രാജസ്ഥാൻ - 10
മെഹ്‌റാൻ ഗഢ്
================
ഇന്ന് ഒക്ടോബർ 20 . ഹോട്ടലിന്റെ മട്ടുപ്പാവിൽനിന്നുള്ള ജോധ്പുരിലെ സൂര്യോദയദർശനം അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ഹോട്ടലിനു മുമ്പിലുള്ള തെരുവ് വളരെ തിരക്കേറിയതും അതുകൊണ്ടുതന്നെ വൃത്തിഹീനവുമാണ്. അതുകൊണ്ട് അതിലൂടെയുള്ള നടത്തം അത്ര സുഖകരമല്ല. അതിനാൽ സാധാരണയുള്ള പ്രഭാതനടത്തം ഒഴിവാക്കി. സൂര്യനഗരമെന്നും നീലനഗരമെന്നും ഈ നഗരത്തിനു ചെല്ലപ്പേരുകളുണ്ട്. മുൻകാലങ്ങളിൽ ബ്രഹ്മപുരി എന്നറിയപ്പെട്ടിരുന്ന ജോധ്പുരിൽ ബ്രാഹ്മണർ മാത്രമായിരുന്നു നിവാസികൾ. തങ്ങളുടെ വാസഗേഹങ്ങൾക്ക് അവർ നീലനിറമായിരുന്നു നൽകിയിരുന്നത്. 2001 ൽ ഞങ്ങളിവിടെ വന്നപ്പോൾ നീലനഗരമെന്നുള്ള പേര് അന്വർത്ഥമായിരുന്നു. എല്ലാകെട്ടിടങ്ങളും ഇളംനീലചായമടിച്ചവയായിരുന്നു. അതൊരു നിയമമായിത്തന്നെ അന്ന് നിയലനിന്നിരുന്നു. ചൂടുകുറയ്ക്കാനായുള്ള ഒരു മാർഗ്ഗമായാണ് ഈ രീതി അവലംബിച്ചിരുന്നത്. കൊതുകിനെ അകറ്റാനും നീലനിറം സഹായിക്കുമത്രേ! എന്നാൽ ഇന്ന് നീലനിറം എവിടെയും കാണാനില്ല. ആ നിയമംതന്നെ ഇല്ലാതായിരിക്കുന്നതായിത്തോന്നി. മാത്രമല്ല നഗരം ഒരുപാട് വളർന്നു. അതിനോടൊപ്പം പഴയ വൃത്തിയും മനോഹാരിതയും നഷ്ടമാവുകയും ചെയ്തു. ഇരുപതുവർഷങ്ങളിലെ മാറ്റം അമ്പരപ്പിക്കുന്നതുതന്നെ!
ഇന്നത്തെ ആദ്യയാത്ര മെഹ്‌റാൻ ഗഢ് എന്ന കോട്ടയിലേക്കാണ്. ഹോട്ടലിൽനിന്ന് പത്തുമിനിറ്റ് യാത്രയുണ്ട് കുന്നിന്മുകളിലെ കോട്ടയിലേക്ക്. പതിനഞ്ചാം നൂറ്റാണ്ടിൽ മാർവാർ ഭരിച്ചിരുന്ന രാജപുത്രരാജാവായ റാത്തോർ റാവു ജോധായാണ് കോട്ട നിർമ്മിച്ചത്. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢ് എന്ന വാക്കിനർത്ഥം. രാജ്യതലസ്ഥാനം മണ്ഡോറിൽനിന്ന്, അദ്ദേഹം ജോധ്പുർ എന്ന നഗരം സൃഷ്ടിച്ച് അവിടേയ്ക്കു മാറ്റുകയായിരുന്നു. (മണ്ഡോറാണ് രാവണപത്നിയായിരുന്ന മണ്ഡോദരിയുടെ ജന്മസ്ഥലമെന്നാണ് ഗൈഡ് അവകാശപ്പെടുന്നത്. എനിക്കതത്ര വിശ്വാസയോഗ്യമായി തോന്നിയില്ല.) കൂടുതൽ സുരക്ഷിതമായൊരു ഭരണകേന്ദ്രം വേണമെന്ന ചിന്ത ശക്തിപ്പെടുകയും രാജ്യത്തിൻ്റെ വടക്കേയതിരിലെ ഭകുർചിരിയ (പക്ഷികളുടെ കുന്ന്) എന്നറിയപ്പെട്ടിരുന്ന കുന്നിൻപുറത്ത് കോട്ട പണിയാൻ 1459 ൽ തീരുമാനിക്കുകയുമായിരുന്നു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല.
