Thursday, December 30, 2021

രാജസ്ഥാൻ 12 - ബുള്ളറ്റ്ബാബാ ക്ഷേത്രവും ശന്തിവനവും

 ഒക്ടോബർ 21 

രാവിലെതന്നെ മൌണ്ട് അബുവിലേക്കുള്ള യാത്ര പുറപ്പെടുകയാണ്.  ഏകദേശം അഞ്ചുമണിക്കൂറോളം യാത്രയുണ്ട്. പതിവുപോലെ പട്ടണങ്ങളും ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും കുറ്റിക്കാടുകളുമൊക്കെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പാതയ്ക്കിരുവശവുമുള്ള വെളിമ്പറമ്പുകളിൽ പലയിടത്തും വകമരത്തിൻ്റെതുപോലെയുള്ള ഇലകളും കമ്പിത്തിരിപോലുള്ള പൂക്കളും വാളരിപ്പയർ പോലുള്ള കായ്കളുമായി ഒരു ചെറുമരം -മുള്ളൻമരം- കാണാം. വിറകിനുവേണ്ടി മെക്സിക്കോയിൽനിന്നു ഇറക്കുമതി ചെയ്തതാണ് ഈ മരവിത്തുകൾ. പക്ഷേ ഇലകൾക്ക്  വിഷമുള്ളതുകൊണ്ടു കന്നുകാലികൾക്കതു വിനയായി. ഒടുവിൽ അധികൃതർ  വളരെ പാടുപെട്ട് അത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ മരങ്ങളിൽ തൂക്കണാംകുരുവിയുടെ കൂടുകൾ കാണാം.   

ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ  ബന്ദായിഗ്രാമത്തിൽ  അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം.  ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .  ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!

  ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . 

1991 ഡിസംബർ മാസം രണ്ടാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് തന്റെ  ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം  നിയന്ത്രണംവിട്ട്  ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു  കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു. എന്നാൽ  പിറ്റേദിവസം രാവിലെ  നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു ബുള്ളറ്റ്  കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം  ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു.   വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്‌ഭുതമാണല്ലേ? 

അദ്‌ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ  ഈ അദ്‌ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്‌ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ  അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി.    നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു.    താമസിയാതെ  അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, ഡ്രൈവർമാർക്കിടയിൽ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്നപക്ഷം  അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു.

 ബുള്ളറ്റിൽ ഭക്തർ  തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു  മദ്യവും കൊണ്ടുവരാറുണ്ടത്രേ! ഓംബന്നയുടെ വലിയ ചിത്രവും പൂമാലകൾകൊണ്ട് അലങ്കരിച്ചുവച്ചിട്ടുണ്ട്.  അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ  പതിവാണ്. ഓംബന്നയെക്കുറിച്ചുള്ള ഭക്തിഗാനങ്ങളും മുഴങ്ങിക്കേൾക്കാം. 

ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ.. 

 എന്തായാലും ഞങ്ങളും അവിടെയിറങ്ങി ക്ഷേത്രത്തിൽ ദർശനം നടത്തി.ചിലരൊക്കെ പ്രസാദകുങ്കുമം പ്രതിഷ്ഠയിൽ ചാർത്തുകയും ചെയ്തു . പാതയുടെ എതിർവശത്ത് ഒരു റെസ്റ്ററന്റ് ഉണ്ട്. കൂടാതെ കൗതുകവസ്തുക്കളുടെ വില്പനകേന്ദ്രങ്ങളും. അവിടെനിന്ന് ലഘുഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം അല്പസ്വല്പം ഷോപ്പിങ്ങും നടത്തി    ഞങ്ങൾ യാത്രതുടർന്നു. 


ഇത്രയുംദൂരം യാത്രകളിൽ എവിടെയും മലനിരകളൊന്നും കണ്ടില്ല. പക്ഷേ ഈ യാത്രയിൽ മലനിരകൾ കാണാൻതുടങ്ങി. ആരാവലിപർവ്വതത്തിന്റെ  ഭാഗങ്ങളാണ്. ഈ പർവ്വതനിരയാണ് ജോധ്പുർ ഉൾപ്പെട്ട  മാർവാഡ് പ്രദേശത്തെയും ഉദയ്പുർ ഉൾപ്പെട്ട  മേവാർ പ്രദേശത്തെയും വേർതിരിക്കുന്നത്. മാർവാടികളും മേവാടികളും തമ്മിൽ പലകാര്യങ്ങളിലും വളരെ വ്യത്യസ്തരാണ്. പ്രധാനമായും  മാർവാടികൾ കച്ചവടക്കാരും മേവാടികൾ യോദ്ധാക്കളുമാണ്. സ്വഭാവരീതികൾ,  ഭാഷ, വസ്ത്രം, ആഹാരം, വാസ്തുശൈലി ഇവയിലൊക്കെ സ്പഷ്ടമായ അന്തരം നിലനിൽക്കുന്നു. ഭൂപ്രകൃതിക്കും വലിയ മാറ്റം കണ്ടുതുടങ്ങി.  ഇടയ്ക്ക് സിറോഹി ടണൽ കടന്നുപോയി.  മുന്നൂറുമീറ്റർ നീളമുണ്ട്‌ ഈ തുരങ്കത്തിന്. ഒരു കുശവഗ്രാമവും നദിയും തടാകങ്ങളുമൊക്കെ കണ്മുന്നിലെത്തി അകന്നുപോകുന്നുണ്ടായിരുന്നു. ഹരിതഭംഗി വഴിഞ്ഞൊഴുകുന്ന കാടുകളും മലകളും ചുരങ്ങളുമൊക്കെ  കൗതുകമുണർത്തുന്ന കാഴ്ചതന്നെ.   

മൗണ്ട് അബു രാജസ്ഥാനിലെ ഏകഹിൽസ്റ്റേഷൻ ആണ്. മരൂഭൂമിയിലെ മരുപ്പച്ച എന്നാണ് മൗണ്ട് അബുവിനെ വിശേഷിപ്പിക്കാറുള്ളത്. അബു എന്ന പേരിന് ഒരു ഇസ്ലാമികസ്പര്ശമുള്ളതുകൊണ്ടു മുസ്ലിംതീർത്ഥാടനകേന്ദ്രമോ മറ്റോ ആയിരിക്കാം എന്ന് ധരിച്ചിരുന്നു. പക്ഷേ  മുന്കാലങ്ങളിൽ അർബുദാമലകൾ എന്നാണ് മൌണ്ട് അബു അറിയപ്പെട്ടിരുന്നത് . ദുർഗ്ഗാദേവിക്കുവേണ്ടി  ഇവിടെയുള്ള ക്ഷേത്രമാണ് അർബുദാദേവി ക്ഷേത്രം. അധാർദേവി ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.   ഇത് ശക്തിപീഠങ്ങളിൽ ഒന്നാണ് . സതീദേവിയുടെ മൂലാധാരം പതിച്ചതിവിടെയാണെന്നാണ് വിശ്വാസം. അതിനാൽ വളരെ പ്രാധാന്യമുള്ളൊരു തീർത്ഥാടനകേന്ദ്രംകൂടിയാണിത്. അർബുദാ  എന്നത്  ചുരുക്കി അബു ആയതാണ്.


രണ്ടുമണികഴിഞ്ഞു ഞങ്ങൾ ചുരം കയറുന്നതുപോലെ മലമുകളിലേക്ക് ഒരു യാത്രകഴിഞ്ഞു  മൌണ്ട് അബുവിലെ ഹോട്ടൽ  മഹാരാജയിലെത്തിയപ്പോൾ. വളരെ വൈകിയതുകൊണ്ടു ഭക്ഷണശേഷമാണ് മുറിയിലേക്ക് പോയത്. വിശ്രമത്തിനുള്ള സമയം അനുവദിച്ചിരുന്നു. വൈകുന്നേരം മാത്രമേ കാഴ്ചകൾ കാണാനായി എല്ലാവരും ചേർന്ന് പോകുന്നുള്ളൂ. അതിനാൽ ഞങ്ങൾ രണ്ടുപേരും ഒരു സ്വകാര്യയാത്ര നടത്താൻ തയ്യാറായി പുറപ്പെട്ടു. ഹോട്ടൽ ഒരു കുന്നിന്മുകളിലാണ്.  ബ്രഹ്മകുമാരിസ്  ആധ്യാത്മിക വിദ്യാലയത്തിൻ്റെ  ആസ്ഥാനം  മൗണ്ട് അബുവിലാണ് . മുമ്പ് വന്നപ്പോൾ അവിടെ   ഞങ്ങൾ പോയിരുന്നു. പക്ഷേ അത് എവിടെയാണ് എന്ന് ഇപ്പോൾ അറിയില്ല. ഗൂഗിൾസെർച്ചിൽ നാലുകിലോമീറ്റർ എന്നോ മറ്റോ ആണ് ദൂരം കൊടുത്തിരുന്നത്.    അവിടെ പോകാനായി ഒരു ടാക്സി വിളിച്ചു. അയാൾ 200 രൂപയാണ് പറഞ്ഞത്. (ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാവാം  ഔട്ടോറിക്ഷകൾ ഇവിടെയില്ല.)

എന്തായാലും  ഞങ്ങൾ കയറി.  ഒരു കുന്നിൻമുകളിലയിരുന്നു  ഹോട്ടൽ. ഒരു  കുന്നിറങ്ങി ഒരു തടാകത്തിനടുത്തുകൂടെ   അല്പംകൂടി മുമ്പോട്ടുപോയി കാർ  നിർത്തി. കൂടിവന്നാൽ അരകിലോമീറ്റർ ദൂരമുണ്ടാവും. അതിനെക്കുറിച്ചു  ചോദിച്ചപ്പോൾ അയാൾ  പറഞ്ഞത് " അമ്പതു മീറ്ററേ ദൂരമുള്ളുവെങ്കിൽകൂടി മിനിമം ചാർജ്ജ് 200 രൂപയാണ്. അതുകൊണ്ട് അയാൾക്ക് അത്രയും  പണം വേണമെന്നാണ്.    വേണമെങ്കിൽ തിരികെ ഹോട്ടലിലെത്തിക്കാൻ കാത്തുനിൽക്കാമെന്നും പറഞ്ഞു. 300 രൂപ കൊടുത്താൽ മതിയത്രേ!

ഞങ്ങൾ സമ്മതിച്ചു. ആശ്രമത്തിലേക്കു കയറി. ഒരു മാതാജിയാണ് ഞങ്ങളോട് വന്നു സംസാരിച്ചത്. അവർ കാര്യങ്ങൾ വിശദമാക്കിത്തരാനായി ഞങ്ങളെ വലിയ പ്രാർത്ഥനാഹാളിലേക്ക് കൊണ്ടുപോയി. 


1937 ൽ സ്ഥാപിതമായ ഈ സംഘടന ഇന്ന് നൂറ്റിനാല്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  സങ്കീർണ്ണങ്ങളായ ആദ്ധ്യാത്മികതത്വങ്ങളെ ലളിതമായ  ഭാഷയിൽ സാധാരണമനുഷ്യർക്കു  മനസ്സിലാക്കിക്കൊടുത്ത് അവരെ മൂല്യവത്തായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്‌ഷ്യം. ധനികനായ   ദാദാ ലേഖാരാജ് എന്ന വജ്രവ്യാപാരി  തുടക്കമിട്ട ഈ സംഘടനയുടെ പ്രവർത്തകർ സ്ത്രീകളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 'ഓം മണ്ഡലി' എന്ന നാമത്തിലാണ്  വിദ്യാലയത്തിന്റെ തുടക്കം. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ പാകിസ്ഥാൻ പ്രാവശ്യയായ സിന്ധിലായിരുന്നു അത്. 1950 ൽ  മൌണ്ട് അബുവിലേക്കു ഓം മണ്ഢലി പുനർസ്ഥാപിക്കപ്പെട്ടു.  ഐക്യരാഷ്ട്രസഭയിൽ എൻ ജി ഒ പദവിയുള്ള ഈ വിദ്യാലയതിന് യുനിസെഫിലും യുനെസ്കോയിലും ഉപദേശക പദവിയുണ്ട്. കേരളത്തിലും  250ൽ   അധികം ശാഖകളുണ്ട്. ശാന്തിവൻ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ പീസ് ഹാൾ & മ്യൂസിയം ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സംഘടനയുടെ  മറ്റു രണ്ടു സ്ഥാപനങ്ങൾകൂടി  മൗണ്ട് അബുവിൽ പ്രവർത്തിക്കുന്നുണ്ട്. 


