പതിനൊന്നു കൊട്ടാരങ്ങളുടെ ഒരു ബൃഹദ്സമുച്ചയമാണ് ഉദയ്പൂർ സിറ്റി പാലസ് എന്നറിയപ്പെടുന്ന ബഡിമഹൽ. പിഛോല തടാകത്തിന്റെ കിഴക്കേത്തീരത്തെ കുന്നിമുകളിലാണ് 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് ഒരു സന്യാസിയുടെ ഉപദേശപ്രകാരം സിസോദിയ രാജവംശത്തിന്റെ ആസ്ഥാനമായി നിർമ്മിച്ച ഈ മനോഹരസൗധസഞ്ചയം. അദ്ദേഹത്തിന്റെ ഇരുപതിലധികം പിൻഗാമികൾ പിന്നീടുള്ള നാലുനൂറ്റാണ്ടുകളിൽ ഈ കൊട്ടാരക്കെട്ടുകൾക്കു കൂട്ടിച്ചേർക്കലുകളും മോടിപിടിപ്പിക്കലും നടത്തിപ്പോന്നു. രാജഭരണം നിലവിലില്ലെങ്കിലും ഇപ്പോഴും രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് കൊട്ടാരം. അതുകൊണ്ടുതന്നെ സ്തുത്യർഹമായ രീതിയിൽ അത് സംരക്ഷിക്കപ്പെടുന്നുമുണ്ട്. മുഗള്‍,രാജസ്ഥാനി, യൂറോപ്യൻ, ചൈനീസ് വാസ്തുശില്‍പ്പകലകളുടെ സമ്മിശ്ര രൂപമായ കൊട്ടാരത്തിലെ താഴികകുടങ്ങളും ചുവർശില്പങ്ങളും ജനാലകളും കൊത്തുപണികളും ഗോപുരങ്ങളുമെല്ലാം മനോഹരമായ പൂന്തോട്ടങ്ങളും അദ്‌ഭുതാവഹമായ ദൃശ്യവിരുന്നുതന്നെ കണ്ണുകൾക്ക് നൽകുന്നു.
1616 ൽ മഹാരാജ അമർസിംഗിന്റെ കാലത്തു നിർമ്മിച്ച ബഡിപോൽ എന്ന പ്രധാനകവാടത്തിനടുത്തുനിന്നു ടിക്കറ്റ് എടുത്തുവേണം കൊട്ടാരക്കെട്ടിലേക്കു കടക്കാൻ. ക്യാമറ കൊണ്ടുപോകണമെങ്കിൽ അതിനു വേറെയും ടിക്കറ്റ് എടുക്കണം. ആനകളുടെ ചിത്രങ്ങളുള്ള കീഴ്ച്ചുവരുകൾക്കപ്പുറം വലിയ കവാടം കടന്നെത്തുന്നത് ഒരു വലിയ നടുമുറ്റത്തേക്കാണ്. ആനകൾ നടക്കുമ്പോൾ തെന്നിപ്പോകാതിരിക്കാൻ പ്രത്യേകരീതിയിൽ കല്ലുകൾപാകിയാണ് മുകളിലേക്കുള്ള ചെരിഞ്ഞവഴികളൊരുക്കിയിരിക്കുന്നത്. പീരങ്കികൾ മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന, ട്രിപോലിയപോൽ എന്ന വലിയ മൂന്നു കമാനങ്ങളുള്ള കവാടമാണ് പിന്നീടുള്ളത്. അതുകടന്നുവേണം പ്രധാനഭാഗത്തേക്ക് എത്തിപ്പെടാൻ. വലതുവശത്ത് നീളത്തിൽ കുതിരലായങ്ങളാണ്. അതിനുമുന്നിൽ കച്ചവടക്കാരുടെ ഒരു നിരതന്നെയുണ്ട്. ഇടതുവശത്ത് പ്രധാനകൊട്ടാരഭാഗവും. മുപ്പതുമീറ്ററിലധികം ഉയരവും