ഒരു കഥ ഇങ്ങനെ :
ഭകുർചിരിയക്കുന്നിൻമുകളിൽ ചീരിയനാഥ്ജി (ചിഡിയാവാല ബാബ) എന്നുപേരായ ഒരു മുനിവര്യൻ ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മനുഷ്യർ അദ്ദേഹത്തിന്റെ അനുയായികളുമായിരുന്നു. അദ്ദേഹത്തോട് അവിടെനിന്നൊഴിയാൻ പലതവണ രാജാവ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ റാവു ജോധാ കൂടുതൽ പ്രതാപിയായ കർണ്ണിമാതായോട് സഹായമഭ്യർത്ഥിച്ചു. കർണ്ണിമാതായുടെ ആവശ്യം നിരാകരിക്കാൻ ചീരിയനാഥ്ജിക്കു കഴിയുമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ അദ്ദേഹം അവിടം വിട്ടുപോയി. 'ജോധാ നീ ഇവിടെ പടുത്തുയർത്തുന്ന കൊട്ടാരത്തിൽ എന്നും ജലദൗർലഭ്യം നേരിടും' എന്നൊരു ശാപവും നല്കിയത്രെ! നിരാശനായ ജോധാ ശാപമോക്ഷത്തിനായി അദ്ദേഹത്തോട് യാചിച്ചു. പക്ഷേ തന്റെ ശാപം തിരിച്ചെടുക്കാൻ മുനിക്ക് ആകുമായിരുന്നില്ല. പക്ഷേ ശാപത്തിന്റെ തീവ്രത കുറയ്ക്കാനായി ഒരു പരിഹാരം നിർദ്ദേശിച്ചു. രാജ്യത്തെ ഏതെങ്കിലുമൊരു പ്രജ സ്വമനസ്സാലെ ജീവത്യാഗം ചെയ്യണമത്രേ! രാജാവ് വിഷണ്ണനായി. അതിനിപ്പോൾ ആരാണ് തയ്യാറാവുക? പക്ഷേ രാജാറാം മേഘ്‌വാൾ എന്നയാൾ സ്വയം മുന്നോട്ടു വന്നു. ശുഭകരമായ മുഹൂർത്തത്തിൽ ജീവനോടെ അദ്ദേഹത്തെ മണ്ണിൽ കുഴിച്ചിടപ്പെടുകയുണ്ടായി. പിന്നീട് ആ സ്ഥലത്ത് ഒരു ക്ഷേത്രവും സ്ഥാപിക്കപ്പെട്ടു. ദേഹത്യാഗത്തിനുമുമ്പ്, തന്റെ കുടുംബത്തെ രാജാവ് സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിന്മുറക്കാർക്ക് ഇന്നും കോട്ടയിൽ താമസിക്കാനുള്ള അനുവാദമുണ്ട്. ചീരിയനാഥ്ജിയെ പ്രീതിപ്പെടുത്താനായി ജോധാ കോട്ടയ്ക്കുള്ളിൽ ഒരാശ്രമവും ക്ഷേത്രവും അദ്ദേഹത്തിനായും പണിതുനല്കി. കർണ്ണിമാതായുടെ സ്വാധീനം മനസ്സിലാക്കിയ രാജാവ് കോട്ടനിർമ്മാണത്തിനുള്ള ശിലാസ്ഥാപനത്തിനും കർണ്ണിമാതായെയാണ് കൊണ്ടുവന്നത്.
