Thursday, December 30, 2021

രാജസ്ഥാൻ 12 - ബുള്ളറ്റ്ബാബാ ക്ഷേത്രവും ശന്തിവനവും

 ഒക്ടോബർ 21 

രാവിലെതന്നെ മൌണ്ട് അബുവിലേക്കുള്ള യാത്ര പുറപ്പെടുകയാണ്.  ഏകദേശം അഞ്ചുമണിക്കൂറോളം യാത്രയുണ്ട്. പതിവുപോലെ പട്ടണങ്ങളും ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും കുറ്റിക്കാടുകളുമൊക്കെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പാതയ്ക്കിരുവശവുമുള്ള വെളിമ്പറമ്പുകളിൽ പലയിടത്തും വകമരത്തിൻ്റെതുപോലെയുള്ള ഇലകളും കമ്പിത്തിരിപോലുള്ള പൂക്കളും വാളരിപ്പയർ പോലുള്ള കായ്കളുമായി ഒരു ചെറുമരം -മുള്ളൻമരം- കാണാം. വിറകിനുവേണ്ടി മെക്സിക്കോയിൽനിന്നു ഇറക്കുമതി ചെയ്തതാണ് ഈ മരവിത്തുകൾ. പക്ഷേ ഇലകൾക്ക്  വിഷമുള്ളതുകൊണ്ടു കന്നുകാലികൾക്കതു വിനയായി. ഒടുവിൽ അധികൃതർ  വളരെ പാടുപെട്ട് അത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ മരങ്ങളിൽ തൂക്കണാംകുരുവിയുടെ കൂടുകൾ കാണാം.   

ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ  ബന്ദായിഗ്രാമത്തിൽ  അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം.  ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .  ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!

  ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . 

1991 ഡിസംബർ മാസം രണ്ടാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് തന്റെ  ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം  നിയന്ത്രണംവിട്ട്  ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു  കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു. എന്നാൽ  പിറ്റേദിവസം രാവിലെ  നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു ബുള്ളറ്റ്  കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം  ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു.   വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്‌ഭുതമാണല്ലേ? 

അദ്‌ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ  ഈ അദ്‌ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്‌ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ  അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി.    നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു.    താമസിയാതെ  അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, ഡ്രൈവർമാർക്കിടയിൽ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്നപക്ഷം  അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു.

 ബുള്ളറ്റിൽ ഭക്തർ  തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു  മദ്യവും കൊണ്ടുവരാറുണ്ടത്രേ! ഓംബന്നയുടെ വലിയ ചിത്രവും പൂമാലകൾകൊണ്ട് അലങ്കരിച്ചുവച്ചിട്ടുണ്ട്.  അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ  പതിവാണ്. ഓംബന്നയെക്കുറിച്ചുള്ള ഭക്തിഗാനങ്ങളും മുഴങ്ങിക്കേൾക്കാം. 

ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ.. 

 എന്തായാലും ഞങ്ങളും അവിടെയിറങ്ങി ക്ഷേത്രത്തിൽ ദർശനം നടത്തി.ചിലരൊക്കെ പ്രസാദകുങ്കുമം പ്രതിഷ്ഠയിൽ ചാർത്തുകയും ചെയ്തു . പാതയുടെ എതിർവശത്ത് ഒരു റെസ്റ്ററന്റ് ഉണ്ട്. കൂടാതെ കൗതുകവസ്തുക്കളുടെ വില്പനകേന്ദ്രങ്ങളും. അവിടെനിന്ന് ലഘുഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം അല്പസ്വല്പം ഷോപ്പിങ്ങും നടത്തി    ഞങ്ങൾ യാത്രതുടർന്നു. 


ഇത്രയുംദൂരം യാത്രകളിൽ എവിടെയും മലനിരകളൊന്നും കണ്ടില്ല. പക്ഷേ ഈ യാത്രയിൽ മലനിരകൾ കാണാൻതുടങ്ങി. ആരാവലിപർവ്വതത്തിന്റെ  ഭാഗങ്ങളാണ്. ഈ പർവ്വതനിരയാണ് ജോധ്പുർ ഉൾപ്പെട്ട  മാർവാഡ് പ്രദേശത്തെയും ഉദയ്പുർ ഉൾപ്പെട്ട  മേവാർ പ്രദേശത്തെയും വേർതിരിക്കുന്നത്. മാർവാടികളും മേവാടികളും തമ്മിൽ പലകാര്യങ്ങളിലും വളരെ വ്യത്യസ്തരാണ്. പ്രധാനമായും  മാർവാടികൾ കച്ചവടക്കാരും മേവാടികൾ യോദ്ധാക്കളുമാണ്. സ്വഭാവരീതികൾ,  ഭാഷ, വസ്ത്രം, ആഹാരം, വാസ്തുശൈലി ഇവയിലൊക്കെ സ്പഷ്ടമായ അന്തരം നിലനിൽക്കുന്നു. ഭൂപ്രകൃതിക്കും വലിയ മാറ്റം കണ്ടുതുടങ്ങി.  ഇടയ്ക്ക് സിറോഹി ടണൽ കടന്നുപോയി.  മുന്നൂറുമീറ്റർ നീളമുണ്ട്‌ ഈ തുരങ്കത്തിന്. ഒരു കുശവഗ്രാമവും നദിയും തടാകങ്ങളുമൊക്കെ കണ്മുന്നിലെത്തി അകന്നുപോകുന്നുണ്ടായിരുന്നു. ഹരിതഭംഗി വഴിഞ്ഞൊഴുകുന്ന കാടുകളും മലകളും ചുരങ്ങളുമൊക്കെ  കൗതുകമുണർത്തുന്ന കാഴ്ചതന്നെ.   