ഇരുനൂറ്റമ്പതുമീറ്ററോളം ദൈർഘ്യവുമുണ്ട് ഈ കൊട്ടാരക്കെട്ടിന്. പല കവാടങ്ങൾ കൊട്ടാരത്തിലേക്കു കടക്കാനുണ്ട്. അതിൽ പ്രധാനമായത് മുകളിൽ ഒരു സൂര്യചിത്രം കൊത്തിവെച്ചിട്ടുള്ള സൂരജ്‌പോൽ എന്ന കവാടമാണ്. എതിർവശത്തെ ഹരിഖാനെകി പോൽ എന്ന കവാടത്തിലൂടെയാണ് സന്ദർശകർക്ക് കടക്കാൻ അനുമതിയുള്ളത്. കവാടം കടന്നാൽ വളരെ ഇടുങ്ങിയ കോണിപ്പടികളാണ് മുകളിലേക്ക് കയറാനുള്ളത്. വാതിലുകൾക്കു ഉയരക്കുറവുമാണ്. ശത്രുക്കളുടെ ആക്രമണത്തെ ഒരുപരിധിവരെ തടുക്കുന്നതിനാണ് ഇത്തരമൊരു സജ്ജീകരണം. പിന്നെ എത്തുന്നത് ഗണേഷ് ചൗക്ക് എന്ന നടുമുറ്റത്തേക്കാണ്. അതിമനോഹരമായ ശില്പ,ചിത്രഖചിതങ്ങളുള്ള ചുവരുകളുള്ളൊരു ഗണേശമന്ദിരമുണ്ടിവിടെ. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹമാണത്. അവിടെനിന്നു പടവുകൾ കയറി അടുത്ത നിലയിലെത്താം. കവാടം കടന്നാൽ രാജാങ്കണം എന്ന നടുമുറ്റത്തേക്കാണ് എത്തുക. ഇവിടെവെച്ചായിരുന്നു കിരീടാവകാശികളായ രാജകുമാരന്മാരുടെ കിരീടധാരണം നടന്നിരുന്നത്. കൽത്തൂണുകളുള്ള വരാന്തകളിൽ വിശിഷ്ടാതിഥികൾ ഉപവിഷ്ടരായിരിക്കും. അങ്കണത്തിനു ചുറ്റുമായി മൂന്നും നാലും നിലകളിലായി കൊട്ടാരഭാഗങ്ങൾ. അതിമനോഹരമായ കൊത്തുപണികളുള്ള ജരോഖകളും ജാലകങ്ങളും ജാളികളും സ്ത്രീജനങ്ങൾക്ക് ചടങ്ങുകൾ വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു. താഴത്തെ നിലയിൽ അങ്കണത്തിന്റെ ഒരുവശത്തെ ചെറിയ ക്ഷേത്രംപോലുള്ള ഭാഗത്താണ് സന്യാസിയുടെ മൂർത്തി പ്രതിഷ്ഠിച്ചിരിക്കുന്നത്. മറുഭാഗത്തു പ്രതാപ്ഗഡ് എന്ന മ്യൂസിയഭാഗമാണ്. മഹാറാണാപ്രതാപിന്റെ ആയുധങ്ങളും പടച്ചട്ടകളുമൊക്കെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. അവിടെനിന്നു മുകളിലേക്ക് കയറി അടുത്ത നിലയിലെത്തിയാൽ ഒറ്റക്കല്ലിൽകൊത്തിയ ഒരു കൽത്തൊട്ടി കാണാം. അതിലായിരുന്നു കിരീടധാരണസമയത്തു രാജാക്കന്മാർ ഒരുലക്ഷം സ്വർണ്ണനാണയങ്ങൾ നിറച്ചിരുന്നത്. അതിൽനിന്നായിരുന്നു ക്ഷേത്രങ്ങൾക്കും പുരോഹിതർക്കും കൊട്ടാരത്തിലേക്കുമൊക്കെയായി ധനം നൽകിയിരുന്നത്.
