കുന്നിറങ്ങി അല്പം താഴേക്കുനടന്നാൽ തടാകക്കരയിലെത്താം. അതിനുമുമ്പ്പ്പായി ഒരു ക്ഷേത്രദർശനവും നടത്തി. ബോട്ടിങ് ഉൾപ്പെടെ പല വിനോദപരിപാടികളും സഞ്ചാരികളെക്കാത്ത് അവിടെയുണ്ട്. കൂടാതെ തടാകത്തിനുചുറ്റുമായി ഉദ്യാനങ്ങളും ദൈർഘ്യമേറിയ ഒരു നടപ്പാതയുമുണ്ട്.
നക്കിത്തടാകം( നക്കി ഝീൽ ) ഹരിതാഭമായ മലകളാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനിർമ്മിതതടാകമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതതടാകവും ഇതാണത്രേ. മൌണ്ട് അബുവിലെത്തുന്ന സഞ്ചാരികൾ സുന്ദരമായ ഈ തടാകം കാണാതെ മടങ്ങാറില്ല. മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിരിക്കുന്നത് ഈ തടാകത്തിലാണ്.
തടാകത്തിന്റെ ഉദ്ഭവത്തെസംബന്ധിച്ച ധാരാളംകഥകൾ തദ്ദേശീയരുടെയിടയിൽ പ്രചാരത്തിലുണ്ട്
ഒരസുരനിൽനിന്നു രക്ഷപ്പെടാൻ ദേവന്മാർ നഖംകൊണ്ട് കുഴിച്ചതാണ് ഈ തടാകമെന്നു ഒരു കഥ. നഖ് കി ഝീൽ എന്നത് ചുരുങ്ങി 'നക്കി ഝീൽ' ആയതാണത്രേ! (ഝീൽ എന്നാൽ തടാകം എന്നാണർത്ഥം). അതുകൊണ്ടുതന്നെ ഇതൊരു പുണ്യതീർത്ഥമായാണ് കരുതപ്പെടുന്നത്.
മറ്റൊരുകഥ സാർത്ഥകമാകാത്ത ഒരു പ്രണയത്തിന്റെ ചുടുകണ്ണീർ ഉപ്പുരസം പകർന്ന ഒരു ശോകകഥയാണ്.
ഈ നാടുഭരിച്ചിരുന്ന രാജാവിന്റെ സുന്ദരിയായ മകൾക്ക് വിവാഹത്തിനായി രാജാവിന്റെ രണ്ടാം ഭാര്യ ഒരു നിബന്ധന വെച്ചിരുന്നത്രേ. ഒറ്റരാത്രികൊണ്ട് നഖമുപയോഗിച്ച് ഒരു തടാകം നിർമ്മിക്കുന്നയാൾക്ക് മാത്രമേ അവളെ വിവാഹംചെയ്തുകൊടുക്കൂ എന്നായിരുന്നു അത്. രാജകുമാരിയെ അഗാധമായി പ്രണയിച്ചിരുന്ന രസിയ ബാലം എന്ന ഒരു ശില്പി (പ്രസിദ്ധമായ ദിൽവാരക്ഷേത്രത്തിന്റെ ശില്പികളിലൊരാൾ) നിബന്ധനപ്രകാരം തടാകം സൃഷ്ടിച്ചെങ്കിലും രാജ്ഞി അതിനുമുന്നേതന്നെ കൃത്രിമമായി കോഴികൂവുന്ന ശബ്ദമുണ്ടാക്കി. അങ്ങനെ കുമാരിയെ രസിയക്കു വിവാഹം കഴിച്ചുകൊടുത്തില്ല. പക്ഷേ ഇത്തരമൊരു ചതിയിൽ ദൈവകോപം ഉണ്ടാവുകയും രസിയരാജ്ഞിയെയും കുമാരിയെയും ദൈവം ശപിച്ചു കല്ലാക്കി എന്നും വിശ്വസിക്കപ്പെടുന്നു. കോപാകുലനായ രസിയയാകട്ടെ രാജ്ഞിയുടെ കൽപ്രതിമയെ തച്ചുടയ്ക്കുകയും കുമാരിയുടെ കൽപ്രതിമയ്ക്കു എതിർവശത്തായി സ്വന്തം രൂപം കല്ലിൽക്കൊത്തിവയ്ക്കുകയും ചെയ്തത്രേ! (ഇവരണ്ടും മൌണ്ട് അബുവിലെ അതിപ്രശസ്തമായ ദിൽവാര ക്ഷേത്രത്തിൽ കാണാൻ കഴിയും.)
