എന്റെ ഗ്രാമം ( കനൽ പോസ്റ്റ് )
----------------------
കാഞ്ചിയാർ
ഏതോ മലമുകളിൽനിന്നുത്ഭവിച്ച്, കുണുങ്ങിയൊഴുകുന്നൊരു കാട്ടരുവിയുടെ ചിത്രചാതുര്യം മനസ്സിൽ വരച്ചിടുന്ന സുന്ദരമായ പേരുപോലെ അതിസുന്ദരമാണ് എന്റെയീ ഗ്രാമം. സഹ്യപർവ്വതമലനിരകൾക്കിടയിലെ ഈ കുടിയേറ്റഗ്രാമത്തിന്റെ ഏതൊരു കാഴ്ചയും ചേതോഹരമാണ്. ഇതെന്റെമാത്രം അഭിപ്രായമല്ലാ, ഇവിടയെത്തുന്ന ഏതൊരാളും പറയുന്നത് കാര്യമാണ്. ഇടുക്കിജില്ലയിലെ ഏതൊരുഗ്രാമവും സൗന്ദര്യത്തിന്റെ പര്യായങ്ങളാണെന്നത് ജില്ലക്കാരായ ഞങ്ങൾക്ക് ഏറെ അഭിമാനമുള്ള കാര്യമാണ്. ഞങ്ങളുടെ ഗ്രാമത്തിലും ചുറ്റുപാടുകളിലുമായുള്ള മനോഹരകാഴ്ചകൾ തേടി ഇന്ന് ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നുമുണ്ട്. അഞ്ചുരുളിയും അയ്യപ്പൻകോവിലും കല്യാണത്തണ്ടുമൊക്കെ സിനിമക്കാരുടയും മറ്റും ഇഷ്ടഷൂട്ടിംഗ് ലൊക്കേഷനുകളാണ്.
ഇടുക്കിജില്ലയിലെ പ്രധാനപട്ടണങ്ങളിലൊന്നായ കട്ടപ്പനയോട് വളരെയടുത്താണെങ്കിലും പട്ടണത്തിരക്കുകളൊന്നുമില്ലാത്ത ശാന്തമായൊരു ജനവാസപ്രദേശമാണിത്. പൂർണ്ണമായും ഒരു കർഷകഗ്രാമം. 1950 കളിലായായിരുന്നു കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ആളുകൾ ഇവിടേക്കു കുടിയേറിപ്പാർത്തത്.
അക്കാലത്തു കാട്ടുപ്രദേശമായിരുന്ന ഇവിടെ അധിവസിച്ചിരുന്നത് മന്നാൻ, ഊരാളി മുതലായ ആദിവാസിവിഭാഗങ്ങളായിരുന്നു. സ്ഥിരതാമസം പതിവില്ലാത്ത ഇക്കൂട്ടരുടെ സ്വൈര്യവിഹാരത്തിനു ഭംഗം വരുത്തിയാണ് നാട്ടുകാർ ഇങ്ങോട്ടേക്കു കുടിയേറിയത്. കഠിനമായ തണുപ്പും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും പകർച്ചവ്യാധികളും ഒക്കെയായിരുന്നു അവരെ നേരിട്ടത്. ഉൾക്കരുത്തൊന്നുകൊണ്ടുമാത്രം എല്ലാപ്രതിസന്ധികളെയും തൃണസമാനമാക്കി അവർ മുന്നേറി. കാടിനെ നാടായി മാറ്റി. വെട്ടിത്തെളിച്ച കാട്ടിൽ, മണ്ണൊരുക്കി വിത്തെറിഞ്ഞു പൊന്നുവിളയിക്കാൻ
അഹോരാത്രം കഠിനാധ്വാനം ചെയ്തു. അവരുടെ സാന്നിധ്യം തങ്ങളുടെ സ്വൈര്യജീവിതത്തോടു പൊരുത്തപ്പെടില്ലെന്നു കണ്ടറിഞ്ഞ ആദിവാസികൾ പുതിയ വാസസ്ഥാനംതേടി കാട്ടിലേക്ക് ഉൾവലിഞ്ഞു. എങ്കിലും അവരോടുള്ള ശ്രദ്ധയും കരുതലും ഗ്രാമവാസികൾ മനസ്സിൽ സൂക്ഷിച്ചിരുന്നു.
ജൂൺമുതലുള്ള മാസങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽകുതിർന്നു പച്ചപുതച്ചുകിടക്കുന്ന ഗ്രാമം കർക്കടകം പെയ്തൊഴിയുന്നതോടെ ഓണപ്പൂക്കളുടെ വർണ്ണശബളിമയിൽകുളിച്ചു നിൽക്കുന്ന കാഴ്ച അവർണ്ണനീയമാണ്. കാലവർഷവും തുലാവര്ഷവും കോരിച്ചൊരിഞ്ഞുകടന്നുപോയാൽ തണുത്തുവിറച്ചു മഞ്ഞുകാലത്തിന്റെ വരവായി. ഡിസംബർ മുതൽ വീശിയെത്തും പ്രിയങ്കരിയായ ജനുവരിക്കാറ്റ്. പതിയെപ്പതിയെ ഗ്രാമത്തിന്റെ പച്ചപ്പുതപ്പിനെ എടുത്തുമാറ്റി ഗ്രീഷ്മം കടന്നുവരും. പ്രകൃതിദേവി അണിയിക്കുന്ന ഏതൊരുടയാടയിലും ഗ്രാമം അതിസുന്ദരിയായി കാണപ്പെടും.
