Thursday, February 3, 2022

രാജസ്ഥാൻ - 21 :- ആശങ്കയുടെ രണ്ടുനാളുകൾ

 ഒട്ടുംപ്രതീക്ഷിക്കാത്ത ദൃശ്യവിരുന്നായിരുന്നു കിഷൻഗർ ഞങ്ങൾക്ക് സമ്മാനിച്ചത്. അതിന്റെ ആഹ്ലാദത്തിലും പുളകോദ്ഗമത്തിലുമായിരുന്നു അവിടെനിന്നുള്ള മടക്കയാത്ര. രാത്രി എട്ടുമണിയോടടുത്തു സവായ് മാധവപുർ എത്തിയപ്പോൾ. ഇടയ്ക്ക് പലയിടത്തും പാത മോശവസ്ഥയിലായിരുന്നതുകൊണ്ടു മറ്റുവഴികളും തേടേണ്ടതായിവന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും  വൈകിയിരുന്നു. പ്രധാനപാതയിൽനിന്നു ഒരു ചെറുപാതയിലൂടെ ബസ്സ് പത്തുപതിനഞ്ചു കിലോമീറ്റർ ഓടി. റിസോർട് ഒരു വാനപ്രദേശത്തിനു നടുവിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്കുള്ള വഴിയാകട്ടെ ഭൂനിരപ്പിൽനിന്നു കുറച്ചു താഴേക്കിറങ്ങിയാണ്. ബസ്സ് ഇറക്കാൻ പറ്റാത്ത അവസ്ഥ. കുറ്റാക്കൂരിരുട്ട്. റിസോർട്ടിലേക്ക് രണ്ടുകിലോമീറ്ററിലധികം ദൂരമുണ്ട്. മാത്രവുമല്ല, വനമായതുകൊണ്ടു രാത്രിയിൽ വന്യമൃഗങ്ങൾ വഴിയിലുണ്ടാവാനും സാധ്യതയുണ്ട്. ജനവാസമുള്ള സ്ഥലവുമല്ല. ഒടുവിൽ റിസോർട്ടിൽനിന്നു വാഹനം വരുത്തി തവണകളായി  സ്ത്രീകളെ അതിൽ കൊണ്ടുപോയി. ഏതാനും പുരുഷന്മാരും ലഗേജ്ജും വണ്ടിയിലെത്തി. ചേട്ടനുൾപ്പെടെ ബാക്കിയുള്ള പുരുഷന്മാർ നടന്നുവന്നു. രാത്രിയായിരുന്നെകിലും വൈദ്യുതിവെളിച്ചത്തിൽ റിസോർട് ആകെയൊന്നു കണ്ടു. ധാരാളം കോട്ടേജുകളും ഉദ്യാനങ്ങളും നീന്തൽക്കുളവും വലിയ ഭക്ഷണശാലയും  ഒക്കെയായി അതിവിശാലമായ റിസോർട്ട്. 20 )ഓ നമ്പർ കോട്ടേജായിരുന്നു ഞങ്ങളുടേത്. അകവശം ടെന്റ് പോലെ അലങ്കരിച്ചിരിക്കുന്നു സുന്ദരമായ കോട്ടജ്.  നേരംവെളുത്തിട്ടുവേണം ഇവിടയൊക്കെ സൂര്യവെളിച്ചത്തിൽ കാണാൻ എന്നുവിചാരിച്ചു. കാൽനടക്കാരും എത്തിയപ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു. കുളിയും ഭക്ഷണവും കഴിഞ്ഞപ്പോൾ ഏകദേശം പതിനൊന്നുമണിയായി.  ആകെ ക്ഷീണിച്ചിരുന്നതുകൊണ്ടു വേഗം കിടന്നുറങ്ങി.   