നാനൂറുമീറ്റർ ഉയരമുള്ള മലയുടെ മുകളിൽ ഒരു കോട്ട നിർമ്മിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നിരവധിയാളുകളുടെ നിരന്തരപ്രയത്നമാണ് ഇന്ന് നാം കാണുന്ന മെഹ്റാൻഗഢ്. വിരലാൽ കൊട്ടിനോക്കി കല്ലുകളുടെ ഗുണനിലവാരം നിശ്ചയിക്കാനും മനോഹരമായ ശില്പങ്ങൾ മെനയാനും പ്രാഗത്ഭ്യമുള്ള ഖണ്ഡവാലിയഗോത്രത്തിലെ ആളുകൾ. അവർക്കൊപ്പം , എത്രവലിയ ഭാരവും ഉയർത്താനും ചുമക്കാനും കഴിവുള്ള ചവലിയാൻഗോത്രക്കാരുമാണ് ഈ ദൗത്യം നിറ്വ്വഹിക്കാൻ പ്രധാനമായും നിയോഗിക്കപ്പെട്ടത്. അവർ ആന, കുതിര മുതലായ മൃഗങ്ങളുടെയും സേവനവുംതേടി . കൂടാതെ ബലമുള്ള വടവും കപ്പികളും ഉപയോഗപ്പെടുത്തി. ഇവരുടെ അറിവും കഴിവും വിയർപ്പുമാണ് രാജാവിന്റെ സ്വപ്നസാക്ഷാത്കാരം സാധ്യമാക്കിയത്.
മുൻകൂട്ടി നിശ്ചയിച്ച ഒരു രൂപരേഖയൊന്നും ഈ കോട്ട നിർമ്മാണത്തിന് ഉണ്ടായിരുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തലമുറകളിലൂടെ കൈമാറ്റംചെയ്യപ്പെട്ട അറിവുകൾ മാത്രമായിരുന്നു നിർമാണരഹസ്യം. അഞ്ചു കിലോമീറ്ററോളം നീളവും ഏകദേശം മുപ്പത്തിയാറു മീറ്റർ ഉയരവും ഇരുപത്തിയൊന്ന് മീറ്റർ നീളവുമുള്ള ഈ കോട്ടമതിൽ അതിബൃഹത്തായൊരു സൃഷ്ടിതന്നെ. പലയിടത്തും പീരങ്കികളും സ്ഥാപിച്ചിരുന്നു. അഞ്ചു നൂറ്റാണ്ടോളം 29 തലമുറകളിലൂടെ നിർമ്മാണം തുടർന്ന് പൂർത്തീകരിച്ചതാണ് ഈ കോട്ട . അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന വാസ്തുവിദ്യാശൈലികൾ ഇതിന്റെ നിർമ്മാണത്തിൽ അവലംബിച്ചിട്ടുമുണ്ട്.
ജയ് പോൽ , ലോഹാ പോൽ, ഫത്തേ പോൽ , അമൃത് പോൽ, ദൂധ്കാംഗ്ര പോൽ, ഗംഗ പോൽ, ഭേരു പോൽ എന്നീ ഏഴു പ്രധാനവാതിലുകളാണ് കോട്ടയ്ക്കുള്ളത്. ഓരോകാലത്തെയും രാജാക്കന്മാർ മുഗളരോടും, ജയ്‌പൂർ, ബിക്കാനീര് മുതലായ രാജ്യങ്ങളിലെ രാജാക്കന്മാരോടും യുദ്ധംചെയ്തു വിജയിച്ചതിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ടവയാണിവ. ഇപ്പോഴും ചില വാതിലുകളിൽ ശത്രുരാജാക്കന്മാരുടെ പീരങ്കിപ്രയോഗത്തിന്റെ പാടുകൾ കാണാൻ കഴിയും.
