കാലം മാറുന്നു, വിഷുക്കാലവും ( മെട്രോ മിറർ - ഏപ്രിൽ ലക്കം )
----------------------------------------------
കൊന്നപ്പൂവും കണിവെള്ളരിയും കൈനീട്ടവുമായ് ഒരു വിഷുക്കാലംകൂടി മലയാളിയുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂത്തിരികത്തിച്ച് വന്നെത്തുകയായി. എങ്ങുനിന്നൊക്കെയോ പാറിവന്നെത്തുന്ന വിഷുപ്പക്ഷിയുടെ വായ്ത്താരിക്കു കാതോർത്ത് മുറ്റത്തോ തൊടിയിലോ കൊച്ചുകിടാങ്ങൾ അലയുന്നുണ്ടാവാം. പുത്തൻപ്രതീക്ഷകളുടെ നെയ്ത്തിരിനാളവുമായ് വന്നെത്തുന്ന വിഷുപ്പുലരിയിൽ സമ്പൽസമൃദ്ധമായ പ്രകൃതിയുടെ തത്സ്വരൂപമായ വിഷുക്കണി കണ്ട്, വിഷുകൈനീട്ടം കൊണ്ട്, സദ്യയുണ്ട് ഈ വിശിഷ്ടദിനം കടന്നുപോകുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിന്റെ ചെപ്പിൽ മധുരസ്മരണകളുടെ കുന്നിമണികൾ പിന്നെയും പിന്നെയും വന്നുനിറയും.
ഓരോ ആഘോഷങ്ങളും ബാല്യകാലസ്മരണകളുടെ മഹാസമുദ്രത്തിലെ സമൃദ്ധമായ തിരയിളക്കങ്ങളായി അനുഭവപ്പെടാറില്ലേ! ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളുമൊക്കെ പിഞ്ചുമനസ്സുകളിലാണ് ഏറെ സ്വാധീനം ചെലുത്തുന്നതും . അതുകൊണ്ടുതന്നെ നിറഞ്ഞ മനസ്സോടെ, ആഹ്ലാദാതിരേകത്തോടെ, ആഘോഷങ്ങളെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്കാണ് കഴിയുന്നത്. അതവരുടെ പ്രത്യാശയുടെ, സ്വപ്നങ്ങളുടെ, തിരിനാളങ്ങളാണ് ജ്വലിപ്പിക്കുന്നത്. വിഷുക്കഥകളും വിഷുപ്പക്ഷിയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെ കുഞ്ഞുമനസ്സുകളിൽ നിറയ്ക്കുന്ന സംസ്കൃതിയുടെ, പാരമ്പര്യമൂല്യങ്ങളുടെ, വർണ്ണാഭമായ പ്രകാശപൂരങ്ങൾ ഒട്ടും നിറംമങ്ങാതെ അവരുടെ നാളെകളിലും പ്രതിഫലിക്കും. വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട അമൂല്യങ്ങളായ വിശ്വാസസംഹിതകളുടെ സംരക്ഷണംകൂടിയാണ് ഇത്തരം ആഘോഷങ്ങളിലൂടെ സാധ്യമാകുന്നത്.
വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കുമപ്പുറം വിഷു എന്ന സങ്കല്പത്തിന് ഭൂമിശാസ്ത്രപരവും ജ്യോതിശാസ്ത്രപരവ്മായുള്ള പ്രത്യേകതയും ഏറെ പ്രാധാന്യമർഹിക്കുന്നു. വിഷുവം എന്ന വാക്കില്നിന്നാണ് വിഷു എന്ന ആഘോഷത്തിന്റെതന്നെ ഉദ്ഭവം. വിഷുവം എന്നാല്‍ രാവും പകലും തുല്യദൈര്‍ഘ്യം ഉള്ള ദിനം. പാഠപുസ്തകങ്ങളിൽ എന്നൊരു പഠിച്ചുമറന്ന സമരാത്രദിനങ്ങൾ. വര്‍ഷത്തില്‍ രണ്ടു വിഷുവങ്ങങ്ങള്‍ (Equinoxes) ആണ് ഉള്ളത് . മേഷാദിയും ( വസന്ത വിഷുവവും) (Vernal Equinox) തുലാദിയും (തുലാ വിഷുവവും) (Autumnal Equinox). ഈ കാലഘട്ടത്തിൽ , വര്‍ഷത്തില്‍ മാര്‍ച്ച് 21നും സെപ്റ്റംബര്‍ 23നും ആണ് സാധാരണയായി ഇങ്ങനെ വന്നു ചേരാറുള്ളത്.
