പുഷ്കർ
മൂന്നുമണി കഴിഞ്ഞിരുന്നു. ചിറ്റോർഗഡിൽനിന്നു പുഷ്കറിലേക്കുള്ള യാത്രയിലാണ് NH48. അഞ്ചുമണിക്കൂറോളം യാത്രയുണ്ട് . ചിറ്റോറിലെ കളക്ട്രേറ്റിന്റെ സമീപംവന്നപ്പോൾ ദാണ്ഡി യാത്രയുടെ കറുത്ത ശിൽപം വഴിയോരത്തുകണ്ടു. ഡൽഹിയും ഈ ശിൽപം കാണാം. പഴയ അഞ്ഞൂറുരൂപനോട്ടിൽ ആ ശില്പത്തിന്റെ ചിത്രമുണ്ടായിരുന്നല്ലോ. അവിടംകടന്നു സുന്ദരമായ റോഡിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു. ഇരുവശവും തനതുരാജസ്ഥാൻ കാഴ്ചകൾതന്നെ. അങ്ങുദൂരെയായി ഏതൊക്കെയോ വലിയതടാകങ്ങൾ കണ്ടിരുന്നു. രാജസ്ഥാൻ മരുഭൂമിയിൽ ഹരിതാഭയൊരുക്കാൻ ഈ ജലസംഭരണികൾ നന്നായി സഹിയ്ക്കുന്നു എന്ന് പരുത്തിയും ചോളവും കരിമ്പും പൂക്കളും വിളയുന്ന കൃഷിയിടങ്ങളും തെളിയിക്കുന്നുണ്ട്. ചില മലകളിൽ കോട്ടകളും കാണാൻ കഴിഞ്ഞിരുന്നു. അഞ്ചരകഴിഞ്ഞപ്പോൾ വിജയവാഗർ എന്ന സ്ഥലത്തെ മേവാർ കിംഗ് എന്ന ഹോട്ടലിൽനിന്ന് ചായയും സമോസയുമൊക്കെ കഴിച്ചു. പിന്നീടുള്ള പാത അല്പം മോശം അവസ്ഥയിലുള്ളതായിരുന്നു. നേരം ഇരുട്ടിയാസമയത്താണ് അജ്‌മീറിൽ എത്തിയത്. അവിടെയുള്ള വലിയ തടാകക്കരയിലൂടെ അജ്‌മീർ പട്ടണം കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. തീരത്തെ വഴിവിളക്കുകളുടെ പ്രതിഫലനം തടാകത്തിനു സ്വർഗ്ഗീയസൗന്ദര്യം പകർന്നു. ഇവിടെ ഞങ്ങൾ സന്ദർശനത്തിനായി ഇറങ്ങുന്നില്ല. പക്ഷേ വർഷങ്ങൾക്കുമുമ്പ് അജ്‌മീർദർഗ്ഗയിൽ ദർശനം നടത്തിയത് ഇപ്പോഴും നന്നായി ഓർമ്മയുണ്ട്. ഒരുപക്ഷെ ഇത്രയേറെ തിരക്കുള്ള മറ്റൊരു ആരാധനാകേന്ദ്രത്തിലും ഞാൻ പോയിട്ടില്ല എന്നാണ് തോന്നുന്നത്. അന്ന് മോനെ തിരക്കിൽനിന്നു കിട്ടിയത് ഈശ്വരാനുഗ്രഹം എന്നെ പറയാനുള്ളു. മണ്ണെറിഞ്ഞാൽ താഴെപതിക്കാത്തവിധത്തിലുള്ള ജനത്തിരക്കായിരുന്നു അവിടെ.
