറിലെ ഹോട്ടൽ സാഗറിൽ എത്തിച്ചേർന്നു. 1486 വരെ ജംഗ്‌ളദേശ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ബിക്കാനീർ. മണൽക്കാട്ടിലെ ഒരദ്‌ഭുതമാണ് ബിക്കാനീർ. രാജസ്ഥാൻതുടിപ്പുകൾ മുഴുവൻ ആവാഹിക്കപ്പെട്ടിരിക്കുന്ന വിസ്മയഭൂമി. 1486-ൽ രജപുത്ര ഭരണാധികാരിയായിരുന്ന മഹാരാജ റാവു ജോധയുടെ ദ്വിതീയപുത്രനായ റാവു ബിക്കയാണ് ഈ പട്ടണം നിർമ്മിച്ചത്. മഹാരാജ റാവു ജോധയുടെ ആസ്ഥാനം ജോധ്പൂർ ആയിരുന്നു. പിന്തുടർച്ചാവകാശം മൂത്ത പുത്രനായതുകൊണ്ടു രണ്ടാമനായ റാവു ബിക്കാ തനിക്കുസ്വന്തമായൊരിടം വേണമെന്ന് തീരുമാനിച്ചു. അതിനായി ഭൂമി നൽകാൻ തയ്യാറായത് നെഹ്റ ജാട്ട് വംശജനായിരുന്നു. തങ്ങളുടെ പൂർവ്വികസ്വത്തായതുകൊണ്ടു . പട്ടണത്തിന്റെ പേര് അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി വേണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ബിക്കാനീർ എന്ന പേര് ഈ പട്ടണത്തിനു ലഭിച്ചത്. ബിക്കാനീർ എന്നുകേൾക്കുമ്പോൾ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ആദ്യമോർമ്മ വരുന്നത് രുചികരമായ ബിക്കാനീർ ഭുജിയയെക്കുറിച്ചായിരിക്കും. പിന്നെ മുംബൈയിലും സുലഭമായ ബിക്കാനീറിലെ സവിശേഷമായ മധുരപലഹാരങ്ങളും . എന്നാൽ വളരെ ചരിത്രപ്രാധാന്യമുള്ളൊരു പ്രദേശമാണിത്. ഇവിടുത്തെ ജുനാഗഡ് കോട്ടയും ലാൽഗഢ് പാലസും കർണ്ണിമാതാ മൂഷികക്ഷേത്രവും മറ്റും അതിപ്രശസ്തമാണ്.
വേഗംതന്നെ ഉച്ചഭക്ഷണം കഴിച്ച് ജുനാഗഡ് കോട്ട കാണാനുള്ള യാത്ര തുടങ്ങി. ബിക്കാനീർ നഗരംതന്നെ ഈ കോട്ടയ്ക്കു ചുറ്റുമായാണ് രൂപപ്പെട്ടിരിക്കുന്നത്. 1589- 1594 കാലത്താണ് ബിക്കാനീർ ചക്രവർത്തി ആയിരുന്ന രാജാ റായി സിങിന്റെ മന്ത്രിയായ കരൺ ചന്ദിന്റെ മേൽനോട്ടത്തിൽ കോട്ട നിർമ്മിക്കപ്പെട്ടത്. മുൻകാലങ്ങളിൽ ജുനാഗഡ് കോട്ടയുടെ പേര് ചിന്താമണിദുർഗ്ഗ് എന്നായിരുന്നു. 1902 നും 1926 നും ഇടയിൽ ബിക്കനീര്‍ രാജാവായിരുന്ന സര്‍ ഗംഗ സിംഗിനുവേണ്ടി ബ്രിട്ടീഷ് വാസ്തുശില്പികൾ ഇന്‍ഡോ-സാര്‍സനിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ലാല്‍ഗഡ് കൊട്ടാരം പണിതീർന്നതോടെ രാജധാനി അവിടേയ്ക്കു മാറ്റുകയുണ്ടായി. ചുവന്നകല്ലില്‍ തീര്‍ത്ത ഈ വിസ്മയം, തന്റെ പിതാവായ കിങ് ലാല്‍ സിങിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ രാജാവ് പണിതത്.രജപുത്, മുഗള്‍, യൂറോപ്യന്‍ വാസ്തുശൈലികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഈ കൊട്ടാരത്തിന്റെ ഡിസൈന്‍ ഉണ്ടാക്കിയത് സര്‍ സ്വിന്‍ടണ്‍ ജേക്കബ് എന്ന ശില്‍പിയാണത്രേ. ചിന്താമണിദുർഗ്ഗ് അതോടെയാണ് 'പഴയ കോട്ട' എന്ന അർത്ഥംവരുന്ന ജുനാഗഡ് എന്ന് അറിയപ്പെട്ടത്.
No comments:
Post a Comment