മാഹൂറിലെ രേണുകാക്ഷേത്രം
==========================
മഹാരാഷ്ട്രയിലെ പ്രസിദ്ധമായ മൂന്നരശക്തിപീഠങ്ങളിൽ മൂന്നാമത്തേതാണ്,നന്ദേഡ് ജില്ലയിലെ മാഹുർ എന്നുമറിയപ്പെടുന്ന മത്രിപൂരിലെ രേണുകാക്ഷേത്രം. സതീദേവിയുടെ ശിരസ്സ് ഇവിടെ പതിച്ചു എന്നാണ് വിശ്വാസം. ഭക്തിസാന്ദ്രതയോടൊപ്പം ഐതിഹ്യവും ചരിത്രവും ധാരാളിത്തത്തോടെ ചേർന്നുനിൽക്കുന്നൊരു ആരാധനാലയമാണ് ഈ ക്ഷേത്രം. തെക്കേയിന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും രേണുകാദേവിയുടെ ക്ഷേത്രങ്ങളും, യെല്ലമ്മാ, ഏകവിരാ , യമായി, എല്ലയ് അമ്മൻ , പദ്മാക്ഷി രേണുക , എല്ലായ് അമ്മ മഹർ എന്നീ നാമങ്ങളിൽ ആരാധനയുമുണ്ടങ്കിലും ഈ ക്ഷേത്രത്തിനുള്ളയത്ര പ്രാധാന്യവും പെരുമയും മറ്റു ക്ഷേത്രങ്ങൾക്കുണ്ടോ എന്നത് ചിന്തനീയം.
കുബജ് രാജ്യത്തെ രാജാവായ രേണു(പ്രസേനജിത്ത് )വിൻ്റെ പുത്രിയും സപ്തർഷികളിലൊരാളായ ജമദഗ്നിമുനിയുടെ പത്നിയും മഹാവിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമന്റെ മാതാവുമായ രേണുകാദേവി, സദ്സ്വഭാവത്തിന്റെയും പതിവ്രത്യത്തിന്റെയും ആൾരൂപമായിരുന്നു എന്നുപറയാം. പരശുരാമനു മുന്നേ ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു എന്നീ പുത്രന്മാർ ഈ ദമ്പതികൾക്ക് ജനിച്ചിരുന്നു. അഞ്ചാമനായ പരശുരാമന്റെ ജനനത്തിനുപിന്നിലെ കഥ ഇപ്രകാരമാണ്:- ഹീനകൃത്യങ്ങള്‍ സദാ ചെയ്തു ജനങ്ങളെ ദ്രോഹിക്കുന്ന ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി പിതാവായ ബ്രഹ്മാവിനെ ചെന്നുകണ്ടു യാചിച്ചു. മറ്റു ദേവന്മാരോടൊപ്പംചേർന്ന് ബ്രഹ്മാവ് ഭൂമിദേവിയെകൂട്ടി വിഷ്ണുഭഗവാനെക്കണ്ട് സങ്കടം ഉണർത്തിച്ചു. ഭഗവാൻ, ജമദഗ്നിമഹര്ഷിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു ഭൂഭാരം തീർക്കാമെന്ന് വാഗ്ദാനം നൽകി. അങ്ങനെ രേണുകയിൽ വിഷ്ണുവിന്റെ അവതാരമായ രാമൻ പിറന്നു. ഭൃഗുവംശത്തില്‍ ജനിച്ചതുകൊണ്ട് ഭാര്‍ഗ്ഗവരാമന്‍ എന്നും മഹേശ്വരനിൽനിന്നു പരശു സ്വായത്തമാക്കിയതിനാൽ പരശുരാമൻ എന്നും അദ്ദേഹം അറിയപ്പെട്ടു.