അജ്‌മീറിൽനിന്നു ഒരു മലയിലേക്കുള്ള കയറ്റമായിരുന്നു. പിന്നീട് ഒരിറക്കവും . ഡ്രൈവർക്ക് വഴി അത്ര നിശ്ചയമില്ലാത്തതുപോലെ തോന്നിയിരുന്നു. ഏതോ ഒരു ട്രാഫിക് ചെക്ക്പോസ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞ വഴിയിലൂടെയായിരുന്നു യാത്ര. പക്ഷേ ഞങ്ങൾക്ക് താമസമൊരുക്കിയിരുന്ന ഹോട്ടലിന്റെ അടുത്തെത്തിയപ്പോൾ വഴിയാകെ തടസ്സം. വളരെ ഇടുങ്ങിയ ഒരു വളവുതിരിഞ്ഞുവേണം ഹോട്ടലിലേക്കുള്ള വഴിയിലെത്താൻ. പക്ഷേ ബസ്സ് തിരിയാനുള്ള സ്ഥലമില്ല. ഒരുവലിയ മതിൽക്കെട്ടാണ്. ഡ്രൈവർ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ നിർഭാഗ്യമെന്നേ പറയേണ്ടു, ബസ്സ് തിരിഞ്ഞപ്പോൾ ഒരുവശം മതിലിടിച്ച് ഗ്ലാസ് പൊട്ടിത്തകർന്നു. ചില്ലുകൾ സീറ്റുകളിൽ പതിച്ചെങ്കിലും ആർക്കും അപകടമൊന്നും സംഭവിക്കില്ല. അവിടെ ഇറങ്ങി എല്ലാവരും നടന്നുതന്നെ ഹോട്ടലിലെത്തി. ഇരുനൂറുമീറ്ററിൽ താഴെ ദൂരമേ നടക്കാനുണ്ടായിരുന്നുള്ളു. ഞങ്ങളെത്തുമ്പോഴേക്കും ലഗ്ഗേജ് ഹോട്ടലിന്റെ വാഹനത്തിൽ കൊണ്ടുവന്നു റൂമുകളിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരുന്നു. രാജസ്ഥാനിലെ തനതുവിജ്ഞാവമായ മലപോവയും ചേർന്ന ഗംഭീരമായ അത്താഴത്തിനുശേഷം സുഖമായി ഉറങ്ങി.
പതിവുപോലെ അതിരാവിലെ ഉണർന്നു ഞങ്ങൾ നടക്കാനിറങ്ങി. അടുത്തുതന്നെ മറ്റുചില ഹോട്ടലുകളും എതിർവശത്ത് മതിൽക്കെട്ടിനകത്ത് ഒരു വനപ്രദേശവുമാണ്. വലതുഭാഗം പട്ടണഭാഗമാണെന്നുതോന്നിയതുകൊണ്ടു ഞങ്ങൾ ഇടതുഭാഗത്തെ വഴിയിലൂടെ ഞങ്ങൾ നടന്നു. ഏതാനും ഹോട്ടലുകൾ കഴിഞ്ഞപ്പോൾ പിന്നെ വിജനമായ നട്ടുവഴിയിയായി. ഇരുവശത്തും പൊട്ടിപ്പൊളിഞ്ഞ മതിലുകൾക്കപ്പുറത്ത് പൊന്തക്കാടുകളും ദൂരെയായി ചില കെട്ടിടങ്ങളും കാണാൻ കഴിഞ്ഞു. അങ്ങനെ നടക്കവേ മയിലിന്റെ കൂവൽ പലയിടത്തുനിന്നും കേൾക്കന്നുമുണ്ടായിരുന്നു. പക്ഷേ ഒന്നിനെയും കണ്ടതുമില്ല. പിന്നെയും കുറേദൂരം നടന്നപ്പോൾ ഒരു ക്ഷേത്രത്തിലാണെത്തിയത്. അതിനുഅപ്പുറം വേറെയും ക്ഷേത്രങ്ങളും വീടുകളുമൊക്കെ കണ്ടു. അപ്പോഴേക്കും കാലികളെ മേച്ചുകൊണ്ടു ബലന്മാരും മുതിർന്നവരുമൊക്കെ പലദിക്കുകളിൽ നിന്ന് പാതയിലേക്ക് വന്നുകൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ ഓരത്തുകൂടിയുള്ള ഇടവഴിയിലൂടെ ഞങ്ങൾ നടന്നു. വഴിയുടെ മറുഭാഗത്ത് കാട്ടുപ്രദേശമാണ്. അതിന്റെ പൊട്ടിപ്പൊളിഞ്ഞ മതിലിനരികിലൂടെയായിരുന്നു ഞങ്ങൾ മുമ്പേ നടന്നുവന്നത്. പെട്ടെന്നാണ് ഒരു സുന്ദരമായ കാഴ്ച കണ്ണിലുടക്കിയത്. കാട്ടിലെ പലമരങ്ങളിലും കൊമ്പുകളിൽ മയിലുകളിരിക്കുന്നു. ഒറ്റയ്ക്കും ഇണകളായും അവരങ്ങനെ ചുറ്റുപാടും വീക്ഷിക്കുകയാണ്. ഇങ്ങനെയൊരു കാഴ്ച ജീവിതത്തിലാദ്യമായാണ് കാണുന്നത്. ഹോ! ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുറേസമയം നോക്കിനിന്നു. കാമറ എടുത്തിരുന്നില്ല . എങ്കിലും മൊബൈലിൽ ചിത്രങ്ങളെടുത്തു. എട്ടുമണിക്ക് ഞങ്ങൾക്ക് ഹോട്ടലിൽനിന്ന് പോകേണ്ടതുണ്ട്. അതിനാൽ മനസ്സില്ലാമനസ്സോടെ മടങ്ങി. പഴമതിൽക്കെട്ടിനകത്തെ പൊന്തക്കാട്ടിൽ അതാ നിൽക്കുന്നു നാലഞ്ച് മയിലുകൾ. മൂന്നെണ്ണം പെണ്മയിലുകയിരുന്നു. ഞങ്ങൾക്കണ്ടതേ അവർ തിടുക്കത്തിൽ പൊന്തക്കാട്ടിൽ ഒളിച്ചു. അൽപനേരം കാത്തതിനുശേഷം ഞങ്ങൾ മുമ്പോട്ടുനടന്നു. അപ്പോഴേക്കും മറ്റുപക്ഷികളും രംഗത്തെത്തിയിരുന്നു. പേരറിയുന്നതും അറിയാത്തതുമായ നിരവധി പക്ഷികൾ മതിലിനുമുകളിലും മരങ്ങളിലും കറണ്ട്കമ്പികളിലും. അങ്ങനെ സമൃദ്ധമായ പ്രഭാതക്കാഴ്ചകളുടെ സംതൃപ്തിയുമായി ഞങ്ങൾ ഹോട്ടലിലെത്തി. പ്രാതൽകഴിഞ്ഞപ്പോഴേക്കും പുറപ്പെടാനുള്ള സമയമായി. ഇന്ന് മറ്റൊരുബസ്സും പുതിയ സാരഥികളുമാണ്. യാത്ര പുഷ്‌കർത്തടാകത്തിലേക്കാണ്. അതിനുശേഷം ബ്രഹ്മാക്ഷേത്രദർശനവും നടത്തണം.
സൗന്ദര്യത്തിനൊപ്പം ആത്മീയതയ്ക്കും പ്രാധാന്യമുള്ളൊരു മനുഷ്യനിർമ്മിതതടാകമാണ് പുഷ്കർ തടാകം. നാഗ്പർബത് എന്ന മലനിര തടാകത്തെ അജ്‌മീറിൽനിന്നു വേർതിരിക്കുന്നു. ബ്രഹ്മദേവന്റെ കൈയിലെ താമരപ്പൂവെന്നാണ് പുഷ്കർ എന്ന പേര് സൂചിപ്പിക്കുന്നത്. പദ്മപുരാണപ്രകാരം തന്റെ പുത്രന്മാരെ വധിക്കാനെത്തിയ വജ്രനാഭ എന്ന രാക്ഷസനെ വധിക്കാനായി ബ്രഹ്മാവ് ഉപയോഗിച്ച താമരപ്പൂവില്‍ നിന്ന് കൊഴിഞ്ഞ മൂന്നിതളുകൾ ഭൂമിയിൽ പതിച്ചതിന്റെ അനന്തര ഫലമായാണ് ഈ തടാകം ഉണ്ടായിത്തീര്‍ന്നത് എന്നാണു ഐതിഹ്യം. ഓരോയിതളുകളും പതിച്ചയിടങ്ങളിൽനിന്ന് ജലസ്രോതസ്സുകളുണ്ടായി തടാകങ്ങൾ രൂപപ്പെട്ടു. അവ ജ്യേഷ്ഠപുഷ്കർ, മദ്ധ്യപുഷ്കർ, കനിഷ്ഠപുഷ്കർ എന്നറിയപ്പെട്ടു. ത്രിമൂർത്തികൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൂന്നുതടാകങ്ങളും ഒന്നുചേർന്നതാണ് പുഷ്കർ തടാകം. സരസ്വതിനദിയുടെ സാന്നിധ്യവും ഈ പുണ്യതീർത്ഥത്തിലുണ്ടന്നാണ് മറ്റൊരു വിശ്വാസം.