ഓരോ ഭാഗങ്ങയിലേക്കു പോകാനും ഇടുങ്ങിയ ഇടനാഴികളും കല്പടവുകളും കടക്കണം. ഒരുപക്ഷേ ഈ കൊട്ടാരത്തെ ശത്രുക്കളുടെ ആക്രമണങ്ങൾ അത്രയൊന്നും ഇളകാതെ കാത്തുരക്ഷിച്ചത് ഈ ഇടുങ്ങിയ വഴികളാവാം. മറ്റുപലകൊട്ടാരങ്ങളിലും കണ്ടതുപോലെ മോത്തിമഹലും ശീഷ്മഹലും ഒക്കെ ഈ കൊട്ടാരത്തിലും കണ്ടു. 1620 ൽ മഹാറാണാ കരൺസിങ് നിർമ്മിച്ച മോത്തിമഹലിന്റെ വാതിൽ ആനക്കൊമ്പുകൊണ്ട്ലംകൃതമാണ്. മുറികളിൽ ആട്ടുകട്ടിലും ശയനതല്പങ്ങളും ഒരുക്കിയിരിക്കുന്നുണ്ട്. താഴെയൊരു നടുമുറ്റമുണ്ട്. മോർ ചൗക് ( peacock courtyard ) എന്നാണത് അറിയപ്പെടുന്നത്. മഹാറാണാ സജൻസിങ്ങിന്റെ കാലത്തു നിർമ്മിച്ച ഈ നടുമുറ്റം ആഘോഷവേളകളിൽ നൃത്തംചെയ്യാനായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. നാലുവശങ്ങളിലുമുള്ള ചുവരുകളിലെയും ജാലകങ്ങളിലേയുമൊക്കെ ശില്പ,ചിത്രവേലകൾ വർണ്ണനാതീതമാണ്. ഇവിടയുള്ള അതിമനോഹരങ്ങളായ മൂന്നു മയൂരചിത്രങ്ങൾ ഉദയ്പൂരിന്റെതന്നെ പ്രതീകമായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. ജാലകങ്ങളിലെ ജാലികളിൽകൂടി സ്ത്രീജനങ്ങൾ ആഘോഷപരിപാടികൾ വീക്ഷിച്ചിരുന്നു. മറുഭാഗത്തെ ജാലകങ്ങളികൂടി പുറംകാഴ്ചകളും കാണാൻ കഴിഞ്ഞിരുന്നു.
സൂര്യപ്രകാശ് എന്ന ഇടനാഴിയിലാണത്രെ ഉദയവെളിച്ചം ആദ്യമെത്തുന്നത്. ശിശിരകാലങ്ങളിൽ വെയിൽകായൻ രാജാക്കന്മാർ ഈ ഇടനിവഴിയിൽ വന്നിരിക്കുമായിരുന്നത്രേ! ഒരുഭാഗത്ത് മേവാറിന്റെ അവസാനരാജാവായിരുന്ന ഭൂപാൽസിംഗിന്റെ മുറികൾ കാണാം. കുതിരപ്പുറത്തുനിന്നു വീണ് അംഗവൈകല്യം സംഭവിച്ച അദ്ദേഹത്തിന് ഉപയോഗത്തിനായുള്ള വീൽചെയറും അവിടെ കാണാം. അദ്ദേഹത്തിനായി ഒരു ലിഫ്റ്റും സ്ഥാപിച്ചിരുന്നു. മോർചൗക്കിനഭിമുഖമായി അദ്ദേഹം ഒരു സൂര്യചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
വീണ്ടും ഇടനാഴികടന്നുചെന്നെത്തുന്നത് അമർമഹൽ എന്ന സ്ത്രീകൾക്കായുള്ള ഭാഗത്തേക്കാണ്. അവിടെ ചില അടുക്കളഉപകാരണങ്ങളൊക്കെ കാണാം. പുരാതനകാലത്തെ ലോഹപ്പാത്രങ്ങളും മണ്പാത്രങ്ങളും ഒക്കെ അക്കൂട്ടത്തിലുണ്ട്. രാജകുടുംബത്തിലെ സ്ത്രീകൾക്ക് വിശേഷഘട്ടങ്ങളിൽ പാകംചെയ്യുന്നതിനുള്ള അടുക്കളഭാഗമാണത്. രാജാമാതാവിന്റെ വാസസ്ഥലമായ കൊട്ടാരഭാഗവുമുണ്ട്. അതിഥികളെ സ്വീകരിക്കുന്ന