ഇന്ന് ഇവിടുത്തെ പ്രധാനവിള സുഗന്ധവ്യഞജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലം ആണെങ്കിലും കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിൽ ഏലം കാടുകളിൽ മാത്രമായിരുന്നു കൃഷിചെയ്തിരുന്നത്. ആ കാലങ്ങളിൽ കാടുവെട്ടിത്തെളിച്ചു കൃഷിചെയ്യാൻ തുടങ്ങിയപ്പോൾ പ്രധാനവിള സുഗന്ധവ്യഞജനങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന കറുത്തപൊന്നായ കുരുമുളകായിരുന്നു. അതുകൂടാതെ കാപ്പി, ഇഞ്ചി വിവിധയിനം വാഴകൾ, കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങു്, വിവിധയിനം പച്ചക്കറികൾ എന്നുവേണ്ട, എല്ലാം കൃഷിചെയ്തിരുന്നു. മാവും പ്ലാവുമുൾപ്പെടയുള്ള ഫലവൃക്ഷങ്ങളും തൊടികളിൽ നിറഞ്ഞിരുന്നു. ധാരാളം മലകൾ ഉള്ളതുകൊണ്ട് അവയ്ക്കിടയിൽ താഴ്‌വാരപ്രദേശങ്ങളിലെ ചതുപ്പുകളിൽ നെൽകൃഷിയും നല്ലതോതിൽ നടത്തിവന്നു. ഈ വയലുകളിൽ രണ്ടുതവണ കൃഷിയിറക്കാൻ കഴിഞ്ഞിരുന്നു. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ച്, കലഹങ്ങളും സ്പർദ്ധയുമില്ലാതെ, ഒത്തൊരുമിച്ചു കൃഷിപ്പണികളും വിളവെടുപ്പും വിളസംസ്കരണവുമൊക്കെ ആഘോഷങ്ങളാക്കിയിരുന്ന നിഷ്കളങ്കരായ ഒരുകൂട്ടം പച്ചമനുഷ്യരുടെ മണ്ണിലെ വിണ്ണായിരുന്നു ഈ ഗ്രാമം.
കാലം കടന്നുപോകേ, കൃഷിരീതികളും ജീവിതരീതികളും മാറിക്കൊണ്ടേയിരുന്നു. നെൽകൃഷി പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. കൂടുതൽ സാമ്പത്തികലാഭം കൊണ്ടുവരുന്ന ഏലകൃഷി മറ്റെല്ലാവിളകളെയും പിൻതള്ളി. സ്വന്തംതൊടിയിൽനിന്നുതന്നെ ഭക്ഷണം കണ്ടെത്തിയിരുന്ന ഗ്രാമവാസികൾക്ക് ഇന്ന് എല്ലാം കടകളിൽനിന്നു വാങ്ങേണ്ടിവരുന്നു. ഒരുകാലത്ത് ഇവിടെ അങ്ങേയറ്റം ശുദ്ധമായിരുന്ന അന്തരീക്ഷവായുവും ജലസ്രോതസ്സുകളും ഇന്ന് ഏലക്കൃഷിക്കുപയോഗിക്കുന്ന കീടനാശിനികളും വളപ്രയോഗങ്ങളും കാരണം ഏറെ മലീമസമായിരിക്കുന്നു എന്നും ദുഖത്തോടെ പറയേണ്ടിവരുന്നു. ഈ വിഷപ്രയോഗങ്ങൾമൂലം വർഷങ്ങൾക്കുമുമ്പുതന്നെ ഇവിടെ കാൻസർ രോഗികളുടെ എണ്ണം ഭയജനകമാംവിധം വർദ്ധിച്ചിരുന്നു. കേരളത്തിന്റെ കാൻസർ പഞ്ചായത്ത് എന്ന പേരുപോലും എന്റെ ഗ്രാമത്തിനു വീണുകിട്ടിയിരുന്നു. എല്ലാ തിരിച്ചറിവുകളും എല്ലാവർക്കുമുണ്ടെങ്കിലും എന്തുകൊണ്ടോ കീടനാശിനിയെന്ന മാരകവിപത്തിൽനിന്നു നാടിനെ രക്ഷിക്കാൻ ഇവിടുത്തെ കർഷകർ വിമുഖത കാണിക്കുന്നു എന്നത് ഏറെ വേദനാജനകമായൊരു യാഥാർത്ഥ്യമായി ഇന്നവശേഷിക്കുന്നു.