മാതാജി കുറെ സമയം പ്രബോധനപ്രസംഗം തടുർന്നു. കുത്തും കോമയുമൊന്നുമില്ലാതെ അതിവേഗത്തിൽ പറഞ്ഞുകൊണ്ടിരുന്നതുകൊണ്ടു പകുതിയും എനിക്ക് മനസ്സിലായില്ല. കുറേസമയം കേട്ടു കഴിഞ്ഞപ്പോൾ വല്ലാതെ മുഷിവും  തോന്നി. ഒരുവിധത്തിൽ അതൊന്നവസാനിച്ചുകിട്ടി. മ്യൂസിയത്തിൽ ഒന്ന് ചുറ്റിക്കറങ്ങി ഒന്നുരണ്ടു പുസ്തകങ്ങളും വാങ്ങി അവിടെനിന്നു മടങ്ങി . കാറിൽ തിരികെ ഹോട്ടലിലെത്തി. അപ്പോഴേക്കും ചായയ്ക്ക് സമയമായിരുന്നു. അതിനുശേഷം ഒപ്പമുണ്ടായിരുന്ന  എല്ലാവരുമായി ഇവിടുത്തെ പ്രസിദ്ധമായ നാക്കിതടാകത്തിലേക്ക് യാത്രയായി. ഈ  തടാകത്തിന്റെ ഓരത്തുകൂടെയായിരുന്നു ഞങ്ങൾ ശാന്തിവനിലേക്കു പോയത്. 


 



Wednesday, December 29, 2021

രാജസ്ഥാൻ 13 - നാക്കി തടാകം,

 കുന്നിറങ്ങി അല്പം താഴേക്കുനടന്നാൽ തടാകക്കരയിലെത്താം. അതിനുമുമ്പ്പ്പായി ഒരു ക്ഷേത്രദർശനവും നടത്തി.   ബോട്ടിങ് ഉൾപ്പെടെ പല വിനോദപരിപാടികളും സഞ്ചാരികളെക്കാത്ത് അവിടെയുണ്ട്. കൂടാതെ തടാകത്തിനുചുറ്റുമായി ഉദ്യാനങ്ങളും  ദൈർഘ്യമേറിയ ഒരു നടപ്പാതയുമുണ്ട്. 

നക്കിത്തടാകം( നക്കി ഝീൽ ) ഹരിതാഭമായ  മലകളാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനിർമ്മിതതടാകമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതതടാകവും ഇതാണത്രേ.  മൌണ്ട് അബുവിലെത്തുന്ന സഞ്ചാരികൾ സുന്ദരമായ   ഈ തടാകം കാണാതെ മടങ്ങാറില്ല. മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം  ചെയ്തിരിക്കുന്നത് ഈ തടാകത്തിലാണ്. 

തടാകത്തിന്റെ ഉദ്ഭവത്തെസംബന്ധിച്ച ധാരാളംകഥകൾ തദ്ദേശീയരുടെയിടയിൽ പ്രചാരത്തിലുണ്ട് 

 ഒരസുരനിൽനിന്നു രക്ഷപ്പെടാൻ ദേവന്മാർ  നഖംകൊണ്ട് കുഴിച്ചതാണ് ഈ തടാകമെന്നു ഒരു കഥ. നഖ് കി ഝീൽ എന്നത് ചുരുങ്ങി 'നക്കി ഝീൽ' ആയതാണത്രേ! (ഝീൽ എന്നാൽ തടാകം എന്നാണർത്ഥം). അതുകൊണ്ടുതന്നെ ഇതൊരു പുണ്യതീർത്ഥമായാണ് കരുതപ്പെടുന്നത്. 

മറ്റൊരുകഥ  സാർത്ഥകമാകാത്ത ഒരു   പ്രണയത്തിന്റെ ചുടുകണ്ണീർ ഉപ്പുരസം പകർന്ന  ഒരു ശോകകഥയാണ്. 

ഈ നാടുഭരിച്ചിരുന്ന രാജാവിന്റെ സുന്ദരിയായ മകൾക്ക് വിവാഹത്തിനായി രാജാവിന്റെ രണ്ടാം ഭാര്യ  ഒരു നിബന്ധന വെച്ചിരുന്നത്രേ. ഒറ്റരാത്രികൊണ്ട് നഖമുപയോഗിച്ച് ഒരു തടാകം നിർമ്മിക്കുന്നയാൾക്ക് മാത്രമേ അവളെ വിവാഹംചെയ്തുകൊടുക്കൂ എന്നായിരുന്നു അത്. രാജകുമാരിയെ അഗാധമായി പ്രണയിച്ചിരുന്ന   രസിയ ബാലം എന്ന ഒരു ശില്പി (പ്രസിദ്ധമായ ദിൽവാരക്ഷേത്രത്തിന്റെ ശില്പികളിലൊരാൾ) നിബന്ധനപ്രകാരം തടാകം സൃഷ്ടിച്ചെങ്കിലും രാജ്ഞി അതിനുമുന്നേതന്നെ കൃത്രിമമായി  കോഴികൂവുന്ന ശബ്ദമുണ്ടാക്കി. അങ്ങനെ കുമാരിയെ രസിയക്കു വിവാഹം കഴിച്ചുകൊടുത്തില്ല. പക്ഷേ ഇത്തരമൊരു ചതിയിൽ ദൈവകോപം ഉണ്ടാവുകയും  രസിയരാജ്ഞിയെയും കുമാരിയെയും ദൈവം  ശപിച്ചു കല്ലാക്കി എന്നും വിശ്വസിക്കപ്പെടുന്നു. കോപാകുലനായ രസിയയാകട്ടെ രാജ്ഞിയുടെ കൽപ്രതിമയെ തച്ചുടയ്ക്കുകയും  കുമാരിയുടെ കൽപ്രതിമയ്ക്കു എതിർവശത്തായി  സ്വന്തം രൂപം കല്ലിൽക്കൊത്തിവയ്ക്കുകയും ചെയ്തത്രേ! (ഇവരണ്ടും മൌണ്ട് അബുവിലെ അതിപ്രശസ്തമായ ദിൽവാര ക്ഷേത്രത്തിൽ കാണാൻ കഴിയും.) 


തടാകത്തിലെ ബോട്ടിങ് വളരെ നല്ലൊരനുഭവം പ്രദാനം ചെയ്യുന്നു. പ്രശാന്തസുന്ദരമായ ചുറ്റുമലകൾ കണ്ണുകൾക്ക് നല്ലൊരു വിരുന്നുതന്നെ. നിറഭേദങ്ങളോടെ കാണുന്ന ഫൗണ്ടനും ദീപക്കാഴ്ചകളുമൊക്കെ അവിസ്മരണീയമായ ദൃശ്യങ്ങളാണ്. മലകൾക്കുപിന്നിൽ കാണുന്ന  സൂര്യാസ്തമയക്കാഴ്ചയും മറക്കാനാകില്ല. അവിടെ ഒരു മലഞ്ചെരുവിലായി സവിശേഷരൂപത്തിൽ മുമ്പോട്ടു തള്ളിനിൽക്കുന്ന വിചിത്രരൂപമുള്ള  ഒരു വലിയ പാറയുണ്ട്. ഏതോ മൃഗത്തിന്റെയെന്നോ, മനുഷ്യന്റെയെന്നോ ഒക്കെ തോന്നുന്ന ഈ പാറയും ഇവിടുത്തെ ഒരാകർഷണമാണ്. അവിടേക്കുള്ള ട്രെക്കിങ്ങും ഇവിടെ നടത്തുന്നുണ്ട്. 

സമയം ഇരുട്ടിയപ്പോൾ മറ്റൊരു കാഴ്ചയും ഞങ്ങളെ വിസ്മയിപ്പിച്ചു . തടാകത്തിന്റെ  ഒരു ദിക്കിൽനിന്നു  മറ്റൊരു ഭാഗത്തേക്ക് പറന്നുപോകുന്ന ധാരാളം  വവ്വാലുകൾ. നല്ല തണുപ്പുണ്ടായിരുന്നെങ്കിലും  കുറേസമയം അവരുടെ യാത്ര നോക്കിനിന്നശേഷമാണ് ഞങ്ങൾ മടങ്ങിയത്. പോകുന്നവഴി രാജേഷും കല്പകും ചേർന്ന് എല്ലാവർക്കും ചുട്ട ചോളം(ബുട്ട) ഒരു വഴിയിയോരകച്ചവടക്കാരനിൽനിന്നു തരപ്പെടുത്തിയിരുന്നു. അതിനുശേഷം കുറച്ചു ഷോപ്പിങ്ങും നടത്തിയാണ് എല്ലാവരും ഹോട്ടലിലേക്ക് മടങ്ങിയത്. കുളിയും  ഭക്ഷണവും കഴിഞ്ഞു സുഖമായി ഉറങ്ങി. അടുത്തദിവസം ചില പ്രധാനക്ഷേത്രങ്ങളാണ് സന്ദർശിക്കേണ്ടത്. 

രാവിലെ വളരെ നേരത്തെതന്നെ യാത്ര പുറപ്പെട്ടു. ഗുരുശിഖർ എന്നറിയപ്പെടുന്ന കൊടുമുടിയിലേക്കാണ് പോകുന്നത്. ബസ്സിൽ അരമണിക്കൂർ യാത്രയുണ്ടായിരുന്നു.  രാജസ്ഥാനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് ഗുരുശിഖർ . ആരാവലി പർവ്വതനിരകളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടി ഇതുതന്നെ. 5650 അടിയാണ് ഈ കൊടുമുടിയുടെ ഉയരം. കൊടുമുടി കയറാൻ ആയിരത്തിലധികം പടികളുണ്ടെന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. പക്ഷേ മലകയറ്റം ഒട്ടുംതന്നെ ആയാസമുള്ളതായിരുന്നില്ല. മലമുകളിൽ ഒരു ഗുരുദത്താത്രേയക്ഷേത്രമുണ്ട്. അതിൽനിന്നാണ് ഈ പേരുലഭിച്ചത്. അത്രി മഹർഷിക്ക് അനസൂയയിൽ ജനിച്ച പുത്രനാണു് ദത്താത്രേയൻ. ദത്താത്രേയ എന്നാൽ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഒന്നുചേർന്നുള്ള അവതാരമാണെന്നാണ് വിശ്വാസം. 

