മഹാബലിപുരം 2
ത്രിമൂർത്തീഗുഹാക്ഷേത്രം
======================
കൃഷ്ണന്റെ വെണ്ണപ്പന്തിനു സമീപത്തുകൂടി വലതുഭാഗത്തേക്കു നടന്നാൽ ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ ഒരു ചെറിയ വഴിയുണ്ട്. ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കുള്ള പാതയാണത്. പോകുന്നവഴിയിൽ വളരെ കൗതുകമുള്ളൊരു കാഴ്ചയുണ്ട്. ഒരു വലിയ പാറയിൽ ഏതാണ്ട് നേർരേഖയിൽ ഒരേ വലുപ്പമുള്ള കുറേ ചതുരക്കള്ളികൾ മുകളിൽനിന്നു താഴെവരെ ഒരേ അകലത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഓരോ കള്ളികൾക്കും ഒന്നോ ഒന്നരയോ ഇഞ്ച് വശവും രണ്ടിഞ്ചോളം ആഴവുമുണ്ട്. ഇത് അടുത്തകാലത്ത് ഏതെങ്കിലും യന്ത്രസഹായത്തോടെ ചെയ്തതൊന്നുമല്ല. ഒന്നരസഹസ്രാബ്ദങ്ങൾക്കപ്പുറത്തു യാതൊരുവിധയന്ത്രസഹായവുമില്ലാതെ അക്കാലത്തെ ശിലാശില്പികൾ കൊത്തിവെച്ചതാണിത്.
എന്തിനായിരിക്കും അവർ ഇങ്ങനെ ചെയ്തുവെച്ചിരിക്കുന്നതെന്നു ഇതു കാണുന്ന ആരും ചിന്തിച്ചുപോകുമല്ലോ. അതിനു ഗൈഡ് നൽകിയ വിശദീകരണം അമ്പരപ്പിക്കുന്നതായിരുന്നു. ഈ ചെറുകള്ളികളിൽ മരക്കഷണങ്ങൾ അടിച്ചുകയറ്റി വെള്ളമൊഴിച്ചുകൊടുക്കുമത്രേ! വെള്ളം വലിച്ചെടുത്ത് മരക്കഷണങ്ങൾ വികസിക്കുമ്പോൾ ആ വലിയ പറ രണ്ടായി പിളർന്നുപോകും. അക്കാലത്ത് വലിയ പാറകൾ മുറിച്ചിരുന്നത് ഈ വിദ്യയുപയോഗിച്ചായിരുന്നെന്നു ഗൈഡ് സമർത്ഥിക്കുന്നു. ഇങ്ങനെ ചെയ്തു പിളർന്ന ഒരു കൂറ്റൻ പാറയും മറ്റൊരുഭാഗത്തു കാണാൻ കഴിയും. അതിന്റെ പാതിഭാഗം അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ നിർമ്മിക്കാനുള്ള ശില്പവേലകൾക്കായി മറ്റെവിടേക്കോ കൊണ്ടുപോയതാവാം.
അവിടം കടന്നെത്തുന്നത് ത്രിമൂർത്തിഗുഹാക്ഷേത്രത്തിലേക്കാണ്. പല്ലവരാജാക്കന്മാരുടെ കാലാഭിരുചിയുടെ ഉത്തമോദാഹരണങ്ങളാണ് അക്കാലത്തെ ശിലാശില്പങ്ങൾ. ക്ഷേത്രദർശനത്തിനെത്തി ഊഴംകാത്തുനിൽക്കുന്നതുപോലെ വരിവരിയായി നിൽക്കുന്ന പാറകൾ കൗതുകംപകരുന്ന കാഴ്ചയാണ്.
പേരു സൂചിപ്പിക്കുന്നതുപോലെ ഇതു ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നുശ്രീകോവിലുകളാണ് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നത്. ഓരോന്നിന്റെയും ബാഹ്യഭാഗത്ത് മനോഹരങ്ങളായ സ്തൂപങ്ങളും ദ്വാരപാലക്കാരുമൊക്കെയുണ്ട്. രൂപങ്ങൾ, ലംബമായി നിലകൊള്ളുന്ന പാറയിൽത്തന്നെ, വേർപെടുത്താതെ, കൊത്തി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇത്തരം ശില്പവേലകൾക്ക് relief sculpture എന്നാണ് പറയുന്നത്. അതിസൂക്ഷ്മമായ കൊത്തുപണികൾ ആരെയും ആകർഷിക്കും. മറ്റുക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ മുഖമണ്ഡപം ഇല്ലാ.
ആദ്യശ്രീകോവിലിൽ ബ്രഹ്മവിഗ്രഹമാണ്. പുറത്ത്, കണങ്കാൽവരെ വസ്ത്രം ധരിച്ച, പൂണൂൽധാരികളായ താടിക്കാരായ ദ്വാരപാലകരുടെ മനോഹരമായ ശില്പങ്ങൾ കാണാം. ബ്രഹ്മാവിന്റെ ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണല്ലോ. എനിക്കറിയുന്ന രണ്ടു ബ്രഹ്മാക്ഷേത്രങ്ങൾ രാജസ്ഥാനിലെ പുഷ്കറിലേതും, പിന്നെ നമ്മുടെ മലയാളനാട്ടിൽ നിളാതീരത്തെ, നവാമുകുന്ദക്ഷേത്രത്തിനക്കരെയുള്ള ബ്രഹ്മാക്ഷേത്രവുമാണ്.
