ഗുജറാത്തിലെ അഡാലജ് നി വാവ്
------------------------------------------------
ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്. നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. ) നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം, കൃത്യമായ സ്ഥാനവും അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്. ഗുജറാത്തിൽത്തന്നെ നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി, ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു.
അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ് പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്. ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ അഞ്ചുകിലോമീറ്റർ ദൂരം)
പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ. 1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ് ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്.
വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ! മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു. അങ്ങനെ കിണർ നിർമ്മിച്ച ആ വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്)
No comments:
Post a Comment