എനിക്ക് നല്ല നടുവുവേദനയുണ്ടായിരുന്നതുകൊണ്ട് ഇലക്ട്രിക്ക് ഹീറ്റിംഗ് പാഡിനു മുകളിലാണ് ഞാൻ കിടന്നത്. എപ്പോഴോ ചേട്ടൻ എന്നെ വിളിച്ചുണർത്തി ഹീറ്റിംഗ് പാഡ് വേണമെന്നുപറഞ്ഞു. ഞാനതു ചേട്ടന് കൊടുത്ത ഓർമ്മയുണ്ട്. വീണ്ടും ഉറങ്ങുകയും ചെയ്തു. പിന്നെയെപ്പഴോ ഒരു  ഞരക്കം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ചേട്ടൻ വേദനകൊണ്ടു പുളയുകയാണ്. ഇടയ്ക്കു 'എന്റെ ദൈവമേ' എന്നൊക്കെ അവ്യക്തമായി പറയുന്നുമുണ്ട്. ഞാൻ വേഗമെഴുന്നേറ്റു കാര്യമന്വേഷിച്ചു. വയറുവേദനിക്കുന്നെന്നു പറഞ്ഞു. മൂന്നാലുപ്രാവശ്യം വയറിളകുകയും ചെയ്തത്രേ. വയറിൽ  ഹീറ്റിംഗ് പാഡ് മാക്സിമത്തിൽ വെച്ചിരിക്കുകയാണ്. പൊള്ളുന്ന ചൂടിലും വേദനയ്ക്ക് ശമനമില്ല. വയറിളക്കത്തിനും  വേദനയ്ക്കുമുള്ള മരുന്നൊന്നും കൈയിലില്ല. സമയം ഒരുമണിയടുത്തു. ടൂർ മാനേജരെയോ റിസപ്ഷനിലോ വിളിക്കാനൊരുങ്ങിയപ്പോൾ ചേട്ടൻ സമ്മതിച്ചുമില്ല. നേരം വെളുത്തിട്ടു പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്.  കെറ്റിലും ടീബാഗും ഒക്കെ മുറിയിലുണ്ടായിരുന്ന. ഞാൻ ചായയുണ്ടാക്കി കൊടുത്തു. ഒരിറക്ക് കുടിച്ചശേഷം അത് കുടിച്ചതേയില്ല. ചൂടുവെള്ളം കൊടുത്തിട്ട് അതും കുടിച്ചില്ല. വയറിളകിയെങ്കിൽ ഡീഹൈഡ്രേഷന് സാധ്യതയുണ്ടല്ലോ. പക്ഷേ വെള്ളം കുടിക്കാതെന്തുചെയ്യും. ഞാനൊരുത്തരത്തിൽ സമയം തള്ളിനീക്കുകയായിരുന്നു.  ഇടയ്ക്കു വേദന കുറവുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. മൂന്നുമണിവരെ  അങ്ങനെ കടന്നുപോയി. അപ്പോഴേക്കും ചേട്ടൻ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ വേഗം ടൂർ മാനേജരെ വിളിച്ചു. രാജേഷ് ഒരുനിമിഷംപോലും പാഴാക്കാതെ മുറിയിലെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രാജേഷ് വേഗം റിസപ്ഷനിലെത്തി. ആശുപത്രി പട്ടണത്തിലാണുള്ളത് . ഇരുപതുകിലോമീറ്റർ ദൂരമുണ്ട്. റിസോർട്ടിലെ വാഹനത്തിൽ  ചേട്ടനെയുംകൊണ്ട് ഞങ്ങൾ ആശുപത്രിയിലെത്തി. Dr. Ramsingh Surgical Hospital .   വഴി വളരെ മോശമായിരുന്നു. കാട്ടുപാതയിലൂടെയും നാട്ടുപാതയിലൂടെയുമൊക്കെയായി  അരമണിക്കൂറോളം യാത്രയുണ്ടായിരുന്നു. അപ്പോഴേക്കും ഡോക്ടറെയും വരുത്തിയിരുന്നു. ആ സമയത്ത് ചേട്ടന് കുറച്ചാശ്വാസമുള്ളതുപോലെ തോന്നി.  ചേട്ടനെ പരിശോധിച്ച് ഡോക്ടർ ഒരിഞ്ചക്ഷന് കൊടുത്തു. കുറച്ചു മരുന്നും തന്നു .. കുഴപ്പമൊന്നുമില്ല  പൊയ്ക്കോളാൻ  പറഞ്ഞു. ധാരാളം വെള്ളം കുടിക്കാനും പറഞ്ഞു. എനിക്കാശ്വാസമായി. നാലരയായപ്പോഴേക്കും  ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി. 