കോട്ടയിൽ കടക്കുന്നതിന് ടിക്കറ്റെടുക്കേണ്ടത്തുണ്ട്. ടൂർ മനേജർ നേരത്തെതന്നെ ഞങ്ങളുടെ ടിക്കറ്റ് തരപ്പെടുത്തിയിരുന്നു. ഓരോ വാതിലുകൾ കടന്നു റാമ്പുകളിലൂടെ ഓരോ നിലകളിലൂടെയും മുകളിലേക്ക് പോകാൻ കഴിയും. ചുവർചിത്രങ്ങൾ ചാരുത നൽകുന്ന പ്രൗഢഗംഭീരമായ ജയ് പോൽ എന്ന പ്രധാനവാതിൽകടന്നുചെന്നാൽ ഒരു ലിഫ്റ്റ് ഉള്ളതുകൊണ്ട് ഞങ്ങൾ ലിഫ്റ്റിൽ കയറിയാണ് ഏറ്റവും മുകളിലെത്തിയത്. 1996 ലാണ് ഈ ലിഫ്റ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചത്. ലിഫ്റ്റിൽനിന്നിറങ്ങി ഒരു റാമ്പ് കയറിയാൽ ഒരു തളത്തിലേക്കാണ് എത്തുന്നത്. കോട്ടയുടെ ഏറ്റവും മുകള്ഭാഗമാണ്. താഴെ നിരപ്പിൽനിന്നു 410 അടി മുകളിലാണിത്. ഏതുഭാഗത്തുനിന്നുമെത്തുന്ന ശത്രുക്കളെ ഇവിടെനിന്നു നോക്കിയാൽ കാണാൻ കഴിയുമായിരുന്നു. അവിടെ താഴ്വാരത്തിലേക്കു ലക്‌ഷ്യംവച്ചു സ്ഥാപിച്ചിരിക്കുന്ന നിരവധി പീരങ്കികൾ കാണാം. ഇവയുടെ പ്രഹരത്തിൽനിന്നൊഴിഞ്ഞു ശത്രുക്കൾക്ക് ഇവിടയെത്താൻ കഴിയുമായിരുന്നില്ല.
താഴെ നോക്കിയാൽ നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ജോധ്‌പൂർനഗരക്കാഴ്‌ച മനോഹരമാണ്. വർഷങ്ങൾക്കുമുമ്പ് വന്നപ്പോൾ കണ്ട നീലനഗരം ആകെ മാറിയിരിക്കുന്നു. ഒരുഭാഗത്തുനിന്നു നോക്കുമ്പോൾ അങ്ങുദൂരെ താജ്മഹൽപോലെ ഒരു മന്ദിരം കാണാം. അതും ജോധ്‌പൂരിലെ പ്രസിദ്ധമായൊരു കൊട്ടാരമാണ്. ഉമൈദ്ഭവൻ കൊട്ടാരം.
റാവു ജോധാജി മണ്ഡോറിൽ നിന്നുകൊണ്ടുവന്ന ചാമുണ്ഡാജിപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം കോട്ടയുടെ ഒരു ഭാഗത്തു കാണാം. ഈ ക്ഷേത്രനടയിലേക്കുള്ള ഇടുങ്ങിയ വഴിയിൽ 2008 ൽ ഒരു വലിയ ദുരന്തമുണ്ടായി. നവരാത്രിയാഘോഷംനടക്കുന്ന വേളയിൽ ഇരുപത്തയ്യായിരത്തോളം ഭക്തർ ഇവിടെയെത്തിയിരുന്നു. ആരോ മനഃപൂർവ്വം നടത്തിയ വ്യാജബോംബുഭീഷണിയെത്തുടർന്നുണ്ടായ പരക്കംപാച്ചിലിൽ തിക്കിത്തിരക്കിൽപ്പെട്ട 224 പേർ കൊല്ലപ്പെടുകയും നാനൂറിലധികംപേർക്ക് സാരമായ പരുക്കേൽക്കകയും ചെയ്തു.
