Friday, December 24, 2021

രാജസ്ഥാൻ 11 - ഉമൈദ് ഭവൻ കൊട്ടാരം

  രാജസ്ഥാൻ 11 

ഉമൈദ് ഭവൻ കൊട്ടാരം 

=====================

 കോട്ടയിൽനിന്നു പോയത്  അടുത്തുതന്നെയുള്ള  ജസ്വന്ത് ഥാഡാ  എന്ന സ്മാരകകുടീരത്തിലേക്കാണ്. 1889 ൽ രാജാ മാൻസിംഗ് തന്റെ പിതാവായ ജസ്വന്ത് സിംഗിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണിത്. മാർബിളിൽ അതിസൂക്ഷ്മവും മനോഹരവുമായ ശില്പവേലകൾ ചെയ്തു രൂപംകൊടുത്തതാണ് ഈ മനോഹരസ്മാരകം മാർവാറിന്റെ താജ് മഹലെന്നും ഇതറിയപ്പെടുന്നു.     ഇത് മാർവാറിലെ  രാജാക്കന്മാരുടെ അന്ത്യവിശ്രമഭൂമിയായി വർത്തിക്കുന്നു. പ്രധാന ഹാൾ ഒരു ക്ഷേത്രംപോലെ സജ്ജീകരിച്ചിട്ടുണ്ട്. പൂജാദികർമ്മങ്ങൾ നടത്തുന്നതവിടെയാണ്. ഒരു തടാകവും മനോഹരങ്ങളായ ഉദ്യാനങ്ങളും അതിനോടുചേർന്നുണ്ട്.  ജസ്വന്ത് ഥാഡാ ഇന്ന് മെഹ്‌റാൻഗഡ് മ്യൂസിയം ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മ്യൂസിയത്തിൽ രജപുത്രരാജാക്കന്മാരുടെ ചിത്രങ്ങൾ വിശദാംശങ്ങളോടൊപ്പം  പ്രദർശിപ്പിച്ചിട്ടുണ്ട്. 




ഉച്ചഭക്ഷണത്തിനുശേഷം അല്പനേരത്തെ വിശ്രമം കഴിഞ്ഞാണ് അടുത്ത യാത്രയ്‌ക്കൊരുങ്ങിയത്. അത് ഉമൈദ് ഭവൻ കൊട്ടാരം കാണുന്നതിനുവേണ്ടിയായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു അവിടേക്കു പോയത്. 1928നും 1943നും ഇടയിലാണ് മഹാരാജ ഉമൈദ് സിങ് ഈ കൊട്ടാരം നിർമ്മിച്ചത്. പണിതീർന്നപ്പോൾ ലോകത്തെത്തന്നെ ഏറ്റവും വലിയ രാജവസതിയായിരുന്നു ഈ കൊട്ടാരം .  പക്ഷേ ഉമൈദ്‌സിംഗ് രാജയ്ക്ക് ഈ കൊട്ടാരത്തിൽ നാലുവർഷമേ വസിക്കാനായുള്ളു. 1947 ൽ രാജാവ് തീപ്പെട്ടു. പിന്നെ സ്വാതന്ത്ര്യലബ്ധിയും തുടർന്ന് രാജവാഴ്ചയുടെ അവസാനവുമൊക്കെയായി കൊട്ടാരത്തിലെ രാജപ്രൗഢിയുടെ പ്രസക്തിതന്നെ ഇല്ലാതെയായി.  






