തുല്യജോലിക്ക് തുല്യവേതനം
വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട സ്ഥിരതയില്ലാത്ത നിലപാടുകൾ.
ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന് പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)).
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും ഈ ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '. ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി.
നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു ലിംഗഭേദം ഘടകമാകുന്നതേയില്ല. വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം. നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും. അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം.
സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത , പ്രവൃത്തിപരിചയം എന്നിവയെക്കാൾ താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു. മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി ഒരു പുതുമുഖതാരം വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം. ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.
അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച് കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല.