Wednesday, April 24, 2024

തുൽജാ ഭവാനി ക്ഷേത്രം.

 


തുൽജാ ഭവാനി ക്ഷേത്രം. 

---------------------------------------

മഹാരാഷ്ട്രയിലെ രണ്ടാമത്തെ ശക്തിപീഠ ക്ഷേത്രമാണ് ഒസ്മാനാബാദ് ജില്ലയിലെ തുൽജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന തുൽജാ ഭവാനി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ​ കടമ്പ് രാജവംശത്തിലെ മറാത്ത മഹാമണ്ഡലേശ്വര മരദദേവയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.ക്ഷേത്രത്തിന്‍റ നടത്തിപ്പും പൗരോഹിത്യാവകാശവും മരദാദേവയുടെ പിൻഗാമികളായ പാലികർ ഭോപ്പേ വംശത്തിന്‍റെ കൈവശമാണ്.


 പാർവ്വതി/ദുർഗ്ഗാദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി, തുൽജാ ഭവാനിയുടെ രൂപത്തിൽ ഇവിടെ വസിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. സതീദേവിയുടെ ശരീരഭാഗങ്ങളിൽ ഇവിടെപ്പതിച്ചിരിക്കുന്നത്  മൂന്നാം തൃക്കണ്ണാണെന്നാണ് പറയപ്പെടുന്നത്. .  തുരജാ, ത്വരിതാ, അംബാ, ഭവാനി എന്നീ നാമങ്ങളിലും ദേവി അറിയപ്പെടുന്നു.  ക്ഷേത്രത്തിന്റെ ചരിത്രം സ്കന്ദപുരാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രം മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാൻ  തെലങ്കാന, വടക്കൻ കർണാടക, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ വന്നെത്തുന്ന ഏറെ  സവിശേഷതകളുള്ള  ഒരാരാധനാലയമാണ്. ദുർഗാദേവിയെ ഭവാനീരൂപത്തിൽ ആരാധിക്കുന്ന ഈ പ്രദേശങ്ങളിൽനിന്നൊക്കെ   ഭക്തർ പ്രത്യേക പ്രാർത്ഥനകളും  വഴിപാടുകളുമായി ക്ഷേത്രത്തിലെത്തുന്നു. മഹാരാഷ്ട്രയിലെ  ഭോസലെ രാജകുടുംബത്തിന്റെയും യാദവുകളുടെയും മറ്റു  വിവിധജാതികളിൽപ്പെട്ട എണ്ണമറ്റ കുടുംബങ്ങളുടെയും കുടുംബദേവതകൂടിയാണ് തുൾജാ ഭവാനി. 


"ഭവാനി" അക്ഷരാർത്ഥത്തിൽ "ജീവൻ്റെ ദാതാവ്" എന്നാണ് വിവർത്തനം ചെയ്യപ്പെടുന്നത്, അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ ഊർജ്ജത്തിൻ്റെ ഉറവിടം. യഥാർത്ഥ ശക്തിയുടെ ജീവനും ഉറവിടവും നല്കുന്ന ദേവിയാണ് തുൽജാ ഭവാനി എന്നാണ് വിശ്വാസം

തൻ്റെ ഭക്തർക്ക് വിശപ്പകറ്റാൻ   ഭക്ഷണം നൽകുന്ന അമ്മയായി കണക്കാക്കപ്പെടുന്നു, കൂടാതെ ദുഷ്ടശക്തികളായ  അസുരന്മാരെ ഉന്മൂലനം ചെയ്തു  ഭൂമിയിൽ സമാധാനം ഉറപ്പാക്കുകയും ചെയ്യുന്ന കരുണാമൂർത്തിയാണ് 'അമ്മ. ദേവി ഇവിടെ  'സ്വയംഭൂ' ആണ്. മൂന്നടി ഉയരത്തിലുള്ള വിഗ്രഹത്തിനു എട്ടു കരങ്ങളും ഓരോ കരത്തിലും അതിവിശിഷ്ടമായ ആയുധങ്ങളുമുണ്ട്. 



