Friday, January 17, 2025

metro mirror January edition

 സ്ത്രീശരീരവും കോലാഹലങ്ങളും 

===========================

ദശകങ്ങൾക്കുമുമ്പ് കേരളത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പൂവാലന്മാർ എന്നൊരു പ്രത്യേകവിഭാഗത്തിന്റെ അഴിഞ്ഞാട്ടംതന്നെ അരങ്ങേറിയിരുന്നു. പെൺകുട്ടികളും സ്ത്രീകളും ഇവരുടെ 'കമന്റടി'യിൽ വളരെയേറെ മാനസികവിഷമതകൾ അനുഭവിച്ചുപോന്നിരുന്നു. അതിന്റെപേരിൽ നടന്നിട്ടുള്ള കലഹങ്ങൾക്കു  കൈയ്യും കണക്കുമില്ല. വളരെയപൂർവ്വമായെങ്കിലും ആത്മഹത്യകളും- കൊലപാതകങ്ങൾപോലും   നടന്നിട്ടുണ്ട് എന്നത് അതെത്രത്തോളം ജുഗുപ്സാവഹമായൊരു പ്രവൃത്തിയായിരുന്നുവെന്നു നമുക്കു വെളിപ്പെടുത്തിത്തരുന്നു. ബോഡി ഷെയ്മിങ് എന്നു നമ്മളിന്ന് വിളിക്കുന്ന അപകീർത്തിപ്രസ്താവനകളയിരുന്നു അവയിൽ അധികവും. ഇക്കാലത്ത് ആ കലാപരിപാടി കുറച്ചു രൂപമാറ്റത്തോടെ  സോഷ്യൽമീഡിയകളിലേക്കു സ്ഥാനഭ്രംശം ചെയ്യപ്പെട്ടിരിക്കുന്നതായിക്കാണം.  ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവമോ അപര്യാപ്തതയോ ആണ് ഇത്തരത്തിലുള്ള സാംസ്കാരികാപചയത്തിന്റെ മൂലകാരണമെങ്കിലും അതിലൂടെമാത്രം ഇത്തരം പ്രവൃത്തികളെ തുടച്ചുനീക്കാനാവില്ലതന്നെ. ശരീരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ലൈംഗികത ഇല്ലാതെയാക്കുന്നതിനും, പൂര്‍ണ്ണ വൃക്തിത്വത്തിന്റേയും സ്‌നേഹത്തിന്റേയും പങ്കാളിത്തമുള്ള ലൈംഗികത സ്ഥാപിക്കുന്നതിനും കഴിയുന്നതിലൂടെയേ ഈ ചിത്രത്തിന് മാറ്റമുണ്ടാവൂ. 


മറ്റേതൊരു സസ്തനികളെയും പോലെ മനുഷ്യനിലും ആൺ-പെൺ ശരീരങ്ങളിലെ അവയവങ്ങളിൽ- വിശിഷ്യാ പ്രതിയുല്പാദനവുമായി  ബന്ധപ്പെട്ട അവയവങ്ങളിൽ  പ്രകടമായ വ്യത്യാസങ്ങളുണ്ട്. പക്ഷേ മനുഷ്യരിൽ മാത്രം സ്ത്രീശരീരത്തിനും ശരീരാവയവങ്ങൾക്കും എന്തുകൊണ്ടായിരിക്കും തങ്ങളുടെ എതിർലിംഗക്കാരിൽ ലൈംഗികാവശ്യത്തിനു മാത്രമുള്ളൊരു വസ്തുവെന്നപോലൊരു തോന്നലുണ്ടാവാൻ  

കാരണം! സ്ത്രീയുടെ നഗ്നതയും ലൈംഗീകതയും ഒന്നാണെന്നുപോലും പുരുഷൻ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നൊരു തോന്നലുണ്ടാവുന്നു ഇന്നത്തെ പുരുഷന്മാരുടെ, പ്രത്യേകിച്ച് മലയാളികളായ പുരുഷന്മാരുടെ, പല ചെയ്തികളും കാണുമ്പോള്. ചിന്താശക്തിയും ബുദ്ധിശക്തിയുമൊക്കെയുണ്ടെന്നു നാം സ്വയം അഹങ്കരിക്കുമ്പോഴും ഈ ഒരു വിരോധാഭാസത്തെ നമുക്കെങ്ങനെയാണ് ജാള്യം കൂടാതെ നേരിടാനാവുന്നത്! 