ഒന്നേകാൽ കോടിയോളം ചെലവിട്ട്  ഇന്ത്യയുടെയും യൂറോപിന്റെയും വാസ്തുകലകള്‍ സമന്വയിപ്പിച്ചാണ് കൊട്ടാരനിർമ്മാണം സാധ്യമാക്കിയത്. പ്രശസ്ത വാസ്തുശില്‍പ്പിയായ ഹെന്റി വോഗൻ  ലാഞ്ചസ്റ്ററാണ് കൊട്ടാരം രൂപകൽപന ചെയ്തത്.  കപിലവർണ്ണമുള്ള മണൽക്കല്ലാണ്‌ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഈ കല്ലുകൾ ക്വാറിയിൽനിന്നു ഇവിടേക്കെത്തിക്കാൻ രാജാവ് ഒരു തീവണ്ടിപ്പാതതന്നെ നിർമ്മിക്കുകയുണ്ടായി. ഇന്റർലോക്ക് മുഖേന കാൽപാളികളെ ചേർത്താണ് നിർമ്മാണം. അതിനാൽ സിമന്റോ മണലോ വെള്ളമോ ഉപയോഗിക്കേണ്ടിവന്നില്ല.  അകത്തളങ്ങളിലെ മരപ്പണികൾക്കായി ബർമയിലെ തേക്കുതടി ഇറക്കുമതിചെയ്യുകയായിരുന്നു. 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കൊട്ടാരവളപ്പിന്റെ  മൂന്നിൽരണ്ടുഭാഗം  ഉദ്യാനങ്ങളാണ്. കൊട്ടാരത്തിനായി ഇത്ര ഭീമമായൊരു തുക ചെലവഴിക്കുന്നതിനു ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. 





കൊട്ടാരനിർമ്മാണത്തിനുപിന്നിൽ ഹൃദയസ്പർശിയായ ഒരു കാരണവുമുണ്ട്. മെഹ്റാൻഗഢ് കോട്ടയുടെ നിർമ്മാണസമയത്തു  ചീരിയാനാഥ്ജിയുടെ ശാപമുണ്ടായ കഥ നേരത്തെ പറഞ്ഞിരുന്നുവല്ലോ. ശാപത്തിന്റെ കാഠിന്യം കുറയ്ക്കാൻ നരബലിയും നടന്നിരുന്നു. പക്ഷേ അതിന്റെ കാലദൈർഘ്യം കഴിഞ്ഞപ്പോൾ ശാപത്തിന്റെ കാഠിന്യം തലപൊക്കി. നാട്ടിലാകെ വരൾച്ച താണ്ഡവമാടി. തൊഴിലില്ലായ്മമൂലം  ജനങ്ങൾ പട്ടിണികൊണ്ടു  വലഞ്ഞു. അന്നത്തെ രാജാവായിരുന്ന ഉമൈദ് സിങ് റാവൂ ജനങ്ങൾക്ക് തൊഴിൽനൽകാനായി ഇങ്ങനെയൊരു മഹാസൗധം പണിയുന്നതിന് തുടക്കമിടുകയായിരുന്നു. എനിക്ക്  രാജാവിന്റെ തീരുമാനത്തോട് ആദരവുതോന്നി. വേണമെങ്കിൽ ജനങ്ങൾക്ക് പണം വെറുതെകൊടുത്തു സഹായിക്കാമായിരുന്നു.  അത് അവരുടെ  ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമെന്നു മാത്രമല്ല, വെറുതെകിട്ടുന്ന പണത്തിന്റെ  മൂല്യം മാനിക്കാതെ അവർ അലസരായെന്നും വരാം. 