ഹിന്ദുമതസംഹിതകളിൽ പ്രധാനപഞ്ചതീർത്ഥങ്ങളിൽ തീർത്ഥരാജ് എന്നാണ് പുഷ്കർതടാകം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. രാമായണത്തിലും മഹാഭാരതത്തിലും ആദിതീർത്ഥം എന്ന് പരാമര്ശിച്ചിരിക്കുന്നതും പുഷ്‌കർത്തടാകംതന്നെ. മൂന്നുഭാഗവും മലകളുള്ള, അർദ്ധവൃത്താകൃതിയുള്ള, ഈ പവിത്രതടാകത്തിൽ 52സ്നാനഘട്ടങ്ങളുണ്ട്. അവയിൽ പ്രധാനമായവ ബ്രഹ്മഘട്ടും ഗുരുഘട്ടുമാണ്. ബ്രഹ്മഘട്ടിൽ ബ്രഹ്മാവ് സ്വയം ഒരു യജ്‌ഞം നടത്തിയതത്രേ! ഗുരുഘട്ടിൽ മഹാത്മജി, നെഹ്‌റു, ലാൽബഹാദൂർശാസ്ത്രി എന്നിവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിരുന്നു. തടാകത്തിൽ ഒന്നു മുങ്ങിക്കുകുളിക്കുന്നത് നൂറു വർഷത്തെ പ്രാർഥനയ്ക്കും തപസ്സിനും തുല്യമാണത്രേ! ചുറ്റുമായി മുന്നൂറിലധികം ക്ഷേത്രങ്ങളുമുണ്ട്. കാര്‍ത്തികപൂര്‍ണിമദിവസം ഈ തടാകത്തില്‍ മുങ്ങി നിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കും എന്നാണു സങ്കല്പം. എല്ലാ പാപവും മാത്രമല്ല ത്വഗ്രോഗങ്ങളും ഇവിടെ മുങ്ങിക്കുളിക്കുന്നവരില്‍നിന്ന് വിട്ടുപോകുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ഐതിഹ്യം അങ്ങനെയെങ്കിലും ചരിത്രഭാഷ്യം ഇങ്ങനെ. ബിസി നാലാം നൂറ്റാണ്ടിലെ ചില നാണയങ്ങളിലും ബി സി രണ്ടാംനൂറ്റാണ്ടിലെ സാഞ്ചിഫലകങ്ങളിലും തടാകത്തിന്റെ പരാമർശം ഉണ്ടായിരുന്നത്രേ! എ ഡി അഞ്ചാം നൂറ്റാണ്ടിൽ ചീനസഞ്ചാരിയായിരുന്ന ഫാഹിയാനും പുഷ്കർതടാകത്തെക്കുറിച്ചു തന്റെ കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് എവിടെയും ഈ തടാകത്തെക്കുറിച്ചു കേട്ടറിവില്ല. എന്നാൽ ഒമ്പതാം നൂറ്റാണ്ടിൽ രാജപുത്രരാജാവായിരുന്ന നെഹർ റാവു പരിഹർ നായാട്ടിനിടെ ഒരു മാനിന്റെ പിന്നാലെപാഞ്ഞ് വനത്തിലെ തടാകതീരത്തെത്തി. ക്ഷീണിതനായ അദ്ദേഹം തടാകത്തിലിറങ്ങി കൈക്കുമ്പിളിൽ ജലം കോരിക്കുടിച്ചു. അദ്‌ഭുതമെന്നേ പറയേണ്ടൂ, അദ്ദേഹത്തിന്റെ കൈകളിലെ പാണ്ടുരോഗം മാറിയത്രേ! പിന്നീട് അദ്ദേഹമാണ് തടാകത്തിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിച്ചത്.