മുറിയും ഉറക്കറയും വിശ്രമസ്ഥലവും ഒക്കെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. ഫത്തേനിവാസ് എന്നഭാഗത്ത് അനവധി ചിത്രങ്ങളും ഫോട്ടോകളുമാണ്. രാജകുടുംബങ്ങളും വിദേശത്തെ പ്രമുഖചിത്രകാരന്മാരും ഒക്കെ വരച്ച ചിത്രങ്ങളുണ്ട് അക്കൂട്ടത്തിൽ. പിന്നെയും മുമ്പോട്ടുപോകുമ്പോൾ ഒരുകല്യാണമണ്ഡപം ഒരുക്കിയിരിക്കുന്നതുകാണാം. ഇപ്പോഴത്തെ രാജാവിന്റെ മകളുടെ വിവാഹവേദിയായിരുന്നു അത്. 2011ലായിരുന്നു പദ്മകുമാരി എന്ന രാജകുമാരിയുടെ വിവാഹം.മണ്ഡപം അഴിച്ചുമാറ്റാതെ സംരക്ഷിച്ചിരിക്കയാണ്. മറ്റുവിവാഹങ്ങൾക്കും കൊട്ടാരഭാഗങ്ങൾ വേദിയാകാറുണ്ട്. പക്ഷേ ഭാരിച്ച സാമ്പത്തികച്ചെലവ് വഹിക്കാൻ കഴിവുള്ളവർക്കുമാത്രമേ അതുസാധ്യമാകൂ എന്നുമാത്രം. അതിനപ്പുറത്തെ ചാന്ദിമഹൽ എന്ന ഭാഗത്ത് വെള്ളികൊണ്ടുള്ള വസ്തുക്കളാണ്. യുറോപ്പില്നിന്നു കൊണ്ടുവന്ന ഒരു വെള്ളിരഥമാണ് അതിൽ പ്രധാനം. വെള്ളിയിൽ നിർമ്മിച്ച സിംഹാസനവും മഞ്ചലും പല്ലക്കുകളും അമ്പാരിയും രഥങ്ങളും ആനയുടെയും കുതിരയുടയും ആഭരണങ്ങളും ഒക്കെ പ്രദർശനത്തിനുണ്ട്.
ചന്ദ്രമഹൽ എന്ന കൊട്ടാരഭാഗത്തിന്റെ മനോഹരമായ മട്ടുപ്പാവിലേക്കു ചെന്നാൽ പിഛോല തടാകത്തിന്റെ അതിവിശാലമായ ദൃശ്യം ലഭ്യമാണ്. സമൃദ്ധമായ കൊത്തുപണികളുള്ള തൂണുകളാൽ സുന്ദമാക്കിയിരിക്കുന്ന ഈ മട്ടുപ്പാവിൽ കാറ്റിന്റെ ധാരാളിത്തം സ്വർഗീയാനുഭൂതി പകരും. അവിടെനിന്നിറങ്ങി ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു കൽപ്പടവുകൾ കയറിയാൽ ബഡിമഹൽ എന്ന പ്രധാനകൊട്ടാരഭാഗത്തെത്താം. ഗാർഡൻ പാലസ് എന്നും അറിയപ്പെടുന്ന ഈ ഭാഗമാണ് ഏറ്റവും ഉയരത്തിലുള്ള കൊട്ടാരഭാഗം. നൂറ്റിനാല് വെണ്ണക്കൽസ്തംഭങ്ങളാണ് നാലുഭാഗത്തെയുമ കൊട്ടാരവരാന്തകളിലുള്ളത്. ധാരാളം മരങ്ങൾ വളർന്നുനിൽക്കുന്ന വലിയൊരു ഉദ്യാനത്തിന് ചുറ്റുമായാണ് കൊട്ടാരം നിലകൊള്ളുന്നത്. കൊട്ടാരത്തിന്റെ മുകൾനിലയിൽ മരങ്ങൾ വളർന്നതെങ്ങനെയെന്നു ഒരുനിമിഷം അദ്‌ഭുതപ്പെട്ടുപോകും. എന്നാൽ മലയുടെ നെറുകയിലാണ് ഈ ഉദ്യാനം. അതിനുചുറ്റുമായാണ് കൊട്ടാരം പണിതിരിക്കുന്നത്. 1699 ൽ മഹാറാണാ അമർസിംഗിന്റെ കാലത്താണ് ബഡിമഹൽ നിർമ്മിച്ചത്. കൊട്ടാരത്തിലെ പുരുഷന്മാരുടെ വിശ്രമസങ്കേതമായിട്ടാണ് ഈ കൊട്ടാരം പണിതത്.