സ്ത്രീകൾ തങ്ങളുടെ ശരീരം മൂടിപ്പൊതിഞ്ഞുവെച്ചിരിക്കുന്നതുകൊണ്ടാണ് പുരുഷനിൽ അതു കൂടുതൽ കൗതുകം ജനിപ്പിക്കാൻ ഇടയാക്കുന്നതെന്നൊരു വിശദീകരണം കേൾക്കാറുണ്ട്. പക്ഷേ താരതമ്യം ചെയ്താൽ മനസ്സിലാകുന്നത് സ്ത്രീകളെക്കാൾ കൂടുതൽ മെച്ചമായി  ശരീരം മറച്ചിരിക്കുന്നത് പുരുഷന്മാരാണെന്നാണ്. പക്ഷേ സ്ത്രീകൾ ഒരിക്കലും  പുരുഷന്റെ നഗ്‌നത കണ്ടാൽ നിയന്ത്രണം ഇല്ലാതാവുന്നവരല്ല. ഈ വിഷയത്തിൽ  പഠനങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും  ഇപ്പോഴും വ്യക്തമായൊരു പഠനഫലം പുറത്തുവന്നിട്ടില്ലതന്നെ. പുരുഷനു ലൈംഗികചോദന കണ്ണിലൂടെയും സ്ത്രീക്ക് അത് തലച്ചോറിലൂടയുമാണെന്ന വാദം കേൾക്കാറുണ്ട്. അതൊന്നും ഈ പ്രശ്‌നത്തിന് സാധൂകരണം നൽകുന്നില്ല. വസ്ത്രത്തിനുള്ളിൽ എല്ലാവരും നഗ്നർതന്നെ. അഥവാ വസ്ത്രംതന്നെ സ്വാഭാവികമായ നഗ്നശരീരത്തെ അസ്വാഭാവികമായൊരു കൗതുകവസ്തുവാക്കി മാറ്റുന്നു എന്നു പറയേണ്ടിവരുന്നു. വിവസ്ത്രതയോ നഗ്‌നതയോ ഒക്കെ ലൈഗീകതക്കുവേണ്ടിയാണെന്നുള്ള തെറ്റിദ്ധാരണ സമൂഹത്തിൽത്തന്നെ രൂഢമൂലമാക്കപ്പെട്ടിരിക്കുന്നു. ഏറെ പരിശ്രമിച്ചാൽമാത്രമേ ഈ ഒരു ദുരവസ്ഥയെ നമുക്ക് തരണംചെയ്യാൻ കഴിയുകയുള്ളു. 


