Wednesday, February 2, 2022

രാജസ്ഥാൻ 18 - മോത്തിമഗരി

 അവിസ്മരണീയമായ കാഴ്ചകളായിരുന്നു സിറ്റിപാലസ് ഒരുക്കിവെച്ചിരുന്നത്. വൈകുന്നേരം കുറച്ചു ഷോപ്പിങ്ങും പട്ടണത്തിലൂടെ ഒരു കറക്കവും കഴിഞ്ഞു ഹോട്ടലിലെത്തി. ബഗോർ കി ഹവേലി എന്നൊരു സാംസ്കാരികകേന്ദ്രത്തിൽ നടത്തുന്ന സംഗീത-നൃത്തപരിപാടികൾ കാണുന്നതിനായാണ് പിന്നീട്‌പോയത്. വൈകുന്നേരം  ഏഴുമണിമുതൽ എട്ടുമണിവരെയാണ് പരിപാടികൾ. ഒന്നിനുമുകളിൽ ഒന്നായി ധാരാളം കുടങ്ങൾ തലയിലേറ്റി നർത്തകൻ അരങ്ങുതകർത്തു. സ്ത്രീകൾ പക്ഷേ പ്രകടനത്തിൽ അത്ര മികവൊന്നും പുലർത്തിയതുകണ്ടില്ല. ചെയ്യാൻവേണ്ടി  ചെയ്യുന്നതുപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകളായിരുന്നു.  പപ്പെറ്റ് ഷോയും മികവുപുലർത്തിയില്ല. 


ഒരുരാത്രികൂടി ഉറങ്ങിയുണർന്നു. ഈ യാത്രയുടെ പതിനൊന്നാം ദിവസം. ഒക്ടോബർമാസം 25 . ഉദയ്പൂരിലെ മറ്റു പ്രധാനകാഴ്ചകളിലേക്കൊക്കെ പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അന്ന് ഏതോ പ്രധാനമത്സരപ്പരീക്ഷ നടക്കുന്നതിനാൽ എല്ലായിടത്തും പ്രവേശനം നിഷേധിച്ചിരുന്നു. അതിനാൽ നേരെ പോയത് മോത്തിമഗരി എന്ന കുന്നിന്മുകളിലേക്കാണ്. അവിടെയാണ് മഹാറാണാപ്രതാപ് സ്മാരകം. വെണ്ണക്കല്ലുപാകിയ അടിത്തറയില്‍  ചേതകിന്റെ പുറത്തിരിക്കുന്ന റാണാ പ്രതാപസിംഹന്റെ  പൂർണ്ണകായചെമ്പുപ്രതിമയാണ് ഈ സ്മാരകം . പ്രതിമയുടെ ഇരുവശവും മഹാറാണയുടെ യുദ്ധജീവിതത്തിലെ രണ്ട് പ്രധാനസംഭവങ്ങള്‍, ഹല്‍ദിഘട്ടിലെ യുദ്ധവും ചേതകിന്റെ മരണവും കൊത്തിവെച്ചിരിക്കുന്നു. വേറെയും ചില പ്രതിമകളുണ്ടിവിടെ. ഉദ്യാനഭാഗവും മനോഹരംതന്നെ.. ഉദയ്പൂരിലെ പ്രശസ്തമായ ഫത്തേസാഗർ തടാകം അവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്. 


ഭാരതത്തിന്റെ ചരിത്രത്തിൽ  സുവർണ്ണലിപികളാൽ എഴുതിച്ചേർത്തതാണ് മഹാറാണാപ്രതാപ് എന്ന ധീരനായ ഭരണാധികാരിയുടെ അചഞ്ചലമായ സമരവീര്യത്തിന്റെ പുളകോജ്ജ്വലഗാഥ. അതോടൊപ്പംതന്നെ ചേർന്നുനിൽക്കുന്നതാണ് ചേതക് എന്ന വിശ്വസ്തനായ രണാശ്വത്തിന്റെ ഹൃദയസ്പൃക്കായ ജീവത്യാഗത്തിന്റെ കഥയും. 