ഭൂമിയുടെ അച്ചു തണ്ടിന്റെ നില 23. 5 (കൃത്യമായി 23o 27") ഡിഗ്രി ചെരിഞ്ഞാണ് . മാത്രവുമല്ല ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോള്‍ നമുക്കനുഭവേദ്യമാകുന്ന സൂര്യന്റെ ഉത്തര-ദക്ഷിണായനങ്ങള്‍ തീര്‍ക്കുന്ന ക്രാന്തികപഥവും (elliptical equator) ഭൂമധ്യരേഖ ഭൂഗോളത്തെ ഛേദിക്കുമ്പോളുണ്ടാകുന്ന ഖഗോള മദ്ധ്യരേഖയും( celestial equator.) ഒന്നിച്ചു ചേരുന്നത് ഈ ദിനങ്ങളിലാണ്. അതായത് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്കു നേരെ മുക്ളിലായി വരുന്ന ദിനങ്ങള്‍. മേഷാദി കഴിഞ്ഞാല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുകയായി. അത് ജൂണ്‍ 22 വരെ തുടരും. പിന്നെ മടങ്ങുന്ന സൂര്യന്‍ സെപ്ടംബര്‍ 23നു വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തുകയും തുലാദി വിഷുവം ആഗതമാവുകയും ചെയ്യും. അതിനു ശേഷം ദക്ഷിണായനമാണ്. ഡിസംബര്‍ 22 വരെ ഇതു തുടരുന്നു . പിന്നെ മടങ്ങുകയും ചെയ്യും.വീണ്ടും മാര്ച്ച് 21നു ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തും സൂര്യന്‍.മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനങ്ങള്‍ക്ക്. ഭൂമിയില്‍ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച് നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് ഈ ദിവസങ്ങളില്‍ ആണ് . അതുകൊണ്ടാണ്ഈ ദിനത്തില്‍ തുല്യമായി പകലും രാവും നമുക്കനുഭവേദ്യമാകുന്നത്. പക്ഷേ പ്രകാശത്തിന്റെ പ്രത്യേകതയായ അപവര്‍ത്തനവും ( സാന്ദ്രതാ വ്യത്യാസമുള്ള മാധ്യമങ്ങളിലൂടെ രശ്മികള്‍ കടന്നുപോകുമ്പോള്‍ ദിശകളിലുണ്ടാകുന്ന വക്രത) ഉദയാസ്തമനങ്ങള്‍ കണക്കാക്കുന്ന രീതിയും മൂലം പകലിന് ഈ ദിനങ്ങളിലും ദൈര്‍ഘ്യം അല്‍പം കൂടുതലായിത്തന്നെ കാണാവുന്നതാണ്.
പ്രാചീനകാലത്ത് (ഏതാണ്ട് രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ്) നമ്മുടെ ജ്യോതിശാസ്ത്ര പണ്ഡിതന്മാര്‍ വസന്തവിഷുവം കണാക്കാക്കിയിരുന്ന മേടം ഒന്നാണ് നമ്മള്‍ വിഷുവായി ആഘോഷിക്കുന്നത്. നമ്മുടെ നാടിന്റെ അക്ഷാംശ-രേഖാംശ രേഖകളുടെ സ്ഥാനമൊക്കെ നോക്കിയുള്ള കണക്കുകൂട്ടലിലാവാം ഈ ദിനത്തെ അവര്‍ കണക്കാക്കിയിരുന്നത്. സൂര്യചന്ദ്രന്മാർക്ക് ഭൂമിയിലുള്ള ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന പുരസ്സരണം എന്ന പ്രതിഭാസം കാരണം വിഷുവങ്ങളുടെ സമയക്കണക്കിലും അല്പമായ മാറ്റങ്ങൾ വർഷംതോറും വന്നുഭവിക്കുകയും ചെയ്യുന്നു. എങ്കിലും നാമിപ്പോഴും മേടമാസത്തിൻലെ നമ്മുടെ പഴയ വിഷുതന്നെ ആഘോഷിക്കുന്നു. പക്ഷേ കൊന്നമരങ്ങൾ മീനമാസത്തിൽത്തന്നെ പൂചൂടി നിൽക്കാറുള്ളതും നാം കാണുന്നുണ്ടല്ലോ.