ഇന്ന് ഒക്ടോബർ 24 . അതിപ്രശസ്തമായ,  രൺതംഭോറിലെ വന്യമൃഗസംരക്ഷണകേന്ദ്രം സന്ദർശിക്കുന്നതിനാണ് ഇവിടേയ്ക്ക് വന്നിരിക്കുന്നത്. അഞ്ചുമണിക്ക് പ്രത്യേകവാഹനത്തിലാണ് അവിടേക്കു  പോകേണ്ടത്.  അതിരാവിലെ സഫാരിപോയാലേ മൃഗങ്ങളെക്കാണാൻ കഴിയൂ. ചേട്ടന് എന്തായാലും ആ യാത്ര സാധിക്കില്ല. അതുകൊണ്ടു ഞങ്ങൾ കോട്ടേജിൽത്തന്നെ കഴിയാമെന്നുവെച്ചു. പത്തുമണിയോടെ അവർ മടങ്ങിയെത്തും. അല്പനേരത്തെ വിശ്രമത്തിനുശേഷം ജയ്‌പ്പൂരിലേക്കു പോകണം. രണ്ടുരാത്രി ജയ്പൂരിലെ ഹോട്ടലിൽ താമസം. 26 നു മുംബൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കണം. 


ആശുപത്രിയില്നിന്നു വന്നശേഷം ചേട്ടന് കൂടുതൽ അവശതയായി. ചായയും കാപ്പിയും വെള്ളവും ഒക്കെ കൊടുത്തു. ഒന്നും കുടിച്ചില്ല. പ്രഭാതഭക്ഷണവും കഴിച്ചില്ല. ഞാൻ പറയുന്നതൊന്നും ഗൗനിക്കുന്നില്ല. റിസോർട് ഏതാണ്ട് വിജനമായതുപോലെ. ഇടയ്ക്കു രാജര്ഷി വിളിച്ചു. പ്രാതൽ കഴിക്കണമെന്നു നിർബ്ബന്ധമായി പറഞ്ഞു. ചേട്ടനിങ്ങനെ കിടക്കുമ്പോൾ എനിക്കെങ്ങനെ കഴിക്കാൻ തോന്നും. ഒരു ഇഡലി എടുത്തുവെച്ചെങ്കിലും മുഴുവൻ കഴിച്ചില്ല. ഒമ്പതേമുക്കാൽ ആയപ്പോഴേക്കും സഫാരി  പോയവരൊക്കെ മടങ്ങിയെത്തി. അപ്പോഴേക്കും ചേട്ടൻ ഏതാണ്ട് അബോധാവസ്ഥയിലായി. ഈ അവസ്ഥയിൽ ജയ്പൂറിനു പോകാൻ കഴിയില്ലെന്നുറപ്പാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേ മതിയാകൂ. 


വീണ്ടും രാജേഷ് ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു. സവായ് മാധവ്‌പൂരിലെ ഏറ്റവും നല്ല ഡോക്ട്ടർ ആയ സുമിത് ഗാർഗിന്റ ഹോസ്പിറ്റലിൽ പോകാൻ ആരോ നിർദ്ദേശിച്ചു. ഇരിക്കാവുന്ന അവസ്ഥയിലല്ലാത്തതുകൊണ്ടു  ആംബുലൻസിൽ പോകാനേ കഴിയൂ. ഉടൻതന്നെ ആംബുലൻസ് വിളിച്ചു. ഒരുമണിക്ക് യാത്രാസംഘം ജയ്പൂരിലേക്കു പോകും. പരിചയമില്ലാത്ത സ്ഥലത്ത് എന്നെ തനിച്ചാക്കാതിരിക്കാൻ ടൂർമാനേജർമാരിൽ ഒരാൾ എന്നോടൊപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. കല്പക് എന്റെകൂടെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പോന്നു. മുൻപുപോയ  ആശുപത്രിയിൽനിന്നു കുറേക്കൂടി ദൂരെയായിരുന്നു ഡോ. ഗാർഗിന്റെ ആശുപത്രി. സാമാന്യം വലിയൊരാശുപത്രിയായിരുന്നു. എന്തായാലും അവിടെ അഡ്മിറ്റ് ചെയ്ത് സലൈൻ കൊടുക്കാൻ തുടങ്ങി. കൂടെ മരുന്നുകളും. അപ്പോൾ 102ഡിഗ്രി പണിയുമുണ്ടായിരുന്നു.  ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ സോയൽ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 