എന്റെ ഓർമ്മയുടെ അങ്ങേത്തലക്കലെ ഗ്രാമക്കാഴ്ചയിൽ ഇല്ലായ്മകളുടെ ധാരാളിത്തമാണ്. വിദ്യുച്ഛക്തി ഒരു കേട്ടുകേഴ്‌വിമാത്രം. ഇവിടുത്തെ വാഹനഗതാഗതയോഗ്യമായ പ്രധാനപാതപോലും ടാർ ചെയ്തിരുന്നില്ല. ഉരുളൻകല്ലുകൾനിറഞ്ഞ വീതികുറഞ്ഞറോഡിൽ വല്ലപ്പോഴും ഓടിമറയുന്ന ബസ്സുകളും ലോറികളും കാളവണ്ടികളും. അടുത്തപ്രദേശങ്ങളിലേക്കൊക്കെ പോകുന്നത് ട്രിപ്പടിക്കുന്ന ജീപ്പുകളിലായിരുന്നു. ഉള്ളിൽ കുത്തിനിറച്ച യാത്രക്കാർക്കുപുറമെ ജീപ്പിന്റെ പിന്നിൽ തൂങ്ങിനിൽക്കാനും കുറേപ്പേരുണ്ടാകും. അന്ന് ഗ്രാമത്തിൽ രണ്ടു പ്രാഥമികവിദ്യാലയങ്ങൾ മാത്രം. ഹൈസ്‌കൂളാകട്ടെ അടുത്തപ്രദേശങ്ങളായ നരിയംപാറയിലും കട്ടപ്പനയിലും. ഒരു പോസ്റ്റ് ഓഫീസ് മാത്രമായിരുന്നു മറ്റൊരു സർക്കാർസ്ഥാപനം. കുട്ടികൾക്ക് മലകൾ കയറിയിറങ്ങി മണിക്കൂറുകളോളം നടക്കണമായിരുന്നു വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ. എങ്കിലും ഇവിടുത്തെ കുട്ടികൾ എല്ലാ പരധീനതകളും മറന്ന് വിദ്യാഭ്യാസം നേടുന്നതിൽ ഏറെ ശ്രദ്ധചെലുത്തി. അതിലൂടെ അവർ ജീവിതവിജയങ്ങൾ കൊയ്തെടുത്തു. ഗ്രാമം പുരോഗതിയുടെ പാതയിൽ കുതിച്ചുപാഞ്ഞു.
ആദ്യകാലങ്ങളിൽ ഗ്രാമത്തിന്റെ പുരോഗതിക്കും സാംസ്കാരികോന്നമനത്തിനുമായി ഗ്രാമവാസികളിലെ പ്രമുഖർ ജാതിമതഭേദമെന്യേ ഒത്തൊരുമിച്ചിരുന്നു. (അതിലൊരു പ്രമുഖസ്ഥാനം ഇവിടുത്തെ ട്രൈബൽസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന എന്റെ പിതാവിനും ഉണ്ടായിരുന്നു എന്നത് അഭിമാനപൂർവ്വം ഞാനോർക്കുന്നു). അതിന്റെയൊക്കെ പ്രതിഫലനമാകാം, കലാസാഹിത്യസാംസ്കാരികരംഗത്തെ അതിപ്രശസ്തരായ അനേകം പ്രമുഖരുടെ നാടായി എന്റെയീ കൊച്ചുഗ്രാമം. നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്തനായ എഴുത്തുകാരൻ ശ്രീ കാഞ്ചിയാർ രാജൻ, സാഹിത്യ,ചലച്ചിത്രരംഗങ്ങളിൽ ധാരാളം അംഗീകാരങ്ങൾ വാരിക്കൂട്ടിയ ബഹുമുഖപ്രഭയായ ശ്രീ കാഞ്ചിയാർ മോഹനൻ , അദ്ദേഹത്തിന്റെ പുത്രനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ശ്രീ മോബിൻ മോഹൻ - ഇവരൊക്കെ ഈ ഗണത്തിൽപ്പെടുന്നു.
വിവാഹശേഷം മുംബൈ എന്ന മഹാനഗരത്തിലേക്കു ജീവിതം പറിച്ചുനടപ്പെട്ടെങ്കിലും മൂന്നുദശാബ്ദത്തിനുശേഷം ഞാനെന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക് മടങ്ങിവന്നിരിക്കയാണിപ്പോൾ. സുന്ദരമായ ഇന്നലകളിലേക്കൊന്നു തിരിഞ്ഞുനടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമത്തിന്റെ മുഖച്ഛായ വളരെയേറെ മാറിപ്പോയെങ്കിലും ഉൾക്കാമ്പിലെ സ്നേഹം ഇന്നുമെനിക്ക് തിരിച്ചറിയാനാകുന്നു എന്നത് ഏറെ ആഹ്ലാദകരം.
എന്റെയീ സുന്ദരഗ്രാമത്തെ കാണാനും അറിയാനും ഹൃദയപൂർവ്വം എല്ലാവരെയും ക്ഷണിക്കുന്നു.