വാഹനം പാർക്കുചെയ്തിടത്തുനിന്നു കുറച്ചുദൂരം നടക്കാനുണ്ട് തടാകത്തിലേക്ക്. ഗൈഡും ഒപ്പമുണ്ട്. പക്ഷേ ടൂർ മാനേജർ രാജേഷ് നേരത്തെതന്നെ പറഞ്ഞിരുന്നു ഇവിടെ പിതൃപൂജകൾക്കും മറ്റുമായി പണ്ഡിത് ഉണ്ടാകും. ഗൈഡ് അതിനൊക്കെ നിർബ്ബന്ധിച്ചേക്കാം. നല്ല പണച്ചെലവുമുണ്ടാകും. പൂർണ്ണസമ്മതമെങ്കിൽ മാത്രം പൂജകളും മറ്റും ചെയ്താൽമതി. അവരുടെ മുമ്പിൽവെച്ച് ഇതൊന്നും ടൂർ മാനേജർമാർക്ക് പറയാൻ കഴിയില്ല. രാജേഷ് പറഞ്ഞതുപോലെതന്നെ ഗൈഡ് കഥകളൊക്കെപ്പറഞ്ഞു പൂജകൾക്കായി പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ തടാകക്കരയിൽ കല്പടവുകളിറങ്ങി അതിനായിപ്പോയി. ശ്രീരാമൻപോലും പിതൃബലി നടത്തിയത് ഇവിടെയാണത്രേ! ഞങ്ങൾ പടവുകളിറങ്ങി തടാകത്തിലെ ജലനിരപ്പിലെത്തി. പുണ്യതീർത്ഥമാണെകിലും ജലമാകെ മലിനമാണ്. അതുകൊണ്ടു കാലുനനച്ചു അല്പം ജലമെടുത്തു നിറുകയിലിറ്റിച്ചു തിരിച്ചുകയറി. കച്ചവടക്കാരുടെ ബാഹുല്യമാണ് എവിടെയും. പത്തുദിനംകഴിഞ്ഞാൽ കാർത്തികപൗർണ്ണമിയാണ്. ദിവാളിഉത്സവവും പുഷ്‌കർമേളയും ഒക്കെ നടക്കുന്ന സമയം. അതിനായുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നുണ്ട്. രാജപുത്രരുടെ കത്തിയും വാളും തലപ്പാവും മുതൽ ഭക്ഷണസാധനങ്ങൾവരെ വില്പനയ്ക്കുണ്ട്. ഷോപ്പിംഗിനു താല്പര്യമുള്ളവർക്ക് നല്ലൊരവസരമാണിവിടെ. അമിതവിലയില്ലാതെ ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടാം. എല്ലാവരും പൂജകൾനടത്തിവന്നശേഷം പ്രസിദ്ധമായ ബ്രഹ്മക്ഷേത്രത്തിലേക്കാണ് പോയത്. ലോകത്തെ ആകെയുള്ള ബ്രഹ്മാക്ഷേത്രമാണ് പുഷ്കറിലുള്ളത്. അതിന്റെപിന്നിൽ പല ഐതിഹ്യങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു കഥ ഇങ്ങനെ:- രാക്ഷസനിഗ്രഹത്തിനുശേഷം പുഷ്കർ തടാകക്കരയിൽ ബ്രഹ്മാവ് ഒരു യജ്‌ഞം നടത്തയുകയുണ്ടായി. ആ സമയം അദ്ദേഹത്തോടൊപ്പം ഉപവിഷ്ടയാകാൻ ധർമ്മപത്നിയായ സാവിത്രിദേവിക്ക് സാധിക്കാത്തതുകൊണ്ടു ബ്രഹ്മാവ് സമീപപ്രദേശത്തെ ഗായത്രി എന്നൊരു ഗുജ്ജർകർഷകകന്യകയെ വിവാഹംചെയ്തു സമീപമിരുത്തി. സാവിത്രിദേവി എത്തിയപ്പോൾ ബ്രഹ്മവിനടുത്ത് ഗായത്രി ഇരിക്കുന്നത് കണ്ടു. കോപിഷ്ഠയായ ദേവി ബ്രഹ്മാവിനെ ശപിച്ചു. പുഷ്കറിലല്ലാതെ മറ്റൊരിടത്തും ബ്രഹ്മാവിനെ ആരാധിക്കാനിടവരില്ല എന്നായിരുന്നു ശാപം. കോപാകുലയായ് ദേവി അവിടെനിന്നുപോവുകയും ഏകയായി ഒരിടത്തിരിക്കുകയും ചെയ്തു. അവിടെ സരസ്വതിദേവിയുടെ ക്ഷേത്രവും ഇപ്പോൾ ഉണ്ട്.