ആ കഥ ഇങ്ങനെ :-

ബ്രഹ്മദേവന്റെ മാനസപുത്രനായ  അത്രിമഹർഷിയുടെ പത്നി, ദക്ഷപുത്രി  അനസൂയയുടെ പാതിവ്രത്യം മൂന്നുലോകങ്ങളിലും  ഏറെ പ്രസിദ്ധമായിരുന്നു. പക്ഷേ ത്രിമൂർത്തികളുൾപ്പെടെയുള്ള ദേവന്മാരുടെ  പത്നിമാർക്ക് അതൊന്നു പരീക്ഷിക്കാൻ ഒരു കൗതുകംതോന്നി. അവർ അക്കാര്യം താന്താങ്ങളുടെ ഭർത്താക്കന്മാരോട് ഉണർത്തിച്ചു. അതിനായി  ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഇറങ്ങിപ്പുറപ്പെട്ടു.  മൂന്നുപേരും സന്യാസിമാരുടെ വേഷംകെട്ടി അത്രിമുനിയുടെ പർണ്ണശാലയിലെത്തി. ആ സമയം മഹർഷി സ്നാനശുദ്ധിക്കായി അടുത്തുള്ള നദിയിലേക്കു പോയിരുന്നു. അനസൂയ അതിഥികളെ  പാദോപചാരങ്ങൾചെയ്തു സ്വീകരിച്ചിരുത്തി. തങ്ങൾ വിശന്നുവലഞ്ഞിരിക്കുന്നുവെന്നും മഹർഷിയെ കാത്തിരിക്കാനാവില്ലെന്നും  എത്രയുംവേഗം ഭക്ഷണം നല്കണമെന്നുമായി മുനിമാർ.   പക്ഷേ ഒരു നിബന്ധനകൂടി അവർക്കുണ്ടായിരുന്നു. മഹർഷിപത്നി പൂർണ്ണനഗ്നയായിവേണമത്രേ ഭക്ഷണം നൽകേണ്ടത്.

മറിച്ചായാൽ താൻ മുനിമാരുടെ കോപത്തിനിരയാകുമെന്നു മഹർഷിപത്നിക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ടുതന്നെ അനസൂയ അതിനു സമ്മതിച്ചു. തന്റെ നിസ്സഹായാവസ്ഥയറിഞ്ഞു ഭർത്താവുതന്നെ തനിക്കു തുണയാകുമെന്നു പൂർണ്ണവിശ്വാസമുള്ള അനസൂയാദേവി അദ്ദേഹത്തെ മനസ്സാ പ്രാർത്ഥിച്ചു. അപ്പോൾ മൂര്‍ത്തിത്രയം കൈക്കുഞ്ഞുകളായി മാറിയത്രേ! ഉടൻതന്നെ വിവസ്ത്രയായി അനസൂയാദേവി വാത്സല്യാതിരേകത്താൽ മൂവരെയും ഒന്നിച്ചു വാരിയെടുത്തു. അപ്പോൾ മൂന്നുശിശുക്കൾ  ഒന്നിച്ചുചേർന്നു മൂന്നു മുഖങ്ങളുള്ള ഒരു ശിശുവായിമാറി. ദേവി കുഞ്ഞിന് വേണ്ടുവോളം  മുലപ്പാൽ നൽകി വിശപ്പുമാറ്റി. ആ ശിശുവാണത്രേ ദത്താത്രേയൻ! (മറ്റുവിധത്തിലും കഥകൾ പ്രചാരത്തിലുണ്ട്)


മഹാരാഷ്ട്രക്കാരുടെ ഒരു പ്രധാന ആരാധനാമൂർത്തിയാണ് ഗുരു ദത്താത്രേയസ്വാമി. അതുകൊണ്ടുതന്നെ ഞങ്ങളുടെ സഹയാത്രികർക്ക് ഈ ക്ഷേത്രദർശനം ഏറെ ആഹ്ലാദദായകമായിരുന്നു.  ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങളും കൗതുകവസ്തുക്കളും മറ്റും വിൽക്കുന്ന കടകളും ഭക്ഷണശാലകളുമൊക്കെ വഴിയിൽതന്നെ ധാരാളമുണ്ട്. പടികൾ കയറി ഈ ഗുഹാക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിലേക്ക്  കയറിയാൽ ത്രിമൂർത്തികളുടെയും അത്രി, അനസൂയമാരുടെയും ക്ഷേത്രങ്ങളുണ്ടിവിടെ.  വേറെയും ചില ക്ഷേത്രങ്ങൾ അവിടെയുണ്ട്. പടികൾ കയറി വീണ്ടും മുകളിലേക്ക് ചെന്നാൽ കൊടുമുടിയുടെ ഏറ്റവും ഉയർന്നസ്ഥലത്തെത്താം. മുകളിൽനിന്നുള്ള ദൃശ്യങ്ങൾ കണ്ണുകൾക്ക് നല്ലൊരു വിരുന്നുതന്നെ.  നോക്കെത്താദൂരത്തോളം   വളഞ്ഞും പുളഞ്ഞും പടർന്നുകിടക്കുന്ന പർവ്വതനിരകളും ദൂരെക്കാണുന്ന തടാകങ്ങളും  കൃഷിയിടങ്ങളുമൊക്കെ ചേർന്ന  വിസ്മയിപ്പിക്കുന്ന കാഴ്ചതന്നെ. അടുത്തുതന്നെ  Physical Research Laboratory ഇവിടെയൊരു ഇൻഫ്രാറെഡ് ആകാശനിരീക്ഷണകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കോവിഡ്മൂലം ഇപ്പോൾ  സന്ദർശകർക്ക് അവിടെ  പ്രവേശനാനുമതി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. . അർബുദാദേവി ക്ഷേത്രവും ദിൽവാരാക്ഷേത്രവും സന്ദർശിക്കാനുണ്ട്. അതിനുശേഷം മടങ്ങിയെത്തി ഉച്ചഭക്ഷണവും കഴിച്ചിട്ടുവേണം ഹോട്ടൽ വെക്കേറ്റ് ചെയ്യാൻ.  

അർബുദാദേവി ക്ഷേത്രവും ഒരു മലമുകളിലാണ് മുന്നോറോളം പടികൾ കയറിവേണം മുകളിലെത്താൻ. ഇതും ഗുഹാക്ഷേത്രമാണ്.  ഫോട്ടോഗ്രാഫിയൊന്നും ഉള്ളിൽ അനുവദിക്കുകയില്ല. കുറേപ്പടികൾകൂടി കയറിയാൽ വേറെയും ക്ഷേത്രങ്ങളുണ്ട്. ശിവലിംഗപ്രതിഷ്ഠ  വളരെയടുങ്ങിയ ഒരു ഗുഹയിലാണ്. നന്നേ ആയാസപ്പെട്ടുവേണം അതിനുള്ളിൽകയറി ദർശനം നടത്താൻ. മുകളിൽ അതിശക്തമായ കാറ്റുമുണ്ടായിരുന്നു. മുകളിൽനിന്നുള്ള  മൗണ്ട് അബുവിന്റെ പട്ടണക്കാഴ്ച അതിമനോഹരമാണ്.





 





Sunday, December 26, 2021

ബുള്ളറ്റ്ബാബക്ഷേത്രം

 മനുഷ്യരിൽ  ഈശ്വരാരാധന പലവിധത്തിലാണ്. അതിന്റെ രീതി നിർണ്ണയിക്കുന്നതിന് പല അടിസ്ഥാനഘടകങ്ങളുണ്ട്. മതവിശ്വാസങ്ങളും പ്രാദേശികതയും അതാതിടത്തെ  ഭൂപ്രകൃതിയും ഋതുഭേദങ്ങളുമൊക്കെ ഇതിൽ സ്വാധീനം ചെലുത്തുന്നു. കാലാനുസൃതമായി ആ രീതികളിൽ മാറ്റങ്ങളും വരാറുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ആരാധനാശൈലിയുടെ പൊതുസ്വഭാവത്തിനു കാര്യമായ മാറ്റം പൊടുന്നനെ ഉണ്ടാകാറുമില്ല. അതിൽനിന്നു വ്യതിചലിച്ചുള്ള ആരാധനകളെ നമ്മൾ വിചിത്രമെന്നു മുദ്രകുത്താറുമുണ്ട്. ബിക്കാനീറിലെ കർണ്ണിമാതാക്ഷേത്രത്തിൽ എലികളാണല്ലോ ആരാധിക്കപ്പെടുന്നത്!  തമിഴ്‌നാട്ടിലെ ഖുശ്ബുവിന്റെ അമ്പലവും തെലുങ്കാനയിലെ സോണിയാഗാന്ധിക്ഷേത്രവുമൊക്കെ ഈ ഗണത്തിൽപ്പെടും. നമ്മൾ മലയാളികൾ ഒരല്പം പരിഹാസത്തോടെയേ ഇത്തരം ആരാധനകളെ നോക്കിക്കാണാറുള്ളൂ. ഇത്തരത്തിലല്ലെങ്കിലും നമ്മുടെ നാട്ടിലും ചില ആരാധനാവൈചിത്ര്യങ്ങൾ അടുത്തകാലത്തായി ഉടലെടുത്തിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലെ ഉഴുന്നുവടമാലവഴിപാടൊക്കെ അത്തരത്തിൽപ്പെടും. മറ്റൊരുദാഹരണമാണ് തലവടിയിലെ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ  മഞ്ച്(ചോക്ലേറ്റ്) വഴിപാട്. എന്നുമുതലാണ് മുരുകഭഗവാൻ മഞ്ച് കഴിക്കാൻ തുടങ്ങിയതെന്ന് അന്തംവിട്ടിട്ടൊന്നും കാര്യമില്ല. വഴിപാടായി  പെട്ടിക്കണക്കിനാണ് മഞ്ച് അവിടെയെത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.  മഞ്ചുകൊടുത്തു ബലമുരുകനോട് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നു ഭക്തർ വിശ്വസിക്കുന്നു.  മഞ്ച് മാത്രമല്ല, മറ്റുബ്രാൻഡുകളിലെ ചോക്ലേറ്റുകളും ധാരാളമായി വഴിപാടിന് ക്ഷേത്രത്തിൽ എത്തുന്നുണ്ടത്രേ!   ആരാധനാമൂർത്തി ബാലകനായതുകൊണ്ടാവാം ഭക്തരിൽ  നല്ലൊരുവിഭാഗം കുട്ടികളാണ്. 


മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാമൂർത്തികളാകുന്നത് വിചിത്രമെന്നുതോന്നുമ്പോൾ രാജസ്ഥാനിൽ അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം. 






ദേശീയ പാത  62  ലൂടെ ജോധ്പൂരിൽ നിന്ന്  മൌണ്ട് അബുവിലേക്കുള്ള  പോകുമ്പോൾ   ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ   ബന്ദായിഗ്രാമത്തിലെത്തും. അവിടെയാണ്    ബുള്ളറ്റ്ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .  ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!

  ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . 

1991 ഡിസംബർ മാസം മുപ്പതാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം  നിയന്ത്രണം നഷ്ടപ്പെട്ട്  ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു  കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു.  പിറ്റേദിവസം നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം  ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു. ബുള്ളറ്റ്  സ്റ്റേഷനിൽതന്നെ  സൂക്ഷിക്കാൻ  വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്‌ഭുതമാണല്ലേ? 


അദ്‌ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ  ഈ അദ്‌ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്‌ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ  അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി.    നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു.    താമസിയാതെ  അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്ന  യാത്രികൾ അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു. ബുള്ളറ്റിൽ ഭക്തർ  തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു  മദ്യവും കൊണ്ടുവരാറുണ്ടത്രേ! അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ  പതിവാണ്. 

 

ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ. 