ജമദഗ്നിയോടുള്ള രേണുകാദേവിയുടെ അചഞ്ചലമായ പാതിവ്രത്യശക്തിയാൽ ചില അത്ഭുതസിദ്ധികളും ദേവിക്കു ലഭിച്ചിരുന്നു. ലോകമെങ്ങും വരൾച്ചയുണ്ടായ കാലത്തുപോലും വറ്റിവരണ്ട നദീതീരത്തുചെന്നു പച്ചമണ്ണുകൊണ്ടു കുടമുണ്ടാക്കി ധ്യാനിച്ചാൽ അതിൽ ജലം നിറഞ്ഞുവരുമായിരുന്നു. എന്നും നർമ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് പുഴയിലെ മണ്ണെടുത്ത് കുടമുണ്ടാക്കി അതിൽ നിറച്ച ജലം കൊണ്ടുപോയാണ് ജമദഗ്‌നിമഹർഷിയുടെ അഗ്‌നിഹോത്രത്തിന് കൊടുത്തിരുന്നത്. എന്നാൽ ഒരു ദിവസം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാൻ പോയപ്പോൾ, നദിയിൽ ചിത്രരഥൻ എന്ന ഗന്ധർവ്വൻ ഗന്ധർവ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. അതിസുന്ദരനായ ചിത്രരഥനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. ഏകാഗ്രത നഷ്ടപ്പെട്ട ദേവിക്ക് പതിവുപോലെ മണ്ണുകൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാൻ കഴിഞ്ഞില്ല. വിഷണ്ണയായി തിരികെയെത്തിയ രേണുകയെ കണ്ട്, തന്റെ ജ്ഞാനദൃഷ്ടിയാൽ നടന്നതെന്താണെന്ന് മനസ്സിലാക്കിയ ജമദഗ്‌നിമഹർഷി കോപംകൊണ്ടു ജ്വലിച്ചു. ഉടൻ തന്റെ പുത്രന്മാരോട് രേണുകയെ വധിക്കാൻ ആജ്ഞാപിച്ചു. മൂത്തപുത്രന്മാരായ ഋമണ്വൻ, സുഷേണൻ, വസു, വിശ്വവസു എന്നീ നാലുപേരും തങ്ങൾ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാൽ അഞ്ചാമനായ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. തന്റെ ആയുധമായ മഴു ഉപയോഗിച്ച് മാതാവിന്റെ ശിര:ഛേദം ചെയ്തു. ജമദഗ്‌നിമഹർഷി, തന്നെ അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശപിച്ച് ശിലകളാക്കിത്തീർത്തു. പരശുരാമനോട് ഇഷ്ടവരം ചോദിച്ചു കൊളളാൻ ആവശ്യപ്പെടുകയും ചെയ്തു. മാതാവിന് ജീവൻ തിരികെനൽകാനും സഹോദരർക്ക് ശാപമോക്ഷം നല്കണമെന്നുമാണ് അദ്ദേഹം തന്റെ പിതാവിനോട് അപേക്ഷിച്ചത്. ഒപ്പം താൻ മാതാവിനെ ഒരിക്കൽ വധിച്ചുവെന്നുള്ള ഓർമ്മപോലും അവരിലുണ്ടാകരുതെന്നുമുള്ള വരത്തെയും പിതാവിൽനിന്ന് പരശുരാമൻ ആ അവസരത്തിൽ വരിച്ചു. പെട്ടെന്നുതന്നെ അവരെല്ലാം ഉറക്കത്തിൽനിന്നുണരുന്നതുപോലെ പുനർജ്ജീവിച്ചു. പിതാവിന്റെ തപഃശക്തിയെക്കുറിച്ചും നിഗ്രഹാനുഗ്രഹസാമർത്ഥ്യതയെക്കുറിച്ചും വേണ്ടവണ്ണം ബോധവാനായിരുന്നതുകൊണ്ടുമാത്രമായിരുന്നു പരശുരാമൻ അദ്ദേഹത്തിന്റെ ആജ്ഞയെ ശിരസ്സാവഹിച്ചതും, കേട്ടപാടെ അതിനെ നിറവേറ്റിയതും. മാതാവിന് ജീവൻ തിരികെലഭിച്ചെങ്കിലും മാതൃഹത്യാപാപം തീരാൻ വേണ്ടി പരശുരാമൻ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടുകയുമുണ്ടായി.
രേണുകാദേവിയുടെ ക്ഷേത്രങ്ങൾ വിവിധസ്ഥലങ്ങളിലുണ്ടെന്നതുപോലെ ഐതിഹ്യങ്ങളും തികച്ചും വൈവിധ്യമാർന്നവയാണ്. നമുക്കറിയുന്ന കഥകളോട് കുറച്ചെങ്കിലും സാമ്യമുള്ള ചിത്രം ഏകദേശം ഇങ്ങനെയാണ് : ഒരുകാലഘട്ടത്തിൽ ജമദഗ്നിമർഷിയുടെ ആശ്രമത്തിൽ കാമധേനു എന്ന വിശിഷ്ടഗോവ് വസിക്കാനിടയായി. അക്കാലത്താണ് മാഹിഷ്മതിയിലെ രാജാവായ കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍(സഹസ്ത്രാർജ്ജുന ) ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തത്. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. മൃഗയാവിനോദത്താൽ ക്ഷീണിതനായ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിൽ വിശ്രമിക്കാനായി എത്തിച്ചേര്‍ന്നു. മുനി, കാമധേനുവിന്റെ ദിവ്യത്വം പ്രയോജനപ്പെടുത്തി നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ അന്യാദൃശമായ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല. പക്ഷേ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിച്ച് കാമധേനുവിനെ വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ്, പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ സ്വശരീരത്തിൽ 21 മുറിവുകളുമായി, മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തുവത്രേ! (പരശുരാമൻ പിന്നീട ഇരുപത്തിയൊന്ന് പ്രാവശ്യം ഈ ഭൂതലത്തെ ക്ഷത്രിയശൂന്യമാക്കി. ഭൂപൻമാർ രജോഗുണത്താലും തമോഗുണത്താലും ആവൃതരായി അധർമ്മികളും ബ്രഹ്മദ്വേഷികളുമായി ഭൂമിയിൽ വെറും ഭാരമായി ഭവിച്ചപ്പോൾ പരശുരാമൻ അവരെ കൊന്നൊടുക്കി അവതാരോദ്ദേശ്യം സാർത്ഥകമാക്കി. അതിനായി നിസ്സാരമായ അപരാധം പോലും പെറുത്തുനൽകാതെ രാമൻ അവരെ നശിപ്പിക്കുകയായിരുന്നു.)