മറ്റൊരുകഥയിൽ ശിവകോപമാണ് ശാപകാരണം. ഒരഗ്നിസ്തൂപത്തെ കാട്ടി അതിന്റെ ഉദ്ഭവം കണ്ടെത്താൻ മഹേശ്വരൻ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറഞ്ഞു. എന്നാൽ കുറേശ്രമിച്ചശേഷം പരാജയപ്പെട്ടുവെങ്കിലും ബ്രഹ്മാവ് മടങ്ങിയെത്തി അഗ്നിസ്‌തൂപത്തിന്റെ അറ്റം കണ്ടെത്തിയെന്ന് കളവുപറഞ്ഞു. കളവാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയ ശിവഭഗവാൻ മറ്റെവിടെയും ബ്രഹ്മാവിന് ആരാധനാലയങ്ങൾ ഉണ്ടാവില്ലെന്ന് ശപിച്ചുവത്രേ!
മുമ്പ് ഇവിടെ വന്നപ്പോൾ പുഷ്കറിലെ തടാകത്തിലും ക്ഷേത്രത്തിലുമൊക്കെ അഭൂതപൂർവ്വമായ തിരക്കായിരുന്നു. എന്നാൽ ഇത്തവണ കൊറോണയുടെ സ്വാധീനംകൊണ്ടാവാം എവിടെയും തിരക്കുകളൊന്നുമില്ല. വളരെ സൗകര്യമായി ക്ഷേത്രദർശനത്തിനു അവസരം കിട്ടി. അവിടെനിന്നു സംതൃപ്തിയോടെ മടങ്ങുകയായി.
ഇപ്പോൾ പതിനൊന്നുമണിയായിട്ടുണ്ട്. ഇനി പോകേണ്ടത് രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന കിഷൻഗർ എന്ന സ്ഥലത്തേക്കാണ്. ഒരുമണിക്കൂർ യാത്രയുണ്ട് . വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണെങ്കിലും ഇവിടുത്തെ ചരിത്രസ്മാരകങ്ങളൊന്നും ഞങ്ങൾ സന്ദർശിക്കുന്നില്ല. വളരെ വ്യത്യസ്‍തമായ മറ്റൊരു കാഴ്ച ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ യാത്ര. മുന്നൂറേക്കറോളം വിസ്തൃതിയുള്ള ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്. കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ് മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്. രാജ്യത്തെ ഏറ്റവുംപുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര, ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ.
മക്രാനമാർബിളിന്റെ ഏറ്റവും പ്രധാന സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന പൊടി അവശിഷ്ടങ്ങൾ (marble slurry ) ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആളുകൾ താമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വര്ഷങ്ങളേറെ കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ വിസ്തൃതിയും കൂടിവന്നു. ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു.
നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൽഫലകങ്ങൾ കയറ്റിയ വാഹനങ്ങൾ റോഡിലെവിടെയും കാണാം. ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ. കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും അവിടെയുമിവിടെയും ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. (ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും ജലസ്രോതസ്സുകളിലും ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ!)
ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി. ഉച്ചഭക്ഷണത്തിനുശേഷം സവായ് മാധവ്‌പൂരിലേക്ക് പോകണം. അവിടെയുള്ള വിവിഡ് ടൈഗർ കിങ്ഡം എന്ന ഒരു റിസോർട്ടിലാണ് ഇന്ന് തങ്ങേണ്ടത്.