കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ
-------------------------------------------------
ചൈനയിലെ വന്മതിനലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ നമ്മുടെ ഭാരതത്തിലും ഒരു വന്മതിലുണ്ടെന്നത് അത് സന്ദർശിക്കുംവരെ എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ്)പ്രദേശത്ത് പതിനഞ്ചാംനൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തെത്തന്നെ രണ്ടാമത്തെ വലിയ വന്മതിലായി കണക്കാക്കപ്പെടുന്ന ഈ വന്മതിൽ.
ഇപ്പോഴത്തെ രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്. 13 മലനിരകൾക്കുചുറ്റുമായി വ്യാപാരിച്ചിരിക്കുന്ന കോട്ടമതിലിനു 36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം വീതിയുള്ള ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാംനൂറ്റാണ്ടിലാണ് മേവാറിനെ മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്.
ഈ കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത് സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ അദ്ദേഹം സ്വയം ആ നരബലിക്കു സന്നദ്ധനായി. മലയടിവാരത്തുള്ള ക്ഷേത്രത്തിനടുത്തുനിന്നു മുകളിലേക്കല്പംദൂരം നടന്നുകയറി ശുഭകരമായൊരു സ്ഥലത്തുനിന്നശേഷം ശിരച്ഛേദം നടത്തി. പിന്നെയും കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി മലമുകളിലെത്തി സമാധിയായി. ശിരസ്സ് വീണിടവും കബന്ധം വീണിടവും ചെറുമന്ദിരങ്ങൾ പണിത് പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു. 15വർഷമെടുത്തു കോട്ടയുടെ പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. സുപ്രസിദ്ധനായ രാജപുത്രരാജാവ് മഹാറാണാപ്രതാപ്‌സിംഗ് ജനിച്ചത് ഇവിടെയുള്ള കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്.
പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്, രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ് ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു.
'അരിത് പോൽ' 'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് വാഹനം എത്തുക. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്. അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ 'ഹല്ലാ പോൽ' കടന്നു 3600 അടി ഉയരമുള്ള കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക് കയറാൻ. അവിടവിടെ പൂവിട്ടുനിൽക്കുന്നുണ്ട് പിച്ചകങ്ങളും വെള്ളചെമ്പരത്തികളും സുബ്രഹ്മണ്യകിരീടച്ചെടികളും. ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും. ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ് എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം. കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന ഈ ചെറിയ കോട്ടയ്ക്കുള്ളിൽ കുന്നിൻനെറുകയിൽ കുംഭാമഹൽ , ബാദൽമഹൽ എന്നീ കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു ചെറുമന്ദിരം കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്. ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ, എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്. കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന ഗണേഷ്പോലിനോട് ചേർന്നുതന്നെ പൊതുജനങ്ങളുടെ ആരാധനയ്ക്കായി റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ് യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്. ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം. കോട്ടയ്ക്കുള്ളിൽ ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല.
അതുകൊണ്ടുതന്നെ രാജസ്ഥാനിലെ മറ്റു പ്രസിദ്ധങ്ങളായ കോട്ടകളിലെ കൊട്ടാരക്കെട്ടുകളുടെ പ്രൗഢിയും ശില്പചാതുര്യവും ആഡംബരങ്ങളും ഇവിടെ കാണാൻ കഴിയില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും, താഴ്‌വാരത്ത് നീരൊഴുക്കിൽ അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു.
കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് . കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡപോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്. റാണാ കുംഭാ നിർമ്മിച്ച കുംഭാമഹൽ ക്ഷയിച്ച അവസ്ഥയിലാണ്. എന്നാൽ ദുർഗ്ഗാക്ഷേത്രത്തിൽ അഖണ്ഡദീപം തെളിയിക്കുന്നുണ്ട്. കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും ലാളിത്യമുള്ള പ്രകൃതിചിത്രങ്ങൾകൊണ്ടലങ്കൃതമാണ്. റാണാ ഫത്തേസിംഗ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. മലമുകളിൽ മഴമേഘങ്ങളോട് തൊട്ടുരുമ്മിനിൽക്കുന്നതിനാലാവാം ഇങ്ങനെയൊരു പേര് ഈ കൊട്ടാരത്തിനു നൽകിയത്. ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു. ചുവരോട് ചേർന്നുള്ള ചെറിയ ജനാല(ഝരോഖ)കളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ശത്രുക്കളുടെ കടന്നുവരവിനെ ചെറുക്കുന്നതിനുള്ള മുൻകരുതലായിരിക്കാം കൊട്ടാരത്തിന്റെ വാതിലുകൾ നന്നേ പൊക്കംകുറഞ്ഞതാണ്. പഗഡപോലിനടുത്തു പടിക്കെട്ടു കയറി മുകളിലേക്ക് പോയാൽ ഒരു ചെറിയ മുറിയുണ്ട്. അവിടെയായിരുന്നു മഹാറാണാപ്രതാപിന്റെ ജന്മം.
ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഹരിതഭംഗിയുടെ സമീപകാഴ്ചകളും നിന്മോന്നതങ്ങളുടെ നിഴൽഛായകളിൽ നീണ്ടുപോകുന്ന മലനിരകളും വെണ്മേഘങ്ങൾ ചിത്രംവരയ്ക്കുന്ന നീലാകാശവും ഹൃദയാവർജ്ജകമായ ദൃശ്യങ്ങൾതന്നെ. ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെപ്പോലെ വളവുകളോടുകൂടി നീണ്ടുപോകുന്ന കോട്ടമതിലിന്റെ കാഴ്ചയും ഗംഭീരംതന്നെ. കോട്ടയുടെ ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്. അവിടെവെച്ചാണ് 1576 ൽ മേവാഡ്- മുഗൾ യുദ്ധം നടന്നത്. യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു.
മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ പടവുകൾ കയറിവേണം മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം. മലമുകളിലെ ബാവൻദേവി ക്ഷേത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്. വളരെക്കുറച്ചുക്ഷേത്രങ്ങൾമാത്രമേ ഇന്ന് നിത്യാരാധനയാൽ സജീവമായുള്ളു.
പുറംലോകത്തിന് അടുത്തകാലംവരെ, ഭാരതത്തിന്റെതന്നെ അഭിമാനമായ ഈ കോട്ട വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയിരുന്നില്ല. 2013 ലാണ് യുനെസ്കോ, രാജസ്ഥാനിലെ അഞ്ചു പ്രധാന മലങ്കോട്ടകളുടെ പട്ടികയിൽ കുഭാൽഗറിനെയും ഉൾപ്പെടുത്തി ലോകപൈതൃകപ്പട്ടികയിൽ ഇടംകൊടുത്തത്. ഉദയ്പൂരിൽനിന്നു എൺപതുകിലോമീറ്റർ ദൂരെയാണ് ഈ കോട്ടയുടെ സ്ഥാനം. ഏറ്റവും അടുത്ത വിമാനത്താവളവും ഉദയ്പുർതന്നെ.
No comments:
Post a Comment