മാതാവിന്റെ നിർദ്ദേശപ്രകാരം ജമദഗ്നിയുടെ മൃതശരീരം പരശുരാമൻ മാഹൂറിലേക്കു കൊണ്ടുവരികയും അവിടെ ശവദാഹവും അനന്തരക്രിയകളും അനുവർത്തിക്കുകയും ചെയ്തുവത്രേ. അതാകട്ടെ ദത്താത്രേയഭഗവാന്റെ കാർമ്മികത്വത്തിൽത്തന്നെ നടത്തുകയുമുണ്ടായി. രേണുകയാകട്ടെ അക്കാലത്തെ ആചാരപ്രകാരം അവിടെവച്ചുതന്നെ സതിയനുഷ്ഠിക്കുകയും ചെയ്തു. അവിടെയാണ് രേണുകാദേവിയുടെ ക്ഷേത്രം ഇന്ന് നിലകൊള്ളുന്നതെന്നാണ് വിശ്വാസം. എല്ലാം കഴിഞ്ഞു മടങ്ങവേ, മാതാപിതാക്കളുടെ വിയോഗംമൂലം കടുത്ത വിഷാദത്തിലമർന്ന പരശുരാമന് ഇപ്രകാരം ഒരശരീരി കേൾക്കാനിടയായി. " മകനെ, നിന്റെ മാതാവ് ഈ ഭൂമിവിട്ട് യാത്രയാവുന്നു. നീ പിന്തിരിഞ്ഞു നോക്കേണ്ടതില്ല."
എന്നാൽ മാതാവിന്റെ മുഖം ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹംകൊണ്ട് അദ്ദേഹം തിരിഞ്ഞുനോക്കി. ഒരുനിമിഷനേരത്തേക്ക് തേജോരൂപമായ ആ മുഖം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒന്ന് മിന്നിമറഞ്ഞു. ആ രൂപമാണത്രേ ഇന്നുകാണുന്ന ക്ഷേത്രത്തിലെ മൂർത്തിയുടെ മുഖം.
നന്ദേഡിൽ നിന്ന് 130 കിലോമീറ്റർ അകലെ കിൻവാട്ടിലാണ് മഹാശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊള്ളായിരം വർഷങ്ങൾക്ക് മുമ്പ് ദേവഗിരിയിലെ ഒരു യാദവരാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 250 പടികൾ കയറിപ്പോകേണ്ട ഒരു കുന്നിൻ മുകളിലാണ് രേണുകാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മദ്ധ്യഭാരതത്തിൽ ഏറെ പ്രചാരത്തിലുള്ള ദത്താത്രേയഭഗവാന്റെ ജന്മസ്ഥലം ഇവിടെയാണെന്ന വിശ്വാസവുമുണ്ട്.
എല്ലാ വർഷവും ദസറാഘോഷങ്ങളോടനുബന്ധമായി ഈ ക്ഷേത്രത്തിലും ഗംഭീരമായ ഉത്സവാഘോഷങ്ങൾ നടന്നുവരുന്നു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽനിന്നു ഭക്തർ ഇവിടെയെത്താറുണ്ട്. റോഡുമുഖേനയും റെയിൽമാർഗ്ഗവും ഇവിടെയെത്താൻ ബുദ്ധിമുട്ടില്ല.കിൻവാട്ട് ആണ് ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ. നാഗ്പുർ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. രാവിലെ ആറുമണിമുതൽ രാത്രി എട്ടുമണിവരെ ക്ഷേത്രം ഭക്തർക്കായി തുറന്നിരിക്കും.