ചേട്ടന് പതിയെ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലായി. രാത്രിതന്നെ ആംബുലൻസിൽ ജയ്പൂർക്കു പോകാമെന്നായി കല്പക്. ഇവിടെ നല്ല ആശുപത്രികൾ ഇല്ലായെന്നുതന്നെ പറയാം. എന്തിന്‌, നല്ലൊരു മെഡിക്കൽ ഷോപ് പോലുമില്ല.  കൂടുതൽ നല്ല വൈദ്യസഹായം കിട്ടാൻ  ജയ്പൂർതന്നെ നല്ലത്.  രാത്രിയെട്ടുമണിയോടെ ഡിസ്ചാർജ് വാങ്ങി ഞങ്ങൾ റിസോർട്ടിലേക്കു പോന്നു. അതുവരെ ഞാനും ചേട്ടനും ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഞങ്ങൾക്ക് കിച്ചടി തയ്യാറാക്കിവെയ്ക്കാൻ റിസോർട്ടിൽ പറഞ്ഞിരുന്നു. ഹോട്ടലിലെത്തി കുളിച്ച് അല്പം ആഹാരവും കഴിച്ച് രാത്രി  പത്തുമണിയോടെ ഞങ്ങൾ റിസോർട്ടിൽനിന്നു യാത്രയായി. രാവിലെവന്ന ആംബുലൻസ് ഡ്രൈവറുടെ ബന്ധുവായിരുന്നു ഇത്തവണ വന്നത്. ഒന്നരയായപ്പോൾ ജയ്പൂരിലുള്ള ഹോട്ടലിലെത്തി. അപ്പോഴേക്കും ചേട്ടന്റെ പനിമാറി വിയർത്തിരുന്നു. എങ്കിലും അവശനിലയിൽത്തന്നെ. നേരം വെളുത്തപ്പോഴേക്കും കുറച്ചൊരു ഭേദംവന്നു. കുറച്ചു  ചായകുടിക്കുകയും ചെയ്തു. വേറെ ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല എന്നുറപ്പായി.  പക്ഷേ സംഘത്തോടൊപ്പം കാഴ്ചകൾ കാണാൻപോകാൻ കഴിയുമായിരുന്നില്ല. അതിനാൽ ഞങ്ങൾ മുറിയിൽത്തന്നെയിരുന്നു. അവർ എല്ലാവരും പിങ്ക്സിറ്റിയുടെ മായകാഴ്ചകളിലേക്ക് പോയി. 


ഒമ്പതുമണിവരെയും ചേട്ടൻ ഉറക്കമായിരുന്നു. അതിനുശേഷം ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി. കുറേശ്ശെ നില ഭേദപ്പെട്ടുവന്നു. ഇടയിൽ പലതവണ രാജേഷ് വിളിച്ചിരുന്നു. മുറിയിൽ ഭക്ഷണമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. വൈകുന്നേരം അവരെത്തിയപ്പോഴേക്കും ചേട്ടന് വളരെ മാറ്റം വന്നിരുന്നു. പിറ്റേദിവസം ഫ്ലൈറ്റ് യാത്രയ്ക്ക് തടസ്സമില്ല എന്ന അവസ്ഥയായി. അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ 10 മണിയുടെ ഫ്ലൈറ്റ് ആയിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. പന്ത്രണ്ടരയായപ്പോൾ മുംബൈയിൽ വിമാനമിറങ്ങി. മൂന്നരയായപ്പോൾ കല്യാണിലെ വീട്ടിലെത്തി. ആശങ്കയുടെ 64 മണിക്കൂറുകൾക്കു വിരാമമിട്ട് ആശ്വാസത്തോടെ വീട്ടിൽ. പല കാരണങ്ങളാൽ അവിസ്മരണീയമായ ഒരു യാത്രയുടെ പരിസമാപ്തി. 

No comments:

Post a Comment