ഏതൊരു ക്ഷേത്രത്തോടനുബന്ധിച്ചും ഐതിഹ്യങ്ങളും കഥകളും ഉണ്ടാവുമല്ലോ. അത്തരം കഥകൾ തുൽജാഭവാനി ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞുകേൾക്കാറുണ്ട് . അതിലൊന്ന് ഇങ്ങനെ :- കാലങ്ങൾക്കപ്പുറത്ത് കർദമുനിയും അദ്ദേഹത്തിന്റെ പത്നി അനിഭൂതിയും തങ്ങളുടെ കുഞ്ഞുമൊത്ത് ഈ പ്രദേശത്ത് കഴിഞ്ഞിരുന്നു. മുനിയുടെ അകാരണമരണംമൂലം അനാഥരാക്കപ്പെട്ട  പത്നിയും കുഞ്ഞും മന്ദാകിനിയുടെ തീരത്തെത്തി ഭവാനിദേവിയോട് തന്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തപം അനുഷ്ഠിച്ചു. ആ സാധുവിന്റെ തപസ്സുമുടക്കാനായി കുക്കുർ എന്നൊരു രാക്ഷസൻ എത്തുകയും ഭവാനിദേവി പ്രത്യക്ഷപ്പെട്ടു രാക്ഷസനെ വധിച്ച് കരുണയ്ക്കായ് പ്രാർത്ഥിച്ച  അനുഭൂതിയെ അനുഗ്രഹിക്കുകയും ച്യ്തുവത്രേ! പിന്നീട് ദേവി അവിടെത്തന്നെയുള്ള ബാലഘട്ട് എന്ന മലയിൽ ഉപവിഷ്ടയായെന്നും അവിടം പിന്നീട് ദേവിയുടെ ക്ഷേത്രമായെന്നും വിശ്വസിക്കപ്പെടുന്നു. 

മറ്റൊരു കഥയിൽ ബാലഘട്ടിന്റെ ഭാഗമായിരുന്ന യമുനാചലത്തിൽ ഒളിപാർത്തിരുന്ന  പോത്തിന്റെ രൂപമുള്ള  മഹിഷാസുരൻ അവിടെയുള്ള  മനുഷ്യർക്ക് വലിയ വിപത്തുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഭക്തരുടെ പ്രാർത്ഥനപ്രകാരം  ഈ അസുരനെ ദേവി, ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തുവെച്ചാണത്രേ വധിച്ചത് .ഈ കഥയിലെ സംഭവങ്ങൾ  കൃതയുഗത്തിൽ നടന്നതായാണ് പറയപ്പെടുന്നത്. 

മറ്റൊരു വിശ്വാസത്തിന്‌ ഏറെ കാലപ്പഴക്കമില്ല. 

മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവാജിയുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് തുൽജാ ഭവാനി ക്ഷേത്രം . അദ്ദേഹം പതിവായി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1645 ൽ 