തടാകത്തിലെ ബോട്ടിങ് വളരെ നല്ലൊരനുഭവം പ്രദാനം ചെയ്യുന്നു. പ്രശാന്തസുന്ദരമായ ചുറ്റുമലകൾ കണ്ണുകൾക്ക് നല്ലൊരു വിരുന്നുതന്നെ. നിറഭേദങ്ങളോടെ കാണുന്ന ഫൗണ്ടനും ദീപക്കാഴ്ചകളുമൊക്കെ അവിസ്മരണീയമായ ദൃശ്യങ്ങളാണ്. മലകൾക്കുപിന്നിൽ കാണുന്ന സൂര്യാസ്തമയക്കാഴ്ചയും മറക്കാനാകില്ല. അവിടെ ഒരു മലഞ്ചെരുവിലായി സവിശേഷരൂപത്തിൽ മുമ്പോട്ടു തള്ളിനിൽക്കുന്ന വിചിത്രരൂപമുള്ള ഒരു വലിയ പാറയുണ്ട്. ഏതോ മൃഗത്തിന്റെയെന്നോ, മനുഷ്യന്റെയെന്നോ ഒക്കെ തോന്നുന്ന ഈ പാറയും ഇവിടുത്തെ ഒരാകർഷണമാണ്. അവിടേക്കുള്ള ട്രെക്കിങ്ങും ഇവിടെ നടത്തുന്നുണ്ട്.
സമയം ഇരുട്ടിയപ്പോൾ മറ്റൊരു കാഴ്ചയും ഞങ്ങളെ വിസ്മയിപ്പിച്ചു . തടാകത്തിന്റെ ഒരു ദിക്കിൽനിന്നു മറ്റൊരു ഭാഗത്തേക്ക് പറന്നുപോകുന്ന ധാരാളം വവ്വാലുകൾ. നല്ല തണുപ്പുണ്ടായിരുന്നെങ്കിലും കുറേസമയം അവരുടെ യാത്ര നോക്കിനിന്നശേഷമാണ് ഞങ്ങൾ മടങ്ങിയത്. പോകുന്നവഴി രാജേഷും കല്പകും ചേർന്ന് എല്ലാവർക്കും ചുട്ട ചോളം(ബുട്ട) ഒരു വഴിയിയോരകച്ചവടക്കാരനിൽനിന്നു തരപ്പെടുത്തിയിരുന്നു. അതിനുശേഷം കുറച്ചു ഷോപ്പിങ്ങും നടത്തിയാണ് എല്ലാവരും ഹോട്ടലിലേക്ക് മടങ്ങിയത്. കുളിയും ഭക്ഷണവും കഴിഞ്ഞു സുഖമായി ഉറങ്ങി. അടുത്തദിവസം ചില പ്രധാനക്ഷേത്രങ്ങളാണ് സന്ദർശിക്കേണ്ടത്.