മുകളിലാണ് മ്യൂസിയം . ആർട്ഗാലറി, ഹൗദി ഖാനാ, പൽകി ഖന, ദൗലത ഖാന, സിലെ ഖാന, എന്നിങ്ങനെ പല ഗാലറികളുണ്ട്. ആർട്ഗാലറിയിൽ ധാരാളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജോധ്പൂരിലെ രാജാക്കന്മാർ എക്കാലത്തും കലാകാരന്മാരെ പ്രത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്ന് ഇവിടുത്തെ ഓരോ കാഴ്ചകളും നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഓരോ നിലയായി താഴേക്കിറങ്ങോയാൽ ശീഷ് മഹൽ, മോത്തി മഹൽ, ഫൂൽ മഹൽ, ജാനകി മഹൽ, എന്നിങ്ങനെ വിവിധകാലഘട്ടങ്ങളിലെ രാജാക്കന്മാർ നിർമ്മിച്ചുചേർത്ത കൊട്ടരഭാഗങ്ങളും അങ്കണങ്ങളും നടുമുറ്റങ്ങളും ഒക്കെയാണ്.
പതിനെട്ടാംനൂറ്റാണ്ടിൽ അഭയ് സിങ് നിർമ്മിച്ച ഫൂൽമഹൽ അഭൗമമെന്നു തോന്നുംവിധം അലങ്കരിച്ചിരിക്കുന്നൊരു ഹാളാണ്. ചുവരിലും മച്ചിലുമൊക്കെ അലങ്കാരപ്പണികൾക്കായി സ്വർണ്ണവും വെള്ളിയും നിറമുള്ള സ്ഫടികവും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിസംഗീതത്തിലെ രഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഗമാലികാ ചിത്രങ്ങളും രാജാക്കന്മാരുടെ ചിത്രങ്ങളും ഇവിടെ കാണാം. ഇത് രാജാവിന്റെ ഉല്ലാസത്തിനായി നൃത്തവും സംഗീതവും ആസ്വദിക്കാനായി രാജാവ് ഒരുക്കിയിരുന്ന സദസ്സുകൾക്കുള്ള വേദിയായിരുന്നു. 80 കിലോ സ്വർണ്ണമാണ് ഇത് അലങ്കരിക്കാൻ ഉപയോഗപ്പെടുത്തിയത് .
ദർബാർ ആം എന്നൊരുഭാഗം പുരുഷന്മാർക്ക് മാത്രമുള്ളതായിരുന്നു. രാജാവോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റു പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങളോ പ്രജകളുടെ പരാതികൾക്ക് കാതോർത്ത് ഈവിടെയിരുന്നായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട അങ്കണം ശൃംഗാർചൗക്ക് എന്നാണറിയപ്പെടുന്നത്. ഒരു വലിയ വേദിയും അതിൻ്റെ ഏറ്റവും അറ്റത്ത് സജ്ജീകരിച്ചിരിക്കുന്ന സിംഹാസനവും ആണിത്. രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങു നടത്തുന്നത് ഇവിടവെച്ചായിരുന്നു. ഇവിടെയും പുരുഷന്മാർക്ക് മാത്രമായിരുന്നു പ്രവേശനം. സ്ത്രീകൾ ഏതാണ്ട് കാരാഗൃഹത്തിൽ കഴിയുന്നവരെപ്പോലെയായിരുന്നു. പക്ഷേ നാലുഭാഗത്തുക്കുള്ള അതിമനോഹരമായ ജാളികളോടുകൂടിയ കൊട്ടാരജാലകങ്ങളിൽക്കൂടി സ്ത്രീജനങ്ങൾക്ക് എല്ലാ ചടങ്ങുകളും വീക്ഷിക്കാനാവുമായിരുന്നു. ധാരാളം കിളിവാതിലുകൾ നമുക്കിവിടെ കാണാം . മെഴുകിൽ ശില്പവേലകൾ ചെയ്യുന്നതിനേക്കാൾ അനായാസമായും പൂർണ്ണതയോടുകൂടിയുമാണ് മണൽക്കല്ലുകളിൽ ഇവിടെ അതിമനോഹരമായ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. എല്ലാം ഇപ്പോഴും അതിമനോഹരമായിത്തന്നെ സംരക്ഷിച്ചിരിക്കുന്നു എന്നതും പ്രശംസനീയം.