 ദേവി തന്‍റെ കടുത്ത ഭക്തനായ ശിവജിക്ക്  ഭവാനി ഖഡ്ഗ എന്ന പേരിൽ ഒരു വാൾ നല്കിയിരുന്നു എന്നും വിശ്വാസമുണ്ട്. (ഈ ഖഡ്ഗം പോർച്ചുഗീസുകരുടേതാണെന്നുള്ള വാദവും ഇന്ന് ശക്തമായി നിലനിൽക്കുന്നു. അവരിൽനിന്നും സവാന്തവാടിയിലെ സാവന്ത് അത് കൈവശപ്പെടുത്തുകയും ശിവ്ജി അദ്ദേഹത്തിന് നല്ല വില നൽകി അത് സ്വന്തമാക്കുകയുമായിരുന്നു. ശത്രുക്കളുടെ സൈനികബലത്തിനുമുന്നിൽ ആനി ശുഷ്കമായ തന്റെ സൈന്യത്തിന്റെ വിജയത്തിൽ  ആശങ്കാകുലനായിരുന്ന അദ്ദേഹത്തിന് ഒരു രാത്രിയിൽ ദേവി സ്വപ്നദർശനം നൽകുകയും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ഈ വാളിൽ എപ്പോഴുമുണ്ടാകുമെന്നു അരുളിചെയ്യുകയും ചെയ്തത്രേ! അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിക്കാനിടയാവുകയും തുടര്ന്നുണ്ടായ യുദ്ധങ്ങളിൽ അദ്ദേഹം വിജയത്തിലാകാം  ചൂടുകയും ചെയ്തു . ) ഏതൊരു വിഷമഘട്ടത്തെയും നേരിടാനുള്ള ശക്തിയും മനക്കരുത്തും ദേവിയുടെ പ്രീതിയാൽ കൈവരുമെന്ന്‌ ഇന്നാട്ടിലെ  ഭക്തർ വിശ്വസിക്കുന്നതും ഒരുപക്ഷേ തങ്ങളുടെ കൺകണ്ട ദൈവമായ ശിവജിമഹാരാജിന്റെ ഈ അനുഭവമാകാം.   




സാധാരണക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും പൂജാദികർമ്മങ്ങൾ നിത്യേന നടക്കുന്നുണ്ട്. കൂടാതെ വിശേഷാവസരങ്ങളിൽ  ദേവീവിഗ്രഹം എഴുന്നെള്ളിച്ചുള്ള ഘോഷയാത്രകളും ഉണ്ടാകും. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടെ ദേവി വർഷത്തിൽ നാലുദിവസം ഉറക്കത്തിലായിരിക്കും. വിജയദശമിക്കുശേഷം ഏകാദശി മുതലുള്ള ദിവസങ്ങളാണ് ദേവിയുടെ ഈ വിശ്രമസമയം. ഭക്തരെ സംരക്ഷിക്കുന്നതിനായി ശത്രുനിഗ്രഹം നടത്തിയതിന്റെ ക്ഷീണം മാറുന്നതിനാണത്രേ ഈ വിശ്രമം. 


മറ്റൊരു കൗതുകകരമായ വിശേഷം 15 വർഷം കൂടുമ്പോൾ നടത്തുന്ന, ക്ഷേത്രഭണ്ഡാരം തുറന്നുള്ള വരുമാനക്കണക്കെടുപ്പാണ്. ഇക്കഴഞ്ഞവർഷം നടന്ന കണക്കെടുപ്പിൽ കോടിക്കണക്കിനു രൂപ  വിലമതിക്കുന്ന നേർച്ചദ്രവ്യങ്ങളാണത്രേ ഭണ്ഡാരങ്ങളിൽനിന്ന് ക്ഷേത്രത്തിനു ലഭിച്ചത്. പണവും സ്വർണ്ണവും വിലപിടിപ്പുള്ള മറ്റു ലോഹങ്ങളും  രത്നങ്ങളുമൊക്കെ ഇതി ഉൾപ്പെട്ടിട്ടുണ്ട്. ഏഴുപേർ ചേർന്ന സംഘത്തിന് ആഴ്ചകൾ വേണ്ടിവന്നു ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ. 


 ഔറംഗബാദിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് തുൽജാ ഭവാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യാത്രാസൗകര്യങ്ങൾ വേണ്ടുംവണ്ണമുള്ളതുകൊണ്ടു ക്ഷേത്രത്തിലെത്തിച്ചേരാൻ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. 