ഉദ്യാനത്തിൽ ഒരു പൊയ്കയുമുണ്ട്. ബഡിമഹലിൽ ഒരുഭാഗത്ത് പ്രാവുകളെ വളർത്തിയിരുന്ന ഒരു മുറിയുണ്ട്. അവയുടെ കൂടുകളും കാണാം. പഴയകാലത്ത് സന്ദേശവാഹകരായിരുന്നുവല്ലോ പ്രാവുകൾ. മറ്റൊരുഭാഗത്ത് വലിയൊരു കാൽതൊട്ടിയും ജലവുമുണ്ട്. ഇത് രാജകുടുംബത്തിലെ പുരുഷന്മാരുടെ സ്നാനഗൃഹമായിരുന്നു. ബഡിമഹലിലെ മനോഹരമായ മട്ടുപ്പാവുകളിൽനിന്നാൽ താഴ്‌വാരത്തെ നഗരദൃശ്യങ്ങളും തടാകദൃശ്യങ്ങളുമൊക്കെ ആവോളം ആസ്വദിക്കാം. വീണ്ടും ഇടുങ്ങിയ ഇടനാഴികളിലൂടെ താഴേക്കുപോയാൽ ദിൽകുശാൽ മഹൽ എന്നൊരു ഭാഗത്തെത്തും. സ്വർണ്ണവും വെള്ളിയും സ്ഫടികക്കഷണങ്ങളും ഒക്കെക്കൊണ്ട് നിർമ്മിച്ച ചുവരുകളും മച്ചുകളും മകുടങ്ങളും ഒക്കെച്ചേർന്ന് ഒരു മായികലോകമാണ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിലമുറികളിൽ പ്രകൃതിദത്തനിറങ്ങൾകൊണ്ട് വരച്ചുചേർത്ത വിസ്മയിപ്പിക്കുന്ന ചുവർച്ചിത്രങ്ങൾ. എല്ലാം അതീവശ്രദ്ധയോടെ പരിപാലിക്കുന്നുമുണ്ട്. അവിടെനിന്നു ശിവ് വിലാസ് എന്നൊരു മട്ടുപ്പാവിലെത്താം. ചീനി ചിത്രശാലയെന്നും അറിയപ്പെടുന്ന ഈ മട്ടുപ്പാവിൽ ചൈനീസ്, ഡച്ച് ശൈലികളിലാണ് ഇവിടുത്തെ അലങ്കാരങ്ങൾ. ചൈനയിൽനിന്നുകൊണ്ടുവന്ന പോഴ്‌സലൈൻ ടൈലുകളും ചൈനീസ് ചിത്രങ്ങളുള്ള ചുവരുകളും ഡച്ച് നിർമ്മിതമായ വർണ്ണാസ്പടികക്കഷണങ്ങൾ പിടിപ്പിച്ച ജാലകങ്ങളും ഈ ഭാഗത്ത് ധാരാളമായിക്കാണാം. എന്നാൽ മുകൾഭാഗത്ത് മുഗൾശൈലിയും അവലംബിച്ചിരിക്കുന്നു. ഇവിടെയുള്ള വലിയ ജാലകവും ഉദയ്പൂരിന്റെ വിശാലമായ പുറംകാഴ്ചകൾ സാധ്യമാക്കുന്നു. കൊട്ടാരത്തിലേക്കു വന്ന വഴിയും തടാകവും കെട്ടിങ്ങളുടെ ധാരാളിത്തമുള്ള നഗരഭാഗവുമൊക്കെ ഗംഭീരമായ ദൃശ്യവിരുന്നുതന്നെ.