വടക്കേ അതിരിൽ  മെഹ്റാൻഗഢ് കോട്ടയും തെക്കേ അതിരിൽ ഉമൈദ്ഭവൻ കൊട്ടാരവും ഓരോ മലകളിലായി നിലകൊള്ളുന്നു. ഇടയ്ക്കുന്ന നിരപ്പായ പ്രദേശമാണ് ജോധ്പുർ.   തിരക്കേറിയ പാതകൾ പിന്നിട്ട് ചിത്താർകുന്നുകയറിയെത്തിയത് ഒരു തടാകത്തിനടുത്താണ്. അവിടെനിന്നു സുരക്ഷാപരിശോധനകൾ കഴിഞ്ഞു വേണം കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ. കൊട്ടാരത്തിന്റെ പ്രധാനകവാടം ഇതല്ല. ആ കവാടത്തിൽക്കൂടി സന്ദർശകർക്ക് കടക്കാനാവില്ല. 347 മുറികളും നിരവധി ഹാളുകളും വിസ്തൃതമായ അങ്കണങ്ങളും  ഉള്ള  കൊട്ടാരം  മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു . താജ് ഗ്രൂപ്പ് ഏറ്റെടുത്തു ലക്ഷ്വറി ഹോട്ടൽ നടത്തുന്ന ഭാഗം, മ്യൂസിയം, രാജകുടുംബത്തിന്റെ വാസസ്ഥാനം ഇവയാണ് അവ. ഇതിൽ മ്യൂസിയം മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. താജ്‌ഹോട്ടലിൽ മുൻകൂട്ടി  മുറി ബുക്ക് ചെയ്തവർക്കേ കടക്കാനാവൂ. 50,000 രൂപയാണ് ഒരുദിവസത്തെ വാടകയെന്നു പറഞ്ഞുകേട്ടു. സിനിമ, രാഷ്ട്രീയ,സാംസ്കാരിക,വ്യാവസായികരംഗങ്ങളിലെ  പല പ്രമുഖരുടെയും  വിവാഹങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞു. പ്രിയങ്കചോപ്രയുടെ വിവാഹവും നടന്നത് അവിടെയായിരുന്നത്രേ! 





രാജകുടുംബത്തിന്റെ സമീപകാല ചരിത്രം വിവരിക്കുന്ന മ്യൂസിയം വളരെ വിപുലമാണ്. മഞ്ഞമണൽക്കല്ലിൽ പണിത കൊട്ടാരം ശില്പഭംഗി വഴിഞ്ഞൊഴുകുന്നതാണ്. അകത്തേക്ക് കയറിച്ചെല്ലുമ്പോൾത്തന്നെ കൊട്ടാരത്തിന്റെ ഒരു സൂക്ഷ്മരൂപം ചില്ലിട്ടു വെച്ചിരിക്കുന്നതുകാണാം. കൊട്ടാരത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അതില്നിന്നുതന്നെ നമുക്ക് വായിച്ചെടുക്കാം. രാജകുടുംബം ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, കായികമത്സരങ്ങളിലുംമറ്റും നേടിയ ട്രോഫികൾ, രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങൾ, അവരുപയോഗിച്ചിരുന്ന വാഹനങ്ങൾ എന്നിവയൊക്കെ പ്രദർശനത്തിനായുണ്ട്. പുകൾപെറ്റ ചിത്രകാരൻ  സ്റ്റൊഫാന്‍ നോര്‍ബിന്റെ ചിത്രങ്ങള്‍ ചുമരിനെ അലങ്കരിക്കുന്നുണ്ട്.  കൊട്ടാരവും ഉദ്യാനങ്ങളും  പരിസരങ്ങളും സൂക്ഷ്മതയോടെ പരിപാലിക്കുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ്.





തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ സജീവമായ തെരുവോരങ്ങളിലെ കച്ചവടങ്ങൾ കൗതുകക്കാഴ്ചയായി.  പലഹാരങ്ങൾ, പഴങ്ങൾ, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ, തലപ്പാവുകൾ,  ആഭരണങ്ങൾ എന്നിവയൊക്കെയുണ്ട്. ആഭരണങ്ങളിൽ വളകളാണ് കൂടുതൽ കണ്ടത്. ഒട്ടകത്തിന്റെ എല്ലുകൾകൊണ്ടും കോലരക്കുകൊണ്ടുംമറ്റും കലാമേന്മയോടെ മെനെഞ്ഞെടുത്തിരിക്കുന്ന വളകൾ അതിസുന്ദമാണ്. മുമ്പ് വന്നപ്പോൾ മോന്റെ ടീച്ചറിന്റെ ആവശ്യപ്രകാരം കോലരക്കുവളകൾ കുറെ വാങ്ങിക്കൊണ്ടുപോയിരുന്നു. ഇത്തവണ ജോധ്പുരിൽനിന്നു ഷോപ്പിംഗ് നടത്തിയില്ല. 


നാളെ മൌണ്ട് അബുവിലേക്കാണ് യാത്ര.

No comments:

Post a Comment