ശൃംഗാർചൗക്കിൽനിന്നുള്ള വാതിൽകടന്നു കയറുന്നത് അക്കാലത്തെ ഗതാഗതസംവിധാനങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്ന പൽക്കി ഖാന യിലേക്കാണ്.പലകാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന, , പല്ലക്കുകൾ, സ്ത്രീകൾ യാത്രചെയ്തിരുന്ന ഡോളികൾ എന്നിവയൊക്കെ അക്കൂട്ടത്തിൽ പെടുന്നു. സ്വർണ്ണവും വെള്ളിയുമൊക്കെ ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഹൗദി എന്നറിയപ്പെട്ടിരുന്ന ആനപ്പുറത്തെ ഇരിപ്പിടങ്ങൾ ആണ് ഹൗദി ഖാന യിൽ. മറ്റൊരു വാതിൽകടന്നെത്തുന്നത് ദൗലത്ഘാനയിലേക്കാണ്. അവിടെയുമുണ്ട് വലിയ പല്ലക്കുകളുൾപ്പെടെ ധാരാളം പ്രദർശനവസ്തുക്കൾ. ഒരു ഗാലറിയിൽ രജപുത്രരാജാക്കന്മാരുടെ തലപ്പാവുകളും പ്രദർശനത്തിനായുണ്ട്. തുണികൊണ്ടുള്ള പ്രത്യേകരീതിയിലുള്ള ഈ തലപ്പാവ് ഇപ്പോഴും രാജസ്ഥാനിലെവിടെയും ആളുകൾ ധരിച്ചിരിക്കുന്നതുകാണാം. ഇവയുടെ നിറവും വലുപ്പവും അതു ധരിക്കുന്ന ആളിൻ്റെ പദവിയും സമൂഹത്തിലെ സ്ഥാനവും നിർണ്ണയിക്കുമത്രേ! ഇവ എല്ലായിടത്തും വിൽക്കാനും വെച്ചിട്ടുണ്ട്. മുറികളിലെ ചുവരുകളിലും മേൽത്തട്ടിലുമുള്ള ലഘുരൂപചിത്രങ്ങൾ ഇപ്പോഴും വർണ്ണപ്പകിട്ടോടെ നിലനിൽക്കുന്നതുകാണാം. വിവിധനിറത്തിലെ കല്ലുകളരച്ചു മരങ്ങളിൽനിന്നെടുക്കുന്ന പശ ചേർത്തുണ്ടാക്കുന്ന വർണ്ണങ്ങളാണ് ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതിസൂക്ഷ്മമായി ചിത്രരചന ചെയ്തിട്ടുമുണ്ട്. കൊട്ടാരത്തിലെ റാണിമാരുൾപ്പെടയുള്ള സ്ത്രീജനങ്ങൾ വസിച്ചിരുന്ന ജാനകിമഹലിനോട് ചേർന്ന് കുഞ്ഞുങ്ങൾക്കായുള്ള പലതരം തൊട്ടിലുകളും പ്രദർശനത്തിനുണ്ട്. സിലേ ഖാനയിൽ ഓരോ കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റു യുദ്ധോപകരണങ്ങളും കാണാം. പല മുറികളിലയി വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹുക്കകൾ,ചുസ്കി (കറുപ്പ് ചേർന്ന ലഹരി പദാർത്ഥം ഒഴിച്ച് കുടിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം ) ഇങ്ങനെ കണ്ടാൽ മതിവരാത്തവിധം മനോഹരമായി സൂക്ഷിച്ചിരിക്കുന്ന നിരവധി വസ്തുക്കളുണ്ടവിടെ. അവയിൽ നർത്തകിരൂപത്തിലുള്ള ഹുക്ക വളരെ ആകര്ഷണീയമാണ്. ഹുക്കകളിൽ ഒരറയിൽ കനലിട്t അതിൽ പുകയെടുക്കാനുള്ള പദാർത്ഥം വയ്ക്കും. പുക മറ്റൊരറയിലെ വെള്ളത്തിൽക്കൂടി കടന്നാണ് പുറത്തേക്കു വരുന്നത്. കഴുകിവരുന്ന ഈ പുകയെടുക്കുന്നവരുടെ ശ്വാസകോശത്തിനു ഹാനി സംഭവിക്കില്ല.