Friday, December 24, 2021

രാജസ്ഥാൻ 11 - ഉമൈദ് ഭവൻ കൊട്ടാരം

  രാജസ്ഥാൻ 11 

ഉമൈദ് ഭവൻ കൊട്ടാരം 

=====================

 കോട്ടയിൽനിന്നു പോയത്  അടുത്തുതന്നെയുള്ള  ജസ്വന്ത് ഥാഡാ  എന്ന സ്മാരകകുടീരത്തിലേക്കാണ്. 1889 ൽ രാജാ മാൻസിംഗ് തന്റെ പിതാവായ ജസ്വന്ത് സിംഗിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണിത്. മാർബിളിൽ അതിസൂക്ഷ്മവും മനോഹരവുമായ ശില്പവേലകൾ ചെയ്തു രൂപംകൊടുത്തതാണ് ഈ മനോഹരസ്മാരകം മാർവാറിന്റെ താജ് മഹലെന്നും ഇതറിയപ്പെടുന്നു.     ഇത് മാർവാറിലെ  രാജാക്കന്മാരുടെ അന്ത്യവിശ്രമഭൂമിയായി വർത്തിക്കുന്നു. പ്രധാന ഹാൾ ഒരു ക്ഷേത്രംപോലെ സജ്ജീകരിച്ചിട്ടുണ്ട്. പൂജാദികർമ്മങ്ങൾ നടത്തുന്നതവിടെയാണ്. ഒരു തടാകവും മനോഹരങ്ങളായ ഉദ്യാനങ്ങളും അതിനോടുചേർന്നുണ്ട്.  ജസ്വന്ത് ഥാഡാ ഇന്ന് മെഹ്‌റാൻഗഡ് മ്യൂസിയം ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മ്യൂസിയത്തിൽ രജപുത്രരാജാക്കന്മാരുടെ ചിത്രങ്ങൾ വിശദാംശങ്ങളോടൊപ്പം  പ്രദർശിപ്പിച്ചിട്ടുണ്ട്. 




ഉച്ചഭക്ഷണത്തിനുശേഷം അല്പനേരത്തെ വിശ്രമം കഴിഞ്ഞാണ് അടുത്ത യാത്രയ്‌ക്കൊരുങ്ങിയത്. അത് ഉമൈദ് ഭവൻ കൊട്ടാരം കാണുന്നതിനുവേണ്ടിയായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു അവിടേക്കു പോയത്. 1928നും 1943നും ഇടയിലാണ് മഹാരാജ ഉമൈദ് സിങ് ഈ കൊട്ടാരം നിർമ്മിച്ചത്. പണിതീർന്നപ്പോൾ ലോകത്തെത്തന്നെ ഏറ്റവും വലിയ രാജവസതിയായിരുന്നു ഈ കൊട്ടാരം .  പക്ഷേ ഉമൈദ്‌സിംഗ് രാജയ്ക്ക് ഈ കൊട്ടാരത്തിൽ നാലുവർഷമേ വസിക്കാനായുള്ളു. 1947 ൽ രാജാവ് തീപ്പെട്ടു. പിന്നെ സ്വാതന്ത്ര്യലബ്ധിയും തുടർന്ന് രാജവാഴ്ചയുടെ അവസാനവുമൊക്കെയായി കൊട്ടാരത്തിലെ രാജപ്രൗഢിയുടെ പ്രസക്തിതന്നെ ഇല്ലാതെയായി.  






ഒന്നേകാൽ കോടിയോളം ചെലവിട്ട്  ഇന്ത്യയുടെയും യൂറോപിന്റെയും വാസ്തുകലകള്‍ സമന്വയിപ്പിച്ചാണ് കൊട്ടാരനിർമ്മാണം സാധ്യമാക്കിയത്. പ്രശസ്ത വാസ്തുശില്‍പ്പിയായ ഹെന്റി വോഗൻ  ലാഞ്ചസ്റ്ററാണ് കൊട്ടാരം രൂപകൽപന ചെയ്തത്.  കപിലവർണ്ണമുള്ള മണൽക്കല്ലാണ്‌ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഈ കല്ലുകൾ ക്വാറിയിൽനിന്നു ഇവിടേക്കെത്തിക്കാൻ രാജാവ് ഒരു തീവണ്ടിപ്പാതതന്നെ നിർമ്മിക്കുകയുണ്ടായി. ഇന്റർലോക്ക് മുഖേന കാൽപാളികളെ ചേർത്താണ് നിർമ്മാണം. അതിനാൽ സിമന്റോ മണലോ വെള്ളമോ ഉപയോഗിക്കേണ്ടിവന്നില്ല.  അകത്തളങ്ങളിലെ മരപ്പണികൾക്കായി ബർമയിലെ തേക്കുതടി ഇറക്കുമതിചെയ്യുകയായിരുന്നു. 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കൊട്ടാരവളപ്പിന്റെ  മൂന്നിൽരണ്ടുഭാഗം  ഉദ്യാനങ്ങളാണ്. കൊട്ടാരത്തിനായി ഇത്ര ഭീമമായൊരു തുക ചെലവഴിക്കുന്നതിനു ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. 





കൊട്ടാരനിർമ്മാണത്തിനുപിന്നിൽ ഹൃദയസ്പർശിയായ ഒരു കാരണവുമുണ്ട്. മെഹ്റാൻഗഢ് കോട്ടയുടെ നിർമ്മാണസമയത്തു  ചീരിയാനാഥ്ജിയുടെ ശാപമുണ്ടായ കഥ നേരത്തെ പറഞ്ഞിരുന്നുവല്ലോ. ശാപത്തിന്റെ കാഠിന്യം കുറയ്ക്കാൻ നരബലിയും നടന്നിരുന്നു. പക്ഷേ അതിന്റെ കാലദൈർഘ്യം കഴിഞ്ഞപ്പോൾ ശാപത്തിന്റെ കാഠിന്യം തലപൊക്കി. നാട്ടിലാകെ വരൾച്ച താണ്ഡവമാടി. തൊഴിലില്ലായ്മമൂലം  ജനങ്ങൾ പട്ടിണികൊണ്ടു  വലഞ്ഞു. അന്നത്തെ രാജാവായിരുന്ന ഉമൈദ് സിങ് റാവൂ ജനങ്ങൾക്ക് തൊഴിൽനൽകാനായി ഇങ്ങനെയൊരു മഹാസൗധം പണിയുന്നതിന് തുടക്കമിടുകയായിരുന്നു. എനിക്ക്  രാജാവിന്റെ തീരുമാനത്തോട് ആദരവുതോന്നി. വേണമെങ്കിൽ ജനങ്ങൾക്ക് പണം വെറുതെകൊടുത്തു സഹായിക്കാമായിരുന്നു.  അത് അവരുടെ  ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമെന്നു മാത്രമല്ല, വെറുതെകിട്ടുന്ന പണത്തിന്റെ  മൂല്യം മാനിക്കാതെ അവർ അലസരായെന്നും വരാം. 




വടക്കേ അതിരിൽ  മെഹ്റാൻഗഢ് കോട്ടയും തെക്കേ അതിരിൽ ഉമൈദ്ഭവൻ കൊട്ടാരവും ഓരോ മലകളിലായി നിലകൊള്ളുന്നു. ഇടയ്ക്കുന്ന നിരപ്പായ പ്രദേശമാണ് ജോധ്പുർ.   തിരക്കേറിയ പാതകൾ പിന്നിട്ട് ചിത്താർകുന്നുകയറിയെത്തിയത് ഒരു തടാകത്തിനടുത്താണ്. അവിടെനിന്നു സുരക്ഷാപരിശോധനകൾ കഴിഞ്ഞു വേണം കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ. കൊട്ടാരത്തിന്റെ പ്രധാനകവാടം ഇതല്ല. ആ കവാടത്തിൽക്കൂടി സന്ദർശകർക്ക് കടക്കാനാവില്ല. 347 മുറികളും നിരവധി ഹാളുകളും വിസ്തൃതമായ അങ്കണങ്ങളും  ഉള്ള  കൊട്ടാരം  മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു . താജ് ഗ്രൂപ്പ് ഏറ്റെടുത്തു ലക്ഷ്വറി ഹോട്ടൽ നടത്തുന്ന ഭാഗം, മ്യൂസിയം, രാജകുടുംബത്തിന്റെ വാസസ്ഥാനം ഇവയാണ് അവ. ഇതിൽ മ്യൂസിയം മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. താജ്‌ഹോട്ടലിൽ മുൻകൂട്ടി  മുറി ബുക്ക് ചെയ്തവർക്കേ കടക്കാനാവൂ. 50,000 രൂപയാണ് ഒരുദിവസത്തെ വാടകയെന്നു പറഞ്ഞുകേട്ടു. സിനിമ, രാഷ്ട്രീയ,സാംസ്കാരിക,വ്യാവസായികരംഗങ്ങളിലെ  പല പ്രമുഖരുടെയും  വിവാഹങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞു. പ്രിയങ്കചോപ്രയുടെ വിവാഹവും നടന്നത് അവിടെയായിരുന്നത്രേ! 





രാജകുടുംബത്തിന്റെ സമീപകാല ചരിത്രം വിവരിക്കുന്ന മ്യൂസിയം വളരെ വിപുലമാണ്. മഞ്ഞമണൽക്കല്ലിൽ പണിത കൊട്ടാരം ശില്പഭംഗി വഴിഞ്ഞൊഴുകുന്നതാണ്. അകത്തേക്ക് കയറിച്ചെല്ലുമ്പോൾത്തന്നെ കൊട്ടാരത്തിന്റെ ഒരു സൂക്ഷ്മരൂപം ചില്ലിട്ടു വെച്ചിരിക്കുന്നതുകാണാം. കൊട്ടാരത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അതില്നിന്നുതന്നെ നമുക്ക് വായിച്ചെടുക്കാം. രാജകുടുംബം ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, കായികമത്സരങ്ങളിലുംമറ്റും നേടിയ ട്രോഫികൾ, രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങൾ, അവരുപയോഗിച്ചിരുന്ന വാഹനങ്ങൾ എന്നിവയൊക്കെ പ്രദർശനത്തിനായുണ്ട്. പുകൾപെറ്റ ചിത്രകാരൻ  സ്റ്റൊഫാന്‍ നോര്‍ബിന്റെ ചിത്രങ്ങള്‍ ചുമരിനെ അലങ്കരിക്കുന്നുണ്ട്.  കൊട്ടാരവും ഉദ്യാനങ്ങളും  പരിസരങ്ങളും സൂക്ഷ്മതയോടെ പരിപാലിക്കുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ്.





തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ സജീവമായ തെരുവോരങ്ങളിലെ കച്ചവടങ്ങൾ കൗതുകക്കാഴ്ചയായി.  പലഹാരങ്ങൾ, പഴങ്ങൾ, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ, തലപ്പാവുകൾ,  ആഭരണങ്ങൾ എന്നിവയൊക്കെയുണ്ട്. ആഭരണങ്ങളിൽ വളകളാണ് കൂടുതൽ കണ്ടത്. ഒട്ടകത്തിന്റെ എല്ലുകൾകൊണ്ടും കോലരക്കുകൊണ്ടുംമറ്റും കലാമേന്മയോടെ മെനെഞ്ഞെടുത്തിരിക്കുന്ന വളകൾ അതിസുന്ദമാണ്. മുമ്പ് വന്നപ്പോൾ മോന്റെ ടീച്ചറിന്റെ ആവശ്യപ്രകാരം കോലരക്കുവളകൾ കുറെ വാങ്ങിക്കൊണ്ടുപോയിരുന്നു. ഇത്തവണ ജോധ്പുരിൽനിന്നു ഷോപ്പിംഗ് നടത്തിയില്ല. 


നാളെ മൌണ്ട് അബുവിലേക്കാണ് യാത്ര.

രാജസ്ഥാൻ - 9 - പടിക്കിണർ സന്ദർശനം

 പടിക്കിണർ സന്ദർശനം

======================

 'ക്യാമ്പ് ഇ ഖാസ്' എന്ന  ആഡംബരറിസോർട്ടിലെ  കൂടാരത്തിലെ ഉറക്കം വേറിട്ടൊരനുഭവമായിരുന്നു. അഞ്ചുമണിയായപ്പോൾ ബെഡ്കോഫിയുമായി റിസോർട്ടിലെ പരിചാരകർ ടെന്റുകളുടെ മുന്നിലെത്തി. ഞങ്ങൾ അപ്പോഴേക്കും ഉണർന്നു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു തയ്യാറായിരുന്നു. കാപ്പി കുടിച്ചശേഷം പുറത്തെ കാഴ്ചകൾ കാണാനിറങ്ങി. നാല്പതോളം ആഡംബരകൂടാരങ്ങൾ ഇവിടെയുണ്ട്. എണ്ണായിരം രൂപയാണ് ഒരു കൂടാരത്തിന്റെ ഒരു രാത്രിയിലെ വാടക. ജീപ്പ് സഫാരി, ഒട്ടകസവാരി, മരുഭൂമിയിലെ അത്താഴം, പാരാഗ്ലൈഡിങ്, അങ്ങനെ പലവിധത്തിലുള്ള വിനോദപരിപാടികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്. 