  

 മഹാറാണാ പ്രതാപ്

മഹാറാണാ ഉദയ്‌സിംഗ് രണ്ടാമന്റെ ഇരുപത്തിയഞ്ചുമക്കളിൽ മൂത്തയാളായിരുന്നു പ്രതാപ്‌സിംഗ്. 1540മെയ് 9നാണു പ്രതാപ്‌സിംഗ് കുംഭാൽഗഢിൽ ജനിച്ചത് (അദ്ദേഹം ജനിച്ചുവീണ മുറി കുംഭാൽഗഢ് കോട്ടയിൽ കണ്ടിരുന്നു) കിരീടാവകാശിയായിരുന്നതുകൊണ്ടു മേവാറിലെ സിസോദിയരാജപുത്രവംശത്തിലെ 54)മത് മഹാറാണാ ആയി അഭിഷിക്തനാകേണ്ടിയിരുന്നയാളാണ് പ്രതാപ്‌സിംഗ്. 1567ൽ അക്ബർ ചിറ്റോർ അക്രമിച്ചതിനെത്തുടർന്നു ഉദയ്‌സിംഗ് കുടുംബത്തോടൊപ്പം ഗോഗുണ്ടയിലേക്ക് പോവുകയും താല്കാലികരാജധാനി അവിടെ സജ്ജമാക്കുകയും ചെയ്തു. 1572ൽ മഹാറാണാ ഉദയ്‌സിംഗ് കാലംചെയ്തു. എന്നാൽ അവസാനകാലത്ത് തന്റെ രണ്ടാംഭാര്യയുടെ പ്രേരണയാൽ അവരിൽജനിച്ച പുത്രന് കിരീടാവകാശം നല്കാമെന്നേൽക്കുകയുണ്ടായി.  

രാജകുടുംബത്തിലെ  കീഴ്‌വഴക്കമനുസരിച്ച് അന്തരിച്ച രാജാവിന്റെ അന്ത്യയാത്രയിൽ കിരീടാവകാശി പങ്കെടുക്കാൻ പാടില്ല, പ്രത്യുത, സിഹാസനാരൂഢനായി ഭരണപിന്തുടർച്ച നിർവ്വഹിക്കേണ്ടതാണ്‌. എന്നാൽ പ്രതാപ്‌സിംഗ് രാജാവിന്റെ അന്ത്യചടങ്ങുകൾക്കായി മൃതശരീരത്തോടൊപ്പം യാത്രയായി. തന്റെ ഇളയസഹോദരനായ ജഗ്മലിനു സിംഹാസനം നൽകി പിതാവിന്റെ വാഗ്ദാനം നിറവേറ്റാൻ തയ്യാറായി. എന്നാൽ ജഗ്മൽ ഭാരകാര്യത്തിൽ അമ്പേ പരാജയമാണെന്ന് മനസ്സിലാക്കിയ രാജകുടുംബാംഗങ്ങൾ ജഗ്മലിനോട് സിംഹാസനം ഒഴിയണമെന്നും  പ്രതാപ്‌സിംഗ്തന്നെ  ഭരണം ഏറ്റെടുക്കണമെന്നും ശഠിച്ചു. ക്രുദ്ധനായ ജഗ്മൽ പ്രതികാരചിന്തയോടെ അജ്‌മീറിലേക്കു പോവുകയും മുഗൾസൈന്യത്തിൽ ചേരുകയും ചെയ്തു. സന്തുഷ്ടനായ അക്ബർ ജഗ്മലിനു ജാഗിർ ആയി ജഹാസ്പുർപട്ടണം നല്കുകയുംചെയ്തു. പ്രതാപ്‌സിംഗ്  മേവാറിന്റെ ഭരണാധികാരിയാവുകയും ചെയ്തു .  തുടർന്ന് മികവുറ്റ ഭരണത്തിലൂടെയും ശക്തമായ സൈന്യസംവിധാനത്തിലൂടെയും അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി.. 