ബ്രഹ്‌മാവ് നാന്മുഖനാണെങ്കിലും ഇവിടെയുള്ള വിഗ്രഹത്തിന് ഒരു മുഖമേയുള്ളൂ. പദ്മപീഠത്തിൽ സമഭംഗഭാവത്തിലാണ് നിൽക്കുന്നത്. പുരാതനകാലത്തെ യുദ്ധവീരന്മാരുടെ ചിത്രങ്ങളിൽ കാണുന്നതുപോലെ നെഞ്ചിലായി വിലങ്ങനെയിട്ടിരിക്കുന്നൊരു ചങ്ങലയും കാണാം. ഇതിനെക്കുറിച്ച് വിദഗ്ധർ പല അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും ഇത് സുബ്രഹ്മണ്യൻസ്വാമിയാണെന്നും വാദിക്കാറുണ്ട്. പ്രധാനവിഗ്രഹംകൂടാതെ മറ്റു നാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി കാണാം.
ദ്വാരകപാലകന്മാർ കാവൽനിൽക്കുന്ന മദ്ധ്യത്തിലുള്ള ശ്രീകോവിലിൽ മഹാദേവനാണ്. ഇത് മറ്റുരണ്ടുക്ഷേത്രങ്ങളിൽനിന്ന് ഒരല്പം മുമ്പോട്ട് തള്ളിനിൽക്കുന്നു. വിഗ്രഹത്തിനുതൊട്ടുമുന്നിൽ കൃഷ്ണശിലയിൽ രൂപപ്പെടുത്തിയ ഒരു ശിവലിംഗവുമുണ്ട്. മറ്റുനാലുരൂപങ്ങൾകൂടി ഇരുവശങ്ങളിലായി ഇവിടെയും കാണാം.വളരെ പൂർണ്ണതയുള്ള ശില്പങ്ങളാണ് ഇവിടെയും കാണാൻ കഴിയുന്നത്.
മൂന്നാമത്തെ ശ്രീകോവിലിൽ മഹാവിഷ്ണുവാണു പ്രധാനവിഗ്രഹം. ഇവിടെയുമുണ്ട് ശ്രീകോവിലിനു പുറത്ത് രണ്ടു ദ്വാരപാലകരും ഉള്ളിൽ മറ്റു നാലുശില്പങ്ങളും. മഹാവിഷ്ണു ശംഖും ചക്രവും കൈകളിലേന്തിയിരിക്കുന്നു. കാതുകളിൽ നീണ്ട മകരകുണ്ഡലങ്ങളുണ്ട്. കണങ്കലെത്തുന്ന വസ്ത്രങ്ങളും കൈകാലുകളിൽ ആഭരണങ്ങളുമുണ്ട്. മറ്റു രണ്ടു മൂർത്തിവിഗ്രഹങ്ങൾപോലെ മഹാവിഷ്ണുവും സമഭംഗഭാവത്തിലാണ് നിൽക്കുന്നത്.
ഈ ശ്രീകോവിലുകൾക്കു പുറത്തായി മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗയുടെ ശില്പവുമുണ്ട്. മഹിഷാസുരവധത്തിനുശേഷം ശിരസ്സിൽ ചവുട്ടിനിൽക്കുന്ന ദുർഗ്ഗയുടെ അറുകൈകളിലായി ശംഖം,ചക്രം , ഖഡ്ഗം , ധനുഷ് , ഘണ്ട (മണി), ഖേടകം എന്നിവ കാണാം. ദേവിയുടെ ശിരസ്സിനുമുകളിലായുള്ള കമാനാകൃതിയിലെ കൊത്തുപണികൾ അതിസുന്ദരമാണ്. ശ്രീകോവിലുകൾക്കു മുകളിലായിക്കാണുന്ന ജാലകങ്ങൾപോലുള്ള ശില്പവേലയും കൗതുകകരം.
ഈ ക്ഷേത്രങ്ങളുടെ ഇരുവശങ്ങളിലായി കാണുന്നഭാഗങ്ങൾ പൂർത്തീകരിക്കാത്ത ശില്പവേലകളാണെന്നു മനസ്സിലാകും. ക്ഷേത്രത്തിനെതിർവശത്തായി മറ്റൊരദ്‌ഭുതമുണ്ട്. കൃത്യമായ വൃത്താകൃതിയിൽ പാറയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന ഒരു ജലസംഭരണി. ഇപ്പോൾ അതിലെ ജലം വൃത്തിഹീനമാണെങ്കിലും നൂറ്റാണ്ടുകൾക്കപ്പുറത്ത് ജനങ്ങൾക്ക് ദാഹജലം നൽകിയിരുന്നൊരു ജലസംഭരണി ആയിരുന്നിരിക്കാം.
പല്ലവരാജവംശകാലത്തെ കരകൗശലവിദഗ്ധരുടെ കലാനൈപുണ്യത്തിൻ്റെയും ആത്മീയദർശനത്തിൻ്റെയും ആത്മസമർപ്പണത്തിന്റെയും നിതാന്തനിദർശനമാണ് പാറയിൽ കൊത്തിയൊരുക്കിയ ഈ കലാനികുഞ്ജങ്ങൾ. ഗവേഷണവിദ്യാർത്ഥികൾക്കും പുരാതനകലാപഠിതാക്കൾക്കുമൊക്കെ ഇവിടുത്തെ സങ്കീർണ്ണവും സൂക്ഷ്മവും എന്നാൽ ഏറെ മനോഹരവുമായ ശില്പങ്ങൾ നല്ലൊരു പഠനവിഷയംതന്നെയാണ്.