മൗണ്ട് അബു രാജസ്ഥാനിലെ ഏകഹിൽസ്റ്റേഷൻ ആണ്. മരൂഭൂമിയിലെ മരുപ്പച്ച എന്നാണ് മൗണ്ട് അബുവിനെ വിശേഷിപ്പിക്കാറുള്ളത്. അബു എന്ന പേരിന് ഒരു ഇസ്ലാമികസ്പര്ശമുള്ളതുകൊണ്ടു മുസ്ലിംതീർത്ഥാടനകേന്ദ്രമോ മറ്റോ ആയിരിക്കാം എന്ന് ധരിച്ചിരുന്നു. പക്ഷേ  മുന്കാലങ്ങളിൽ അർബുദാമലകൾ എന്നാണ് മൌണ്ട് അബു അറിയപ്പെട്ടിരുന്നത് . ദുർഗ്ഗാദേവിക്കുവേണ്ടി  ഇവിടെയുള്ള ക്ഷേത്രമാണ് അർബുദാദേവി ക്ഷേത്രം. അധാർദേവി ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.   ഇത് ശക്തിപീഠങ്ങളിൽ ഒന്നാണ് . സതീദേവിയുടെ മൂലാധാരം പതിച്ചതിവിടെയാണെന്നാണ് വിശ്വാസം. അതിനാൽ വളരെ പ്രാധാന്യമുള്ളൊരു തീർത്ഥാടനകേന്ദ്രംകൂടിയാണിത്. അർബുദാ  എന്നത്  ചുരുക്കി അബു ആയതാണ്.


രണ്ടുമണികഴിഞ്ഞു ഞങ്ങൾ ചുരം കയറുന്നതുപോലെ മലമുകളിലേക്ക് ഒരു യാത്രകഴിഞ്ഞു  മൌണ്ട് അബുവിലെ ഹോട്ടൽ  മഹാരാജയിലെത്തിയപ്പോൾ. വളരെ വൈകിയതുകൊണ്ടു ഭക്ഷണശേഷമാണ് മുറിയിലേക്ക് പോയത്. വിശ്രമത്തിനുള്ള സമയം അനുവദിച്ചിരുന്നു. വൈകുന്നേരം മാത്രമേ കാഴ്ചകൾ കാണാനായി എല്ലാവരും ചേർന്ന് പോകുന്നുള്ളൂ. അതിനാൽ ഞങ്ങൾ രണ്ടുപേരും ഒരു സ്വകാര്യയാത്ര നടത്താൻ തയ്യാറായി പുറപ്പെട്ടു. ഹോട്ടൽ ഒരു കുന്നിന്മുകളിലാണ്.  ബ്രഹ്മകുമാരിസ്  ആധ്യാത്മിക വിദ്യാലയത്തിൻ്റെ  ആസ്ഥാനം  മൗണ്ട് അബുവിലാണ് . മുമ്പ് വന്നപ്പോൾ അവിടെ   ഞങ്ങൾ പോയിരുന്നു. പക്ഷേ അത് എവിടെയാണ് എന്ന് ഇപ്പോൾ അറിയില്ല. ഗൂഗിൾസെർച്ചിൽ നാലുകിലോമീറ്റർ എന്നോ മറ്റോ ആണ് ദൂരം കൊടുത്തിരുന്നത്.    അവിടെ പോകാനായി ഒരു ടാക്സി വിളിച്ചു. അയാൾ 200 രൂപയാണ് പറഞ്ഞത്. (ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാവാം  ഔട്ടോറിക്ഷകൾ ഇവിടെയില്ല.)