ചിറ്റോർ പിടിച്ചടക്കിയെങ്കിലും മേവാർ തന്റെ അധീനതയിലാക്കാൻ അക്ബറിനു കഴിഞ്ഞിരുന്നില്ല. ചിറ്റോർ തിരിച്ചുപിടിക്കാതെ തൻ കൊട്ടാരത്തിൽ ഉറങ്ങുകയില്ലെന്നും ഇലത്താലത്തിലേ ഭക്ഷണം കഴിക്കൂ എന്നും പ്രതിജ്ഞയെടുത്ത റാണാ മണ്കുടിലിൽ പുല്പായയിൽ ഉറങ്ങുകയും ഇലയിൽ ഭക്ഷണം കഴിക്കുകയും ച്യ്തുപോന്നു.  മഹാറാണാ പ്രതാപുമായി സമാധാനഉടമ്പടിക്ക് പലതവണ അക്ബർ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. അവസാനദൂതയുമായി വന്നത് അക്ബറിന്റെ സ്യാലനായിരുന്ന രാജപുത്രവംശജൻ  രാജാ മാൻസിംഗ് ആയിരുന്നു.  അതിലും പരാജിതനായപ്പോൾ അക്ബർ തന്റെ സൈന്യം മേവാറിനുനേരെ ഉപയോഗിക്കാൻ തീരുമാനിച്ചു. തുടർന്ന് ഹൽദിഘട്ടിൽ വെച്ച് നടന്ന യുദ്ധത്തിൽ  മഹാറാണാ പ്രതാപിന്റെ സൈന്യം മുഗൾ സൈന്യത്തോട് ശക്തമായി പോരാടി. കൂറുമാറി മുഗളരോടൊപ്പം ചേർന്ന സഹോദരന്മാരിൽ ചിലർ തെറ്റുമനസ്സിലാക്കി റാണയെ സഹായിക്കാനെത്തുകയും ചെയ്തു.  ഒടുവിൽ എണ്ണത്തിൽ കുറവായിരുന്ന രജപുത്ര സൈന്യം പരാജയപ്പെട്ടുവെങ്കിലും മഹാറാണാ പ്രതാപിനെ പിടികൂടാൻ അക്ബറുടെ സൈന്യത്തിന് സാധിച്ചില്ല. മഹാറാണാപ്രതാപിനെ മാത്രമല്ല രാജകുടുംബത്തിലെ ഒരാളെപ്പോലും പിടികൂടാൻ സാധിക്കാത്തത് അക്ബറെ നിരാശനാക്കി. എന്നാൽ പിന്നീടും ഒളിയുദ്ധമുറകളിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും നിരന്തരം മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ മഹാറാണാ പ്രതാപിന് സാധിച്ചു. ഹൽദിഘട്ട് യുദ്ധത്തിൽ നഷ്ടമായ പല പ്രവിശ്യകളും പിന്നീട് മഹാറാണാ പ്രതാപ് തിരിച്ചു പിടിച്ചതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

 മാരകമായി പരിക്കേറ്റു രക്തം വാർന്നുകൊണ്ടിരുന്ന  മഹാറാണാ പ്രതാപിന് തന്റെ കാഴ്‌ചശക്‌തി നഷ്ട്മായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിനും ആഴമേറിയ മുറിവുകൾ ഏറ്റിരുന്നു. എന്നാൽ യജമാനന്റെ അപകടാവസ്ഥ മനസ്സിലാക്കിയ ആ വിശ്വസ്തനായ മൃഗം അദ്ദേഹത്തെയും വഹിച്ചുകൊണ്ട് കഴിയുന്നത്രവേഗത്തിൽ പാഞ്ഞു ശത്രുക്കളുടെ കൺവെട്ടത്തിൽനിന്നകലെയാക്കി. മഹാറാണാപ്രതാപ് രക്ഷപ്പെട്ടുവെങ്കിലും ചേതക് അന്ത്യശ്വാസംവലിച്ചു. 1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാപ്രതാപ് തന്റെ  കുതിരയെ ആദരിച്ചു . ചേതക് മരിച്ചു വീണ  ഘൽദിഘട്ടിലും  ഉദയ്പുരിലെ മോത്തിമഗരിയിലും ജോധ്പൂരിലും  ഇന്ന് ചേതക് സ്മാരകങ്ങൾ  ഉണ്ട്.  ചേതക്കിനെക്കുറിച്ചുപറയുമ്പോൾ മറ്റൊരുകാര്യംകൂടി പറയാതെവയ്യാ. യൂറോപ്പ് സന്ദർശനവേളയിൽ ഓസ്ട്രിയയിലെ  ഇൻസ്ബ്‌റൂക്കിൽ സ്വറോഡസ്കി ക്രിസ്റ്റൽ മ്യൂസിയത്തിൽ ആദ്യഹാളിൽത്തന്നെ  ക്രിസ്റ്റലുകളാൽ അലംകൃതമായ ചേതക്കിന്റെ പ്രതിമ വെച്ചിരിക്കുന്നത് കാണാം. ചരിത്രത്തിൽ ചേതക്കിനുള്ള പ്രാധാന്യം എത്രയെന്നു ഇതില്നിന്ന് മനസ്സിലാക്കാമല്ലോ!

വേട്ടയ്ക്കിടെ മാരകമായി പരിക്കേറ്റ, മേവാറിന്റെ വീരപുത്രൻ  മഹാറാണാപ്രതാപ്‌സിംഗ്  1597 ജനുവരി 19ന് 56ആം വയസ്സിൽ അന്തരിച്ചു.   തുടർന്ന് അദ്ദേഹത്തിന്റെ മകൻ അമർ സിംഗ് ഒന്നാമൻ മേവാറിലെ മഹാരാജാവായി.‘മഹാനായ അക്ബർ‘ എന്ന തന്റെ നാമധേയം സമ്പൂർണ്ണമാകണമെങ്കിൽ മഹാറാണാ പ്രതാപിനെ ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് അക്ബർ ശഠിച്ചിരുന്നു. എന്നാൽ മരണം വരെയും അദ്ദേഹത്തിന് അതിന് സാധിച്ചിരുന്നില്ല. 