Tuesday, April 23, 2024

 കാലം മാറുന്നു, വിഷുക്കാലവും  ( മെട്രോ മിറർ - ഏപ്രിൽ ലക്കം )

----------------------------------------------

കൊന്നപ്പൂവും കണിവെള്ളരിയും കൈനീട്ടവുമായ് ഒരു വിഷുക്കാലംകൂടി മലയാളിയുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂത്തിരികത്തിച്ച് വന്നെത്തുകയായി. എങ്ങുനിന്നൊക്കെയോ പാറിവന്നെത്തുന്ന വിഷുപ്പക്ഷിയുടെ വായ്ത്താരിക്കു കാതോർത്ത്  മുറ്റത്തോ തൊടിയിലോ കൊച്ചുകിടാങ്ങൾ അലയുന്നുണ്ടാവാം. പുത്തൻപ്രതീക്ഷകളുടെ നെയ്ത്തിരിനാളവുമായ് വന്നെത്തുന്ന വിഷുപ്പുലരിയിൽ സമ്പൽസമൃദ്ധമായ പ്രകൃതിയുടെ തത്സ്വരൂപമായ വിഷുക്കണി കണ്ട്, വിഷുകൈനീട്ടം കൊണ്ട്, സദ്യയുണ്ട് ഈ വിശിഷ്ടദിനം കടന്നുപോകുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിന്റെ ചെപ്പിൽ മധുരസ്മരണകളുടെ കുന്നിമണികൾ പിന്നെയും പിന്നെയും വന്നുനിറയും. 


ഓരോ ആഘോഷങ്ങളും  ബാല്യകാലസ്മരണകളുടെ മഹാസമുദ്രത്തിലെ   സമൃദ്ധമായ തിരയിളക്കങ്ങളായി അനുഭവപ്പെടാറില്ലേ! ആഘോഷങ്ങളുമായി  ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളുമൊക്കെ പിഞ്ചുമനസ്സുകളിലാണ് ഏറെ സ്വാധീനം ചെലുത്തുന്നതും . അതുകൊണ്ടുതന്നെ  നിറഞ്ഞ മനസ്സോടെ,  ആഹ്ലാദാതിരേകത്തോടെ, ആഘോഷങ്ങളെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്കാണ് കഴിയുന്നത്. അതവരുടെ പ്രത്യാശയുടെ,  സ്വപ്നങ്ങളുടെ, തിരിനാളങ്ങളാണ് ജ്വലിപ്പിക്കുന്നത്. വിഷുക്കഥകളും  വിഷുപ്പക്ഷിയും  വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെ കുഞ്ഞുമനസ്സുകളിൽ നിറയ്ക്കുന്ന സംസ്കൃതിയുടെ, പാരമ്പര്യമൂല്യങ്ങളുടെ, വർണ്ണാഭമായ പ്രകാശപൂരങ്ങൾ ഒട്ടും നിറംമങ്ങാതെ അവരുടെ നാളെകളിലും പ്രതിഫലിക്കും.  വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട അമൂല്യങ്ങളായ വിശ്വാസസംഹിതകളുടെ സംരക്ഷണംകൂടിയാണ്   ഇത്തരം  ആഘോഷങ്ങളിലൂടെ സാധ്യമാകുന്നത്. 


വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കുമപ്പുറം വിഷു എന്ന സങ്കല്പത്തിന് ഭൂമിശാസ്ത്രപരവും   ജ്യോതിശാസ്ത്രപരവ്മായുള്ള പ്രത്യേകതയും ഏറെ പ്രാധാന്യമർഹിക്കുന്നു.   വിഷുവം എന്ന വാക്കില്നിന്നാണ് വിഷു എന്ന ആഘോഷത്തിന്റെതന്നെ ഉദ്ഭവം.  വിഷുവം എന്നാല്‍ രാവും പകലും തുല്യദൈര്‍ഘ്യം ഉള്ള  ദിനം. പാഠപുസ്തകങ്ങളിൽ എന്നൊരു പഠിച്ചുമറന്ന സമരാത്രദിനങ്ങൾ.  വര്‍ഷത്തില്‍ രണ്ടു വിഷുവങ്ങങ്ങള്‍ (Equinoxes) ആണ് ഉള്ളത് . മേഷാദിയും  ( വസന്ത വിഷുവവും) (Vernal Equinox) തുലാദിയും (തുലാ വിഷുവവും) (Autumnal Equinox). ഈ കാലഘട്ടത്തിൽ , വര്‍ഷത്തില്‍ മാര്‍ച്ച് 21നും സെപ്റ്റംബര്‍ 23നും ആണ് സാധാരണയായി ഇങ്ങനെ വന്നു ചേരാറുള്ളത്.

