പടിയിറക്കം
==========
പടിയിറങ്ങുവാൻ നേരമായ്, മുന്നിൽ
പാതയേറെ നീണ്ടങ്ങു കിടപ്പതായ്.
പതംപെറുക്കി പതിഞ്ഞുപെയ്യുന്നുണ്ടു
പാതിരാവിലും കർക്കടകക്കണ്ണീർ
ഏതുവാക്കിനാൽ ചൊല്ലുവാനാകു-
മേവരോടുമെൻ സ്നേഹയാത്രാമൊഴി!
നിറയുമേറെയായ് ശോകമേഘങ്ങളെൻ
നിറമൊഴിഞ്ഞതാം ഗഗനവീഥിയിൽ
കറുകറുത്തൊരീ രാവുചൊല്ലുന്നു
കദനപൂർണ്ണമാം കവിതയീണത്തിൽ
വഴിതിരഞ്ഞുപോം മലയമാരുതൻ
വനികയിൽ തെല്ലു വിശ്രമിക്കുന്നു.
നിത്യമെന്റെയെന്നോർത്തുവെച്ചതാം
നിധികളിന്നെനിക്കന്യമാവുന്നു!
തിരകളെത്ര പുണർന്നുപോയീടിലും
തീരമെന്നുമനാഥമെന്നോർക്കണം
ഹൃദയമത്രയും ശൂന്യമാകുന്നൊരീ
ഹൃദ്യവേളയിൽ നിറയുമെന്മനം
ഇന്നലെയ്ക്കായ് പറഞ്ഞുതീർക്കുവാൻ
ഇത്തിരിപ്പോന്ന വാക്കിനാൽ - 'നന്ദി'
No comments:
Post a Comment