Wednesday, August 14, 2024

മഹാബലിപുരം കാഴ്ചകൾ 1

 മഹാബലിപുരം കാഴ്ചകൾ 1 

========================

കൃഷ്ണന്റെ വെണ്ണപ്പന്ത്

******************************

ഇന്ന് മാമ്മല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടുജില്ല(പഴയ കാഞ്ചീപുരം ജില്ല)യിലെ ഒരു തീരദേശപട്ടണമാണ്. ബംഗാൾ ഉൾക്കടലിൽ തീരത്തെ ഈ കൊച്ചുപട്ടണം വിസ്മയകരമായ വാസ്തുഭംഗിയുള്ള  പുരാതനക്ഷേത്രങ്ങളാലും മറ്റു  ശിലാനിർമ്മിതികളാലും സമ്പന്നമാണ്. മനുഷ്യനിർമ്മിതമായ ശിലാത്ഭുതങ്ങൾപോലെതന്നെ, അല്ലെങ്കിൽ അതിനേക്കാളുപരിയായി നമ്മേ അമ്പരപ്പിക്കുന്നൊരു  പ്രകൃതിവിസ്മയമുണ്ടിവിടെ. അതാണ് 'കൃഷ്ണന്റെ വെണ്ണപ്പന്ത് ' എന്ന ഓമനപ്പേരിലുള്ള ഒരു വലിയ ശിലാഖണ്ഡം.

( 'വാനിറയ് കൽ' - സ്വർഗ്ഗത്തിൽനിന്നുള്ള കല്ല്' എന്നാണ് തദ്ദേശീയർ ഈ പാറയെ വിളിക്കുന്നത്.)



കൃഷ്ണനുമായോ വെണ്ണയുമായോ പന്തുമായോ ഈ പാറക്കഷണത്തിനു ഒരു ബന്ധവുമില്ല. Krishna 's Butter Ball എന്നത്  1969 ൽ ശ്രീമതി ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ നൽകിയ പേരാണെന്ന്  ഗൈഡ് പറയുന്നു.  അതിവിശാലമായ ഒരു പാറക്കെട്ടിന്റെ അല്പം  ചരിഞ്ഞ പ്രതലത്തിൽത്തൊട്ടുനിൽക്കുന്ന മറ്റൊരു ഭീമൻ കല്ല്. ഏകദേശം 250 ടൺ ഭാരവും  ആറുമീറ്ററിലധികം  ഉയരവും 5 മീറ്ററിനുമേൽ  വീതിയുമുള്ള  ഈ പാറക്കഷണം  പാറക്കെട്ടിന്റെ ചരിവിൽ കേവലം  നാലുചതുരശ്രയടി സ്ഥലത്താണ് നിലകൊള്ളുന്നത്.    ഒന്ന് തള്ളിയാൽ  അത് താഴേക്കുരുണ്ടുപോരുമല്ലോ എന്നുതോന്നും. പക്ഷേ സഹസ്രാബ്ദങ്ങളായി ഇതിവിടെത്തന്നെയുണ്ട്. കാലാകാലങ്ങളായി ഇതിനെയൊന്ന്  തള്ളിയിടാൻ പലരും  ശ്രമിച്ചുപരാജയപ്പെട്ടതുമാണ്. സുനാമിയോ ഭൂകമ്പമോ കൊടുംകാറ്റോ ഒന്നും ഇതിനെ അണുവിട ചലിപ്പിച്ചിട്ടില്ല. 


 പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ  നേരെ താഴെനിന്ന് നോക്കിയാണത്‌ ഗോളാകൃതിയിൽ കാണുന്ന ഈ വെണ്ണപ്പന്ത്. ഇടതുഭാഗത്തുചെന്നു നോക്കിയാണത്‌ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകള്ഭാഗത്തു പോയി വലതുഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ളവിരൽപോലെ തോന്നും. മറ്റുചില ഭാഗങ്ങളിൽനിന്ന് നോക്കിയാൽ നിയതാമായോരാകൃതിയില്ലാത്ത ഒരു വലിയ പാറക്കഷണം. ഇതിരിക്കുന്ന പാറച്ചെരിവാകട്ടെ വളരെ മിനുസമുള്ളതാണ്. കണ്ടാൽ വളരെ പരുക്കനായ പ്രതലമെന്നു തോന്നുമെങ്കിലും നടന്നുകയറിയാൽ വഴുതിവീഴുമെന്നുറപ്പാണ്. കൃത്യമായി രൂപപ്പെടുത്തിയ പാതയിലൂടെ മാത്രമേ കയറാവൂ. അവിടെ,  പാറയെ തള്ളിയിടാൻ ശ്രമിക്കുന്നവരെയും താങ്ങായി നിൽക്കുന്നവരെയും ഇത്തിരിത്തണലിൽ വിശ്രമിക്കുന്നവരെയുമൊക്കെ നമുക്ക് കാണാം. മഹാബലിപുരത്തെത്തുന്ന സഞ്ചാരികളെ ഹഠാദാകര്ഷിക്കുന്നൊരു കാഴ്ചയാണിത്.