ഭൂമിയുടെ അച്ചു തണ്ടിന്റെ നില 23. 5 (കൃത്യമായി 23o 27") ഡിഗ്രി ചെരിഞ്ഞാണ് . മാത്രവുമല്ല ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോള്‍ നമുക്കനുഭവേദ്യമാകുന്ന സൂര്യന്റെ ഉത്തര-ദക്ഷിണായനങ്ങള്‍ തീര്‍ക്കുന്ന ക്രാന്തികപഥവും (elliptical equator) ഭൂമധ്യരേഖ ഭൂഗോളത്തെ ഛേദിക്കുമ്പോളുണ്ടാകുന്ന ഖഗോള മദ്ധ്യരേഖയും( celestial equator.) ഒന്നിച്ചു ചേരുന്നത് ഈ ദിനങ്ങളിലാണ്. അതായത് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്കു നേരെ മുക്ളിലായി വരുന്ന ദിനങ്ങള്‍. മേഷാദി കഴിഞ്ഞാല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുകയായി. അത് ജൂണ്‍ 22 വരെ തുടരും. പിന്നെ മടങ്ങുന്ന സൂര്യന്‍ സെപ്ടംബര്‍ 23നു വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തുകയും തുലാദി വിഷുവം ആഗതമാവുകയും ചെയ്യും. അതിനു ശേഷം ദക്ഷിണായനമാണ്. ഡിസംബര്‍ 22 വരെ ഇതു തുടരുന്നു . പിന്നെ മടങ്ങുകയും ചെയ്യും.വീണ്ടും മാര്ച്ച് 21നു ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തും സൂര്യന്‍.മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനങ്ങള്‍ക്ക്. ഭൂമിയില്‍ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച്  നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് ഈ ദിവസങ്ങളില്‍ ആണ് . അതുകൊണ്ടാണ്ഈ ദിനത്തില്‍ തുല്യമായി പകലും രാവും നമുക്കനുഭവേദ്യമാകുന്നത്. പക്ഷേ പ്രകാശത്തിന്റെ പ്രത്യേകതയായ അപവര്‍ത്തനവും ( സാന്ദ്രതാ വ്യത്യാസമുള്ള മാധ്യമങ്ങളിലൂടെ രശ്മികള്‍ കടന്നുപോകുമ്പോള്‍ ദിശകളിലുണ്ടാകുന്ന വക്രത) ഉദയാസ്തമനങ്ങള്‍ കണക്കാക്കുന്ന രീതിയും മൂലം പകലിന് ഈ ദിനങ്ങളിലും ദൈര്‍ഘ്യം അല്‍പം കൂടുതലായിത്തന്നെ കാണാവുന്നതാണ്.


പ്രാചീനകാലത്ത് (ഏതാണ്ട്‌ രണ്ടായിരത്തോളം  വർഷങ്ങൾക്ക്‌ മുൻപ്‌) നമ്മുടെ ജ്യോതിശാസ്ത്ര പണ്ഡിതന്മാര്‍ വസന്തവിഷുവം കണാക്കാക്കിയിരുന്ന മേടം ഒന്നാണ് നമ്മള്‍ വിഷുവായി ആഘോഷിക്കുന്നത്. നമ്മുടെ നാടിന്റെ അക്ഷാംശ-രേഖാംശ രേഖകളുടെ സ്ഥാനമൊക്കെ നോക്കിയുള്ള കണക്കുകൂട്ടലിലാവാം ഈ ദിനത്തെ അവര്‍ കണക്കാക്കിയിരുന്നത്.  സൂര്യചന്ദ്രന്മാർക്ക് ഭൂമിയിലുള്ള ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന പുരസ്സരണം എന്ന പ്രതിഭാസം കാരണം  വിഷുവങ്ങളുടെ സമയക്കണക്കിലും അല്പമായ മാറ്റങ്ങൾ വർഷംതോറും വന്നുഭവിക്കുകയും ചെയ്യുന്നു.  എങ്കിലും നാമിപ്പോഴും മേടമാസത്തിൻലെ  നമ്മുടെ പഴയ  വിഷുതന്നെ  ആഘോഷിക്കുന്നു. പക്ഷേ കൊന്നമരങ്ങൾ മീനമാസത്തിൽത്തന്നെ പൂചൂടി നിൽക്കാറുള്ളതും നാം കാണുന്നുണ്ടല്ലോ. 

