പരിപ്പുവട
========
വടകളിൽ രാജാധിരാജനാകും
വടയോ, പരിപ്പിൻവടയതത്രേ!
രുചിയിൽ ബഹുകേമൻ പരിപ്പുവട
കറുമുറെത്തിന്നാൽ മതിവരില്ല.
ഒരുകപ്പുകട്ടനും മഴയുമുണ്ടേൽ
വടയെത്ര തിന്നെന്ന ചോദ്യമില്ല.
കഥയൊക്കെയിങ്ങനെയാണെങ്കിലും
ഇവനൊരു 'ശനി'യാകും ചിലനേരത്ത്
വായുവിൻകോപമിവന്റെയൊപ്പം
വന്നുകേറും ചില കുമ്പകളിൽ
പിന്നെയെരിപിരി പാച്ചിലാകും
പൂരം നടക്കുന്നപോലെയാകും
*========*=======*=======*=======*=======*
വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന
വടയതിൻ പേരാണുഴുന്നുവട.
ഏത്തപ്പഴം മാവിൽ മുക്കിപ്പൊരിക്കുന്ന
സ്വാദിഷ്ഠമാകും പഴംപൊരിയും,
മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ
ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.
മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു
ഉള്ളിവടയതുണ്ടാക്കുമല്ലോ.
ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന
സ്വാദേറും സുഖിയനുമെത്ര കേമൻ!
ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ
മുംബയിൽ കിട്ടും വടാപ്പാവുപോൽ
സർവ്വജനത്തിനും നിത്യവും പഥ്യമാം
ഭക്ഷ്യപദാർത്ഥം വേറില്ലയീ ഭൂവിതിൽ
No comments:
Post a Comment