എന്തായാലും  ഞങ്ങൾ കയറി.  ഒരു കുന്നിൻമുകളിലയിരുന്നു  ഹോട്ടൽ. ഒരു  കുന്നിറങ്ങി ഒരു തടാകത്തിനടുത്തുകൂടെ   അല്പംകൂടി മുമ്പോട്ടുപോയി കാർ  നിർത്തി. കൂടിവന്നാൽ അരകിലോമീറ്റർ ദൂരമുണ്ടാവും. അതിനെക്കുറിച്ചു  ചോദിച്ചപ്പോൾ അയാൾ  പറഞ്ഞത് " അമ്പതു മീറ്ററേ ദൂരമുള്ളുവെങ്കിൽകൂടി മിനിമം ചാർജ്ജ് 200 രൂപയാണ്. അതുകൊണ്ട് അയാൾക്ക് അത്രയും  പണം വേണമെന്നാണ്.    വേണമെങ്കിൽ തിരികെ ഹോട്ടലിലെത്തിക്കാൻ കാത്തുനിൽക്കാമെന്നും പറഞ്ഞു. 300 രൂപ കൊടുത്താൽ മതിയത്രേ!

ഞങ്ങൾ സമ്മതിച്ചു. ആശ്രമത്തിലേക്കു കയറി. ഒരു മാതാജിയാണ് ഞങ്ങളോട് വന്നു സംസാരിച്ചത്. അവർ കാര്യങ്ങൾ വിശദമാക്കിത്തരാനായി ഞങ്ങളെ വലിയ പ്രാർത്ഥനാഹാളിലേക്ക് കൊണ്ടുപോയി. 


1937 ൽ സ്ഥാപിതമായ ഈ സംഘടന ഇന്ന് നൂറ്റിനാല്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  സങ്കീർണ്ണങ്ങളായ ആദ്ധ്യാത്മികതത്വങ്ങളെ ലളിതമായ  ഭാഷയിൽ സാധാരണമനുഷ്യർക്കു  മനസ്സിലാക്കിക്കൊടുത്ത് അവരെ മൂല്യവത്തായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്‌ഷ്യം. ധനികനായ   ദാദാ ലേഖാരാജ് എന്ന വജ്രവ്യാപാരി  തുടക്കമിട്ട ഈ സംഘടനയുടെ പ്രവർത്തകർ സ്ത്രീകളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 'ഓം മണ്ഡലി' എന്ന നാമത്തിലാണ്  വിദ്യാലയത്തിന്റെ തുടക്കം. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ പാകിസ്ഥാൻ പ്രാവശ്യയായ സിന്ധിലായിരുന്നു അത്. 1950 ൽ  മൌണ്ട് അബുവിലേക്കു ഓം മണ്ഢലി പുനർസ്ഥാപിക്കപ്പെട്ടു.  ഐക്യരാഷ്ട്രസഭയിൽ എൻ ജി ഒ പദവിയുള്ള ഈ വിദ്യാലയതിന് യുനിസെഫിലും യുനെസ്കോയിലും ഉപദേശക പദവിയുണ്ട്. കേരളത്തിലും  250ൽ   അധികം ശാഖകളുണ്ട്. ശാന്തിവൻ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ പീസ് ഹാൾ & മ്യൂസിയം ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സംഘടനയുടെ  മറ്റു രണ്ടു സ്ഥാപനങ്ങൾകൂടി  മൗണ്ട് അബുവിൽ പ്രവർത്തിക്കുന്നുണ്ട്. 


മാതാജി കുറെ സമയം പ്രബോധനപ്രസംഗം തടുർന്നു. കുത്തും കോമയുമൊന്നുമില്ലാതെ അതിവേഗത്തിൽ പറഞ്ഞുകൊണ്ടിരുന്നതുകൊണ്ടു പകുതിയും എനിക്ക് മനസ്സിലായില്ല. കുറേസമയം കേട്ടു കഴിഞ്ഞപ്പോൾ വല്ലാതെ മുഷിവും  തോന്നി. ഒരുവിധത്തിൽ അതൊന്നവസാനിച്ചുകിട്ടി. മ്യൂസിയത്തിൽ ഒന്ന് ചുറ്റിക്കറങ്ങി ഒന്നുരണ്ടു പുസ്തകങ്ങളും വാങ്ങി അവിടെനിന്നു മടങ്ങി . കാറിൽ തിരികെ ഹോട്ടലിലെത്തി. അപ്പോഴേക്കും ചായയ്ക്ക് സമയമായിരുന്നു. അതിനുശേഷം ഒപ്പമുണ്ടായിരുന്ന  എല്ലാവരുമായി ഇവിടുത്തെ പ്രസിദ്ധമായ നാക്കിതടാകത്തിലേക്ക് യാത്രയായി. ഈ  തടാകത്തിന്റെ ഓരത്തുകൂടെയായിരുന്നു ഞങ്ങൾ ശാന്തിവനിലേക്കു പോയത്. 


 



No comments:

Post a Comment