ഈ ആഗ്നേയശിലാഖണ്ഡം ഇത്തരത്തിൽ രൂപപ്പെട്ടതിന്റെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമാണ്. ഭക്തർ കൃഷ്ണനെയും മഹാദേവനെയുമൊക്കെ ഈ പാറത്തുണ്ടിനോട് ബന്ധപ്പെടുത്തി പല കഥകളും പറയുന്നുണ്ടെങ്കിലും അതിനേക്കാൾ വിശ്വസനീയമായത് മറ്റു രണ്ടു വാദങ്ങളാണ്. 

1 . ഒരു വലിയ പാറയിൽ സൂര്യതാപത്താലോ ജലപാതത്താലോ കാറ്റിനാലോ  നിരന്തരമായ ശിലാശോഷണം നടന്നു ഈ രൂപത്തിലായതാവാം. സമാനമായ ശിലാരൂപമാറ്റങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാണാൻ കഴിയുമെന്നുള്ളതും ഈ വാദത്തിനു ഉപോല്ബലകമാക്കുന്നു. 


2 . പുരാതനകാലത്ത് ഈ ഭാഗങ്ങളിൽ ധാരാളം ശിലാനിർമ്മിതികൾ ഉണ്ടായിരുന്നതായിക്കാണം. മുകളിൽനിന്നു കൊത്തുപണിചെയ്തുതുടങ്ങി താഴേയ്ക്കുകൊണ്ടുവന്നു ക്ഷേത്രങ്ങളും ശില്പങ്ങളും ഉണ്ടാക്കിയിരുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. ഒരുപക്ഷേ ഈ ശിലയിലും അത്തരത്തിലുള്ള ശില്പവേല തുടങ്ങിവെച്ചതായിരിക്കാം. ഏതോ കാരണത്താൽ അതു മുഴുമിക്കാനാവാതെ ഇങ്ങനെ  അവശേഷിച്ചതാവാം. 


എന്തായാലും ഭൂഗുരുത്വബലത്തിന്റെ സവിശേഷമായൊരുദാഹരണവുമാണ് ഈ വെണ്ണപ്പന്ത്. പാറക്കഷണത്തിന്റെ ആകൃതിയും അതിരിക്കുന്ന പാറക്കെട്ടിന്റെ ചെരിവും ഇവയുടെ പ്രതലങ്ങൾ തമ്മിലുള്ള ഘർഷണബലവും അതിനു സഹായകമാകുന്നുണ്ടാവാം.  ചോഴരാജാവായിരുന്ന രാജരാജചോളനു തഞ്ചാവൂർപ്പാവ നിർമ്മിക്കാൻ പ്രചോദനമായത് ഈ പാറയാണെന്നും പറയപ്പെടുന്നു. (ഈ പാവകൾ എങ്ങനെ വെച്ചാലും, കിടത്തിയാൽപോലും നിവർന്നു നേരെനിൽക്കും.) 



ഏഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന പല്ലവരാജാവ് നരസിംഹവർമ്മൻ ആനകളുടെ സഹായത്താൽ    ഈ പാറയെ ഇളക്കിമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീടും പല കാലങ്ങളിലായി  പല ഭരണാധികാരികളും   ഇതേ ശ്രമംനടത്തി പരാജിതരായി. ബ്രിട്ടീഷുകാരും വിട്ടുകൊടുത്തില്ല.  1908-ൽ അന്നത്തെ മദ്രാസ് ഗവർണർ ആർതർ ഹാവ്‌ലോക്ക് ഏഴ് ആനകളെ ഉപയോഗിച്ച് അതിനെ  ഇളക്കാൻ    ശ്രമിച്ചെങ്കിലും  ഒന്നനക്കാൻ പോലും കഴിഞ്ഞില്ലത്രേ! 

 

കഥകളും കാര്യങ്ങളും എന്തൊക്കെയായാലും  ഒരിക്കൽ ഈ വെണ്ണപ്പന്തിനെ കണ്ടവർ ഒരുകാലവും ഈ കാഴ്ച മറക്കില്ലെന്നുറപ്പാണ്.







No comments:

Post a Comment