Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!


No comments:

Post a Comment