മരുഭൂമിയാണെങ്കിലും റിസോർട്ടിൽ ധാരാളം വൃക്ഷങ്ങൾ നട്ടുവളർത്തിയിട്ടുണ്ട് . ജലക്ഷാമമുള്ള ഈ നാട്ടിൽ ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു എന്ന് നമുക്ക് അതിശയം തോന്നാം. സദ്ഭാവനായും  ഇച്ഛാശക്തിയും കഠിനാദ്ധ്വാനവുമുണ്ടകിൽ അസാധ്യമായി ഒന്നുമില്ല. ഈനാട് അതിനു ഏറ്റവുംനല്ല ഉദാഹരണമാണ്. ഇവിടെ ഇത്തരത്തിലുള്ള നൂറുകണക്കിന് റിസോർട്ടുകളുണ്ട് . സാധാരണ സെപ്റ്റംബർ മുതൽ മാർച്ച്  ആദ്യം വരേയ്ക്കും സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. പിന്നീടുള്ള കടുത്ത വേനൽക്കാലം ഇവർക്ക് നരകതുല്യമായ ജീവിതമാണ് സമ്മാനിക്കുക. ലോക് ഡൌൺ കാലത്തെ സുദീർഘമായ നിശ്ചലാവസ്ഥയ്ക്കു ശേഷം ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിട്ടേയുള്ളു ഇവിടുത്തെ ഈ റിസോർട്ടുകളെല്ലാം.

ക്യാമ്പിന്റെ പടിവാതിൽ കടന്നു പുറത്തിറങ്ങിയാൽ അനന്തമായി പരന്നുകിടക്കുന്ന മരുഭൂമിയാണ്. എങ്ങോട്ടേക്കെയോ നീണ്ടുപോകുന്ന നാട്ടുപാതകൾ.   ദൂരെ ദൂരെ വേറെയും കൂടാരക്കൂട്ടങ്ങൾ കാണാം. അതൊക്കെയും ഇതുപോലുള്ള റിസോർട്ടുകളാണ്. ഉണർന്നുവരുന്ന പക്ഷിജാലങ്ങൾ കലപിലകൂട്ടി എങ്ങോട്ടൊക്കെയോ പറക്കുന്നു. മരുഭൂവിൽ ഇത്രമാത്രം പക്ഷികളോ എന്ന് അദ്‌ഭുതംതോന്നും. മയിൽ മുതൽ അടയ്ക്കാകുരുവികൾ വരെ ഇവിടെയുണ്ട്. മുമ്പ് ഇവിടെ വന്നപ്പോൾ മയിലുകൾ വിഹരിക്കുന്നതുകണ്ട്‌ ഒരു ഗ്രാമത്തിൽ ഇറങ്ങിയതും അവിടെയൊക്കെ പൊഴിഞ്ഞുകിടന്നിരുന്ന മയില്പീലികൾ പെറുക്കിയെടുക്കാൻ കുട്ടികൾ ഓടിനടന്നു മത്സരിച്ചതും ഓർമ്മയിലെത്തി. അന്ന് മോൻ  കൊണ്ടുവന്ന മയിൽ‌പീലി ഇപ്പോഴും എവിടെയോ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 



 സൂര്യോദയം കാണാനാണ് ഞങ്ങൾ നടന്നുകൊണ്ടിരുന്നത്. ആറു നാല്പതായപ്പോൾ കിഴക്കേ ചക്രവാളത്തിൽനിന്നുയരുന്ന ചുവന്നുതുടുത്ത ബാലാർക്കനെ മതിവരുവോളം കണ്ടു കൂടാരത്തിലേക്കു മടങ്ങി. ഏഴുമണിക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു.  9 മണിക്കുമുമ്പുതന്നെ ഞങ്ങൾ, അവിസ്മരണീയമായ ഒരു രാത്രി ഞങ്ങൾക്കായൊരുക്കിയ    ആ മനോഹരമായ കൂടാരത്താവളത്തോടു വിടചൊല്ലി. ഇനിയൊരു നീണ്ട യാത്രയാണ് . ജോധ്പുർ എന്ന നീലനഗരത്തിലേക്ക്. മുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. 




ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കൃഷിസ്ഥലങ്ങളും പാഴ്നിലങ്ങളും മാറിമാറി കാഴ്ച്ചയിൽ വന്നുകൊണ്ടിരുന്നു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടേയുമൊക്കെ സമീപത്തും കൃഷിയിടങ്ങളിലും  മരങ്ങളിലോ തൂണുകളിലോ ചട്ടികൾപോലെ എന്തോ തൂക്കിയിട്ടിരിക്കുന്നതുകാണാം. ചെടികൾ നടാനുള്ളതല്ല എന്നു മനസ്സിലായി. പിന്നെ അതിന്റെ ഉപയോഗം എന്തായിരിക്കാം എന്നായി എന്റെ ചിന്ത. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വളരെ കൗതുകളുള്ള ഒരു കാര്യം അറിയാൻ കഴിഞ്ഞത്. മരുഭൂമിയായതുകൊണ്ടു  വെള്ളം ദുർലഭമാണല്ലോ. പക്ഷികൾക്കു  വെള്ളം കിട്ടാതെ ജീവഹാനി വന്നുപോയേക്കാം. അതിനാൽ അവയ്ക്കായി വെള്ളവും ഭക്ഷണവും കരുതിവയ്ക്കാനാണ് ഈ ചട്ടികൾ തൂക്കിയിരിക്കുന്നത്. ഇതവരുടെ ജീവിതചര്യയായികരുതി  അവർ ചെയ്തുപോരുന്നു. എത്ര ഉദാത്തമാണല്ലേ ഈ സഹജീവിസ്നേഹം! ധാരാളമായി പക്ഷികളെ വിടെയൊക്കെ കാണാൻകഴിഞ്ഞതിന്റെ കാരണം ഇതൊന്നുമാത്രമല്ലേ .



പന്ത്രണ്ടുമണി കഴഞ്ഞപ്പോൾ പൊഖ്‌റാനിലെത്തി . അവിടുത്തെ ഹൈവേ കോയിങ് എന്ന ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു പിന്നെയും യാത്ര. പലയിടത്തും കൃഷിപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ആവണക്ക് , പരുത്തി, ചോളം, എള്ള് ഇവയൊക്കെ കൃഷിയിടങ്ങളിൽ വളർന്നു നിൽക്കുന്നതും കാണാം. പലയിടത്തും അടുത്തും ദൂരെയുമൊക്കെയായി ജലസമൃദ്ധമായ തടാകങ്ങളും കണ്ടു. ചില തടാകങ്ങളുടെ തീരത്തോട് ചേർന്ന മണ്ണ് വെളുത്തനിറത്തിൽ പരന്നുകിടക്കുന്നതുകാണാം. അത് ഉപ്പ് ഉണങ്ങിക്കിടക്കുന്നതാണ്. 




ഇടയ്ക്കിടെ കടന്നുപോകുന്ന ഗ്രാമങ്ങളൊക്കെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളാണ്. ഒട്ടും സൗകര്യമില്ലാത്ത വളരെച്ചെറിയ കെട്ടിടങ്ങളിലാണ് ഗ്രാമവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. റോഡുകൾ വളരെ മികച്ചതാണെങ്കിലും ഗ്രാമങ്ങൾ എന്തുകൊണ്ടാണ് പുരോഗതിയില്ലാതെ നിലനിൽക്കുന്നതെന്നു ചിന്തിച്ചുപോയി. പുല്ലുമേഞ്ഞ മഞ്ഞനിറത്തിലുള്ള വൃത്താകാരമാർന്ന ഗ്രാമവീടുകൾക്ക് സവിശേഷമായൊരു കാല്പനികസൗന്ദര്യമുണ്ട്. ചിലയിടങ്ങളിൽ മഞ്ഞക്കല്ലുകൾകൊണ്ടുണ്ടാക്കിയ  ചെറിയ ടെറസ്  വീടുകളാണ്. 

ഇതുവരെ മലകൾ യാത്രകളിലെ ഒരു സാധാരണ ദൃശ്യമായിരുന്നില്ല.   എന്നാൽ ഇപ്പോൾ ദൂരെയായി  ചില മലകൾ കണ്ടുതുടങ്ങി. വഴിയോരത്തൊക്കെ വിവിധങ്ങളായ പക്ഷികളെക്കാണാം.  മെല്ലമെല്ലേ നല്ല വഴികളുടെ സ്വഭാവം മാറിവന്നു. പലയിടത്തും അതുകൊണ്ടുതന്നെ ട്രാഫിക് ജാമും ഉണ്ടായി.  അഞ്ചുമണിയോടെ ഞങ്ങൾ ജോധ്പുരിലെ രസാലറോഡിലെ രുദ്രാൻഷ് ഇൻ എന്ന ഹോട്ടലിലെത്തി. ഈ ഹോട്ടലും ട്രൂലി ഇന്ത്യ യുടെ ഉടമസ്ഥതയിലുള്ളതാണ്. 




അല്പനേരത്തെ വിശ്രമത്തിനുശേഷം ജോധ്പുരിലെ പ്രസിദ്ധമായ തൂർജി കാ ജൽറാ എന്ന  പടിക്കിണർ (സ്റ്റെപ് വെൽ)കാണുന്നതിനായുള്ള യാത്രയായി. ഓട്ടോറിക്ഷയിലായിരുന്നു ആ യാത്ര. എട്ടോ പത്തോ മിനിറ്റ് യാത്രയുണ്ടായിരുന്നു. വളരെ തിരക്കുള്ളൊരു സ്ഥലം. ചുറ്റുപാടുകൾ അത്ര വൃത്തിയുള്ളതൊന്നുമല്ല. ചതുരത്തിലുള്ള ഒരു വലിയ കിണർ. നാലുഭാഗത്തും ഒരായിരം  പടവുകൾ പലദിശകളിലേക്കായി പണിതിരിക്കുന്നു. തിരക്കില്ലാതെ വെള്ളം എടുത്തുകൊണ്ടുപോകാനാണ് ഇങ്ങനെ പടവുകൾ നിർമ്മിച്ചിരിക്കുന്നത്. 1740 ലാണ് ഈ കിണർ നിർമ്മിക്കപ്പെട്ടത്. മഹാരാജ അഭയ്‌സിങ്ങിന്റെ പത്നിമാരിലൊരാളാണ് ഈ കിണറിന്റെ  നിർമ്മാണത്തിന് മുൻകൈ എടുത്തത്. റാണിമാർ നാട്ടിൽ ജലസ്രോതസുകൾ നിർമ്മിക്കുന്നതിന് ഇതൊരു തുടക്കമാവുകയായിരുന്നു. പിന്നീട് പല രാജപത്നിമാരും രാജപുത്താനയുടെ വിവിധഭാഗങ്ങളിൽ ഇത്തരം കിണറുകൾ നിർമ്മിച്ചു. കൃത്യമായ അളവുകളിൽ മുറിച്ചെടുത്തു മിനുസപ്പെടുത്തിയ  കാൽപാളികൾ കൊണ്ടാണ്  പടവുകളും ചുറ്റുമുള്ള ചുവരുകളും നിർമ്മിച്ചിരിക്കുന്നത്. പടവുകൾചേർന്ന് പല   ഡയമണ്ട് ആകൃതികൾ  രൂപപ്പെടുത്തിയിരിക്കുന്നത് ആകർഷമായ് കാഴ്ചയാണ്. കാളകളെക്കൊണ്ടു വലിയൊരു ചക്രം കറക്കിയാണ് കിണറ്റിൽനിന്നു വെള്ളം മുകളിലെ ടാങ്കിൽ എത്തിച്ചിരുന്നതത്രേ!  കൗതുകകരമായ മറ്റൊരുവസ്തുത, ഈ കിണർ കാലങ്ങളായി മണ്ണ് നിറഞ്ഞു ചപ്പുചവറുകൾക്കടിയിലായിപ്പോയത്രേ! അടുത്തകാലത്താണ് അതൊക്കെ നീക്കി  കിണർ വീണ്ടെടുത്തത്. 