ശീഷ്മഹൽ പ്രധാനമായും പല വലുപ്പത്തിലും ആകൃതിയിലുള്ള ഉത്തലകണ്ണാടികൾ(covex mirrors)കൊണ്ട് മോടിപിടിപ്പിച്ച് നിർമ്മിച്ചോരു മനോഹരമായ വിസ്താരമുള്ള മുറിയാണ്. ധാരാളം ചിത്രങ്ങളുമുണ്ട്. പൂജകൾക്കായി ഉപയോഗിച്ചിരുന്നതതുകൊണ്ടാവാം ചുവരിൽ ദൈവങ്ങളുടെ ചിത്രങ്ങളുണ്ട്. ഒരുവിളക്കുകൊളുത്തിയാൽ കണ്ണാടികളിലൂടെ അതിന്റെ പ്രകാശം പ്രതിഫലിച്ച് വിശാലമായ തളം മുഴുവൻ പ്രകാശമാനമാകുമായിരുന്നത്രേ! രാജസ്ഥാനിലെ പല കൊട്ടാരങ്ങളിലും ശീഷ്മഹൽ കണ്ടിട്ടുണ്ട്. (പാരീസിലെ വെർസായികൊട്ടാരത്തിലും -Palace of Versailles - കണ്ടതായി ഓർക്കുന്നു)
പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യവർഷങ്ങളിലാണ് സവായി രാജാ സൂർസിങ്, മോത്തിമഹൽ എന്ന വലിയ ഹാൾ നിർമ്മിച്ചത്. ചുവരിൽ പതിച്ചിരിക്കുന്ന കാക്കകളും ചിപ്പികളും മാർബിൾകഷണങ്ങളും ദീപപ്രകാശത്തിൽ മുത്തുകൾപോലെ വെട്ടിത്തിളങ്ങുമായിരുന്നു. അങ്ങനെയാണ് ഈ പേരുവന്നത്. പ്രജകളുമായി നേരിട്ടുസംവദിക്കുന്നതിനുള്ളതായിരുന്നു മോത്തിമഹൽ. രാജാവിൻ്റെ ഇരിപ്പിടത്തിനു പിൻഭാഗം ഒരു തിരശ്ശീലകൊണ്ട് വേർതിരിച്ച് അവിടെ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകാർകൂടിയായ അഞ്ചു പത്നിമാർക്കുള്ള ഇരിപ്പിടം ഒരുക്കിയിരുന്നു. അവരുടെ ആശയങ്ങൾ രാജാവിന് കൈമാറുന്നതിനായി ഒരു രഹസ്യഭാഷയും ഉപയോഗിച്ചിരുന്നത്രേ!