രാവിലെ വളരെ നേരത്തെതന്നെ യാത്ര പുറപ്പെട്ടു. ഗുരുശിഖർ എന്നറിയപ്പെടുന്ന കൊടുമുടിയിലേക്കാണ് പോകുന്നത്. ബസ്സിൽ അരമണിക്കൂർ യാത്രയുണ്ടായിരുന്നു. രാജസ്ഥാനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് ഗുരുശിഖർ . ആരാവലി പർവ്വതനിരകളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടി ഇതുതന്നെ. 5650 അടിയാണ് ഈ കൊടുമുടിയുടെ ഉയരം. കൊടുമുടി കയറാൻ ആയിരത്തിലധികം പടികളുണ്ടെന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. പക്ഷേ മലകയറ്റം ഒട്ടുംതന്നെ ആയാസമുള്ളതായിരുന്നില്ല. മലമുകളിൽ ഒരു ഗുരുദത്താത്രേയക്ഷേത്രമുണ്ട്. അതിൽനിന്നാണ് ഈ പേരുലഭിച്ചത്. അത്രി മഹർഷിക്ക് അനസൂയയിൽ ജനിച്ച പുത്രനാണു് ദത്താത്രേയൻ. ദത്താത്രേയ എന്നാൽ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഒന്നുചേർന്നുള്ള അവതാരമാണെന്നാണ് വിശ്വാസം.
ആ കഥ ഇങ്ങനെ :-
ബ്രഹ്മദേവന്റെ മാനസപുത്രനായ അത്രിമഹർഷിയുടെ പത്നി, ദക്ഷപുത്രി അനസൂയയുടെ പാതിവ്രത്യം മൂന്നുലോകങ്ങളിലും ഏറെ പ്രസിദ്ധമായിരുന്നു. പക്ഷേ ത്രിമൂർത്തികളുൾപ്പെടെയുള്ള ദേവന്മാരുടെ പത്നിമാർക്ക് അതൊന്നു പരീക്ഷിക്കാൻ ഒരു കൗതുകംതോന്നി. അവർ അക്കാര്യം താന്താങ്ങളുടെ ഭർത്താക്കന്മാരോട് ഉണർത്തിച്ചു. അതിനായി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഇറങ്ങിപ്പുറപ്പെട്ടു. മൂന്നുപേരും സന്യാസിമാരുടെ വേഷംകെട്ടി അത്രിമുനിയുടെ പർണ്ണശാലയിലെത്തി. ആ സമയം മഹർഷി സ്നാനശുദ്ധിക്കായി അടുത്തുള്ള നദിയിലേക്കു പോയിരുന്നു. അനസൂയ അതിഥികളെ പാദോപചാരങ്ങൾചെയ്തു സ്വീകരിച്ചിരുത്തി. തങ്ങൾ വിശന്നുവലഞ്ഞിരിക്കുന്നുവെന്നും മഹർഷിയെ കാത്തിരിക്കാനാവില്ലെന്നും എത്രയുംവേഗം ഭക്ഷണം നല്കണമെന്നുമായി മുനിമാർ. പക്ഷേ ഒരു നിബന്ധനകൂടി അവർക്കുണ്ടായിരുന്നു. മഹർഷിപത്നി പൂർണ്ണനഗ്നയായിവേണമത്രേ ഭക്ഷണം നൽകേണ്ടത്.
മറിച്ചായാൽ താൻ മുനിമാരുടെ കോപത്തിനിരയാകുമെന്നു മഹർഷിപത്നിക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ടുതന്നെ അനസൂയ അതിനു സമ്മതിച്ചു. തന്റെ നിസ്സഹായാവസ്ഥയറിഞ്ഞു ഭർത്താവുതന്നെ തനിക്കു തുണയാകുമെന്നു പൂർണ്ണവിശ്വാസമുള്ള അനസൂയാദേവി അദ്ദേഹത്തെ മനസ്സാ പ്രാർത്ഥിച്ചു. അപ്പോൾ മൂര്‍ത്തിത്രയം കൈക്കുഞ്ഞുകളായി മാറിയത്രേ! ഉടൻതന്നെ വിവസ്ത്രയായി അനസൂയാദേവി വാത്സല്യാതിരേകത്താൽ മൂവരെയും ഒന്നിച്ചു വാരിയെടുത്തു. അപ്പോൾ മൂന്നുശിശുക്കൾ ഒന്നിച്ചുചേർന്നു മൂന്നു മുഖങ്ങളുള്ള ഒരു ശിശുവായിമാറി. ദേവി കുഞ്ഞിന് വേണ്ടുവോളം മുലപ്പാൽ നൽകി വിശപ്പുമാറ്റി. ആ ശിശുവാണത്രേ ദത്താത്രേയൻ! (മറ്റുവിധത്തിലും കഥകൾ പ്രചാരത്തിലുണ്ട്)