കിണറിൽ വെള്ളമുണെങ്കിലും ആകെ മലിനമാണ്. കണ്ടാൽ സങ്കടം തോന്നും. പടവുകളിറങ്ങി അങ്ങുതാഴെ ജലനിരപ്പിൽവരെ എത്തി  ആളുകൾ ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങളിറങ്ങിയില്ല. കാലെങ്ങാൻ വഴുതിയാൽ ചെന്നുവീഴുന്നത് താഴെയുള്ള വെള്ളത്തിലാകും. അത്രയും സാഹസികത നന്നാവില്ലെന്നു തോന്നി. ധാരാളമായില്ലെങ്കിലും, ചുവന്ന മണൽക്കല്ലുകളിൽ മനോഹരമായ കൊത്തുപണികളിൽ വിവിധരൂപങ്ങൾ മെനഞ്ഞിരിക്കുന്നതും കാണാം. പടവുകളിലും വെള്ളത്തിലും പക്ഷികൾ സ്വൈര്യവിഹാരംനടത്തുന്നുമുണ്ട്. കിണറിന്റെ മുകള്ഭാഗത്തുള്ള മാളികകളിലും മണ്ഡപങ്ങളുമൊക്കെനിന്നു ഫോട്ടോ എടുത്തശേഷം ഞങ്ങൾ മടങ്ങി. 



മുറിയിലേക്ക് പോകുംമുമ്പ് ചില അത്യാവശ്യസാധങ്ങൾ വാങ്ങാനായി ഹോട്ടലിനെതിർവശത്തുള്ള ചില കടകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. വളരെ തിരക്കുള്ള പാതയാണ്. വാഹനബാഹുല്യമുണ്ടെങ്കിലും  തെരുവുകച്ചവടവും പൊടിപൊടിക്കുന്നു.  പക്ഷേ ആകാശത്ത് പറ്റമായി പറന്നുപോകുന്ന പക്ഷികളും തലങ്ങും വിലങ്ങും പറക്കുന്ന നൂറുകണക്കിന് വവ്വാലുകളും ഒട്ടൊന്ന് ആശ്ചര്യപ്പെടുത്തി. കുറേസമയം അതുനോക്കിനിന്നശേഷമാണ് ഞങ്ങൾ ഹോട്ടലിലേക്ക് പോയത്. 

പതിവുപോലെ ഗംഭീരമായ അത്താഴം ഒരുങ്ങിയിരുന്നു. ദാൽ-ഭാട്ടി- ചുർമ എന്ന പ്രസിദ്ധമായ രാജസ്ഥാനി വിഭവമായിരുന്നു ഹൈലൈറ്റ്. പരിപ്പുകറിയും, ഗോതമ്പുകൊണ്ടുണ്ടാക്കുന്ന അത്ര മൃദുവല്ലാത്ത ഉണ്ടയും മധുരമുള്ളൊരു പൊടിയും ആണ് ഈ കൂട്ടുവിഭവം. അത്ര കേമമെന്നോ അല്ലെന്നോ പറയാൻ കഴിയാത്ത  ഒരു വ്യത്യസ്തമായ രുചിക്കൂട്ട്. രാജസ്ഥാൻ ജനതയുടെ പ്രിയവിഭവമാണ്

രാജസ്ഥാൻ - 10 മെഹ്‌റാൻ ഗഢ്

 രാജസ്ഥാൻ - 10 

മെഹ്‌റാൻ ഗഢ് 

================

 ഇന്ന് ഒക്ടോബർ  20 . ഹോട്ടലിന്റെ മട്ടുപ്പാവിൽനിന്നുള്ള  ജോധ്പുരിലെ സൂര്യോദയദർശനം അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ഹോട്ടലിനു മുമ്പിലുള്ള തെരുവ് വളരെ തിരക്കേറിയതും അതുകൊണ്ടുതന്നെ വൃത്തിഹീനവുമാണ്. അതുകൊണ്ട് അതിലൂടെയുള്ള നടത്തം അത്ര സുഖകരമല്ല. അതിനാൽ സാധാരണയുള്ള പ്രഭാതനടത്തം ഒഴിവാക്കി. സൂര്യനഗരമെന്നും നീലനഗരമെന്നും ഈ നഗരത്തിനു ചെല്ലപ്പേരുകളുണ്ട്. മുൻകാലങ്ങളിൽ ബ്രഹ്മപുരി എന്നറിയപ്പെട്ടിരുന്ന ജോധ്പുരിൽ ബ്രാഹ്മണർ മാത്രമായിരുന്നു നിവാസികൾ. തങ്ങളുടെ വാസഗേഹങ്ങൾക്ക് അവർ നീലനിറമായിരുന്നു നൽകിയിരുന്നത്.  2001 ൽ   ഞങ്ങളിവിടെ വന്നപ്പോൾ നീലനഗരമെന്നുള്ള പേര് അന്വർത്ഥമായിരുന്നു. എല്ലാകെട്ടിടങ്ങളും ഇളംനീലചായമടിച്ചവയായിരുന്നു. അതൊരു നിയമമായിത്തന്നെ അന്ന് നിയലനിന്നിരുന്നു. ചൂടുകുറയ്ക്കാനായുള്ള ഒരു മാർഗ്ഗമായാണ് ഈ രീതി അവലംബിച്ചിരുന്നത്. കൊതുകിനെ അകറ്റാനും നീലനിറം സഹായിക്കുമത്രേ!  എന്നാൽ ഇന്ന് നീലനിറം എവിടെയും കാണാനില്ല. ആ നിയമംതന്നെ ഇല്ലാതായിരിക്കുന്നതായിത്തോന്നി. മാത്രമല്ല നഗരം ഒരുപാട് വളർന്നു. അതിനോടൊപ്പം പഴയ വൃത്തിയും മനോഹാരിതയും നഷ്ടമാവുകയും ചെയ്തു.  ഇരുപതുവർഷങ്ങളിലെ മാറ്റം അമ്പരപ്പിക്കുന്നതുതന്നെ!




ഇന്നത്തെ ആദ്യയാത്ര മെഹ്‌റാൻ ഗഢ് എന്ന കോട്ടയിലേക്കാണ്.  ഹോട്ടലിൽനിന്ന് പത്തുമിനിറ്റ് യാത്രയുണ്ട് കുന്നിന്മുകളിലെ കോട്ടയിലേക്ക്. പതിനഞ്ചാം നൂറ്റാണ്ടിൽ മാർവാർ ഭരിച്ചിരുന്ന   രാജപുത്രരാജാവായ  റാത്തോർ റാവു ജോധായാണ് കോട്ട നിർമ്മിച്ചത്. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢ് എന്ന വാക്കിനർത്ഥം.  രാജ്യതലസ്ഥാനം മണ്ഡോറിൽനിന്ന്, അദ്ദേഹം ജോധ്പുർ എന്ന നഗരം സൃഷ്ടിച്ച് അവിടേയ്ക്കു മാറ്റുകയായിരുന്നു. (മണ്ഡോറാണ് രാവണപത്നിയായിരുന്ന മണ്ഡോദരിയുടെ ജന്മസ്ഥലമെന്നാണ് ഗൈഡ് അവകാശപ്പെടുന്നത്. എനിക്കതത്ര വിശ്വാസയോഗ്യമായി തോന്നിയില്ല.) കൂടുതൽ സുരക്ഷിതമായൊരു ഭരണകേന്ദ്രം വേണമെന്ന ചിന്ത ശക്തിപ്പെടുകയും രാജ്യത്തിൻ്റെ വടക്കേയതിരിലെ  ഭകുർചിരിയ (പക്ഷികളുടെ കുന്ന്) എന്നറിയപ്പെട്ടിരുന്ന കുന്നിൻപുറത്ത്   കോട്ട പണിയാൻ 1459 ൽ   തീരുമാനിക്കുകയുമായിരുന്നു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. 


ഒരു കഥ ഇങ്ങനെ :

ഭകുർചിരിയക്കുന്നിൻമുകളിൽ ചീരിയനാഥ്ജി (ചിഡിയാവാല ബാബ) എന്നുപേരായ   ഒരു മുനിവര്യൻ ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മനുഷ്യർ അദ്ദേഹത്തിന്റെ അനുയായികളുമായിരുന്നു. അദ്ദേഹത്തോട് അവിടെനിന്നൊഴിയാൻ പലതവണ രാജാവ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ റാവു ജോധാ കൂടുതൽ പ്രതാപിയായ കർണ്ണിമാതായോട് സഹായമഭ്യർത്ഥിച്ചു. കർണ്ണിമാതായുടെ ആവശ്യം നിരാകരിക്കാൻ ചീരിയനാഥ്ജിക്കു കഴിയുമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ അദ്ദേഹം അവിടം വിട്ടുപോയി. 'ജോധാ നീ ഇവിടെ പടുത്തുയർത്തുന്ന കൊട്ടാരത്തിൽ എന്നും ജലദൗർലഭ്യം നേരിടും' എന്നൊരു ശാപവും നല്കിയത്രെ! നിരാശനായ  ജോധാ ശാപമോക്ഷത്തിനായി അദ്ദേഹത്തോട് യാചിച്ചു. പക്ഷേ തന്റെ ശാപം തിരിച്ചെടുക്കാൻ മുനിക്ക്  ആകുമായിരുന്നില്ല. പക്ഷേ ശാപത്തിന്റെ തീവ്രത കുറയ്ക്കാനായി ഒരു പരിഹാരം നിർദ്ദേശിച്ചു. രാജ്യത്തെ ഏതെങ്കിലുമൊരു പ്രജ സ്വമനസ്സാലെ ജീവത്യാഗം ചെയ്യണമത്രേ!  രാജാവ് വിഷണ്ണനായി. അതിനിപ്പോൾ ആരാണ് തയ്യാറാവുക? പക്ഷേ രാജാറാം മേഘ്‌വാൾ എന്നയാൾ സ്വയം മുന്നോട്ടു വന്നു. ശുഭകരമായ മുഹൂർത്തത്തിൽ  ജീവനോടെ അദ്ദേഹത്തെ മണ്ണിൽ കുഴിച്ചിടപ്പെടുകയുണ്ടായി. പിന്നീട് ആ സ്ഥലത്ത് ഒരു ക്ഷേത്രവും സ്ഥാപിക്കപ്പെട്ടു. ദേഹത്യാഗത്തിനുമുമ്പ്,  തന്റെ കുടുംബത്തെ രാജാവ് സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിന്മുറക്കാർക്ക് ഇന്നും കോട്ടയിൽ താമസിക്കാനുള്ള അനുവാദമുണ്ട്.     ചീരിയനാഥ്ജിയെ  പ്രീതിപ്പെടുത്താനായി  ജോധാ കോട്ടയ്ക്കുള്ളിൽ ഒരാശ്രമവും ക്ഷേത്രവും അദ്ദേഹത്തിനായും  പണിതുനല്കി. കർണ്ണിമാതായുടെ സ്വാധീനം മനസ്സിലാക്കിയ രാജാവ് കോട്ടനിർമ്മാണത്തിനുള്ള  ശിലാസ്ഥാപനത്തിനും  കർണ്ണിമാതായെയാണ് കൊണ്ടുവന്നത്. 