1843 മുതൽ 30 വർഷം രാജ്യം ഭരിച്ചിരുന്ന തഖത് സിംഗിന്റെ അന്തഃപുരമായിരുന്നു തഖത് വിലാസ്. ഇദ്ദേഹത്തിന് 32 ഭാര്യമാരുണ്ടായിരുന്നത്രേ! ആറുവർഷമെടുത്തു ഇതിന്റെ നിർമ്മാണത്തിന്. ചുവരുകളും തറയിലും തടികൊണ്ടുള്ള മച്ചിലുമൊക്കെ ചിത്രകല നന്നായി ഉപയോഗപ്പെടുത്തിയാണ് ഈ ഉറക്കറ അതിമനോഹരമാക്കിയിരിക്കുന്നത്. വലിയ മുറിയുടെ ഒരുഭാഗത്ത് ഒരു ചെറുമഞ്ചം ഒരുക്കിയിട്ടുണ്ട്. അതിനുമുകളിൽ തുണികൊണ്ടുള്ള ഒരു ഫാനും. ചരടിൽ ബന്ധിപ്പിച്ചിരിക്കുന്ന നീളമുള്ള ദണ്ഡിലെ തുണി ചരടുവലിക്കുമ്പോൾ ഉലഞ്ഞാണ് കാറ്റുവരുന്നത്.
കാഴ്ചകൾ കണ്ടുകണ്ട് പടിക്കെട്ടുകളും ചരിവുപാതകളുമിറങ്ങി ഓരോരോ കവാടങ്ങൾ പിന്നിട്ട് താഴേക്ക് നടന്നുവരാം. അവയിൽ തിരശ്ചീനമായി പതിപ്പിച്ചിരിക്കുന്ന കൂർത്ത വലിയ ഇരുമ്പുമുള്ളുകൾ ആനകളെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിനായുള്ളതാണ്. ഇടയ്ക്ക് രാവൺഘട്ടയുടെ പിന്ബലത്തോടെ അനുഭൂതിദായകമായ സംഗീതാലാപനത്തിൽ മുഴുകിയിരിക്കുന്നവരേയും കണ്ടുമുട്ടും. ലോഹാ പോൽ എന്ന ഇരുമ്പുവാതിലിനോട് ചേർന്ന ചുവരുകളിൽ കൈപ്പത്തികൾ പതിപ്പിച്ചിരിക്കുന്നതുകാണാം. സതി മെമ്മോറിയൽ എന്നാണിത് അറിയപ്പെടുന്നത് . അന്നത്തെ രാജപുത്രസ്‌ത്രീകൾ സതി അനുഷ്ഠിച്ചിരുന്നുവല്ലോ. അഗ്നിയിൽ സ്വയം ഹോമിക്കുന്നതിനു മുമ്പായി കൈകൾ ചായില്യത്തിൽ മുക്കി ചുവരിൽ പതിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന പ്രകൃതിദത്തമായ ഒരു വർണ്ണകമാണ് ചായില്യം. അതിന്റെ ഓർമ്മയ്ക്കായാണ് കടുംനിറത്തിലെ ഈ കൈപ്പത്തി ചിത്രങ്ങൾ. അഗ്നിപ്രവേശം നടത്തുമ്പോൾ അവർ പുണ്യഗ്രന്ഥങ്ങൾ കൈയിൽ എടുക്കുമായിരുന്നെന്നും അവയ്ക്ക് പക്ഷേ നാശം സംഭവിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.
പ്രധാനകവാടമായ ജയ് പോൽ കടന്നു പറത്തിറങ്ങുമ്പോൾ ഏതോ മായികലോകത്തുനിന്നു പുറത്തുകടന്നതുപോലെയാണ് തോന്നിയത്. കണ്ടതൊക്കെ അപ്പാടെ വിശദമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. എത്രയോ കലാകാരന്മാരുടെ കലാനൈപുണ്യവും സൂക്ഷ്മനിരീക്ഷണവൈദഗ്ദ്ധ്യവും ക്ഷമയും നിരന്തരപരിശ്രമവും ത്യാഗമനോഭാവവുമൊക്കെയാണ് ഇന്നീ നിലയിൽ നമുക്ക് കാണാനാവുന്നത്! അവരുടെയൊക്കെ പാദങ്ങളിൽ ശിരസ്സാ നമസ്കരിക്കുന്നു.
No comments:
Post a Comment