മഹാരാഷ്ട്രക്കാരുടെ ഒരു പ്രധാന ആരാധനാമൂർത്തിയാണ് ഗുരു ദത്താത്രേയസ്വാമി. അതുകൊണ്ടുതന്നെ ഞങ്ങളുടെ സഹയാത്രികർക്ക് ഈ ക്ഷേത്രദർശനം ഏറെ ആഹ്ലാദദായകമായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങളും കൗതുകവസ്തുക്കളും മറ്റും വിൽക്കുന്ന കടകളും ഭക്ഷണശാലകളുമൊക്കെ വഴിയിൽതന്നെ ധാരാളമുണ്ട്. പടികൾ കയറി ഈ ഗുഹാക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിലേക്ക് കയറിയാൽ ത്രിമൂർത്തികളുടെയും അത്രി, അനസൂയമാരുടെയും ക്ഷേത്രങ്ങളുണ്ടിവിടെ. വേറെയും ചില ക്ഷേത്രങ്ങൾ അവിടെയുണ്ട്. പടികൾ കയറി വീണ്ടും മുകളിലേക്ക് ചെന്നാൽ കൊടുമുടിയുടെ ഏറ്റവും ഉയർന്നസ്ഥലത്തെത്താം. മുകളിൽനിന്നുള്ള ദൃശ്യങ്ങൾ കണ്ണുകൾക്ക് നല്ലൊരു വിരുന്നുതന്നെ. നോക്കെത്താദൂരത്തോളം വളഞ്ഞും പുളഞ്ഞും പടർന്നുകിടക്കുന്ന പർവ്വതനിരകളും ദൂരെക്കാണുന്ന തടാകങ്ങളും കൃഷിയിടങ്ങളുമൊക്കെ ചേർന്ന വിസ്മയിപ്പിക്കുന്ന കാഴ്ചതന്നെ. അടുത്തുതന്നെ Physical Research Laboratory ഇവിടെയൊരു ഇൻഫ്രാറെഡ് ആകാശനിരീക്ഷണകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കോവിഡ്മൂലം ഇപ്പോൾ സന്ദർശകർക്ക് അവിടെ പ്രവേശനാനുമതി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. . അർബുദാദേവി ക്ഷേത്രവും ദിൽവാരാക്ഷേത്രവും സന്ദർശിക്കാനുണ്ട്. അതിനുശേഷം മടങ്ങിയെത്തി ഉച്ചഭക്ഷണവും കഴിച്ചിട്ടുവേണം ഹോട്ടൽ വെക്കേറ്റ് ചെയ്യാൻ.
അർബുദാദേവി ക്ഷേത്രവും ഒരു മലമുകളിലാണ് മുന്നോറോളം പടികൾ കയറിവേണം മുകളിലെത്താൻ. ഇതും ഗുഹാക്ഷേത്രമാണ്. ഫോട്ടോഗ്രാഫിയൊന്നും ഉള്ളിൽ അനുവദിക്കുകയില്ല. കുറേപ്പടികൾകൂടി കയറിയാൽ വേറെയും ക്ഷേത്രങ്ങളുണ്ട്. ശിവലിംഗപ്രതിഷ്ഠ വളരെയടുങ്ങിയ ഒരു ഗുഹയിലാണ്. നന്നേ ആയാസപ്പെട്ടുവേണം അതിനുള്ളിൽകയറി ദർശനം നടത്താൻ. മുകളിൽ അതിശക്തമായ കാറ്റുമുണ്ടായിരുന്നു. മുകളിൽനിന്നുള്ള മൗണ്ട് അബുവിന്റെ പട്ടണക്കാഴ്ച അതിമനോഹരമാണ്.
No comments:
Post a Comment