(വിഷുവങ്ങള്‍ ലോകമെമ്പടും പ്രത്യേകതകളുള്ള ദിനങ്ങളായി തന്നെ കണക്കാക്കി വരുന്നു. പല നാടുകളിലും ഈ ദിനങ്ങള്‍ ഉത്സവദിനങ്ങളായി കരുതി ആഘോഷിക്കുകയും ചെയ്തുപോരുന്നു. നമ്മുടെ രാജ്യത്ത് എന്തുകൊണ്ടോ ഈ ദിനങ്ങളുടെ പ്രത്യേകത പ്രാധാന്യത്തോടെ കാണുന്നില്ല എന്നതാണു സത്യം.)
വിഷുക്കാലത്തിന്റെ പ്രതീകമെന്നോണം പ്രകൃതി നമുക്കായി ഒരുക്കിവയ്ക്കുന്ന ചേതോഹരമായ കണിയാണല്ലോ കർണ്ണികാരപ്പൂക്കൾ. സ്വർണ്ണകുംഭം മറിച്ചിട്ടമാതിരി നാടെങ്ങും പൂത്തുവിലസുന്ന കൊന്നമരങ്ങളെ പണ്ടൊക്കെ വിഷുക്കാലങ്ങളിൽ മാത്രം കണ്ടുവന്നിരുന്നെകിൽ ഇന്നാകട്ടെ വർഷത്തിന്റെ ഏതു ഋതുവിലും നമുക്ക് കാണാമെന്നായിരിക്കുന്നു. കാലംതെറ്റിയുള്ള കർണ്ണികാരപ്പൂക്കൾ കാലാവസ്ഥയിലെ വ്യതിയാനത്തിന്റെ മുന്നറിയിപ്പായി ആചാര്യന്മാർ കരുതിപ്പോന്നിരുന്നു. പ്രപഞ്ചത്തെ സംബന്ധിച് ഇന്നത്തെ കാലത്തിന്റെ ഘടനാരീതികളും വ്യതിയാനപഥങ്ങളും പ്രവചങ്ങൾക്കതീതമായി നിലകൊള്ളുന്നു എന്നത് ഏറെ ഗൗരവമുള്ള കാര്യംതന്നെ. ഉയരുന്ന അന്തരീക്ഷോഷ്മാവും വറ്റിപ്പോകുന്ന ജലസ്രോതസ്സുകളും മാറിക്കൊണ്ടിരിക്കുന്ന വര്ഷകാലവുമൊക്കെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനില്പിനെത്തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിലെത്തിനിൽക്കുന്നു. ലോകമെമ്പാടും ആഗോളതാപനത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കാൻ മുന്കരുതലുകളുമായി ഏവരും കരുതിയിരിക്കേണ്ട അവസ്ഥയാണിന്ന്. ശാസ്ത്രജ്ഞന്മാർ നിരത്തുന്ന പോംവഴികൾ ഒട്ടേറെ നമുക്കുമുന്നിലുണ്ടെങ്കിലും എത്രത്തോളം അതൊക്കെ പ്രവർത്തികമാകുന്നു എന്നത് ചിന്തനീയം.
( മെട്രോ മിറർ - ഏപ്രിൽ ലക്കം )
നന്നായിരുന്നു .
ReplyDelete