മറ്റൊരു ഗൗരവമേറിയപ്രശ്നം കാലാകാലങ്ങളായി സ്ത്രീശരീരത്തെ, സ്ത്രീയെത്തന്നെ, വെറുമൊരു ഉപഭോഗവസ്തുവായിക്കാണുന്ന പുരുഷമനോവൈകല്യമാണ്. പുരുഷശരീരത്തിനില്ലാത്ത ഒരു ലൈംഗികബാധ്യതതന്നെ സ്ത്രീയുടെ ശരീരത്തിൽ അടിച്ചേല്പിക്കപ്പെട്ടിരിക്കുകയാണ്. പെണ്‍ശരീരം ജന്മംമുഴുവന്‍ ലൈംഗികതയുടെ ഭാരവും പേറി നടക്കേണ്ടി വരുന്നു എന്നത് വളരെ ദയനീയമാണ്. മനുഷ്യചരിത്രത്തിന്റെ ആരംഭം മുതൽ വസ്ത്രം ഉണ്ടായിരുന്നിരിക്കില്ലല്ലോ. ചരിത്രവഴികളിലെവിടെയോവെച്ച് പല കാരണങ്ങളാൽ  ശരീരം ഭാഗികമായോ പിന്നീട് മുഴുവനായോ ഒക്കെ വസ്ത്രാവൃതമാക്കപ്പെടുകയായിരുന്നു. പക്ഷേ അപ്പോഴും അത് സ്ത്രീശരീരത്തിനാണ് കൂടുതൽ ഊന്നൽ കൊടുത്തിരുന്നത്. പുരുഷൻ അല്പവസ്ത്രധാരിയാണെങ്കിൽപോലും അതൊരിക്കലും അശ്ലീലമായോ സംസ്കാരശൂന്യതയായോ നമ്മൾ കാണുന്നില്ല. ക്ഷേത്രങ്ങളിലുംമറ്റും പൂജാരിമാർ മേൽവസ്ത്രം ധരിക്കാറില്ലല്ലോ. ദർശനത്തിനെത്തുന്ന പുരുഷന്മാരും മേൽവസ്ത്രം ഉപയോഗിക്കാറില്ല.  (അതും ഇപ്പോൾ ഒരു പ്രധാനചർച്ചാവിഷയമായിരിക്കുന്നു എന്നത് ആശാവഹംതന്നെ). 


മറ്റൊരു കൗതുകകരമായകാര്യം നഗ്നത മാത്രമല്ല,  സ്ത്രീകളുടെ  അടിവസ്ത്രങ്ങൾപോലും പുരുഷനു ഉത്തേജകമാകുന്നു എന്നതാണ്. അത് കഴുകിയുണക്കാൻ പുരുഷന്റെ കൺവെട്ടത്തുനിന്ന് മാറിയുള്ളൊരു സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ് സ്ത്രീകൾ. സ്ത്രീയുടെ സ്വാഭാവികമായ ശരീരചേഷ്ടകള്‍ക്കും അംഗചലനങ്ങള്‍ക്കും വരെ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നൽകി അവരെ മുൾമുനയിൽ നിലർത്തുന്നു.  നിൽപ്പും ഇരിപ്പും കിടപ്പുമെല്ലാം ദുർവ്യാഖ്യാനംചെയ്തു സ്വൈര്യം കെടുത്തുന്ന വളരെ ദയനീയമായ സ്ഥിതി. ഒരു പുരുഷന്റെ ലൈംഗികാക്രമണത്തിനു സ്ത്രീ വിധേയമാകേണ്ടിവന്നാൽ അതവളുടെ വസ്ത്രധാരണരീതികൊണ്ടോ മറ്റേതെങ്കിലും അപാകതകൊണ്ടാണെന്നു വരുത്തിത്തീർക്കാൻ സ്ത്രീകളുൾപ്പെടെയുള്ള ഭുരിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങും.


 