നാനൂറുമീറ്റർ ഉയരമുള്ള മലയുടെ മുകളിൽ ഒരു കോട്ട നിർമ്മിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നിരവധിയാളുകളുടെ  നിരന്തരപ്രയത്നമാണ് ഇന്ന് നാം കാണുന്ന മെഹ്റാൻഗഢ്. വിരലാൽ  കൊട്ടിനോക്കി കല്ലുകളുടെ ഗുണനിലവാരം നിശ്ചയിക്കാനും മനോഹരമായ ശില്പങ്ങൾ മെനയാനും  പ്രാഗത്ഭ്യമുള്ള ഖണ്ഡവാലിയഗോത്രത്തിലെ ആളുകൾ. അവർക്കൊപ്പം ,  എത്രവലിയ ഭാരവും ഉയർത്താനും ചുമക്കാനും കഴിവുള്ള ചവലിയാൻഗോത്രക്കാരുമാണ്   ഈ ദൗത്യം നിറ്വ്വഹിക്കാൻ പ്രധാനമായും നിയോഗിക്കപ്പെട്ടത്. അവർ  ആന, കുതിര മുതലായ മൃഗങ്ങളുടെയും സേവനവുംതേടി . കൂടാതെ ബലമുള്ള വടവും  കപ്പികളും ഉപയോഗപ്പെടുത്തി.     ഇവരുടെ അറിവും കഴിവും വിയർപ്പുമാണ് രാജാവിന്റെ സ്വപ്നസാക്ഷാത്കാരം സാധ്യമാക്കിയത്. 

മുൻകൂട്ടി നിശ്ചയിച്ച ഒരു രൂപരേഖയൊന്നും ഈ കോട്ട നിർമ്മാണത്തിന് ഉണ്ടായിരുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തലമുറകളിലൂടെ കൈമാറ്റംചെയ്യപ്പെട്ട അറിവുകൾ മാത്രമായിരുന്നു നിർമാണരഹസ്യം.  അഞ്ചു കിലോമീറ്ററോളം നീളവും ഏകദേശം  മുപ്പത്തിയാറു മീറ്റർ ഉയരവും ഇരുപത്തിയൊന്ന് മീറ്റർ നീളവുമുള്ള ഈ കോട്ടമതിൽ അതിബൃഹത്തായൊരു സൃഷ്ടിതന്നെ. പലയിടത്തും പീരങ്കികളും സ്ഥാപിച്ചിരുന്നു. അഞ്ചു നൂറ്റാണ്ടോളം 29 തലമുറകളിലൂടെ നിർമ്മാണം തുടർന്ന് പൂർത്തീകരിച്ചതാണ് ഈ കോട്ട . അതുകൊണ്ടുതന്നെ  വൈവിധ്യമാർന്ന വാസ്തുവിദ്യാശൈലികൾ ഇതിന്റെ നിർമ്മാണത്തിൽ അവലംബിച്ചിട്ടുമുണ്ട്. 





   ജയ് പോൽ , ലോഹാ പോൽ, ഫത്തേ പോൽ , അമൃത് പോൽ, ദൂധ്കാംഗ്ര പോൽ, ഗംഗ പോൽ, ഭേരു  പോൽ എന്നീ ഏഴു പ്രധാനവാതിലുകളാണ് കോട്ടയ്ക്കുള്ളത്.  ഓരോകാലത്തെയും രാജാക്കന്മാർ മുഗളരോടും,  ജയ്‌പൂർ, ബിക്കാനീര് മുതലായ രാജ്യങ്ങളിലെ രാജാക്കന്മാരോടും    യുദ്ധംചെയ്തു വിജയിച്ചതിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ടവയാണിവ. ഇപ്പോഴും ചില വാതിലുകളിൽ ശത്രുരാജാക്കന്മാരുടെ പീരങ്കിപ്രയോഗത്തിന്റെ പാടുകൾ കാണാൻ കഴിയും. 



കോട്ടയിൽ കടക്കുന്നതിന് ടിക്കറ്റെടുക്കേണ്ടത്തുണ്ട്. ടൂർ മനേജർ നേരത്തെതന്നെ ഞങ്ങളുടെ ടിക്കറ്റ് തരപ്പെടുത്തിയിരുന്നു. ഓരോ വാതിലുകൾ കടന്നു റാമ്പുകളിലൂടെ  ഓരോ നിലകളിലൂടെയും   മുകളിലേക്ക് പോകാൻ കഴിയും. ചുവർചിത്രങ്ങൾ ചാരുത നൽകുന്ന പ്രൗഢഗംഭീരമായ  ജയ് പോൽ എന്ന  പ്രധാനവാതിൽകടന്നുചെന്നാൽ    ഒരു ലിഫ്റ്റ് ഉള്ളതുകൊണ്ട് ഞങ്ങൾ ലിഫ്റ്റിൽ കയറിയാണ് ഏറ്റവും  മുകളിലെത്തിയത്. 1996 ലാണ് ഈ ലിഫ്റ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചത്. ലിഫ്റ്റിൽനിന്നിറങ്ങി ഒരു റാമ്പ് കയറിയാൽ ഒരു തളത്തിലേക്കാണ് എത്തുന്നത്. കോട്ടയുടെ ഏറ്റവും മുകള്ഭാഗമാണ്.  താഴെ നിരപ്പിൽനിന്നു 410 അടി  മുകളിലാണിത്. ഏതുഭാഗത്തുനിന്നുമെത്തുന്ന ശത്രുക്കളെ ഇവിടെനിന്നു നോക്കിയാൽ കാണാൻ കഴിയുമായിരുന്നു.  അവിടെ താഴ്വാരത്തിലേക്കു ലക്‌ഷ്യംവച്ചു സ്ഥാപിച്ചിരിക്കുന്ന നിരവധി  പീരങ്കികൾ കാണാം. ഇവയുടെ പ്രഹരത്തിൽനിന്നൊഴിഞ്ഞു ശത്രുക്കൾക്ക് ഇവിടയെത്താൻ കഴിയുമായിരുന്നില്ല.





  താഴെ നോക്കിയാൽ നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന   ജോധ്‌പൂർനഗരക്കാഴ്‌ച മനോഹരമാണ്. വർഷങ്ങൾക്കുമുമ്പ് വന്നപ്പോൾ കണ്ട നീലനഗരം ആകെ മാറിയിരിക്കുന്നു.   ഒരുഭാഗത്തുനിന്നു നോക്കുമ്പോൾ അങ്ങുദൂരെ താജ്മഹൽപോലെ ഒരു മന്ദിരം കാണാം. അതും ജോധ്‌പൂരിലെ പ്രസിദ്ധമായൊരു കൊട്ടാരമാണ്. ഉമൈദ്ഭവൻ കൊട്ടാരം. 

റാവു ജോധാജി മണ്ഡോറിൽ നിന്നുകൊണ്ടുവന്ന ചാമുണ്ഡാജിപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം കോട്ടയുടെ ഒരു ഭാഗത്തു  കാണാം.  ഈ ക്ഷേത്രനടയിലേക്കുള്ള ഇടുങ്ങിയ വഴിയിൽ 2008 ൽ ഒരു വലിയ ദുരന്തമുണ്ടായി.  നവരാത്രിയാഘോഷംനടക്കുന്ന വേളയിൽ ഇരുപത്തയ്യായിരത്തോളം ഭക്തർ ഇവിടെയെത്തിയിരുന്നു. ആരോ മനഃപൂർവ്വം നടത്തിയ വ്യാജബോംബുഭീഷണിയെത്തുടർന്നുണ്ടായ പരക്കംപാച്ചിലിൽ തിക്കിത്തിരക്കിൽപ്പെട്ട  224 പേർ കൊല്ലപ്പെടുകയും നാനൂറിലധികംപേർക്ക് സാരമായ  പരുക്കേൽക്കകയും ചെയ്തു. 






മുകളിലാണ് മ്യൂസിയം . ആർട്ഗാലറി, ഹൗദി ഖാനാ,  പൽകി ഖന, ദൗലത ഖാന, സിലെ ഖാന, എന്നിങ്ങനെ പല ഗാലറികളുണ്ട്. ആർട്ഗാലറിയിൽ ധാരാളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജോധ്പൂരിലെ രാജാക്കന്മാർ എക്കാലത്തും  കലാകാരന്മാരെ പ്രത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്ന് ഇവിടുത്തെ ഓരോ കാഴ്ചകളും നമ്മെ ഓർമ്മപ്പെടുത്തുന്നു.   

ഓരോ നിലയായി  താഴേക്കിറങ്ങോയാൽ   ശീഷ് മഹൽ, മോത്തി മഹൽ,  ഫൂൽ  മഹൽ, ജാനകി മഹൽ,  എന്നിങ്ങനെ വിവിധകാലഘട്ടങ്ങളിലെ രാജാക്കന്മാർ നിർമ്മിച്ചുചേർത്ത   കൊട്ടരഭാഗങ്ങളും       അങ്കണങ്ങളും നടുമുറ്റങ്ങളും  ഒക്കെയാണ്.  

പതിനെട്ടാംനൂറ്റാണ്ടിൽ  അഭയ് സിങ്  നിർമ്മിച്ച  ഫൂൽമഹൽ അഭൗമമെന്നു തോന്നുംവിധം അലങ്കരിച്ചിരിക്കുന്നൊരു ഹാളാണ്. ചുവരിലും മച്ചിലുമൊക്കെ അലങ്കാരപ്പണികൾക്കായി സ്വർണ്ണവും വെള്ളിയും നിറമുള്ള സ്ഫടികവും  ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിസംഗീതത്തിലെ രഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഗമാലികാ ചിത്രങ്ങളും രാജാക്കന്മാരുടെ ചിത്രങ്ങളും ഇവിടെ കാണാം.  ഇത് രാജാവിന്റെ ഉല്ലാസത്തിനായി  നൃത്തവും സംഗീതവും ആസ്വദിക്കാനായി രാജാവ് ഒരുക്കിയിരുന്ന സദസ്സുകൾക്കുള്ള വേദിയായിരുന്നു.  80 കിലോ സ്വർണ്ണമാണ് ഇത് അലങ്കരിക്കാൻ ഉപയോഗപ്പെടുത്തിയത് .

ദർബാർ ആം എന്നൊരുഭാഗം പുരുഷന്മാർക്ക്  മാത്രമുള്ളതായിരുന്നു. രാജാവോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റു പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങളോ പ്രജകളുടെ പരാതികൾക്ക് കാതോർത്ത് ഈവിടെയിരുന്നായിരുന്നു. ഏറ്റവും  പ്രധാനപ്പെട്ട അങ്കണം ശൃംഗാർചൗക്ക്    എന്നാണറിയപ്പെടുന്നത്. ഒരു വലിയ വേദിയും അതിൻ്റെ ഏറ്റവും അറ്റത്ത് സജ്ജീകരിച്ചിരിക്കുന്ന സിംഹാസനവും ആണിത്.   രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങു നടത്തുന്നത് ഇവിടവെച്ചായിരുന്നു.  ഇവിടെയും പുരുഷന്മാർക്ക് മാത്രമായിരുന്നു പ്രവേശനം. സ്ത്രീകൾ ഏതാണ്ട് കാരാഗൃഹത്തിൽ  കഴിയുന്നവരെപ്പോലെയായിരുന്നു. പക്ഷേ നാലുഭാഗത്തുക്കുള്ള അതിമനോഹരമായ ജാളികളോടുകൂടിയ കൊട്ടാരജാലകങ്ങളിൽക്കൂടി   സ്ത്രീജനങ്ങൾക്ക് എല്ലാ ചടങ്ങുകളും വീക്ഷിക്കാനാവുമായിരുന്നു.  ധാരാളം കിളിവാതിലുകൾ നമുക്കിവിടെ കാണാം . മെഴുകിൽ ശില്പവേലകൾ ചെയ്യുന്നതിനേക്കാൾ അനായാസമായും പൂർണ്ണതയോടുകൂടിയുമാണ് മണൽക്കല്ലുകളിൽ ഇവിടെ അതിമനോഹരമായ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. എല്ലാം ഇപ്പോഴും അതിമനോഹരമായിത്തന്നെ സംരക്ഷിച്ചിരിക്കുന്നു എന്നതും പ്രശംസനീയം. 