(വിഷുവങ്ങള്‍ ലോകമെമ്പടും പ്രത്യേകതകളുള്ള  ദിനങ്ങളായി തന്നെ കണക്കാക്കി വരുന്നു. പല നാടുകളിലും ഈ ദിനങ്ങള്‍ ഉത്സവദിനങ്ങളായി കരുതി ആഘോഷിക്കുകയും ചെയ്തുപോരുന്നു. നമ്മുടെ രാജ്യത്ത് എന്തുകൊണ്ടോ ഈ ദിനങ്ങളുടെ പ്രത്യേകത പ്രാധാന്യത്തോടെ കാണുന്നില്ല എന്നതാണു സത്യം.)


വിഷുക്കാലത്തിന്റെ പ്രതീകമെന്നോണം പ്രകൃതി നമുക്കായി ഒരുക്കിവയ്ക്കുന്ന ചേതോഹരമായ കണിയാണല്ലോ കർണ്ണികാരപ്പൂക്കൾ. സ്വർണ്ണകുംഭം മറിച്ചിട്ടമാതിരി നാടെങ്ങും പൂത്തുവിലസുന്ന  കൊന്നമരങ്ങളെ പണ്ടൊക്കെ വിഷുക്കാലങ്ങളിൽ മാത്രം  കണ്ടുവന്നിരുന്നെകിൽ ഇന്നാകട്ടെ വർഷത്തിന്റെ ഏതു ഋതുവിലും നമുക്ക് കാണാമെന്നായിരിക്കുന്നു. കാലംതെറ്റിയുള്ള കർണ്ണികാരപ്പൂക്കൾ കാലാവസ്ഥയിലെ വ്യതിയാനത്തിന്റെ മുന്നറിയിപ്പായി ആചാര്യന്മാർ കരുതിപ്പോന്നിരുന്നു. പ്രപഞ്ചത്തെ സംബന്ധിച്  ഇന്നത്തെ  കാലത്തിന്റെ ഘടനാരീതികളും വ്യതിയാനപഥങ്ങളും പ്രവചങ്ങൾക്കതീതമായി നിലകൊള്ളുന്നു എന്നത് ഏറെ ഗൗരവമുള്ള കാര്യംതന്നെ. ഉയരുന്ന അന്തരീക്ഷോഷ്മാവും വറ്റിപ്പോകുന്ന ജലസ്രോതസ്സുകളും മാറിക്കൊണ്ടിരിക്കുന്ന വര്ഷകാലവുമൊക്കെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനില്പിനെത്തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിലെത്തിനിൽക്കുന്നു. ലോകമെമ്പാടും  ആഗോളതാപനത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കാൻ മുന്കരുതലുകളുമായി ഏവരും കരുതിയിരിക്കേണ്ട അവസ്ഥയാണിന്ന്. ശാസ്ത്രജ്ഞന്മാർ നിരത്തുന്ന  പോംവഴികൾ ഒട്ടേറെ നമുക്കുമുന്നിലുണ്ടെങ്കിലും എത്രത്തോളം അതൊക്കെ പ്രവർത്തികമാകുന്നു എന്നത് ചിന്തനീയം. 

( മെട്രോ മിറർ - ഏപ്രിൽ ലക്കം )