ഈ കുന്നിൻമുകളിൽ നിന്നാൽ ആകാശനീലിമയ്ക്കുതാഴെ പൊട്ടിവീണൊരു ഇന്ദ്രനീലക്കല്ലുപോലെ  ഫത്തേസാഗർ തടാകത്തിന്റെ സുന്ദരവും വിശാലവുമായ  ദൃശ്യം കാണാം.   ഫത്തേസാഗർ തടാകവും നെഹൃഗാർഡനും പ്രധാനപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. ഉദയ്പൂരിന്റെ പ്രൗഢിയുടെ  അടയാളമായി ഗണിക്കപ്പെടുന്ന തടാകം 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗാണ് നിര്‍മ്മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ മകനായ ഡ്യൂക് ഓഫ് കൊണാട്ടാണ് ഈ തടാക നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍മിച്ചത്. മനോഹരമായ നീലതടാകവും സമീപത്തെ പച്ചപ്പുകളെല്ലാം ഉദയ്പൂരിന് രണ്ടാമത്തെ കാശ്മീര്‍ എന്ന് പേര് നേടിക്കൊടുക്കുന്നു. ഈ തടാകമധ്യത്തിലെ ഒരു  ദ്വീപിലാണ് അതിമനോഹരമായ  നെഹൃഗാർഡൻ.  അവിടേക്കു തോണിയിൽ പോകാം. വർഷങ്ങൾക്കുമുമ്പുവന്നപ്പോൾ അവിടെ പോയിരുന്നു. പക്ഷേ ഇന്ന് അവിടേക്കു പോകാനാവില്ല. സ്മാരകത്തിലും പരിസരത്തുമൊക്കെ ചുറ്റിനടന്നു.  ഫോട്ടോ എടുക്കുകയും ഗൈഡിന്റെ കഥകൾ കേൾക്കുകയും ചെയ്തശേഷം ഞങ്ങൾ അവിടെനിന്നു മടങ്ങി. 

ഉദയ്പൂറിനോട് വിടചൊല്ലാൻ സമയമായി. രണ്ടാംതവണയാണ് ഈ സുന്ദരനഗരത്തിലെത്തിയതെങ്കിലും ഏറെ പുതുമയുള്ള അനുഭവങ്ങളായിരുന്നു ഇവിടെനിന്നു ലഭിച്ചത്. എന്തുകൊണ്ടും നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ വകയൊരുക്കുന്നു വൃത്തിയും ഭംഗിയുമുള്ള  ഈ പുരാതനനഗരം. നഗരവീഥികൾ പിന്നിട്ട് വാഹനം മുമ്പോട്ടുകുത്തിക്കുമ്പോഴും ഞാൻ ആലോചിച്ചത് ഈ നഗരത്തിന്റെ സൗഹൃദവും ആതിഥ്യമര്യാദയുമൊക്കെയായായിരുന്നു. വിദേശികൾ നിറഞ്ഞുകവിയേണ്ട തെരുവീഥികളും ഉദ്യാനങ്ങളും ചരിത്രസ്മാരകങ്ങളുമൊക്കെ ഇന്ന് സ്വദേശികൾ മാത്രമായിചുരുങ്ങിയത് കോവിഡിന്റെ കടന്നുകയറ്റംകരണമാണ്. ഈ സ്ഥിതിയൊക്കെ മാറി ഇവിടം സന്ദർശകരുടെ തിആക്കിൽ മുഴുകട്ടെ എന്നാഗ്രഹിച്ചുപോയി. കാരണം ഈ നഗരത്തിന്റെ സാമ്പത്തികാടിത്തറ വിനോദസഞ്ചാരത്തിലാണ് നിലകൊള്ളുന്നത്. 


ഇനി  പോകുന്നത് ചിറ്റോർഗഡിലേക്കാണ്. രണ്ടുമണിക്കൂറോളം ബസ്സ്‌യാത്രയുണ്ടായിരുന്നു ചിറ്റോർഗഡിലെത്താൻ. അവിടെയുള്ള പ്രതാപഗഡ് പാലസ് എന്ന ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് ചിറ്റോർഗറിലെ കോട്ട കാണാൻ യാത്രയായത്. 



No comments:

Post a Comment