ശൃംഗാർചൗക്കിൽനിന്നുള്ള  വാതിൽകടന്നു  കയറുന്നത്       അക്കാലത്തെ  ഗതാഗതസംവിധാനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്ന പൽക്കി ഖാന യിലേക്കാണ്.പലകാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന, , പല്ലക്കുകൾ, സ്ത്രീകൾ യാത്രചെയ്തിരുന്ന ഡോളികൾ  എന്നിവയൊക്കെ അക്കൂട്ടത്തിൽ പെടുന്നു. സ്വർണ്ണവും വെള്ളിയുമൊക്കെ ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഹൗദി എന്നറിയപ്പെട്ടിരുന്ന ആനപ്പുറത്തെ ഇരിപ്പിടങ്ങൾ ആണ് ഹൗദി ഖാന യിൽ.  മറ്റൊരു വാതിൽകടന്നെത്തുന്നത് ദൗലത്ഘാനയിലേക്കാണ്. അവിടെയുമുണ്ട്  വലിയ പല്ലക്കുകളുൾപ്പെടെ ധാരാളം  പ്രദർശനവസ്തുക്കൾ.   ഒരു ഗാലറിയിൽ    രജപുത്രരാജാക്കന്മാരുടെ തലപ്പാവുകളും പ്രദർശനത്തിനായുണ്ട്. തുണികൊണ്ടുള്ള പ്രത്യേകരീതിയിലുള്ള ഈ തലപ്പാവ് ഇപ്പോഴും രാജസ്ഥാനിലെവിടെയും ആളുകൾ ധരിച്ചിരിക്കുന്നതുകാണാം. ഇവയുടെ നിറവും വലുപ്പവും അതു ധരിക്കുന്ന ആളിൻ്റെ പദവിയും സമൂഹത്തിലെ സ്ഥാനവും നിർണ്ണയിക്കുമത്രേ!  ഇവ എല്ലായിടത്തും   വിൽക്കാനും വെച്ചിട്ടുണ്ട്. മുറികളിലെ  ചുവരുകളിലും  മേൽത്തട്ടിലുമുള്ള    ലഘുരൂപചിത്രങ്ങൾ ഇപ്പോഴും വർണ്ണപ്പകിട്ടോടെ നിലനിൽക്കുന്നതുകാണാം.  വിവിധനിറത്തിലെ കല്ലുകളരച്ചു മരങ്ങളിൽനിന്നെടുക്കുന്ന പശ ചേർത്തുണ്ടാക്കുന്ന വർണ്ണങ്ങളാണ് ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതിസൂക്ഷ്മമായി ചിത്രരചന ചെയ്തിട്ടുമുണ്ട്.  കൊട്ടാരത്തിലെ റാണിമാരുൾപ്പെടയുള്ള സ്ത്രീജനങ്ങൾ വസിച്ചിരുന്ന ജാനകിമഹലിനോട് ചേർന്ന്     കുഞ്ഞുങ്ങൾക്കായുള്ള പലതരം തൊട്ടിലുകളും  പ്രദർശനത്തിനുണ്ട്. സിലേ  ഖാനയിൽ ഓരോ കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന ആയുധങ്ങളും  മറ്റു യുദ്ധോപകരണങ്ങളും  കാണാം.   പല മുറികളിലയി  വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹുക്കകൾ,ചുസ്കി (കറുപ്പ് ചേർന്ന ലഹരി പദാർത്ഥം ഒഴിച്ച് കുടിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം )    ഇങ്ങനെ കണ്ടാൽ മതിവരാത്തവിധം മനോഹരമായി സൂക്ഷിച്ചിരിക്കുന്ന  നിരവധി വസ്തുക്കളുണ്ടവിടെ.  അവയിൽ നർത്തകിരൂപത്തിലുള്ള ഹുക്ക  വളരെ ആകര്ഷണീയമാണ്. ഹുക്കകളിൽ ഒരറയിൽ കനലിട്t  അതിൽ പുകയെടുക്കാനുള്ള പദാർത്ഥം വയ്ക്കും. പുക മറ്റൊരറയിലെ വെള്ളത്തിൽക്കൂടി കടന്നാണ് പുറത്തേക്കു വരുന്നത്. കഴുകിവരുന്ന  ഈ പുകയെടുക്കുന്നവരുടെ  ശ്വാസകോശത്തിനു ഹാനി സംഭവിക്കില്ല.





 ശീഷ്മഹൽ പ്രധാനമായും പല വലുപ്പത്തിലും ആകൃതിയിലുള്ള  ഉത്തലകണ്ണാടികൾ(covex mirrors)കൊണ്ട് മോടിപിടിപ്പിച്ച്  നിർമ്മിച്ചോരു മനോഹരമായ വിസ്താരമുള്ള മുറിയാണ്. ധാരാളം ചിത്രങ്ങളുമുണ്ട്. പൂജകൾക്കായി ഉപയോഗിച്ചിരുന്നതതുകൊണ്ടാവാം ചുവരിൽ  ദൈവങ്ങളുടെ ചിത്രങ്ങളുണ്ട്.     ഒരുവിളക്കുകൊളുത്തിയാൽ കണ്ണാടികളിലൂടെ അതിന്റെ പ്രകാശം പ്രതിഫലിച്ച് വിശാലമായ തളം മുഴുവൻ പ്രകാശമാനമാകുമായിരുന്നത്രേ! രാജസ്ഥാനിലെ പല കൊട്ടാരങ്ങളിലും ശീഷ്മഹൽ കണ്ടിട്ടുണ്ട്. (പാരീസിലെ വെർസായികൊട്ടാരത്തിലും -Palace of Versailles - കണ്ടതായി ഓർക്കുന്നു)





പതിനെട്ടാം  നൂറ്റാണ്ടിൻ്റെ ആദ്യവർഷങ്ങളിലാണ് സവായി രാജാ സൂർസിങ്, മോത്തിമഹൽ   എന്ന വലിയ ഹാൾ നിർമ്മിച്ചത്. ചുവരിൽ പതിച്ചിരിക്കുന്ന കാക്കകളും ചിപ്പികളും മാർബിൾകഷണങ്ങളും ദീപപ്രകാശത്തിൽ മുത്തുകൾപോലെ വെട്ടിത്തിളങ്ങുമായിരുന്നു. അങ്ങനെയാണ് ഈ പേരുവന്നത്. പ്രജകളുമായി നേരിട്ടുസംവദിക്കുന്നതിനുള്ളതായിരുന്നു മോത്തിമഹൽ. രാജാവിൻ്റെ ഇരിപ്പിടത്തിനു  പിൻഭാഗം ഒരു തിരശ്ശീലകൊണ്ട് വേർതിരിച്ച് അവിടെ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകാർകൂടിയായ  അഞ്ചു പത്നിമാർക്കുള്ള ഇരിപ്പിടം ഒരുക്കിയിരുന്നു. അവരുടെ ആശയങ്ങൾ രാജാവിന് കൈമാറുന്നതിനായി ഒരു രഹസ്യഭാഷയും ഉപയോഗിച്ചിരുന്നത്രേ!



1843  മുതൽ 30 വർഷം രാജ്യം ഭരിച്ചിരുന്ന  തഖത് സിംഗിന്റെ അന്തഃപുരമായിരുന്നു തഖത് വിലാസ്.  ഇദ്ദേഹത്തിന് 32 ഭാര്യമാരുണ്ടായിരുന്നത്രേ! ആറുവർഷമെടുത്തു ഇതിന്റെ നിർമ്മാണത്തിന്. ചുവരുകളും  തറയിലും തടികൊണ്ടുള്ള  മച്ചിലുമൊക്കെ ചിത്രകല നന്നായി ഉപയോഗപ്പെടുത്തിയാണ് ഈ ഉറക്കറ അതിമനോഹരമാക്കിയിരിക്കുന്നത്. വലിയ മുറിയുടെ ഒരുഭാഗത്ത് ഒരു ചെറുമഞ്ചം ഒരുക്കിയിട്ടുണ്ട്. അതിനുമുകളിൽ തുണികൊണ്ടുള്ള ഒരു ഫാനും. ചരടിൽ ബന്ധിപ്പിച്ചിരിക്കുന്ന  നീളമുള്ള ദണ്ഡിലെ തുണി  ചരടുവലിക്കുമ്പോൾ  ഉലഞ്ഞാണ് കാറ്റുവരുന്നത്. 




കാഴ്ചകൾ കണ്ടുകണ്ട്‌ പടിക്കെട്ടുകളും ചരിവുപാതകളുമിറങ്ങി ഓരോരോ കവാടങ്ങൾ  പിന്നിട്ട് താഴേക്ക് നടന്നുവരാം. അവയിൽ തിരശ്ചീനമായി പതിപ്പിച്ചിരിക്കുന്ന  കൂർത്ത വലിയ  ഇരുമ്പുമുള്ളുകൾ ആനകളെ ആക്രമണത്തിൽനിന്ന്  പിന്തിരിപ്പിക്കുന്നതിനായുള്ളതാണ്. ഇടയ്ക്ക് രാവൺഘട്ടയുടെ പിന്ബലത്തോടെ അനുഭൂതിദായകമായ സംഗീതാലാപനത്തിൽ  മുഴുകിയിരിക്കുന്നവരേയും കണ്ടുമുട്ടും.    ലോഹാ പോൽ  എന്ന ഇരുമ്പുവാതിലിനോട് ചേർന്ന ചുവരുകളിൽ  കൈപ്പത്തികൾ പതിപ്പിച്ചിരിക്കുന്നതുകാണാം. സതി മെമ്മോറിയൽ എന്നാണിത് അറിയപ്പെടുന്നത് . അന്നത്തെ രാജപുത്രസ്‌ത്രീകൾ സതി അനുഷ്ഠിച്ചിരുന്നുവല്ലോ. അഗ്നിയിൽ സ്വയം ഹോമിക്കുന്നതിനു മുമ്പായി കൈകൾ  ചായില്യത്തിൽ മുക്കി ചുവരിൽ പതിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന പ്രകൃതിദത്തമായ ഒരു വർണ്ണകമാണ് ചായില്യം. അതിന്റെ ഓർമ്മയ്ക്കായാണ് കടുംനിറത്തിലെ ഈ കൈപ്പത്തി ചിത്രങ്ങൾ. അഗ്നിപ്രവേശം നടത്തുമ്പോൾ അവർ പുണ്യഗ്രന്ഥങ്ങൾ കൈയിൽ എടുക്കുമായിരുന്നെന്നും അവയ്ക്ക് പക്ഷേ നാശം സംഭവിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. 

പ്രധാനകവാടമായ ജയ് പോൽ കടന്നു പറത്തിറങ്ങുമ്പോൾ ഏതോ മായികലോകത്തുനിന്നു പുറത്തുകടന്നതുപോലെയാണ് തോന്നിയത്.  കണ്ടതൊക്കെ അപ്പാടെ വിശദമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. എത്രയോ കലാകാരന്മാരുടെ കലാനൈപുണ്യവും സൂക്ഷ്മനിരീക്ഷണവൈദഗ്ദ്ധ്യവും ക്ഷമയും നിരന്തരപരിശ്രമവും ത്യാഗമനോഭാവവുമൊക്കെയാണ് ഇന്നീ നിലയിൽ നമുക്ക് കാണാനാവുന്നത്!  അവരുടെയൊക്കെ പാദങ്ങളിൽ ശിരസ്സാ നമസ്കരിക്കുന്നു.