ഇത്തരം വികലചിന്തകളും പെരുമാറ്റങ്ങളുമൊക്കെ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. പുരാണങ്ങളിൽപോലും സ്ത്രീയുടെ വസ്ത്രത്തിനുള്ള പ്രാധാന്യം മുനിമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഗാദേവിയുടെ വസ്ത്രം കാറ്റിൽപാറി  മാറിയപ്പോൾ ആ നഗ്നത ആസ്വദിച്ചുനിന്ന മഹാഭിഷയും അതിനനുവദിച്ച ഗംഗയും ബ്രഹ്മാവിന്റെ ശാപമേറ്റു ഭൂമിയിൽ ശന്തനുവും ഗംഗാദേവിയുമായി മനുഷ്യരായി പിറന്ന കഥ ഉദാഹരണം.   പാണ്ഡവരെ അവഹേളിക്കാൻ പാണ്ഡുപുത്രന്മാരുടെ വസ്ത്രമല്ല, മറിച്ച് അവരുടെ പത്നിയായ പാഞ്ചാലിയുടെ വസ്ത്രമാണ്  ദുശ്ശാസനന്‍ അഴിച്ചുമാറ്റുന്നത്. വസ്ത്രാക്ഷേപം പുരുഷനെ  സംബന്ധിച്ചിടത്തോളം മനനഷ്ടമുണ്ടാക്കുന്ന കാര്യമേയല്ല. മറിച്ച് സ്ത്രീയുടേതാണെങ്കിൽ അവൾക്കുമാത്രമല്ല, പിതാവ്, സഹോദരൻ, ഭർത്താവ് മുതലായ പുരുഷകുടുംബാങ്ങള്ക്കും അത് മാനഹാനിയുണ്ടാക്കും. അതുകൊണ്ടുതന്നെ അതിനിടയാവാതിരിക്കാനുള്ള ഉത്തരവാദിത്വവും അവരിൽ നിക്ഷിപ്തമായിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അതവർ സൗകര്യപൂർവ്വം മറന്നുപോകുന്നു. 


ശരീരഘടനയിലുള്ള സ്വാഭാവികമായ  ചില സവിശേഷതകൾ കാരണവും പലപ്പോഴും സ്ത്രീകൾ പരസ്യമായി അവഹേളിക്കപെടാറുണ്ട്. അടുത്തകാലത്തെ ചിലസംഭവങ്ങൾതന്നെ ഉത്തമോദാഹരണം. നമ്മുടെ നാട്ടിൽ മാത്രമല്ല, യൂറോപ്പിലും  ഇത്തരം മനോവൈകല്യങ്ങൾ ഉണ്ടെന്നുകാട്ടിത്തരുന്ന ഹൃദയഭേദകമായ  കഥയാണ് സാറ ബാർട്ട്മാൻ എന്ന ആഫ്രിക്കൻ അടിമസ്ത്രീയുടെ ജീവിതം. സ്റ്റെറ്റോപൈജിയ എന്ന അവസ്ഥമൂലം ആ സ്ത്രീയുടെ  നിതംബം അസാധാരണമാംവിധം വലുപ്പമാർജ്ജിച്ചതായിരുന്നു. അവളുടെ ശരീരത്തെ ഒരു കാഴ്ചവസ്തുവാക്കിമാറ്റി ധനസമ്പാദനത്തിനുപയോഗിച്ചത് വിദ്യാസമ്പന്നനായ ഒരു ഡോക്ടർ ആയിരുന്നു എന്നത് എത്ര ലജ്‌ജാവാഹമാണ്! ശരീരാവയവങ്ങളുടെ അമിതവളർച്ചയോ  വൈകല്യങ്ങളോ ഒക്കെ പരിഹാസഹേതുവാകുന്നത്  നമ്മുടെ നാട്ടിലും സാധാരണമാണ് . പക്ഷേ  അതൊന്നും പരിഹസിക്കപ്പെടുന്നവരുടെ  തെറ്റല്ല. സംസ്കാരമുള്ള ഒരു മാനസികാവസ്ഥയെ രൂപപ്പെടുത്താൻ ഓരോരുത്തരും  സന്നദ്ധമാവുക മാത്രമാണ് ഇതിനൊരു പരിഹാരം. സ്വന്തം സാമൂഹികപശ്ചാത്തലങ്ങളിൽനിന്നോ വിദ്യാലയങ്ങളില്നിന്നോ അതാർജ്ജിക്കാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും മനോരോഗവിദഗ്ധന്മാരുടെയോ കുറഞ്ഞപക്ഷം ഒരു മനഃശാസ്ത്രജ്ഞന്റെയെങ്കിലും  സേവനം സ്വീകരിക്കേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കിൽ ഇനിയും ബൊചേമാരുടെ അപഹസിക്കലുകൾക്ക് ഹണിറോസ്‌മാർ ഇനിയുമിനിയും ഇരകളാകേണ്ടിവരും. 
















No comments:

Post a Comment